വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്റൈൻ സന്ദർശനത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ മൂന്നാം തീയതി മുതൽ ആറാം തീയതി വരെയായിരിക്കും പാപ്പ ബഹ്റൈനിൽ സന്ദർശനം നടത്തുക. ഇത് ആദ്യമായിട്ടാണ് കത്തോലിക്ക സഭയുടെ തലവൻ ബഹ്റൈൻ സന്ദർശിക്കുന്നത്. ഹമാദ് ബിൻ ഇസ അൽ ഖലീഫ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് പാപ്പ സന്ദർശനത്തിനു വേണ്ടി എത്തുക.
ഫ്രാൻസിസ് പാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ. കിഴക്കും – പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം എന്ന വിഷയത്തിൽ നടക്കുന്ന ബഹ്റൈൻ ഫോറം ഫോർ ഡയലോഗ് അടക്കം നിരവധി പരിപാടികളിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. 2013 മാർച്ച് മാസം കത്തോലിക്ക സഭയുടെ തലവനായി ചുമതലയേറ്റതിന് ശേഷം പാപ്പ നടത്തുന്ന അൻപത്തിയെട്ടാമത്തെ വിദേശ സന്ദർശനമാണിത്. ഇതിനുമുമ്പ് 6 അറബ് രാജ്യങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചിട്ടുള്ളത്.
ജോർദാനാണ് പരിശുദ്ധ പിതാവ് സന്ദർശിച്ച ആദ്യത്തെ അറബ് രാജ്യം. ഇതിനുശേഷം പലസ്തീനിൽ പാപ്പ സന്ദർശനം നടത്തി. ബെത്ലഹേമിലെ തിരുപ്പിറവി ദേവാലയത്തിന് പുറത്ത് ദിവ്യബലി അർപ്പിച്ച്, സമാധാനത്തിനു വേണ്ടി ഫ്രാൻസിസ് മാർപാപ്പ നടത്തിയ ആഹ്വാനം ലോകശ്രദ്ധ ആകർഷിച്ചിരുന്നു. 2017-ൽ ഈജിപ്തിലേയ്ക്ക് നടത്തിയ അപ്പസ്തോലിക സന്ദർശനത്തിൽ കോപ്റ്റിക് ഓർത്തഡോക്സ് സഭയുമായി സൗഹൃദം പുതുക്കാനും ഫ്രാൻസിസ് മാർപാപ്പ സമയം കണ്ടെത്തി. യുഎഇ, മൊറോക്കോ, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങളാണ് ഇതിനുശേഷം പാപ്പ സന്ദർശിച്ചത്. സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് സന്ദർശനങ്ങളിൽ ഉടനീളം പാപ്പ നൽകിയിട്ടുള്ളത്.
നവംബർ 6 വരെയാണ് ഫ്രാൻസിസ് പാപ്പയുടെ ബഹ്റൈൻ സന്ദർശനം. നവംബർ 5-ന് രാവിലെ 8.30-ന് ബഹ്റൈനിലെ നാഷ്ണൽ സ്റ്റേഡിയത്തിൽ പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ ബഹ്റൈൻ, സൗദി, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള ഏറ്റവും ചുരുങ്ങിയത് 28,000-ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിൽ നിന്നു മാത്രം നിന്നും രണ്ടായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി പ്രത്യേക ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
തന്റെ ബഹ്റൈന്‍ സംഭാഷണ കേന്ദ്രീകൃതമായിരിക്കും. മാനവ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും പരസ്പരം കൂടുതൽ കണ്ടുമുട്ടുകയെന്ന അനിവാര്യമായ ആവശ്യകത പ്രമേയമാക്കിയുള്ള ബഹ്റൈന്‍ സമ്മേളനത്തിൽ താൻ പങ്കെടുക്കുന്നുണ്ട്. വിവിധ മത പ്രതിനിധികളുമായി, പ്രത്യേകിച്ച് ഇസ്ലാം പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമായും ഇതിനെ നോക്കികാണുന്നുവെന്നും പാപ്പ പറഞ്ഞു.
എല്ലാ കൂടിക്കാഴ്ചകളും പരിപാടികളും സാഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെ ദൈവനാമത്തിൽ പിന്തുണയ്ക്കാനുള്ള ഫലപ്രദമായ അവസരമായി ഭവിക്കുന്നതിന് പ്രാർത്ഥനയാൽ തന്നെ അനുഗമിക്കണമെന്ന് പാപ്പ അഭ്യർത്ഥിച്ചു. സഹോദര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ അത്യന്താപേക്ഷിതവും അടിയന്തിരവുമായ ആവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബഹ്റൈൻ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പയെ ക്ഷണിച്ച രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയ്ക്കും ഭരണ നേതൃത്വത്തിനും പ്രാദേശിക സഭയ്ക്കും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ നന്ദിയര്‍പ്പിച്ചു. പിരിമുറുക്കങ്ങൾ, എതിർപ്പുകൾ, സംഘർഷങ്ങൾ എന്നിവയാൽ മുദ്രിതമായ ഒരു ലോകത്തിൽ പാപ്പയുടെ ബഹ്റൈൻ സന്ദർശനവും സന്ദർശന പരിപാടികളും ഐക്യത്തിൻറെയും ശാന്തിയുടെയും സന്ദേശമായിരിക്കുമെന്ന് കർദ്ദിനാൾ പരോളിൻ പ്രത്യാശ പ്രകടിപ്പിച്ചു. നാളെ ആരംഭിക്കുന്ന പാപ്പയുടെ സന്ദര്‍ശനം ആറാം തീയതി വരെ നീളും.
നവംബർ മൂന്ന് പ്രാദേശിക സമയം വൈകിട്ട് 4.45ന് അവാലിയിൽ പാപ്പ വിമിനമിറങ്ങും. ബഹറൈൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ച, രാജ്യത്തെ പൗരപ്രമുഖരുമായുള്ള ആശയസംവാദം എന്നിവയാണ് ആദ്യ ദിനത്തിലെ കാര്യപരിപാടികൾ. നാലാം തിയതിയാണ് സമ്മിറ്റിലെ പേപ്പൽ പ്രഭാഷണം. ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിലെ ഏക്യുമെനിക്കൽ പ്രാർത്ഥന, അൽ അസ്ഹർ ഇമാം ഉൾപ്പെടെയുള്ള മുസ്ലീം നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയും രണ്ടാം ദിനത്തിൽ നടക്കും.