ഫ്രാൻസിസ് പാപ്പയുടെ ഭാരതപര്യടനം 2023 -ൻ്റെ ആരംഭത്തിൽ ഉണ്ടായേക്കുമെന്ന് സൂചന നൽകി ഭാരത കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷനും മുംബൈ ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. പ്രമുഖ കത്തോലിക്കാ മാധ്യമമായ ‘അമേരിക്ക മാഗസി’ ൻ്റെ വത്തിക്കാൻ പ്രതിനിധിക്ക് നൽകിയ അഭിമുഖത്തിലാണ്, പാപ്പയുടെ ഉപദേശക സമിതി അംഗംകൂടിയായ കർദിനാൾ ഗ്രേഷ്യസ് പേപ്പൽ പര്യടനത്തെകുറിച്ച് പ്രതികരിച്ചത്.
പേപ്പൽ പര്യടനവുമായി ബന്ധപ്പെട്ട് ഭാരതത്തിലെ മെത്രാന്മാർ ഇതുവരെ വലിയ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ വത്തിക്കാനിൽനിന്ന് തിരിച്ചെത്തിയശേഷം തുടർ പരിപാടികളെക്കുറിച്ചുള്ള ആലോചനകൾ ആരംഭിക്കുമെന്നും അറിയിച്ചു. പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന, കർദിനാൾ ഉപദേശക സംഘത്തിൻ്റെ സമ്മേളനത്തിനു ശേഷമായിരുന്നു അഭിമുഖം. സമ്മേളനത്തിൽവെച്ച് 2022-ൽ നടക്കേണ്ട യാത്രകളെക്കുറിച്ച് പാപ്പ പങ്കുവച്ചെന്ന കർദിനാളിൻ്റെ വെളിപ്പെടുത്തൽ, ‘പേപ്പൽ പര്യടനം 2023’ എന്ന സാധ്യതകളെ ബലപ്പെടുത്തുന്നുണ്ട്.
‘2022 അവസാനത്തോടെ ഭാരത പര്യടനം സാധ്യമാകുമെന്നാണ് കരുതിയിരുന്നത്. ‘ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസി’ൻ്റെ 50-ാം വാർഷിക പ്ലീനറി അസംബ്ലി 2022 ഒക്ടോബറിൽ സമ്മേളിക്കുന്നതും വിശേഷാൽ അവസരമായിരുന്നു. എന്നാൽ, പേപ്പൽ പര്യടനം 2023 ൻ്റെ ആരംഭത്തിൽ സാധ്യമാകുമെന്നാണ് ഇപ്പോൾ ഞാൻ കരുതുന്നത്. ഇത്തരം സന്ദർശനങ്ങൾക്ക് രാഷ്ട്രീയമായും ആത്മീയമായും തയാറെടുക്കാൻ സമയം ആവശ്യമാണ്. സഭയ്ക്കും തയാറെടുക്കേണ്ടതുണ്ട്,’ അദ്ദേഹം വ്യക്തമാക്കി.