2021 ലെ രൂപതാ ആഗോള യുവജനദിനത്തിനു ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ വി.പൗലോസപ്പോസ്തലന്റെ കാൽപ്പാടു പിൻതുടർന്ന് ധൈര്യപൂർവ്വം യേശുവിന് സാക്ഷ്യം വഹിക്കാൻ ക്രൈസ്തവ യുവജനങ്ങളോടു പാപ്പാ ആഹ്വാനം ചെയ്തു.
36 മത് ലോകയുവജന ദിനം 2021 നവംബർ 21നാണ് നടക്കുന്നത്. ലോകമാസകലമുള്ള രൂപതകളിൽ ആഘോഷിച്ചു കൊണ്ടാണ് 2023 ൽ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ആഗോള യുവജന ദിനത്തിന് സഭ ഒരുങ്ങുന്നത്.
സെപ്റ്റംബര് ഇരുപത്തേഴാം തിയതി, തിങ്കളാഴ്ചയാണ് പാപ്പാ തന്റെ സന്ദേശം പ്രകാശനം ചെയ്തത്. “എഴുന്നേൽക്കൂ, ഞാൻ നിങ്ങളെ, നിങ്ങൾ കണ്ടതിന് സാക്ഷികളായി നിയമിക്കുന്നു” (അപ്പോ : 26: 16) എന്ന ശീർഷകമാണ് സന്ദേശത്തിന് നൽകിയിട്ടുള്ളത്.
കോവിഡ് 19 മൂലം പ്രത്യേകിച്ച് യുവജനങ്ങൾ നേരിട്ട തിരിച്ചടികളും ബുദ്ധിമുട്ടുകളും മുൻനിറുത്തി അവർ ലോകത്തിൽ വഹിക്കേണ്ട പ്രധാന പങ്കിനെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ എഴുതി. പല യുവതീയുവാക്കളും കുടുംബത്തിൽ പ്രശ്നങ്ങൾ വളരുന്നതും, തൊഴിലില്ലായ്മയും, വിഷാദവും, ഏകാന്തതയും ആസക്തികര പെരുമാറ്റവും അനുഭവിച്ചു എങ്കിലും പകർച്ചവ്യാധിയുടെ അനുഭവം യുവജനങ്ങളുടെ പുണ്യങ്ങളെ പുറത്തു കൊണ്ടുവന്നു. അവരുടെ ഐക്യദാർഢ്യത്തിനായുള്ള ചായ്വ് പ്രത്യേകം പാപ്പാ ചൂണ്ടിക്കാണിച്ചു.
എപ്പോഴെല്ലാം ഒരു യുവാവ് വീഴുന്നുവോ അപ്പോഴെല്ലാം ഒരു തരത്തിൽ മുഴുവൻ മനുഷ്യ കുലവുമാണ് വീഴുന്നതെന്നും, എന്നാൽ അതുപോലെ തന്നെ എപ്പോഴെല്ലാം ഒരു യുവാവ് എഴുന്നേൽക്കുന്നുവോ അപ്പോഴെല്ലാം മുഴുവൻ ലോകവും ഉയിർക്കുന്ന പോലാണെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു. ഇത്തരം ചിന്തകളുമായി എഴുന്നേൽക്കാനും അവരുടെ അഭിനിവേശവും ഉൽസാഹവും കൊണ്ട് ലോകത്തെ പുനരാരംഭിക്കാൻ സഹായിക്കാനും ക്രൈസ്തവ യുവജനങ്ങളോടു ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.
പല പ്രോൽസാഹനങ്ങളും നൽകിക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പാ 2021 ലെ രൂപതാ യുവജനദിന സന്ദേശം അവസാനിപ്പിച്ചത്. എഴുന്നേൽക്കുക! ഒരു ദൗത്യം അവരെ കാത്തിരിക്കുന്നു എന്നും മ്ലാനരായിരിക്കാതെ അവരിൽ യേശു തുടങ്ങിവച്ചവയ്ക്ക് സാക്ഷികളാകാൻ പാപ്പാ യുവജനങ്ങളെ ക്ഷണിച്ചു.
എഴുന്നേൽക്കുക! അവരും അന്ധരായിരുന്നു എന്നും പ്രകാശം ദർശിച്ചുവെന്നും സാക്ഷ്യം പറയുക- എല്ലാ ഏകാന്തതയും അകറ്റുന്ന ദൈവത്തിന്റെ നന്മയും സൗന്ദര്യവും മറ്റുള്ളവരിലും സഭയുടെ കൂട്ടായ്മയിലും അവരും കണ്ടെത്തിയെന്നും സാക്ഷ്യപ്പെടുത്തുക.
എഴുന്നേൽക്കുക! മനുഷ്യബന്ധങ്ങളിലും, കുടുംബ ജീവിതത്തിലും മാതാപിതാക്കളും കുട്ടികളും ചെറുപ്പക്കാരും പ്രായമായവരും തമ്മിലുമുള്ള സംഭാഷണങ്ങളിലും ഉള്ള സ്നേഹത്തിനും ബഹുമാനത്തിനും സാക്ഷികളാവുക.
എഴുന്നേൽക്കുക! സാമൂഹ്യനീതി, സത്യം, സമഗ്രത, മനുഷ്യാവകാശങ്ങൾ തുടങ്ങിയവ ഉയർത്തി പിടിക്കുക. പീഡിപ്പിക്കപ്പെടുന്നവരെയും ദരിദ്രരെയും ദുർബ്ബലരേയും സമൂഹത്തിൽ ശബ്ദമില്ലാത്തവരെയും സംരക്ഷിക്കുക.
എഴുന്നേൽക്കുക! അൽഭുതത്തോടെ സൃഷ്ടിയെ നോക്കാൻ നിങ്ങളുടെ നയനങ്ങളെ പ്രാപ്തമാക്കുന്ന പുത്തൻ രീതികൾക്ക് സാക്ഷ്യമാവുക, ഭൂമിയെ നമ്മുടെ പൊതു ഭവനമായും സമഗ്രമായ പരിസ്ഥിതിയെ പരിപോഷിപ്പിക്കാനും നിങ്ങൾക്കുള്ള ധൈര്യത്തിന് സാക്ഷ്യമാവുക.
എഴുന്നേൽക്കുക! പരാജയ ജീവിതങ്ങൾ പുനർനിർമ്മിക്കാൻ കഴിയുമെന്നും, ആത്മീയമായി മരിച്ചവർക്ക് ഉയർത്തെഴുന്നേൽക്കാമെന്നും, അടിമത്വത്തിൽ നിന്ന് സ്വതന്ത്രമാകാമെന്നും, ദു:ഖത്താൽ മുങ്ങിയ ഹൃദയങ്ങൾക്ക് പ്രത്യാശ കണ്ടെത്താനാവുമെന്നും സാക്ഷ്യം നൽകുക
എഴുന്നേൽക്കുക! സന്തോഷപൂർവ്വം ക്രിസ്തു ജീവിക്കുന്നു എന്നതിന് സാക്ഷികളാവുക! അവന്റെ സ്നേഹത്തിന്റെയും രക്ഷയുടെയും സന്ദേശം സമകാലീക്കർക്കടയിലും, വിദ്യാലയം, സർവ്വകലാശാല, തൊഴിലിടം, ഡിജിറ്റൽ ലോകം അങ്ങനെ സകലയിടത്തും പരത്തുക. പാപ്പാ ഉപസംഹരിച്ചു.
by, Vatican News