സോഷ്യൽ മീഡിയയിൽ ഇപ്പോൾ വികൃതമാക്കി കറങ്ങിനടക്കുന്ന ഒരു ഫോട്ടോ കാണാൻ ഇടയായി. നിങ്ങളും കണ്ടുകാണും… അറിയില്ലാത്തവർ ഉണ്ടെങ്കിൽ പറയാം… ഒരു വൈദികൻ തന്റെ സഹോദരിയുടെ വിവാഹത്തിന് ശേഷം, അവളെയും അവളുടെ ഭർത്താവിനെയും ആ കപ്പാക്കുള്ളിൽ പൊതിഞ്ഞ് പിടിക്കുന്ന, വളരെ മനോഹരമായ സഹോദരി സഹോദര സ്നേഹത്തിന്റെ ആവിഷ്കാരമായിരുന്നു അത്. മറ്റൊന്ന് ഒരു വീഡിയോ ആ വൈദികൻ തന്റെ സഹോദരിക്ക് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒന്നായിരുന്നു.
സഹോദരി സ്നേഹം മനോഹരമായ ചിത്രീകരിക്കുന്ന ഇത്തരം വീഡിയോകൾ നമ്മുടെ സമൂഹത്തിൽ എല്ലായ്പ്പോഴും എല്ലാവരും സ്വീകരിക്കുന്നതും ഒത്തിരിയേറെ മറ്റുള്ളവർക്ക് പങ്കു വെച്ചു കൊടുക്കുന്നത് ആയിട്ടുള്ള കാര്യങ്ങൾ തന്നെയാണ്. പക്ഷേ അവിടെയും ഇതുപോലെ വികൃതമായ ഒരു ഒരു കുറിപ്പും ഒപ്പം ഫോട്ടോയും കാണുവാൻ സാധിച്ചു എന്നു പറയുന്നത് ഒത്തിരി വേദനയുണ്ടാക്കുന്ന ഒരു കാര്യമാണ്.

കുറിപ്പ് ഇപ്രകാരം ആയിരുന്നു. ഈ വൈദികൻ ധരിച്ചിരിക്കുന്ന കാപ്പ എന്ന വസ്ത്രം നീതിയുടെ വസ്ത്രമാണ്. എന്തിനുവേണ്ടിയാണ് കാപ്പകൊണ്ട് ഇവരെ പൊതിഞ്ഞു പിടിച്ചത്? അത് ചെയ്യാൻ പാടില്ലാത് അല്ലെ? അങ്ങനെ ചെയ്യുന്ന വൈദികരെ സഭയിൽ നിന്ന് പുറത്താക്കണം… ബിഷപ്പ്മാർ ഇത് നിരോധിക്കണം… ഇങ്ങനെയുള്ള പ്രവണതകൾ ഇനി ഉണ്ടാകാൻ പാടില്ല… ഇത് വെറും ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയിട്ട് ചെയ്യുന്ന കാര്യങ്ങൾ അല്ലേ? ഇങ്ങനെയുള്ള കുറെയേറെ ചോദ്യങ്ങൾ. ഒരു പക്ഷെ പ്രത്യക്ഷത്തിൽ ശരിയെന്ന് നമുക്ക് തോന്നുന്ന കുറേക്കാര്യങ്ങൾ… ‘ശരി എന്ന് തോന്നുന്ന’ കാരണം, ഓരോ ശരികളും തെറ്റുകളും വ്യക്തി നിഷ്ടമാണ്.
ഒരുപക്ഷേ ഞാൻ തെറ്റ് എന്ന് പറയുന്ന ഒരു കാര്യം നിങ്ങളെ സംബന്ധിച്ചിടത്തോളം തെറ്റ് ആകണമെന്ന് നിർബന്ധമില്ല… നിങ്ങളുടെ ശരികൾ ഒരു പക്ഷേ എല്ലായ്പ്പോഴും എന്റെ ശരികൾ ആകണമെന്ന് നിർബന്ധമില്ല. ഈയൊരു ഫോട്ടോയിൽ അവരുടെ മുഖം വികൃതമാക്കി കൊണ്ട് ഇങ്ങനെ ഒരു കുറിപ്പ് തീർച്ചയായിട്ടും എന്റെ ഉള്ളിൽ ശരിക്കും വിഷമം തോന്നി കാരണം, ഏതൊരു വൈദികനാണ് സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും സ്വന്തം കാപ്പാക്കുള്ളിൽ ചേർത്തുപിടിക്കാൻ ആഗ്രഹിക്കാത്തത്.
എല്ലാ വൈദികരും ആഗ്രഹിക്കുന്നുണ്ട്. ഏതൊരു മാതാപിതാക്കളാണ് സഹോദരങ്ങളാണ് സ്വന്തം വൈദികന്റെ, തന്റെ മകന്റെ, സഹോദരനായ വൈദികന്റെ കാപ്പാക്കുള്ളിൽ ഒന്ന് ചേർന്നിരിക്കാൻ ആഗ്രഹിക്കാത്തത്… തീർച്ചയായിട്ടും എല്ലാ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും വലിയ ആഗ്രഹമാണ് അത്. അവിടെയും ഇത്തരത്തിലുള്ള ചില ബാലിശമായ ചില തെറ്റുകളും ശരികളും കണ്ടുപിടിക്കാൻ നോക്കുമ്പോൾ അവിടെ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

അധികം പറയുന്നില്ല. എന്തായാലും ഇങ്ങനെ ഒരു വികൃതമാക്കിയ ഈ ഒരു ഫോട്ടോ ഇടുവാൻ തോന്നിയ സഹോദരനോട് കൂടുതൽ ഒന്നിനും പറയുന്നില്ല. ദൈവം ക്ഷമിക്കട്ടെ. ഇത് കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നകാര്യം, പ്രിയപ്പെട്ട വൈദികരെ, നമ്മളെല്ലാവരും ചേർത്തുപിടിക്കണം നമ്മുടെ കുടുംബത്തെ, മാതാപിതാക്കളെ, സഹോദരി സഹോദരന്മാരെ, ചങ്ക് കൂട്ടുകാരെ…കാരണം അവർ മൂലമാണ് നമ്മൾ എന്ന് ഒരു പുരോഹിതൻ ആയി നിൽക്കുന്നത്…
നമ്മൾ നടത്തുന്ന വിവാഹ കൂദാശകളിൽ എല്ലാവരെയും ഒരുപക്ഷേ നമുക്ക് ഇതുപോലെ നമ്മുടെ കാപ്പയിൽ ചേർത്തു പിടിക്കാൻ സാധിക്കില്ല, പക്ഷേ, നമ്മുടെ സ്വന്തമായവരെ, മാതാപിതാക്കളുടെ, സഹോദരങ്ങളുടെ, ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ബലിയർപ്പണത്തിന് ശേഷം അവരെ നമ്മുടെ കാപ്പായിൽ പൊതിഞ്ഞു പിടിക്കുന്നതിനേക്കാൾ വലിയ സന്തോഷമൊന്നും അവർക്ക് ലഭികാണില്ല എന്നതാണ് യാഥാർത്ഥ്യം.
അതിന് മറ്റൊരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട് ഈ ജീവന്റെ കാപ്പ് ധരിക്കുവാൻ വേണ്ടിയിട്ട് പുരോഹിതനാകാൻ സെമിനാരിയിൽ പോയ അന്നുമുതൽ അവരുടെ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ടും മറ്റെല്ലാത്തരത്തിലും നമ്മെ ശക്തിപ്പെടുത്തി പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം നാം നീതിയുടെ വസ്ത്രം ധരിക്കുമ്പോൾ, അവിടെ അവർക്കും ഒരു വലിയ പങ്കുണ്ട്.
ഞാൻ വിശ്വസിക്കുന്ന ഒരു വലിയ യാഥാർത്ഥ്യം ഉണ്ട്. ഒരു പുരോഹിതനും ഒരിക്കലും സ്വയം പുരോഹിതൻ ആകുന്നില്ല, മറിച്ച്, ഞാൻ സ്വീകരിച്ച പൗരോഹിത്യത്തിന്റെ പിറകിൽ നമ്മുടെ വിജയത്തിനുവേണ്ടി നിരന്തരം കൈകൾ ഉയത്തി പ്രാർത്ഥിച്ചതിന്റെ ഫലമാണ് ഒരു പുരോഹിതന്റെയും ജനനം എന്ന് പറയുന്നത്. ആ പുരോഹിതൻ ജനിക്കുമ്പോൾ തനിക്ക് ജന്മം ലഭിക്കുവാൻ വേണ്ടി അഹോരാത്രം ജോലി ചെയ്തു വിയർപ്പൊഴുക്കി അധ്വാനിച്ച് തനിക്ക് വേണ്ടി ജീവിച്ച മാതാപിതാക്കളെയും കൂടപ്പിറപ്പിനെ യും കൂടിപ്പിറക്കാതെ പോയ കട്ട ചങ്ക്സിനെയും ചേർത്ത് പിടിക്കാനുള്ള ആഗ്രഹം വലുതാണ്.
പിന്നെ സഹോദരൻ പറഞ്ഞ ഒരു കാര്യമുണ്ട് ഫോട്ടോഷൂട്ടിനും വീഡിയോ എടുക്കുന്നതിനും കോമാളിത്തരങ്ങൾ കാണിക്കുന്നതിനും വേണ്ടി കാട്ടിക്കൂട്ടുന്നത് അല്ലേ ഇതൊക്കെ എന്ന്…ഒരിക്കലുമല്ല… ഒരു കോമാളി ഇത്തരത്തിലുള്ള കാട്ടിക്കൂട്ടൽ അല്ല മറിച്ച് എല്ലാം ഒരു ഓർമ്മയാണ്… ഓരോ ഫോട്ടോയും ഓരോ ഓർമ്മകൾആണ്. ഓരോ ഫോട്ടോയ്ക്കും ഓരോ കഥകൾ പറയാനുണ്ടാവും… സ്നേഹത്തിന്റെ ത്യാഗത്തിന് സഹനത്തിന്റെ കഥകൾ ഉണ്ടാകും… നമ്മുടെ ജീവിതത്തിൽ എത്രപേർക്ക് ഇതുപോലൊരു ഭാഗ്യം ലഭിക്കുനുണ്ട്… ഒരു പുരോഹിതനെ കാപ്പയാൽ പൊതിഞ്ഞു പിടിക്കപ്പെടുന്ന ഭാഗ്യം… അതൊരു സന്തോഷം അല്ലെ… സ്നേഹം അല്ലെ… അങ്ങനെ കണ്ടാൽ മതി.

എന്തായാലും ഒരു ഫോട്ടോ ഇങ്ങനെ വികലമാക്കുകയും അതിനെക്കുറിച്ച് നെഗറ്റീവ് കമൻറ് സഹോദരാ, ഒരു കാര്യം പറയാനുള്ളത് ഞങ്ങളുടെ പൗരോഹിത്യം ഞങ്ങൾ ഒറ്റക്ക് നേടിയെടുത്തതല്ല. അവിടെ ഞങ്ങൾക്കുവേണ്ടി വിയർപ്പൊഴുക്കിയ മാതാപിതാക്കൾ ഉണ്ട്… കൂടപ്പിറപ്പുകൾ ഉണ്ട്… ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ട്… അവരുടെ പ്രയത്നവും കൂടിയാണ് അവരുടെ പ്രാർത്ഥനയും കൂടി ആണ് ഞങ്ങളെ ഓരോരുത്തരെയും ഈ നീതിയുടെ വസ്ത്രം ധരിക്കുവാൻ പ്രാപ്തരാക്കിയത്… അതുകൊണ്ട് ആ നീതിയുടെ വസ്ത്രത്തിൽ അവരെ പൊതിഞ്ഞു പിടിക്കുകതന്നെ ചെയ്യും.
എല്ലാ മാതാപിതാക്കളും സഹോദരങ്ങളും ആഗ്രഹിക്കുന്നുണ്ടാവും… ഒരു പുരോഹിതൻ ഞങ്ങൾക്ക് ഇതുപോലെ ഉണ്ടായിരുന്നെങ്കിൽ… ഞങ്ങൾ ഇതുപോലെ ചേർത്തു പിടിക്കാൻ ഒരു പുരോഹിതൻ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായിരുന്നെങ്കിൽ… അങ്ങനെ ആഗ്രഹിക്കുന്ന ഒരുപാട് പേരുടെ മനസ്സിനെയാണ് നിങ്ങൾ വികലമാക്കിയത്!
By, ചേട്ടനച്ചൻ