വത്തിക്കാൻ സിറ്റി: “പ്രിയ സഹോദരീസഹോദരന്മാരേ, ഈ യുദ്ധത്തിൽ വേദനിക്കുന്ന നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം, കർത്താവിനോട് ക്ഷമ ചോദിക്കുകയും സമാധാനത്തിനായി യാചിക്കുകയും ചെയ്യാം.” – ഫ്രാൻസീസ് പാപ്പാ.
പ്രാർത്ഥനയുടെ ഭാഗമായി, റഷ്യ – യുക്രെയിൻ യുദ്ധത്തെ തുടർന്ന് ദുരിതമനുഭവിക്കുന്ന യുക്രെയിനിൽ സമാധാനം പുനസ്ഥാപിക്കാൻ വേണ്ടി വത്തിക്കാനിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പെട്രോ പരോലിനാണ് വിശുദ്ധ കുർബാന അർപ്പിച്ചത്. യുക്രെയ്ൻ യുദ്ധം പ്രാഥമികമായി ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്നും ആത്മീയമായ ഒന്നാണെന്നും പ്രാർത്ഥനയ്ക്ക് ഹൃദയങ്ങളെയും മനസ്സുകളെയും മാറ്റം വരുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ സിംഹാസനത്തിലേക്കുളള റഷ്യൻ അംബാസിഡറും കുർബാനയിൽ പങ്കെടുത്തു. സമാധാനം സ്ഥാപിക്കുന്നവർ ദൈവമക്കളെന്ന് വിളിക്കപ്പെടും എന്ന സുവിശേഷbഭാഗ്യം കർദിനാൾ പരോലിൻ അനുസ്മരിച്ചു.
പ്രാർത്ഥന ഒരിക്കലും വിപുലമാക്കുകയില്ലെന്നും നിരാശാജനകമായ നിമിഷങ്ങളിൽ പ്രാർത്ഥന ഏറെ ഫലദായകമാണെന്നും കർദിനാൾ പറഞ്ഞു. ഞാൻ നിനക്ക്പുതിയൊരു ഹൃദയം നല്കും പുതിയൊരു ചൈതന്യം നിന്നിൽ നിക്ഷേപിക്കും എന്ന എസെക്കിയേൽ പ്രവാചകന്റെ വാക്കുകളും കർദിനാൾ ഉദ്ധരിച്ചു.
അതിനിടയിൽ യുദ്ധം അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ശ്രമിക്കുന്നത്തിന്റെ ഭാഗമായി, റഷ്യ യുക്രൈനിൽ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ ഓർത്തഡോക്സ് തലവൻ പാത്രിയർക്കീസ് കിറിലുമായി ഫ്രാൻസിസ് പാപ്പ വീഡിയോ കൂടിക്കാഴ്ച നടത്തി. സഭകൾ വിളിക്കപ്പെട്ടിരിക്കുന്നത് സമാധാനവും നീതിയും ശക്തിപ്പെടുത്താൻ വേണ്ടിയാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച പാപ്പ, യുദ്ധത്താൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ വിശ്വാസത്താൽ നമ്മെ ഒന്നിപ്പിക്കുന്ന ആത്മാവ് ഇടയന്മാരായ നമ്മോട് ആവശ്യപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
യുദ്ധം ആരംഭിച്ച സാഹചര്യത്തിൽ, റഷ്യ യുക്രൈനിൽ നടത്തുന്ന അധിനിവേശത്തെ പിന്തുണച്ചുകൊണ്ട് പാത്രിയർക്കീസ് കിറിൽ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പാത്രിയർക്കീസിന്റെ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കിയ ആ പ്രസ്താവന പിൻവലിക്കപ്പെടാത്ത സാഹചര്യത്തിൽ, ഫ്രാൻസിസ് പാപ്പ മുൻകൈയെടുത്ത് നടത്തിയ വീഡിയോ കോൺഫറൻസിന് വളരെ പ്രസക്തിയുണ്ടെന്നാണ് നിരീക്ഷണങ്ങൾ. സമാധാനം സംജാതമാക്കാക്കാൻ മധ്യസ്ഥം വഹിക്കാനുള്ള സന്നദ്ധത വത്തിക്കാൻ ആവർത്തിക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും.
വീഡിയോ കോൺഫറൻസിൽ സഭൈക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ കുർട്ട് കോച്ച്, മോസ്കോ പാത്രിയാർക്കേറ്റിന്റെ വിദേശകാര്യ വിഭാഗം മേധാവി മെട്രോപൊളിറ്റൻ ഹിലേരിയോൺ എന്നിവരും സന്നിഹിതരായിരുന്നു. ‘ദൈവത്തിൽ, പരിശുദ്ധ ത്രിത്വത്തിൽ, പരിശുദ്ധ ദൈവമാതാവിൽ വിശ്വസിക്കുന്ന വിശുദ്ധ ജനതയുടെ ഇടയന്മാരാണ് നാം. അതിനാൽ സമാധാനം സംജാതമാക്കാനും അതിനായുള്ള വഴികൾ തേടാനും തീ അണയ്ക്കാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും നാം ഒരുമിച്ച് പരിശ്രമിക്കണം,’ ഫ്രാൻസിസ് പാപ്പ വ്യക്തമാക്കി.
യുക്രൈനിലെ യുദ്ധത്തെക്കുറിച്ചും സമാധാനം ഉറപ്പാക്കുന്നതിൽ ക്രൈസ്തവരുടെയും അജപാലകരുടെയും പങ്കിനെക്കുറിച്ചുമാണ് ഇരുവരും സംസാരിച്ചതെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി പ്രസ്താവനയിൽ അറിയിച്ചു. സമാധാനം സംജാതമാക്കാൻ നടക്കുന്ന ചർച്ചയുടെ സവിശേഷമായ പ്രാധാന്യത്തെ പാപ്പയും പാത്രീയർക്കീസും ഊന്നിപ്പറഞ്ഞെന്നും ബ്രൂണി വ്യക്തമാക്കി.
സമാധാനത്തിനും വെടിനിർത്തലിനും വേണ്ടി പ്രാർത്ഥിക്കാനുള്ള ആഗ്രഹത്താൽ പ്രചോദിതമായ യോഗത്തെപ്രതി പാത്രീയർക്കീസിന് പാപ്പ നന്ദി അർപ്പിച്ചു. ‘യുദ്ധങ്ങൾ എല്ലായ്പ്പോഴും അന്യായമാണ്, കാരണം, ദൈവജനമാണ് അതിന്റെ കഷ്ടതകൾ അനുഭവിക്കുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ യുദ്ധത്തിൽ കൊല്ലപ്പെട്ട സകലരുടെയും മുന്നിൽ ഞങ്ങളുടെ ഹൃദയങ്ങൾക്ക് കരയാതിരിക്കാനാവില്ല. യുദ്ധം ഒരിക്കലും ഒരു വഴിയല്ല. നമ്മെ ഒന്നിപ്പിക്കുന്ന ആത്മാവ്, യുദ്ധത്തിൽ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാൻ ഇടയന്മാരായ നമ്മോട് ആവശ്യപ്പെടുന്നു,’ പാപ്പ ആവർത്തിച്ച് ഓർമിപ്പിച്ചു.
“Dear brothers and sisters, in the pain of this war we all pray together, asking the Lord for forgiveness and asking for peace.” – Pope Francis “Cari fratelli e sorelle, nel dolore di questa guerra facciamo una preghiera tutti insieme, chiedendo al Signore il perdono e chiedendo la pace.” – Papa Francesco.
«Дорогі брати і сестри, в болю цієї війни ми всі разом молимося, просячи у Господа прощення та просячи миру». – Папа Франциск
സിസ്റ്റർ ലിജിയുടെ നേതൃത്വത്തിൽ യുക്രൈൻ അഭയാർത്ഥികളായി വന്ന കുട്ടികളുടെ കൂടെ അവരുടെ മാതാപിതാക്കൾക്കും മറ്റുള്ളവർക്കും വേണ്ടിയുള്ള പ്രാർത്ഥന… നമുക്കും പ്രാർത്ഥിക്കാം…