തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിവരുന്ന അതിജീവനസമരത്തിന് നേരെയുള്ള സര്‍ക്കാര്‍ സമീപനം ആദ്യം മുതലേ അവഗണനാപരമായിരുന്നു. ഇപ്പോളിതാ പിണറായിയും കൂട്ടരും പാര്‍ട്ടിയുടെയും, പാര്‍ട്ടി സില്‍ബന്ദികളും ചില മാധ്യമങ്ങളും ചേര്‍ന്ന് പടച്ച് വിടുന്ന വ്യാജപ്രചരണങ്ങള്‍ വഴി മത്സ്യത്തൊഴിലാളികളുടെ അതിജീവനസമരത്തെ അട്ടിമറിക്കാന്‍ ആസൂത്രിതമായി ആരംഭിച്ചിരിക്കുകയാണ്.
വിഴിഞ്ഞത്തെ അതിജീവന സമരം 100 നാളുകള്‍ പിന്നിട്ടപ്പോഴാണ്, സമരനേതാവെന്ന് പറയുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ടില്‍ കഴിഞ്ഞ 10 കൊല്ലം കൊണ്ട് 11 കോടി രൂപയുടെ ഇടപാടുകള്‍ നടന്നെന്നും, അത് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ഇന്ത്യാവിരുദ്ധ ശക്തികളായ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നതാണെന്നുമുള്ള ആരോപണങ്ങളുമായി അടിമ സഖാക്കള്‍ നിയന്ത്രിക്കുന്ന ചില സോഷ്യല്‍ മീഡിയ പേജുകളും കേരള കേന്ദ്ര സര്‍ക്കാരുകള താങ്ങി നില്ക്കുന്ന ചില മാധ്യമങ്ങളും രംഗത്തെത്തിയിരിക്കുന്നത്.
അത്ര വലിയ പഠിപ്പും അറിവുമൊന്നുമില്ലാത്ത മത്സ്യത്തൊഴിലാളികളെ തണുപ്പിക്കാന്‍, മന്ത്രിസഭാ ഉപസമിതിയുടെ ചര്ച്ചാനാടകങ്ങളും, ആവശ്യങ്ങള്‍ അംഗീകരിച്ചെന്ന പത്രസമ്മേളനസ്റ്റണ്ടുകളും മതിയാകുമെന്ന് ധരിച്ചുവശായ പിണറായിയും കൂട്ടരും ചുട്ടെറിഞ്ഞ കരുവാട്ടുതല മത്സ്യത്തൊഴിലാളികള്‍ പുറം കാലിന് ചിവിട്ടിക്കളഞ്ഞു. സെക്രട്ടറിയേറ്റ് പടിക്കലും, പോര്‍ട്ട് കവാടത്തിലും സമരം നടത്തി മടുത്ത് മൂട്ടിലെ പൊടീംതട്ടി പാവങ്ങള്‍ പിന്മാറുമെന്ന് കരുതിയവരെ നിരാശരാക്കിക്കൊണ്ടാണ് കൂടുതല്‍ വീര്യത്തോടും, ശക്തമായ ജനപിന്തുണയോടും നൂറുദിനം കടന്ന് സമരം മുന്നേറുന്നത്.
കരയിലെപ്പോലെ തന്നെ കടലിലും, പിന്നെ സംസ്ഥാന വ്യാപകമായും സമരം ശക്തപ്പെട്ടാല് അത് പിണറായിയുടെ ജനവിരുദ്ധസര്ക്കാരിന് കനത്ത തിരിച്ചടിയാകുമെന്ന് ഗൂഡ തന്ത്രങ്ങള്‍ മെനഞ്ഞ് പരിചയമുള്ളവര്‍ക്ക് എളുപ്പം മനസ്സിലാകും. അതിനാല്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധ തീരദേശവാസികളുടെ അതിജീവന സമരത്തില്‍ നിന്ന് തിരിച്ച് വിടാന്‍ പല ഗൂഡ തന്ത്രങ്ങളും അദാനിയുടെ ദാസരെ പോലെ നിന്ന് അവര്‍ പുറത്തെടുക്കുന്നു. തിരുവന്തപുരത്തെ ലത്തീന്‍ അതിരൂപതയാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്ന സത്യം അവര്‍ക്കൊക്കെ അറിയാമെങ്കിലും, പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ ബന്ധുവായ സമരനേതാവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ കോടികളെത്തിയെന്ന ആരോപണം ഉയര്‍ത്തിക്കാട്ടി സമരമുന്നേറ്റത്തെ തളര്‍ത്താന്‍ ശ്രമിക്കുകയാണ് പിണറായി.
പാസ്പോര്‍ട്ട് കവാടത്തിലേക്ക് സമരം മാറ്റിയപ്പോള്‍ മുതല്‍ വിദേശഫണ്ട്, വിദേശഫണ്ട് എന്ന് പുലമ്പല്‍ കേട്ട് തുടങ്ങിയതാണ്. സമരം ചെയ്യുന്നവരില്‍ ഭൂരിപക്ഷവും ക്രൈസ്തവര്‍ ആയത് കൊണ്ട്, കമ്യൂണിസ്റ്റുകാര്‍ക്ക് ചതുര്‍ത്ഥിയായ കുത്തകമുതലാളിമാരുടെ വിദേശ ക്രിസ്തീയ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് സമരമെന്ന ആരോപണം സ്വാഭാവികമാണ്. എന്നാലിവിടെ ഉയര്‍ന്നു കേള്‍ക്കുന്നത് ദുബായ് ഷെയ്ഖിന്റെ പേരാണ്…..? ഏതായാലും ഈ കോടികള്‍ കണ്ടെത്തേണ്ടത് സമരത്തിന് നേതൃത്വം കൊടുക്കുന്ന വൈദീകരുടെ അക്കൗണ്ടിലല്ലേ… ?
തിരിച്ചും മറിച്ചും നോക്കിയിട്ടും അങ്ങനൊന്ന് കിട്ടാത്തതുകൊണ്ട്, കമ്യൂണിസ്റ്റ് സഹയാത്രികനായ മന്ത്രിയുടെ ബന്ധുവിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് തള്ളി സഖാക്കള്‍ വ്യാജ പ്രചരണങ്ങള്‍ കൊഴുപ്പിക്കുകയാണ്. തലസ്ഥാനത്തെ തീരദേശത്ത് പാര്‍ക്കുന്നവരെല്ലാം ഒരുപോലെ നേരിടുന്ന പ്രശ്നങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. അവരില്‍ ഭൂരിപക്ഷവും ക്രൈസ്തവരായിപ്പോയതുകൊണ്ടും, സമരനേതൃത്വത്തില്‍ നില്‍ക്കുന്നത് പുരോഹിതന്മാരായതുകൊണ്ടും ആ യാഥാര്‍ത്ഥ്യങ്ങള്‍ ഇല്ലാതാകുന്നില്ല. പിണറായിയുടേയും അദാനിയുടേയും അച്ചാരം പറ്റി സമരത്തെ അട്ടിമറിക്കാനിറങ്ങിയ അപൂര്‍വ്വം തീരദേശവാസികള്‍ അവര്‍ ഇരിക്കുന്ന കൊമ്പാണ് സ്വയം മുറിക്കുന്നതെന്ന സത്യം ഇന്നല്ലെങ്കില്‍ നാളെ അറിയക തന്നെ ചെയ്യും.
പൊതുജനത്തിന്റെ പണമുപയോഗിച്ച്, സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനും, കൊലയാളികളെ രക്ഷിക്കാനും സൂപ്രീംകോടതി വക്കിലന്മാര്ക്ക് ഫീസിനത്തില്‍ കോടികള്‍ പൊടിക്കുന്ന സര്‍ക്കാരിന്റെ ധൂര്‍ത്തിനെ വാര്‍ത്തയാക്കാതെ, വലിയ ആവേശത്തോടെ സമരനേതാവിന്റെ ഭാര്യയുടെ അക്കൗണ്ടിലെ കോടിക്കിലുക്കത്തെ വാര്‍ത്തയാക്കുന്നതിന്റെ പിന്നിലെ രഹസ്യം അദാനി തന്നെ ആകാനാണ് സാധ്യത. ചില സര്‍ക്കാര്‍ സ്തുതി പാടല്‍ മാധ്യമങ്ങളും, വീണ് കിട്ടിയ അവസരം ആകുന്നത്ര പ്രയോജനപ്പെടുത്തി സഭയെ സമ്മര്ദ്ധത്തിലാഴ്ത്താമെന്ന് ധരിച്ചിറങ്ങിയിരിക്കുകയാണ്.
അവര്‍ക്ക് സമരത്തിന് നേതൃത്വം കൊടുക്കുന്ന വൈദീകര്‍ തന്നെ പച്ചമലയാളത്തില്‍ത്തന്നെ വിശദീകരണം നല്കി കഴിഞ്ഞു. പോര്‍ട്ട് നിര്‍മ്മാണം തുടങ്ങി 7 വര്‍ഷം കഴിഞ്ഞിട്ടാണ് സമരം തുടങ്ങിയതെന്ന ചിലരുടെ ആരോപണം വെറും ബാലിശമാണ്, പോര്‍ട്ട് നിര്‍മാണത്തിന്റെ ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ലത്തീന്‍ അതിരൂപതാ പുറത്തിറക്കിയ ഇടയലേഖനത്തില്‍ പോര്ട്ടിനെതിരായുള്ള പ്രതിഷേധം ഉണ്ടായിരുന്നു എന്നതാണ് പരമാര്‍ത്ഥം.
ആരുടെയെങ്കിലും അക്കൗണ്ടില്‍ അവിഹിതമായ ഫണ്ട് വന്നെന്ന് തെളിഞ്ഞാല്‍ അതിനെതിരെ നിയമപരമായ വഴികള്‍ തേടുകയാണ് കേന്ദ്ര കേരള സര്‍ക്കാരുകള്‍ ചെയ്യേണ്ടത്, അല്ലാതെ അതിനെ അതിജീവനത്തിനായി തീരദേശ വാസികള്‍ നടത്തുന്ന സമരവുമായി ബന്ധിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുകയല്ല. അങ്ങനെ ചെയ്യുന്നവര്‍ അദാനിക്ക് വേണ്ടി അടിമപ്പണി ചെയ്യുകയാണ് എന്ന് പറയാതെ വയ്യ. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ അനധികൃതമായി ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പോരാടാനും നിയമത്തിനു മുന്നില്‍ കൊണ്ടെത്തിക്കാനുമുള്ള ഉള്ള സന്നദ്ദതയും വൈദീകര്‍ അറിയിച്ചിട്ടും, ഭരണകൂടവും, പാര്‍ട്ടിയും, സിന്‍ഡിക്കേറ്റ് മാധ്യമങ്ങളും സംഘടിതമായി ലത്തീന്‍ സഭക്ക് എതിരെ നടത്തുന്ന ഈ രണ്ടാം നമ്പര്‍ കളികള്‍ അങ്ങേയറ്റം അപലപനീയമാണ്. ലജ്ജാകരവുമാണ്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാനുകളും, പദ്ധതികളും അനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതിന്റെ മുന്നോടിയായിട്ടാണ് കഴിഞ്ഞയാഴ്ച്ച അവസാനം ദേശാഭിമാനി എന്ന പാര്‍ട്ടിപത്രത്തില്‍ സമാന വാദഗതികളുമായി എഡിറ്റോറിയല്‍ പ്രത്യക്ഷ പ്പെട്ടത്. എല്ലാം മുന്‍കൂട്ടി ആസൂത്രിതം എന്ന് വ്യക്തം. എല്ലാ കാലത്തും തങ്ങള്‍ക്ക് ഒപ്പം നിന്ന് തങ്ങളെ പിന്തുണച്ച മത്സ്യത്തൊഴിലാളികള്‍ നശിച്ചാലും, വേണ്ടില്ല അദാനിക്ക് അല്‍പ്പം പോലും ബുദ്ധിമുട്ട് വരരുത് എന്നാണല്ലൊ ഇപ്പോഴത്തെ പാര്‍ട്ടി തത്വ ശാസ്ത്രം.
മുതലാളിത്യം തുലയട്ടെ തൊഴിലാളിത്വം ജയിക്കട്ടെ എന്ന മുദ്രാവാക്യം മുഴക്കി വളര്‍ന്ന് വന്നവര്‍ ഇന്ന് സ്ഥാനമുറപ്പിച്ചിരിക്കുന്നത് ലോക സമ്പന്നരില്‍ രണ്ടാമന വേണ്ടി ആണ് എന്ന് മറക്കരുത്. തൊഴിലാളി പ്രസ്ഥാനം എന്ന അവകാശപ്പെടുന്ന സി.പി.എം ന്റെ നേത്യത്വത്തിലുള്ള ദേശാഭിമാനി പത്രം പോലും വാദിക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി അല്ല അദാനി എന്ന കോര്‍പ്പറേറ്റ് ഭീമന് വേണ്ടി ആണ്.
വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാന്‍ സമരപ്രവര്‍ത്തകന്റെ ഭാര്യയുടെ അക്കൗണ്ടില്‍ 11 കോടിയുടെ വിദേശ ഇടപാട് എന്നപേരിലാണ് സി പി എം മുഖപത്രമായ ദേശാഭിമാനി മത്സ്യത്തൊഴിലാളി സമരത്തിനെതിരെ പ്രചാരണവുമായി ആദ്യം രംഗത്തെത്തിയത്. ഇതിനുപിന്നാലെ ആണ് അദാനിയോട് കൂറ് ചില മാധ്യമങ്ങളും ഇതേറ്റുപിടിച്ച് രംഗത്തെത്തിയത്.
സമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഭാരവാഹികളിലൊരാളുടെ എക്കൗണ്ടില്‍ കഴിഞ്ഞ പത്തുകൊല്ലത്തിനിടെയാണ് ഇത്രയും തുക വന്നതായി സംശയിക്കുന്നതെന്നുമാണ് പ്രചാരണം . എന്നാല്‍ മത്സ്യത്തൊഴിലാളികളുയര്‍ത്തിയ ന്യായമായ ആവശ്യങ്ങളെ നേരിടാനാകാത്ത സര്‍ക്കാരും കമ്പനിയും സമരത്തെ തകര്‍ക്കാന്‍ ദുരാരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നാണ് സമരസമിതിയുടെ പക്ഷം. അതിജീവന സമരം 100 ദിവസം പിന്നിട്ട തിന് ശേഷം മാത്രമാണ് കഴിഞ്ഞ 10 കൊല്ലം കൊണ്ട് 11 കോടി രൂപ സമര നേതാവിന്റെ ഭാര്യയുടെ അക്കൗണ്ടില്‍ വന്നു എന്ന വിവരം വാര്‍ത്തയായത് എന്ന് ഇവര്‍ ആരോപിക്കുന്നു.
100 ദിവസമായി തുടരുന്ന സമരത്തിന് പത്തുകൊല്ലം മുന്നേ സംഭാവന സ്വീകരിച്ചു എന്ന വാര്‍ത്ത പ്രഥമ ദൃഷ്ടിയാല്‍ തന്നെ വിഡ്ഢിത്തമല്ലെ. ആരുടെയെങ്കിലും ഭാര്യയുടെ അക്കൗണ്ടില്‍ വിദേശ പണം വന്നാല്‍ അതിന്റെ ഉത്തരവാദിത്വം സമരസമിതി ഏറ്റെടുക്കണമെന്നാണ് ഈ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഉദ്ദേശം. ഇത് വഴി ഒരുവിഭാഗം മാധ്യമങ്ങള്‍ അതിജീവന സമരത്തെ താറടിച്ചു കാണിക്കാനാണ് ശ്രമിക്കുന്നത്. അവരുടെയൊക്കെ തനി നിറം ഇതോടെ പുറത്തുവന്നതായും സമരസമിതി എടുത്ത് കാട്ടുന്നു.
എന്തായാലും ഇത്തരം കുതന്ത്രങ്ങള്‍ പ്രയോഗിച്ച് വിഴിഞ്ഞം സമരം അട്ടിമറിക്കാമെന്നത് പിണറായി സഖാവിന്റേയും കൂട്ടരുടേയും പദ്ധതികള്‍ വെറും ദിവാസ്വപ്നങ്ങള്‍ മാത്രമായി അവശേഷിക്കും എന്നത് കട്ടായം. കാരണം ഇത് അതിജീവനത്തിന് വേണ്ടിയുള്ള ജീവന് മരണ പോരാട്ടമാണ്. ജീവന് വേണ്ടി പോരാടുന്നവരുടെ അടുത്ത് രാഷ്ട്രീയത്തിലെ പോലെ കുതന്ത്രങ്ങള്‍ പയറ്റുന്നവര്‍ എത്രയോ മണ്ടന്മാര്.
ക്യാപ്റ്റൻ നോബിൾ പെരെര എഴുതുന്നു
ഫീസിബിലിറ്റി പഠനം പേജ് 15 & 79 വിഴഞ്ഞം ട്രാന്‍ഷിപ്മെന്റ് ടെർമിനൽ ഒരു കണ്ടെയ്നർ ടെർമിനൽ എന്ന നിലയിൽ ഒരിക്കലും ലാഭമുണ്ടാക്കില്ല, അതുകൊണ്ടു പോർട് എസ്റ്റേറ്റ് development നടത്തി ഇത് ലാഭകരമായ ഒരു പദ്ധതിയാക്കാനാകും.
ലോകത്തിലിപ്പോഴുള്ളത് 500+ മദർ കണ്ടെയ്നർ ഷിപ്പുകളാണ്, അതിൽ 30% മാത്രമാണ് ഏഷ്യയിൽ ഓടുന്നത്, അതിൽ ഭൂരിഭാഗവും വല്ലാർപാടം ടെര്‍മിനലിൽ കയറാവുന്നവയാണ്
(16.0 mtrs draughts)
പന്ത്രണ്ടു വർഷമായി വല്ലാർപാടം ടെർമിനൽ നഷ്ടത്തിലാണ്.
സിംഗപ്പൂരിൽ ഒരു ദിവസം വന്നു പോകുന്നത് 353 കപ്പലുകളാണ്, ഏഴു ശതമാനമാണ് സിംഗപ്പൂരിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഷിപ്പിംഗ് നൽകുന്നത് ഏകദേശം ഒരു ലക്ഷം പേർക്ക് തൊഴിൽ ഉണ്ട് അവിടെ ഈ മേഖലയിൽ.
കൊളോമ്പോ കണ്ടെയ്നർ ടെർമിനലിൽ 5600 കോടി രൂപയാണ് അദാനി മുടക്കി വികസിപ്പിക്കുന്നത് കാരണം കൊളോമ്പോയാണ് കണ്ടയ്നെർ കമ്പനികൾക്ക് ലാഭം( സമയവും പണവും). ഇവിടെയായിരിക്കും ഭൂരിഭാഗം മദർഷിപ്പും വരികയെന്ന് അദാനിയുടെ വിദഗ്ധർക്ക് അറിയാം, അപ്പോൾ അദാനിയുടെ മുന്ദ്ര (ഗുജറാത്ത്) പോർട്ടിലേക്കു വരുന്ന കണ്ടെയ്നറുകൾ കൊളോമ്പോയിൽ ലാഭകരമായി ഇറക്കി ചെറിയ കപ്പലുകളിൽ കയറ്റി മുന്ദ്രയിലേക്കു വിടാം
വല്ലാർപാടം ടെർമിനലും തൂത്തുക്കുടി പോർട്ടും തന്നെ വിഴിഞ്ഞത്തിനു വലിയ മത്സരം നൽകും കൊളോമ്പോ നോക്കിയിരുന്നാൽ മതി, ഒന്നും ചെയ്യേണ്ട.
അഞ്ചു വര്‍ഷം കൊണ്ട് പൂർത്തിയാക്കേണ്ട പദ്ധതി ഏഴു വര്‍ഷം കഴിഞ്ഞിട്ടും 30 ശതമാനം മാത്രമേ കടലിന്റെ രൂക്ഷത കാരണം പൂർത്തിയാക്കാനായിട്ടുള്ളൂ, ഇവിടത്തെ കടലിന്റെ സ്വഭാവം പഠിക്കാതെ ചാടി പുറപ്പെട്ടത്തിന്റെ ഫലം.
കേരളത്തിന്റ തീരത്തു എട്ടു മാസം ഒഴുക്ക് തെക്കോട്ടാണ്, ഈ സമയത്തു പോകുന്ന കുറച്ചു തീരമണൽ തിരിച്ചു കിട്ടുന്നത് നാലുമാസത്തെ വടക്കോട്ടുള്ള ഒഴുക്കിലാണ്, കടലിൽ നിർമിക്കുന്ന പുലിമുട്ടുകൾ വടക്കു നിന്നും വരുന്ന മണൽ തടയും കാരണം ഒഴുക്ക് നാലു മാസം കൊണ്ട് ശക്തമാകുമ്പോഴേക്കും ഗതി മാറി തെക്കോട്ടു പോകുന്നു. ഇന്ത്യയിൽ ഏറ്റവുമധികം തീര ശോഷണം സംഭവിക്കുന്നത് കേരളാ തീരത്താണ്, കാരണം കേരളത്തിലേക്ക് മണ്ണ് തിരികെ വരാൻ തെക്കു അധികം ഭൂമിയില്ല വെറും കടൽ മാത്രം.
കടലിനു സമാന്തരമായി നടത്തുന്ന നിർമാണം തിരമാലകളുടെ ശക്തി വർധിപ്പിക്കുകയും അടുത്തുള്ള സ്ഥലങ്ങളിൽ കടലാക്രമണങ്ങൾ രൂക്ഷമാകുകയും ചെയ്യും.
വിഴിഞ്ഞം പദ്ധതി പൂർത്തിയാകുമ്പോൾ വിഴിഞ്ഞത്തിനു വടക്കുള്ള ഏകദേശം 25 കിലോമീറ്റർ ദൂരത്തിൽ കടൽത്തീരവും ആയിരക്കണക്കിന് ഭവനങ്ങളും കടലെടുക്കും. തിരമാലകളുടെ വരവ് തെക്കു പടിഞ്ഞാറു ദിശയിൽ നിന്നായതുകൊണ്ടു.
വിഴിഞ്ഞം ടെര്‍മിനലിനുള്ളിൽ ഇപ്പോൾ തന്നെ ഡ്രെഡ്ജിങ് നടക്കുകയാണ് , കാരണം തെക്കു നിന്നുള്ള മണൽ വന്നടിയുന്നു. ഇത് സ്വഭാവികമായി ആഴം നിലനിൽക്കുമെന്ന വാദം തെറ്റാണു.
ഈ ടെർമിനൽ ഒരു വെള്ളാനയായി മാത്രം നിലനിൽക്കും, പക്ഷെ തെക്കൻ ട്രിവാൻഡ്രത്തെ തീരം എന്നന്നേക്കുമായി ഇല്ലാതാകും.
വിഴിഞ്ഞത്തിനു തെക്കു കൂടുതൽ തീരമുണ്ടാകും.