മാത്യൂ ചെമ്പുകണ്ടത്തിൽ
ഒരു കൊയ്ത്തുത്സവം എന്ന അർത്ഥത്തിലാണ് യഹൂദര്‍ പന്തക്കുസ്താ തിരുന്നാള്‍ ആചരിച്ചു തുടങ്ങിയത്. പിന്നീട് സീനായ് മലയില്‍ ദൈവം മോശയ്ക്ക് നിയമങ്ങള്‍ നല്കിയ ദിനത്തെ സ്മരണാര്‍ഹമാക്കാന്‍ പന്തക്കുസ്താ തിരുന്നാൾ ദിനത്തെയാണ് അവർ തെരഞ്ഞെടുത്തത്.
ഈശോമശിഹായുടെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷമുള്ള ആദ്യത്തെ പന്തക്കുസ്താ ദിനത്തിലാണ് ഈശോയുടെ വാഗ്ദാനമായ സഹായകനായ പരിശുദ്ധാത്മാവ് ക്രിസ്തുശിഷ്യന്മാരില് ആവസിച്ചത്. ക്രിസ്തുദര്‍ശനങ്ങളുടെ മുന്നണിപ്പോരാളികളായി നില്ക്കാന് ആത്മാവ് അവരെ ശക്തരാക്കി. പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മ പൂരിതരായ അപ്പോസ്തൊലിക അടിസ്ഥാനത്തിന്മേല് ക്രിസ്തുവിന്റെ മൗതീകശരീരമായ സഭ ഭൂമിയില്‍ ഉടലെടുത്തു.
ജൂതന് ചരിത്രബന്ധിതമായ വിശ്വാസബോധ്യങ്ങളുടെയും ക്രൈസ്തവന് ദൈവശാസ്ത്ര ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തില്‍ പന്തക്കുസ്താ ദിനത്തിന് ഏറെ സവിശേഷതകളുണ്ട്. ജൂതനെ സംബന്ധിച്ച്, കല്പ്പലകയില് എഴുതപ്പെട്ട പ്രമാണങ്ങള്‍ മോശെയ്ക്കു ലഭിച്ച ദിനമായിരുന്നു പന്തക്കുസ്താ. എന്നാല്‍, ഹൃദയഫലകങ്ങളില്‍ പുതിയനിയമ വാഗ്ദത്തങ്ങള്‍ എഴുതുവാനായി (ജെറമിയ 31:33, ഹെബ്രാ 8:10) ആഗതനായ പരിശുദ്ധാത്മാവിനെയാണ് പന്തക്കുസ്താ ദിനത്തില്‍ സഭ അനുസ്മരിക്കുന്നത്.
നിയമം ലഭിക്കുന്നതിന് മോശയ്ക്ക് ദൈവസന്നധിയില്‍ 40 രാപ്പകലുകളുടെ കാത്തിരിപ്പുണ്ടായിരുന്നുവെങ്കില്, പരിശുദ്ധാത്മ അഭിഷേകത്തിനായി സമാനമായ ഒരു കാലയളവ് അപ്പൊസ്തൊലന്മാര്‍ക്കും കാത്തിരിക്കേണ്ടി വന്നു. “ഞാന്‍ ഭയംകൊണ്ടു വിറയ്ക്കുന്നു എന്നു മോശ പറയത്തക്കവിധം” അത്ര ഭയങ്കരമായിരുന്നു സീനായ് മലയില്‍ കല്‍പ്പന ലഭിക്കുമ്പോഴുള്ള പശ്ചാത്തലം (പുറ 19:16-22, ഹെബ്രാ 12:21). ഇതിന് സമാനമായ വിധത്തില്‍ കൊടുങ്കാറ്റിന്റെ ഹുങ്കാരശ്ശബ്ദവും ഭൂമികുലുക്കവും പന്തക്കുസ്താ ദിനത്തില്‍ സംഭവിക്കുന്നത് അപ്പ പ്രവൃത്തി 2:1-4 വാക്യങ്ങളിലും കാണാം.
യഹൂദന് മോശയുടെ നിയമങ്ങളില്‍ ആനന്ദിച്ചുവെങ്കില് (റോമ 7:22) പുതിയനിയമ ക്രൈസ്തവ സഭ പരിശുദ്ധാത്മാവിലാണ് ആനന്ദിക്കുന്നത് (റോമ 14:17). യഹൂദന് നൽകിയ പഴയ ഉടമ്പടി കാലഹരണപ്പെട്ട് പുതിയ ഉടമ്പടിക്ക് വഴിമാറിക്കൊടുത്തതും പന്തക്കുസ്താ ദിനത്തിലായിരുന്നു. പന്തക്കുസ്താദിനം യഹൂദര്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ സവിശേഷതയുള്ള ദിനം തന്നെയാണ്.
പന്തക്കുസ്താ തിരുന്നാള്‍ സഭയുടെ പിറന്നാള്‍ ദിനമാണ്. സഭ ഓരോ ക്രൈസ്തവനും അമ്മയാണ്. അമ്മയുടെ ജന്മദിനത്തില് ആനന്ദിക്കുന്ന മക്കളേപ്പോലെ പന്തക്കുസ്താ ദിനത്തില്‍ സഭയുടെ ജന്മദിനമോര്ത്ത് ആനന്ദിക്കാന്‍ ക്രിസ്ത്യാനിക്കും കഴിയണം. സഭയെ എത്രമാത്രം ആഴത്തല്‍ സ്നേഹിക്കണമെന്ന് പറഞ്ഞു തന്നത് പൗലോസ് അപ്പൊസ്തൊലനാണ്. സഭയ്ക്കുവേണ്ടി ശരീരത്തില്‍ എത്രമേല്‍ സഹിക്കാനും തയ്യാറാകണം എന്നതായിരുന്നു പൗലോസിന്റെ പക്ഷം.
“സഭയാകുന്ന തൻ്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എൻ്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു” (കൊളോ 1:24). ഈ പ്രസ്താവന അന്വര്‍ത്ഥമാക്കും വിധമായിരുന്നു പൗലോസിന്റെ സഭാസ്നേഹം. ക്രിസ്തുവിൻ്റെയും പൗലോസിൻ്റെയും പീഡാനുഭവങ്ങളെ മനസ്സിലാക്കുമ്പോൾ കൗതുകകരമായ ഒരു കാര്യം കാണാം. 1 കൊരി 11:23- മുതല്‍ തന്റെ മണവാട്ടിയായ സഭയ്ക്കുവേണ്ടിയുള്ള ക്രിസ്തുവിന്റെ പീഢകളുടെ വിവരങ്ങളാണെങ്കില്‍ 2 കൊരി 11:23 മുതല്‍ തന്റെ മാതാവായ സഭയ്ക്കുവേണ്ടി പൗലോസ് സഹിച്ച പീഡകളുടെ വിവരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പീഡനങ്ങളില്‍ തളര്‍ന്നുപോകാതെ ചരിത്രത്തിലൂടെയുള്ള സഭാമാതാവിന്റെ പ്രയാണത്തെ സ്മരിക്കുമ്പോള്‍ സഭയുടെ മക്കളായ ഓരോ ക്രൈസ്തവനും ആനന്ദവും വലിയ അഭിമാനവും ഉണ്ടാകും. അതിനാല്‍ ആദിമകാലം മുതല്‍ ക്രിസ്തുമസിനും ഈസ്റ്ററിനും ശേഷം പന്തക്കുസ്താ തിരുന്നാളിനും വലിയ പ്രാധാന്യമാണ് സഭാ മക്കൾ നല്‍കിയിരുന്നത്.
ആദ്യ പന്തക്കുസ്താദിനം ക്രൈസ്തവ ചരിത്രത്തില്‍ സമാനതകളില്ലാതെ രേഖപ്പെടുത്തിയ ഒരു മഹാസംഭവമായിരുന്നു.
പതിനഞ്ചിലേറെ ദേശങ്ങളില്‍ നിന്നുള്ള ജനങ്ങളുടെ മധ്യേ നിന്നാണ് “ദൈവത്തിന്റെ വന്‍കാര്യങ്ങള്‍” പത്രോസ് പ്രസംഗിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നും ഭാഷകളില്‍ നിന്നും വന്നവര്‍ പത്രോസിന്റെ പ്രസംഗം തങ്ങളുടെ പ്രാദേശിക ഭാഷയില്‍ കേട്ടു മനസ്സിലാക്കുന്നു. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാരേപ്പോലെ കേള്‍വിക്കാരുടെ ഉള്ളില്‍ അവരുടെ ഹൃദയത്തിനു ചൂടുപിടിക്കുന്ന അനുഭവം ഉണ്ടാകുന്നു. സ്വര്‍ഗ്ഗീയ ആനന്ദത്താല്‍ നിറഞ്ഞ് അവര്‍ ചോദിക്കുന്നു “ഞങ്ങള്‍ എന്തു ചെയ്യണം?”
അവരോട് പത്രോസ് മറുപടി നല്കുന്നു “ദുഷിച്ച തലമുറയില്‍നിന്ന് രക്ഷപ്പെടുവിന്‍”
എവിടേക്കാണ് രക്ഷപ്പെടേണ്ടത്? ദുഷിച്ച, വക്രതനിറഞ്ഞ ഈ വ്യവസ്ഥിതിയില്‍ നിന്ന് ക്രിസ്തുവിലേക്ക് രക്ഷപ്പെട്ടുകൊള്ളുക എന്നാണ് പത്രോസ് പറഞ്ഞത്. തങ്ങള്‍ ആയിരക്കുന്ന ദുഷിച്ച പ്രവണതകളുടെ, മരണത്തിന്റെ സംസ്കാരത്തില്‍നിന്നും പിന്‍വാങ്ങേണ്ടതുണ്ട് എന്ന് അവര്‍ക്ക് ബോധ്യമായി. അവര്‍ ഈശോമശിഹായിലുള്ള വിശ്വാസം ഏറ്റുപറഞ്ഞ് വക്രതയുള്ള തലമുറയില്‍ നിന്നും അതിന്റെ സ്വാധീനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന്റെ ആദ്യപടിയായി സ്നാനം സ്വീകരിച്ച് ക്രിസ്തുവിനോടു ചേര്‍ന്നു (റോമ 6:3). തുടര്‍ന്നുള്ള ജീവിതത്തിലാണ് ഈ രക്ഷപ്പെടലിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം വ്യക്തമാകുന്നത്.
പന്തക്കുസ്തായുടെ സന്ദേശം ഏറ്റെടുത്തുകൊണ്ട് രക്ഷയുടെ തീരം തേടിയവരുടെ എണ്ണം ദിനംതോറും വളര്‍ന്നുകൊണ്ടേയിരുന്നു. ദൈവം അവരെ എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി, ആ സംഘത്തെ ആദ്യമായി “സഭ” എന്നു വിളിച്ചു. (അപ്പ പ്രവൃത്തി 2:40-47). പന്തക്കുസ്താ ദിനത്തില്‍ ആരംഭിച്ച ഈ രക്ഷിതഗണം കഴിഞ്ഞ രണ്ടായിരം കൊല്ലങ്ങളായി ലോകത്താകമാനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. അവര്‍ക്ക് വിവിധ സംസ്കാരങ്ങളും ഭാഷകളും ജീവിതരീതികളുമെല്ലാം ഉണ്ടായിരുന്നുവെങ്കിലും അവര്‍ അപ്പൊസ്തൊലന്മാരുടെ പ്രബോധനത്തിലും ക്രിസ്തീയ കൂട്ടായ്മയിലും ജീവിച്ചു. പ്രാര്‍ത്ഥനയോടെയും അപ്പംമുറിച്ച് അന്ത്യത്താഴ ശുശ്രൂഷയെ അനുസ്മരിച്ചുംകൊണ്ട് രക്ഷയുടെ സന്ദേശം ലോകത്ത് പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
സഭ ഇന്ന് വീണ്ടുമൊരു പന്തക്കുസ്താ ദിനത്തിന്റെ ഓര്‍മ്മ പുതുക്കുന്നു. ക്രൈസ്തവസഭയില്‍ ആദ്യമായി ഉയര്‍ന്നുകേട്ട പത്രോസിന്റെ പ്രസംഗം പന്തക്കുസ്താദിനത്തിന്റെ കാലാതീതമായ സന്ദേശമാണ്. നൂറ്റാണ്ടുകള്‍ എത്ര കഴിഞ്ഞാലും പന്തക്കുസ്തായുടെ സന്ദേശത്തിന് മാറ്റമുണ്ടാകില്ല. പന്തക്കുസ്താ ദിനത്തിലുള്ള പത്രോസിന്റെ പ്രസംഗം കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്ന ഒരു കാര്യമുണ്ട്. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ വ്യക്തി എത്രയോ വ്യക്തതയോടും സ്പഷ്ടവുമായിട്ടാണ് സംസാരിക്കുന്നത്!
കല്ലേറിനാല്‍ കൊല്ലപ്പെടുന്നതിനു മുമ്പ് വിശുദ്ധ സ്തേഫാനോസും പരിശുദധാത്മാവിനാല്‍ നിറഞ്ഞതായി വായിക്കുന്നു. അദ്ദേഹത്തിന്റെ സംസാരവും ചരിത്രപരമായ വ്യക്തതയും കൃത്യതയും ഉള്ളതായിരുന്നു. ആത്മപൂരിതമായ പത്രോസിന്റെയും സ്തെഫാനോസിന്റെയും പ്രസംഗം കേള്‍ക്കുമ്പോഴാണ്, പരിശുദ്ധാത്മ നിറഞ്ഞവര്‍ എന്നു പറഞ്ഞ് പലരും ചെയ്തുകൂട്ടുന്ന കോപ്രായങ്ങളും അന്യഭാഷ എന്ന പേരില്‍ ജനിപ്പിക്കുന്ന വ്യാക്ഷേപക ശബ്ദങ്ങളും എത്രമേല്‍ വിചിത്രവും കൃത്രിമവുമാണെന്ന് തോന്നിപ്പോകുന്നത്.
ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നവ എന്നു പറഞ്ഞുകൊണ്ട് പരിശുദ്ധാതമാവിന്റെ പേരില്‍ പ്രവചിക്കുന്നവരുണ്ട്. വാസ്തവത്തില്‍ പുതിയനിയമത്തില്‍ പ്രവചനമെന്നു ഭാവിപറയുന്നതിനേയല്ല വിവക്ഷിക്കുന്നത്. 1 കൊരിന്ത്യ ലേഖനം 14:2,3 വാക്യങ്ങള്‍ പ്രകാരം പ്രവചനമെന്നത് കേള്വിക്കാരന് ജീവിതത്തിന്റെ സര്‍വ്വമേഖലയിലും ഉത്കര്‍ഷത്തിനും പ്രോത്സാഹത്തിനും ആശ്വാസത്തിനും ഉപകരിക്കുന്ന പ്രസംഗമോ സംസാരമോ ഒക്കെ പ്രവചനമാണ്.
വാസ്തവത്തില്‍ എന്തായിരുന്നു പന്തക്കുസ്താ ദിനത്തിന്റെ ഇന്നത്തെ പ്രസക്തി? പത്രോസിന്റെ ആദ്യപ്രസംഗത്തില്നിന്നും കാലാതിവര്‍ത്തിയും കാലികപ്രസക്തിയുമുള്ള എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമോ ?
പന്തക്കുസ്താ ദിനത്തില്‍ പരിശുദ്ധാത്മാവിന്റെ ആഗമനം മഹാസംഭവങ്ങളുടെയും വീര്യപ്രവൃത്തികളുടെയും അകമ്പടിയോടെ ആയിരുന്നു. ആയതിനാല്‍ പന്തക്കുസ്താ ദിനം എന്നു കേട്ടാലുടന്‍ മഹാസംഭവങ്ങളാണ് ഓര്‍മ്മ വരുന്നത്. 1 കൊരിന്ത്യ ലേഖനം 12,13 അധ്യായങ്ങളില്‍ വിവരിക്കുന്ന പരിശുദ്ധാത്മാവിന്റെ വിവിധ ദാനങ്ങളിലേക്ക് നമ്മുടെ ചിന്തകള്‍ കടന്നുപോകും. പ്രവചനം, ഭാഷാവരം, രോഗശാന്തിവരും, ഭൂതശാന്തി, വ്യാഖ്യാനവരം എന്നിങ്ങനെ പ്രകൃത്യാതീ ശക്തിവിശേഷങ്ങളുടെ ബഹിര്‍സ്ഫുരണമാണ് പന്തക്കുസ്തായുടെ പ്രതിഫലനം എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ പരിശുദ്ധാത്മ വരങ്ങളില്‍ പരമപ്രധാനമായ വരമെന്ത് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം ?
തൃശ്ശൂര്‍ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ഒരു പ്രസംഗമാണ് പരിശുദ്ധാത്മ വരങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഓര്‍മ്മവരുന്നത്. സ്വതസിദ്ധമായ നര്‍മ്മഭാഷയില്‍ അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് “പരിശുദ്ധാത്മാവിന്റെ വരങ്ങളില്‍ ഏറ്റവും വലിയ വരം “വിവര”മാണ് (wisdom). അനേകര്‍ക്കും കിട്ടാതെപോയ വരവും ഒരുപക്ഷേ വിവരമില്ലായ്മയായിരിക്കും” പരിശുദ്ധാത്മ വരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നതില്‍ ആദ്യമായി പറയുന്നത് ജ്ഞാനത്തിന്റെയും (knowledge) പരിജ്ഞാനത്തിന്റെയും (wisdom) വരങ്ങളേക്കുറിച്ചാണ് (1 കൊരി 12: .
ഈ വരങ്ങളേക്കുറിച്ച് ആരെങ്കിലും പ്രസംഗിക്കുന്നത് ഇതുവരെ കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും ഈ വരം തങ്ങള്‍ക്ക് ഉണ്ടെന്ന് അവകാശപ്പെട്ടതായും കേട്ടിട്ടില്ല.
സഭാമക്കള്‍ക്ക് ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും വരം നല്കിയതിനാല് സഭ പരിശുദ്ധാത്മാവിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ക്രൈസ്തവ സഭയുടെ ചരിത്രത്തില്‍ ഉടനീളം നോക്കിയാല്‍ പരിശുദ്ധാതമാവ് നല്കിയ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും വരമായിരുന്നു സഭയുടെ മുന്നോട്ടുള്ള ഗമനത്തിന് കരുത്തായത്. ജ്ഞാനവും പരിജ്ഞാനവും ഉള്ച്ചേര്ന്നതിലൂടെ ദൈവവചനത്തിന്റെ മര്‍മ്മങ്ങള്‍ സഭയില്‍ വെളിപ്പെട്ടു.
അതിലൂടെ അവര്‍ ദൈവിക മര്‍മ്മങ്ങള്‍ മനസ്സിലാക്കി, ക്രിസ്തുവിനെയും അവിടുത്തെ സഭയെയും കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കി. എല്ലാ വെല്ലുവിളികള്‍ക്കു മുന്നിലും ക്രിസ്തുവിലുള്ള വിശ്വാസം ഉയര്‍ത്തിപ്പിടിച്ചു. പീഡനങ്ങളും രക്തസാക്ഷിത്വങ്ങളും മരണഭയവും അവരെ അടിമുടി ഗ്രസിക്കുന്ന ഘട്ടങ്ങളിലും നിത്യജീവന്റെ പ്രത്യാശയില്‍ തലയുയര്‍ത്തി നില്ക്കാന് അവര്‍ക്ക് പ്രചോദനമായത് അവര്‍ പരിജ്ഞാനത്തോടെ ദൈവത്തെ ഗ്രഹിച്ചതിനാല്‍ ആയിരുന്നു.
പരിശുദ്ധാത്മാവ് സുബോധത്തിന്റെ ആത്മാവാണ് പൗലോസ് തിമോത്തിയോട് ചൂണ്ടിക്കാണിക്കുന്നു.
ജ്ഞാനവും പരിജ്ഞാനവും സുബോധവും ഒരുപോലെ ഒരു വ്യക്തിയില്‍, ഒരു സമൂഹത്തില്‍ നിറഞ്ഞാല്‍ അവിടെ ഉണ്ടാകാവുന്ന മാറ്റം അവിശ്വസനീയമായിരിക്കും. പരിശുദ്ധാത്മാവ് മനുഷ്യകുലത്തിന് നല്കിയ ഈ സുബോധത്തിലാണ് ഇന്ന് നാം ഏറെ ആശ്രയിക്കേണ്ടത്. ക്രൈസ്തവ സഭ കടന്നുപോകുന്ന എല്ലാ വെല്ലുവിളികളേയും നേരിടാന്‍ പരിശുദ്ധാതമാവ് നല്കുന്ന സുബോധം അത്യാവശ്യമാണ്. ഭീകരവാദവും രാഷ്ട്രീയമായ പ്രതിസന്ധികളും പ്രതികൂലങ്ങളും അരക്ഷിതാവസ്ഥയുമെല്ലാം ലോകത്ത് പിടിമുറുക്കമ്പോള്‍ സഭയും വിശ്വാസികളും ഇതിനെയെല്ലാം സുബോധത്തോടെ നേരിടാന്‍ തയ്യാറാകണം.
പൗലോസ് തിമോത്തിക്ക് മറ്റൊരു വലിയ മുന്നറിയിപ്പ് നല്‍കുന്നതും കാണാം. അവസാന നാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും (2 തിമോത്തി 3:1). അന്ത്യകാലത്ത് ഒരു ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഏറെ ക്ലേശരമായിരിക്കും എന്നാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മയെ വെറുക്കുന്നവരുമായ ജനങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ അതിന്റെയെല്ലാം നടുവില്‍ നിന്നുകൊണ്ട് പരിജ്ഞാനത്തോടെയും സുബോധത്തോടെയും ജീവിക്കാന്‍ ആവശ്യമായ പരിശുദ്ധാത്മകൃപയാണ് ഇന്ന് വേണ്ടത്.
ദുഷിച്ചതും വക്രചിന്തയുള്ളതുമായ സമൂഹത്തില്‍ സഭയ്ക്കുവേണ്ടി പരിജ്ഞാനത്തോടെ നില്ക്കുക എന്നതാണ് പന്തക്കുസ്തായുടെ കാലിക സന്ദേശം. ഇവിടെ പൗലോസിനേപ്പോലെ സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുവാനും സഹിക്കുവാനും തയ്യാറായ സഭാമക്കളാണ് അഭിഷേകത്താല്‍ നിറഞ്ഞ് മുന്‍നിരയിലേക്ക് കടന്നുവരേണ്ടത്. കര്‍ഷകരും തൊഴിലാളികളും തുടങ്ങി ഉയര്‍ന്ന ഉദ്യോഗത്തിലുള്ളവരും രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും എല്ലാ ക്രൈസ്തവരും ഈ ദര്‍ശനത്തോടെ നില്ക്കാന് വിളിക്കപ്പെട്ടിരിക്കുന്നു. സൂര്യനെ സൃഷ്ടിച്ചവന് തന്നെയാണ് സഭയെ ലോകത്തിന്റെ പ്രകാശമായി അഭിഷേകം ചെയ്തിരിക്കുന്നത്. സൂര്യന്റെ പ്രകാശത്തിന് നല്കാന് കഴിയാത്ത ഒരു പ്രകാശമാണ് സഭ മനുഷ്യവംശത്തിനു മേൽ പ്രസരിപ്പിക്കേണ്ടത്. ഈ ബോധ്യത്തോടെ ലോകത്തിന് പ്രകാശഗോപുരമായി പരിശുദ്ധ സഭ എന്നെന്നും നിലകൊള്ളട്ടെ!
