വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാരം 2023 ജനുവരി 5 വ്യാഴാഴ്ച നടക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുസഭ ചരിത്രത്തിലെ അത്യഅപൂര്‍വ്വ മൃതസംസ്കാര ചടങ്ങിനാണ് വത്തിക്കാന്‍ വേദിയാകുക. ഒരു മാര്‍പാപ്പ മറ്റൊരു മാര്‍പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്കു കാര്‍മ്മികത്വം വഹിക്കുന്നത് അത്യഅപൂര്‍വ്വ സംഭവമാണ്. തിങ്കളാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.34-നായിരുന്നു (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02:04-ന്) പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഡിസംബർ 28ന് ആശ്രമത്തില്‍ പാപ്പയെ സഹായിക്കുന്ന സമർപ്പിതരുടെ സാന്നിധ്യത്തില്‍ പാപ്പ രോഗിലേപനം സ്വീകരിച്ചിരിന്നുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരിന്നു.
ഇതേ ദിവസം (ഡിസംബർ 28) രാവിലെ,ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ജനുവരി 5 വ്യാഴാഴ്ച മൃതസംസ്കാരത്തോട് അനുബന്ധിച്ചുള്ള ബലി സെന്റ് പീറ്റേഴ്സ് സ്ക്വയറിലാണ് നടത്തപ്പെടുക. ബലിയര്‍പ്പണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ യാത്രയായത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന ചരിത്രപരമായ തിരുത്തി കുറിക്കല്‍ നടത്തിയതിന് ശേഷം. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രായത്തിന്റെ കണക്കാണ് ബെനഡിക്ട് മാർപാപ്പ 2020-ല്‍ മറികടന്നത്. ഇന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ ബെനഡിക്ട് പാപ്പയ്ക്കു 95 വര്‍ഷവും 8 മാസവും 15 ദിവസവുമായിരിന്നു പ്രായം. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. 1740-ൽ അന്തരിച്ച ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മൂന്നാമത്തെ പാപ്പ.
1676-ല്‍ എണ്‍പത്തിയാറാം വയസിൽ മരിച്ച ക്ലെമന്റ് പത്താമൻ മാർപാപ്പയാണ് നാലാം സ്ഥാനത്ത് വരുന്നത്. ജോൺ പോൾ രണ്ടാമന് മാർപാപ്പ 84 വയസ്സ് വരെയാണ് ജീവിച്ചിരുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1963-ൽ എൺപത്തിയൊന്നാം വയസ്സിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പ 80 വയസ്സ് വരെയാണ് ജീവിച്ചത്. വെറും 33 ദിവസം മാത്രം പത്രോസിന്റെ സിംഹാസനത്തിലിരുന്ന ജോൺ പോൾ ഒന്നാമൻ മാർപാപ്പ 65ാം വയസ്സിലാണ് അന്തരിച്ചത്. 2013ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനുശേഷം പകരക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇപ്പോൾ 86 വയസ്സാണുള്ളത്.
പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു. കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും ഉന്നതമായ ക്രൈസ്തവ സാക്ഷ്യവും നേതൃത്വവും നൽകി കടന്നുപോയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം.
ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായിരുന്ന ജോസഫ് റാറ്റ്സിംഗർ രണ്ടാം വത്തിക്കാൻ കൗൺസിലിൽത്തന്നെ ശ്രദ്ധേയനായി. വത്തിക്കാൻ കൂരിയായിലെ അദേഹത്തിന്റെ സേവനവും സാന്നിധ്യവും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ അടിയുറച്ചതും പാരമ്പര്യ നിലപാടുകളോട് ചേർന്നുപോകുന്നതുമായിരുന്നു. വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് എന്ന നിലയിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയോടു ചേർന്നുനിന്ന് സഭയുടെ പ്രബോധനങ്ങൾ വ്യക്തമായും ശക്തമായും നൽകുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു.
2005 -ൽ മാർപാപ്പയായി സ്ഥാനമേറ്റെടുത്തപ്പോഴും നിലപാടുകളുടെ വ്യക്തതയും വ്യക്തിത്വത്തിന്റെ സൗമ്യതയും ബെനഡിക്ട് പതിനാറാമന്റെ പ്രത്യേകതകളായി തുടർന്നു. പൗരസ്ത്യസഭകളുമായി മാർപാപ്പ അടുത്തബന്ധം പുലർത്തുകയും ഒരോ സഭയുടെയും തനിമ കാത്തുസൂക്ഷിക്കാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു. ഓർത്തഡോക്സ് സഭകളോടുള്ള സാഹോദര്യത്തിലൂടെ സഭകൾതമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. സീറോമലബാർസഭയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കുംവേണ്ടി പിതൃസഹജമായ കരുതലോടെ നിർണായകമായ തീരുമാനങ്ങൾ തന്റെ ഭരണകാലത്തു ബനഡിക്ട് പാപ്പ എടുത്തതും നന്ദിയോടെ അനുസ്മരിക്കുന്നു.
മാർപാപ്പയുടെ ഗൗരവമേറിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല എന്ന തിരിച്ചറിവിൽ പാപ്പാസ്ഥാനം രാജിവച്ചുകൊണ്ട് സഭാ ശുശ്രൂഷാരംഗത്ത് പരിശുദ്ധ പിതാവ് നൽകിയ മാതൃക കാലഘട്ടത്തിനുതന്നെ വഴികാട്ടിയായി നിലകൊള്ളുന്നു. വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബനഡിക്ട് പാപ്പായുടെ ജീവിതവും സന്ദേശവും സഭയുടെ മുന്നോട്ടുള്ള യാത്രയിൽ പ്രകാശഗോപുരങ്ങളായി നിലനിൽക്കും. ദൈവം നൽകിയ എല്ലാ കഴിവുകളും വികസിപ്പിച്ചെടുത്ത് ദൈവത്തിനു മഹത്ത്വമേകിക്കൊണ്ടു കത്തോലിക്കാസഭയ്ക്കു ധീരമായ നേതൃത്വം നൽകിയ പരിശുദ്ധ പിതാവിനെ ഓർത്തു ദൈവത്തിനു നന്ദി പറയാം.
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ ദുഃഖവും വേദനയും അറിയിക്കുന്നു. സ്വർഗ്ഗത്തിലിരുന്ന് മാർപാപ്പ നമുക്കുവേണ്ടി പ്രാർത്ഥിക്കുമെന്നതിൽ സംശയമില്ല. കാരുണ്യവാനായ ദൈവം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കുമാറാകട്ടെ!