വികസനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാണ് എന്നു പറയാറുണ്ട്. എല്ലാ രംഗങ്ങളിലുമല്ലെങ്കിലും, മനുഷ്യ വിഭവ വികസനത്തിലും സാമൂഹ്യ രംഗത്തും കേരളം വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇതിൽ എല്ലാ മലയാളികളും അഭിമാനിക്കുന്നുമുണ്ട്.
ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ കേരളത്തിന്റെ മുഖ്യമന്ത്രി എല്ലാ രംഗത്തും ‘വികസന നായകൻ’ ആകുന്നതിൽ നമുക്ക് സന്തോഷമാണ്. എങ്കിലും, കെ – റെയിലിൽ യാത്രചെയ്യാൻ നമ്മൾ തിടുക്കം കൂട്ടേണ്ടതില്ലെന്നു തോന്നുന്നു.
ഒന്നെഴുതാതെ പത്തെഴുതാൻ പറ്റുമോ? പൊതുവെ, കേരളത്തിലെ റോഡുകളുടെ സ്ഥിതിയെന്താണ്? കാലാനുസൃതമായ മാറ്റം ആദ്യം ഉണ്ടാകേണ്ടത് അവിടെയല്ലേ? നിലവിലുള്ള റയിൽവേയുടെ വികസനവും ആധുനികവൽക്കരണവും എവിടെനിൽക്കുന്നു? കേരളത്തിന്റെ അടിസ്ഥാന വികസനത്തിൽ നമ്മുടെ ജലപാതകൾക്കുള്ള സ്ഥാനം എന്താണ്? ഉല്പാദന രംഗത്ത് കേരളത്തിന് ചൂണ്ടിക്കാട്ടാവുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്? അടിസ്ഥാന മേഖലയായ കാർഷിക മേഖലയെ നമ്മൾ എങ്ങിനെയാണ് കാണുന്നത്?
ഐ. ടിയിൽ ബാംഗ്ളൂരിനൊപ്പം നില്ക്കാൻ കഴിയുമെന്ന് കരുതിയ നമ്മൾ ഇപ്പോൾ എവിടെയാണ്? വ്യവസായത്തെ വിട്ടേക്കുക, അതുനമ്മൾ കെട്ടുകെട്ടിച്ച മേഖലയാണ്. വിനോദ സഞ്ചാര മേഖലയിൽ ചെലവുകുറഞ്ഞതും ആകർഷകവുമായ പദ്ധതികളിലൂടെ എന്തുതരം ഇന്നൊവേഷൻ ആണ് നമ്മൾ നടത്തിയിട്ടുള്ളത്? കേരളത്തിന്റെ വികസന അജണ്ടയിൽ കെ – റെയിൽ എത്രമാത് വരും?
ഭൂമി ഏറ്റെടുക്കൽ
സംസ്ഥാനത്തിന്റെ വികസനത്തിനുവേണ്ടി സർക്കാരുകൾക്ക് ജനങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ നിയമം അനുവദിക്കുന്നുണ്ട്. പക്ഷെ ആ നിയമങ്ങൾതന്നെ കാലാനുസൃതമായ പരിഷ്കരണം ആവശ്യപ്പെടുന്നില്ലേ? ജനങ്ങളെ ‘കുടിയൊഴിപ്പിക്കുക’ എന്ന പ്രാകൃത രീതി മാറേണ്ടതല്ലേ? നാടിന്റെ വികസനത്തിനുവേണ്ടി വ്യക്തികളുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും സ്വത്തും ഉപജീവനോപാധികളും സർക്കാർ ഏറ്റെടുക്കുമ്പോൾ, പുലർത്തേണ്ട മാനദണ്ഡം സംബന്ധിച്ച് വ്യക്തത വരുത്തണം. അതു ജനങ്ങൾക്കുകൂടി സ്വീകാര്യമായിരിക്കണം. അധികാരം ഉപയോഗിച്ചുള്ള ‘കവർന്നെടുക്കൽ’ ഉണ്ടാകരുത്. അത് അനീതിയാണ്.
ഏറ്റെടുക്കുന്നത് ഭൂമി മാത്രമോ?
സർക്കാർ ഏറ്റെടുക്കുന്നതു ഭൂമി മാത്രമല്ല, സ്ഥലവും വീടും ചുറ്റുപാടുകളും അവ ഒരുക്കുന്ന ഉപജീവന ഉപാധികളും, ജീവിത സൗകര്യങ്ങളും കൂടിയാണ്. വികസനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കേണ്ടിവരുമ്പോൾ, തുടർന്നും ജീവിക്കാനുള്ള സ്ഥലവും, വീടും, ഉപജീവനത്തിനുള്ള മാർഗങ്ങളും മറ്റു ജീവിത സൗകര്യങ്ങളും കണക്കിലെടുത്തുള്ളതാകണം അവർക്ക് നൽകുന്ന കോമ്പൻസേഷൻ, അഥവാ പുനരധിവാസ പാക്കേജ്.
എവിടെയെങ്കിലും തത്തുല്യമായ അളവിൽ സ്ഥലം നൽകിയോ, നിലവിലുള്ള സ്ഥലത്തിനും വീടിനും മാത്രം നഷ്ടപരിഹാരം നൽകിയോ അവരുടെ ഉപജീവനം ഉറപ്പുവരുത്താൻ കഴിയുമോ? വിദ്യാഭ്യാസം, ചികിത്സാ സൗകര്യങ്ങൾ, തുടങ്ങി ജീവിത സാഹചര്യങ്ങളുടെ നഷ്ടം എങ്ങിനെ പരിഹരിക്കും? ഒരു കാര്യം ഉറപ്പാക്കാൻ കഴിയണം: വികസനത്തിന്റെ പേരിൽ കേരളത്തിൽ ഇനിയാരും വഴിയാധാരമാകരുത്.
വികസനത്തിന്റെ പേരിൽ മാത്രമല്ല, പ്രകൃതി സംരക്ഷണത്തിന്റെ പേരിലും, മൃഗ സംരക്ഷണത്തിന്റെ പേരിലും വയൽക്കിളികളെ സംരക്ഷിക്കുന്നതിന്റെ പേരിലും മനുഷ്യൻ വഴിയാധാരമാകരുത്. ഇത്തരം ബലിയാടുകളുടെ ഒരുപാടു കണ്ണുനീർ വീണ ഭൂമിയാണ് കേരളം. അന്ന് ജനങ്ങൾക്കൊപ്പം നിൽക്കുന്നു എന്ന് ബോധ്യപ്പെടുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കിയവർപോലും ഇന്ന് ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനവും പ്രകൃതി സംരക്ഷണവും നടത്തി രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ, മൂക സാക്ഷികളായി നില്ക്കാൻ ആർക്കാണ് കഴിയുക?
രാഷ്ട്രീയം അധികാരത്തിനുവേണ്ടി മാത്രമാണെന്ന് കരുതുന്ന രാഷ്ട്രീയപാർട്ടികളും അധികാരം പണമുണ്ടാക്കാനുള്ളതാണെന്നു കരുതുന്ന രാഷ്ട്രീയ പ്രവർത്തകരും ഉണ്ടെങ്കിൽ, അവർ ഈ നാട്ടിലെ ജനങ്ങളുടെ കണ്ണുനീർ കാണാതെ പോകരുത്. ഒരു വികസനത്തെയും ജനങ്ങൾ കണ്ണടച്ച് എതിർക്കുകയില്ല. എതിർപ്പുണ്ടാകുമ്പോൾ അതിന്റെ കാരണം കണ്ണുതുറന്നു കാണാനുള്ള മനസ്സുണ്ടാവണം. ജനങ്ങളോട് മര്യാദ കാണിക്കാത്ത രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും ജനാധിപത്യത്തെ പരിഹസിക്കുകയാണ്. അതുണ്ടാകരുത്. അതുണ്ടാകാൻ അനുവദിക്കരുത്.
By, ഫാ. വർഗീസ് വള്ളിക്കാട്ട്