ജിൽസ ജോയ്
മഹാനായ ഒരു പാപ്പ
സന്യാസിമാരിൽ നിന്നു പോപ്പ് ആയവരിൽ ആദ്യത്തെ ആളാണ് മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ. സത്യത്തിൽ അദ്ദേഹം മാർപ്പാപ്പ ആവാൻ ഒരിക്കലും ആഗഹിച്ചിട്ടില്ല. പോപ്പ് ആയിരിക്കുമ്പോൾ പോലും ഒരു ആശ്രമത്തിന്റെ നിശബ്ദത ആഗ്രഹിച്ച, ഔപചാരിക അവസരങ്ങളിലൊഴികെ സന്യാസവേഷം ധരിക്കാനിഷ്ടപ്പെട്ട ആളായിരുന്നു അദ്ദേഹം. സന്യാസിയെപ്പോലെ തീരെ ആർഭാടങ്ങളില്ലാതെ ചിലവ് ചുരുക്കിയാണ് ജീവിച്ചതും.
ഈ പാപ്പയുടെ മഹത്വം മനസ്സിലാവണമെങ്കിൽ പിതാവിന്റെ ജീവിതകാലത്തുള്ള റോമിന്റെ അവസ്ഥ നമ്മൾ അറിഞ്ഞിരിക്കണം. ഒരു കാലത്ത് പ്രൗഡിയാർന്ന മേൽക്കോയ്മ ഉണ്ടായിരുന്ന റോം നാശത്തിന്റെ പടുകുഴിയിലായിരുന്നു. നഗരം തുടർച്ചയായി ആക്രമിക്കപ്പെട്ടും കൊള്ളയടിക്കപ്പെട്ടുമിരുന്നു. ആവർത്തിച്ചുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികളില്ല. ഇതിന്റെയെല്ലാം കൂടെ തീപിടുത്തം, വെള്ളപ്പൊക്കം, പ്ളേഗ് തുടങ്ങിയവയും. ടാക്സ് പിരിക്കാൻ നടക്കുന്നവരെകൊണ്ടുള്ള ശല്യത്താൽ ജനങ്ങൾ പൊറുതി മുട്ടി.
ഈ പ്രശ്നങ്ങളെല്ലാം സധൈര്യം നേരിട്ട ആളാണ് ഗ്രിഗറി പാപ്പ. ബുദ്ധിവൈഭവവും ഭരണപാടവവും സ്വജീവിതത്തിലെ വിശുദ്ധിയുമായി അസാധാരണ രീതിയിൽ സമന്വയിപ്പിക്കാൻ കഴിഞ്ഞ ആളാണ് അദ്ദേഹം. ആദ്യ സഹസ്രാബ്ദത്തില, വിശുദ്ധ പത്രോസിന്റെ പിൻഗാമിമാരിൽ ഏറ്റവും പ്രധാനിയായി മഹാനായ ഗ്രിഗറി പാപ്പ നിലകൊള്ളുന്നു.
ജനനം
റോമിൽ അവശേഷിച്ചിരുന്ന അതിസമ്പന്നകുടുംബങ്ങളിലൊന്നായിരുന്നു ഗ്രിഗറി പാപ്പയുടേത്. പിതാവ് ഗോർഡിയൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്നു, സിസിലിയിലെ വമ്പിച്ച ഭൂസ്വത്തിന്റെ ഉടമയും. കൊഏലിയൻ മലയിൽ മനോഹരമായ ഒരു വീടുമുണ്ടായിരുന്നു. അമ്മ സിൽവിയ ഒരു വിശുദ്ധയായി വണങ്ങപ്പെടുന്ന ആളാണ്. പ്രാർത്ഥനാചൈതന്യത്താൽ പ്രസിദ്ധമായിരുന്ന അവരുടെ കുടുംബം ഗ്രിഗറി പാപ്പയെ കൂടാതെ രണ്ട് മാർപ്പാപ്പമാരെ സംഭാവന ചെയ്തിട്ടുള്ളതാണ്.
540 -ൽ ആണ് ഗ്രിഗറി പാപ്പ ജനിക്കുന്നത്. അന്നുണ്ടായിരുന്നതിൽ ഏറ്റവും നല്ല വിദ്യാഭ്യാസമാണ് അദ്ദേഹത്തിന് ലഭിച്ചത്. 574-ൽ ഇളയ ജസ്റ്റിൻ ചക്രവർത്തി അദ്ദേഹത്തെ റോമിന്റെ പ്രിഫെക്ട് ആക്കി, അന്ന് റോമൻപൗരന് ഉണ്ടായിരുന്നതിൽ വലിയ തസ്തിക. വിശ്വസ്തനായും കാര്യക്ഷമമായും അദ്ദേഹം ജോലി ചെയ്യുന്നുണ്ടായിരുന്നെങ്കിലും ദൈവവേലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ആഗ്രഹം.
575-ൽ അദ്ദേഹത്തിന്റെ പിതാവ് മരിച്ചപ്പോൾ ഗ്രിഗറി ആയി റോമിലെ ഏറ്റവും വലിയ പണക്കാരൻ. അതെല്ലാം അദ്ദേഹം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.സിസിലിയിൽ ആറ് ആശ്രമങ്ങൾ സ്ഥാപിച്ചു.കൊഏലിയൻ മലയിലെ സ്വന്തം വീടും വിശുദ്ധ ആന്ഡ്രുവിന്റെ നാമധേയത്തിലുള്ള ആശ്രമമാക്കി. ഈ ആശ്രമത്തിലേക്ക് ഗ്രിഗറിയും വന്ന് താമസിച്ചു. രത്നഖചിതമായ ടോഗ( മേലങ്കി) ഉപേക്ഷിച്ച് ബെന്ഡിക്ടൈൻ സഭാവസ്ത്രം ധരിച്ചു.
നാല് വർഷങ്ങൾ ശാന്തമായി അവിടെ ചിലവഴിച്ചു. പക്ഷേ അദ്ദേഹത്തിന്റെ കഴിവുകൾ അങ്ങനെ മറഞ്ഞിരിക്കേണ്ടതായിരുന്നില്ല. 579-ൽ പെലേജിയസ് രണ്ടാമൻ പാപ്പ ഗ്രിഗറിയെ റോമിന്റെ ഡീക്കൻ ആക്കി.കോൺസ്റ്റാന്റിനൊപ്പിളിലെ ചക്രവർത്തിയുടെ കൊട്ടാരത്തിലേക്ക് പേപ്പൽ അംബാസ്സഡർ ആയി അയക്കപ്പെട്ടു. കുറെ സന്യാസികളെ കൂടെ കൊണ്ടുപോയ അദ്ദേഹം ആർഭാടങ്ങൾക്കിടയിലും ആശ്രമജീവിതം നയിച്ചു. 586 -ൽ റോമിലേക്ക് തിരികെ വിളിച്ചു.
ഇംഗ്ലണ്ടിന്റെ സുവിശേഷവൽക്കരണം
ഒരിക്കൽ ഗ്രിഗറി അടിമചന്തയിലൂടെ നടക്കുകയായിരുന്നു. സ്വർണ്ണമുടിയുള്ള വെളുത്ത മൂന്നുപേരെ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ട് ചോദിച്ചു. ‘ഇവർ എവിടത്തുകാരാണ്?’ “അവർ ‘angles’ ആണ്”( ഇംഗ്ലണ്ടിൽ നിന്നുള്ളവരാണെന്ന അർത്ഥത്തിൽ),ഒരാൾ പറഞ്ഞു. “ഓ, എങ്കിൽ ദൈവത്തിന്റെ angels ആകാൻ യോഗ്യതയുള്ളവരാണല്ലോ, ആട്ടെ, ഇവർ ഏത് പ്രൊവിൻസിൽ ആണ്?”, വീണ്ടും അവരോട് ചോദിച്ചു.
“ദേയ്ര ” എന്ന് മറുപടി കിട്ടി. ലാറ്റിനിൽ De ira യുടെ അർത്ഥം anger – ദേഷ്യം എന്നാണ്. ഗ്രിഗറി പറഞ്ഞു, “എങ്കിൽ ഇവരെ എന്തായാലും ദൈവകോപത്തിൽ ( anger of God ) നിന്ന് രക്ഷിക്കണമല്ലോ, ഇവരുടെ രാജാവിന്റെ പേരോ?”. “Aeilla എന്നാണ് “. “ഇവരുടെ രാജ്യത്ത് ദൈവത്തിന് എന്തായാലും Alleluia പാടേണ്ടതാണ് ” എന്നായി ഗ്രിഗറി.
ക്രിസ്തുവിനെ പറ്റിയുള്ള അന്നാട്ടുകാരുടെ അജ്ഞതയിൽ മനസ്സലിഞ്ഞ ഗ്രിഗറി, ഒപ്പമുള്ള കുറെ സന്യാസികളെയും കൂട്ടി വടക്കോട്ടു വെച്ചു പിടിച്ചു, അവരുടെ നാട്ടിൽ സുവിശേഷം പ്രസംഗിക്കാനായി. ഇതറിഞ്ഞ റോമാനിവാസികൾ മുറവിളിയായി വിശുദ്ധനെ തിരികെ കൊണ്ടുവരാൻ പറഞ്ഞ്. അവരെ തടയാനും തിരിച്ചുകൊണ്ടുവരാനും പെലേജിയസ് പാപ്പക്ക് ദൂതന്മാരെ വിടേണ്ടി വന്നു.
പിന്നീട് പോപ്പ് ആയിരിക്കെ, അദ്ദേഹത്തിന്റെ സെന്റ് ആന്ഡ്രു ആശ്രമത്തിലെ 40 സന്യാസികളെ പ്രയോരച്ചനായ അഗസ്റ്റിന്റെ കീഴിൽ 596ൽ ഇംഗ്ലണ്ടിലേക്കയച്ചിരുന്നു. കെന്റിലെ രാജാവ് മാമോദീസ മുങ്ങിക്കഴിഞ്ഞപ്പോൾ അനേകശതം ആളുകൾ വിശ്വാസത്തിലേക്ക് വന്നു. അഗസ്റ്റിൻ കാന്റർബറിയിലെ ആദ്യ ആർച്ചുബിഷപ്പായി. ഗ്രിഗറി അവരുടെ സഹായത്തിനായി മിഷണറിമാരെ വീണ്ടും അയക്കുക മാത്രമല്ല ആരാധനക്കും സഭയുടെ വളർച്ചക്കും ആവശ്യമായതെല്ലാം ചെയ്തു കൊടുത്തു.
പൂർത്തീകരിച്ച എല്ലാ മതപരമായ ദൗത്യങ്ങളിലും വെച്ച് ഗ്രിഗറി പാപ്പയുടെ ഹൃദയത്തോട് ചേർന്നിരുന്നത് ഇംഗ്ലണ്ടിന്റെ സുവിശേഷവൽക്കരണം ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തികളുടെ മകുടം ആയിരുന്നു ആ വിജയം.
പോപ്പ് ആയുള്ള 14 വർഷങ്ങൾ
590-ൽ ടൈബർ നദിയിലുണ്ടായ വലിയൊരു വെള്ളപ്പൊക്കത്തിന് ശേഷം പ്ളേഗ് പടർന്ന് പിടിച്ചു. പെലേജിയസ് പാപ്പയും അതിനിരയായി. അധികാരികളും ജനങ്ങളും ചേർന്ന് പെട്ടെന്ന് തന്നെ ഗ്രിഗറിയെ മാർപ്പാപ്പയായി തിരഞ്ഞെടുത്തു. ചക്രവർത്തി മൗറീസ്ന് ഗ്രിഗറി എഴുതി ആ തിരഞ്ഞെടുപ്പ് അംഗീകരിക്കരുതെന്ന് യാചിച്ചുകൊണ്ട്. കോടതിയിലെ സുഹൃത്തുക്കളോട് അപേക്ഷിച്ചു ചക്രവർത്തിയോട് ഇക്കാര്യത്തെ പറ്റി സംസാരിക്കാൻ.
പക്ഷേ കാര്യമൊന്നുമുണ്ടായില്ല. നിയമനത്തിന് ചക്രവർത്തിയുടെ അംഗീകാരം ലഭിച്ചതോടുകൂടി എല്ലാവരും അദ്ദേഹത്തെ പിടിച്ച പിടിയാലേ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കൊണ്ടുവന്ന്, സെപ്റ്റംബർ 3, 590ൽ പോപ്പ് ആയി വാഴിച്ചു. പോപ്പ് ആയുള്ള പതിനാല് വർഷങ്ങളിൽ പലപ്പോഴും മാരകമായി അസുഖങ്ങൾ ബാധിച്ചു കിടപ്പായെങ്കിലും സഭക്കും ജനങ്ങൾക്കുമായി ഗ്രിഗറി പാപ്പ വിശ്രമമില്ലാതെ വേല ചെയ്തു.
പ്രസംഗത്തിലൂടെയും തൂലികയിലൂടെയും, മറ്റുള്ളവർക്ക് പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള പ്രചോദനമായി. മാർപ്പാപ്പയായുള്ള അദ്ദേഹത്തിന്റെ അധികാരകാലം സഭാനടത്തിപ്പിന്റെ ഏറ്റവും നല്ല മാതൃക ആയിരുന്നു. ഭിന്നതകൾ ഒത്തുതീർപ്പാക്കി, അച്ചടക്കം പുനസ്ഥാപിച്ചു. ഇറ്റലിയിലെയും ഫ്രാൻസിലെയും സ്പെയിനിലെയും സഭകളെ പുനരുജ്ജീവിപ്പിച്ചു. ബ്രിട്ടനിൽ വിശ്വാസത്തിരി കൊളുത്തി.
സഭയിലെ പ്രാർത്ഥനകൾ, ആരാധനാഗീതങ്ങൾ ക്രമപ്പെടുത്തി. Gregorian chant, ഗ്രിഗോറിയൻ കുർബ്ബാന ഇതെല്ലാം ഉണ്ടായത് ഈ മാർപ്പാപ്പ വഴിയാണ്. അനേകം എഴുത്തുകളിലൂടെ സഭയിലെ പ്രഘോഷകരെ ശക്തിപ്പെടുത്തി, ഇടതടവില്ലാതെ സുവിശേഷം പ്രസംഗിച്ചു, അദ്ദേഹത്തിന്റെ ജീവിതമാതൃക, വാക്കുകളെക്കാൾ കൂടുതലായി പ്രസംഗിച്ചു.
ലോകപ്രസിദ്ധമായിരുന്നു ഗ്രിഗറി പാപ്പയുടെ തീക്ഷ്ണത. ക്രൈസ്തവലോകത്തെ എല്ലാ സഭകളുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. ആരാധനാക്രമത്തിന് നൽകിയ മനോഹരസംഭാവനകളുടെ പേരിൽ അദ്ദേഹം എന്നും അറിയപ്പെടുന്നു. കുടികിടപ്പുകാരോടും കർഷകരോടുമൊക്കെ വലിയ കരുണയായിരുന്നു. അദ്ദേഹത്തിന്റെ ഭരണമികവ് കൊണ്ട് പേപ്പൽ ട്രെഷറിയിലേക്ക് പ്രവഹിച്ചിരുന്ന പണം അധികനാൾ അവിടെ കിടന്നിരുന്നില്ല.
ആവശ്യക്കാർക്ക് വേണ്ടി അതെല്ലാം ചിലവാക്കി. അടിമകളെ മോചിപ്പിക്കാൻ വലിയ തുകകൾ മോചനദ്രവ്യമായി കൊടുത്തു. ഈജിപ്തിലെയും സിസിലിയിലെയും വിളവെടുപ്പിനൊപ്പം റോമിലെ ധാന്യസംഭരണപ്പുരകൾ നിറച്ചു വെച്ചിരുന്നു പാവപ്പെട്ടവരെ ഊട്ടാനായി.
ഗ്രിഗറി പാപ്പക്ക് വിശ്രമമില്ലായിരുന്നു.
മരണം അടുത്തപ്പോഴും സഭാകാര്യങ്ങളിലും എഴുത്തുപണികളിലും വ്യാപൃതനായിരുന്നു. 604 -ൽ ദിവംഗതനായ പാപ്പയെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സംസ്കരിച്ചു. സഭയുടെ പരമോന്നത അധികാരിയായുള്ള അദ്ദേഹത്തിന്റെ വാഴ്ചയുടെ അവസാനകാലമാവുമ്പോഴേക്ക് സഭയുടെ പ്രസിദ്ധി ലോകം മുഴുവനിലേക്ക്, കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് വ്യാപിച്ചു.
സഭയുടെ എക്കാലത്തെയും ആദരണീയരായ നാല് ലത്തീൻ വേദപാരംഗതരിലൊരാളായി ഗ്രിഗറി പാപ്പ കരുതപ്പെടുന്നു.
വിശുദ്ധരായ അഗസ്റ്റിനും, ജെറോമിനും, അംബ്രോസ്സിനുമൊപ്പം. അദ്ദേഹം ഗായകരുടെ, പണ്ഡിതന്മാരുടെ, അധ്യാപകരുടെയെല്ലാം മധ്യസ്ഥനാണ്. “കലർപ്പില്ലാത്ത തീക്ഷ്ണതയോടെ ആത്മാക്കളുടെ രക്ഷക്കായി വേല ചെയ്യുകയെന്നതിനേക്കാൾ ദൈവദൃഷ്ടിയിൽ വലുതായ വേറെയൊരു അർപ്പണവുമില്ല ” – മഹാനായ വിശുദ്ധ ഗ്രിഗറി പാപ്പ.