‘മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകിയതിനെത്തുടർന്ന് ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിട്ടുനൽകി.’ ഈ ഒന്നര വരി വാർത്തയുടെ പൊരുളെന്താണ്? സർക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും വിജയമെന്നോ മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവത്തിനുമുന്പിൽ ഗവർണ്ണർ അലിഞ്ഞില്ലാതെയായെന്നോ കേരളത്തിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന നടപടിയെന്നോ ഒക്കെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വന്നേക്കാം. ജലീലിനെപ്പോലെ ചില സ്വതന്ത്ര ഇടതുപക്ഷക്കാർ നിലമറന്ന പ്രതികരണങ്ങളിലൂടെ ഉള്ളിലുള്ളതെല്ലാം കോരിച്ചൊരിഞ്ഞെന്നും വന്നേക്കാം!
വാളു നഷ്ടമായ ചേകവന്റെ കലിയടങ്ങാത്തതിനെന്തു ചെയ്യാൻ…! അങ്ങനെയാണ്. ചില അഗ്നി പർവതങ്ങൾ സ്വയം എരിഞ്ഞടങ്ങി സാവകാശമേ ശാന്തമാവൂ… തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന ഫണ്ടുകടത്തലിൽ കേരള സർക്കാർ ബി. ജെ. പിക്കെതിരെ പ്രഖ്യാപിച്ച അന്വേഷണവും, നയതന്ത്ര ചാനലിലൂടെ നടന്നുകൊണ്ടിരുന്ന സ്വർണ്ണക്കടത്ത് (‘സ്മഗ്ലിങ് ഈസ് ബിസിനെസ്സ്’ എന്ന് സ്വപ്ന!) ആരോപണത്തിൽ കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തിവന്ന അന്വേഷണവും, ദുരൂഹമായി നിലച്ചുപോയതിൽ അസ്തപ്രജ്ഞരായിരുന്ന പ്രതിപക്ഷത്തിന്, സ്വപ്ന നടത്തിയ പുതിയ വെളിപ്പെടുത്തലുകളിൽ എന്താണുള്ളതെന്നു മനസ്സിലായി വരുന്നേയുള്ളൂ!
വികസനത്തിന്റെ ‘വെള്ളിരേഖ’യും ജനത്തിന്റെ തലേവരയും തെക്കുവടക്കു വിപരീത ദിശയിൽ സഞ്ചരിക്കുന്നതിന്റെ കരണമറിയാതെ കോൺഗ്രസ്സുകാർ അന്ധാളിച്ചു നിൽക്കുമ്പോഴാണ്, ‘സ്മഗ്ലിങ് ഈസ് ബിസിനെസ്സ്’ എന്ന വെളിപാടുവാക്യം വെള്ളിടി പോലെ അവർക്കു വെളിപ്പെട്ടത്! ഇതൊക്കെ ആർക്കാണ് അറിയാത്തത് എന്ന മട്ടിലാണ് ജനങ്ങൾ!’വിവിധ വേഷത്തിൽ ഒറ്റനിമിഷത്തിൽ വിഷമമാണെനിക്കാടുവാൻ പാടുവാൻ’ എന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവ്! എന്തിനോടെല്ലാമാണ് പ്രതികരിക്കേണ്ടത്! അഴിമതി, സ്വജന പക്ഷപാതം, അധോലോക ഗുണ്ടായിസം, സമാന്തര സമ്പദ് വ്യവസ്ഥ, മതരാഷ്ട്രീയം എന്നിവയൊക്കെയാണ് അന്തർലീനമായിരിക്കുന്ന വിഷയങ്ങൾ!
എതിരിടാൻ തീരുമാനിച്ചു മുന്നിട്ടിറങ്ങിയാൽ, കൂടെ ആരൊക്കെയുണ്ടാവും എന്നുറപ്പില്ല! അദ്ദേഹത്തിനുറപ്പില്ലെന്നു ഭരണപക്ഷത്തിനും അറിയാം! ബി. ജെ. പിയും കാര്യങ്ങൾ മനസ്സിലാക്കി വരികയാണ്! അഴിമതിക്കെതിരെ താൻ നിലപാടെടുത്താൽ കൂടെനിൽക്കാൻ ആരൊക്കെയുണ്ടാവും എന്ന് ഗവർണറും ആലോചിച്ചിട്ടുണ്ടാവണം!ചുരുക്കി പറഞ്ഞാൽ, അഴിമതിക്കെതിരെ നിലപാടെടുക്കുക എന്നത് നഷ്ടക്കളിയാണ്! രാഷ്ട്രീയമായും, സാമ്പത്തികമായും നഷ്ടക്കളിയാണ്! പഴയകാല കമ്മ്യൂണിസ്റ്റുകൾ ഈ നഷ്ടക്കളിയിൽ അഭിമാനംകൊണ്ടവരാണ്! കാലം മാറി. ഒരു നഷ്ടക്കളിക്കും സി. പി. എം തയ്യാറല്ല! ‘കട്ടൻചായ, പരിപ്പുവട, കാജാ ബീഡി കമ്മ്യൂണിസ്റ്റുകൾ’ അറബിക്കടലിൽ!
‘യു എസ് – യു. എ. ഇ – കേരള സഖ്യം’ വ്യത്യസ്തമായ ഒരു അച്ചുതണ്ടിൽ, നവീനമായ ചില ഭ്രമണപഥങ്ങൾ തേടുകയാണ്!’അനന്തം അജ്ഞാതം അവർണ്ണനീയം’ എന്ന് സി. പി. ഐ അത്ഭുതം കൂറിയിട്ടു കാര്യമില്ല. പഴയ യു. ഡി. എഫിന്റെ ഭ്രമണ പഥത്തിലൂടെയാണല്ലോ സി. പി. എം ഇപ്പോൾ സഞ്ചരിക്കുന്നത് എന്ന് ആക്ഷേപം പറയുന്നവരോട് സി. പി. എമ്മിന് പുച്ഛമാണ്! ഇത് വേറെ ലെവൽ!അപ്പോൾ, അഴിമതി സാധൂകരണ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു എന്നതിന് ഒറ്റ അർത്ഥമേയുള്ളു: രോഗികൾ ഇച്ഛിച്ചതിൽ വൈദ്യൻ തുല്യം ചാർത്തി!പിൻ കുറിപ്പ്: യാത്രക്കാർ സീറ്റുബെൽറ്റു ധരിക്കുന്നതു നന്നായിരിക്കും; ഇതെങ്ങോട്ടു വേണമെങ്കിലും കൂപ്പുകുത്താം! ഈശ്വരോ രക്ഷതു!
By, ഫാ. വർഗീസ് വള്ളിക്കാട്ട്