ഒരിക്കൽ ഫാ. ബോബി ജോസിന്റെ ‘ ഗുരുചരണ’ത്തിലുടെ മുടന്തനായ ഒരാട്ടിൻ കുട്ടിയെ കുറിച്ച് കേൾക്കാനിടയായി. അവൻ ജന്മനാ മുടന്തനായിരുന്നു. കൂട്ടുകാർ അവനെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തു . മറ്റ് ആടുകൾക്കൊപ്പം ഓടാൻ കഴിയാത്ത അവനെ ഇടയനും ശകാരിക്കുമായിരുന്നു. കണ്മുന്നിൽ വന്നവർ ആരും അവനെ മാത്രം ഓമനിച്ചില്ല. എല്ലാവരാലും തഴയപ്പെട്ട അവന്റെ ഒടുവിലത്തെ ആശ്രയം ദൈവം മാത്രമായിരുന്നു .
അങ്ങനെയവൻ ബലിയാടുകൾക്കൊപ്പം ചേർന്നു. അവിടെയും അവൻ തള്ളപ്പെടുന്നു, വൈകല്യമുള്ളതിനാൽ ബലിക്കും യോഗ്യമല്ല. മുടന്തനായ തന്നെ ദൈവത്തിനും വേണ്ടല്ലോ എന്ന നിരാശയാൽ അവൻ “അമ്മേ” എന്ന് വിളിച്ചു കരഞ്ഞു പുറത്തേക്കു ഇടറി ഓടുമ്പോൾ ദേവാലയ പടി കടന്നു എതിരെ വന്നവൻ ക്രിസ്തു നാഥൻ. അവൻ അതിനെ കരങ്ങളിൽ പൊക്കിയെടുത്ത് മൂർദ്ധാവിൽ ചുംബിക്കുന്നു , തോളിലേറ്റി നടക്കുന്നു.
ഇന്ന് ഓശാന ഞായർ. ഓശാനയെ കുറിച്ച് ഓർക്കുമ്പോൾ പലരുടെയും മനസ്സിൽ ഏറ്റവും ആദ്യം ഓടിയെത്തുന്നത് കുരുത്തോലയും, ജെറുസലേമിലേയ്ക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനവും ഒക്കെ ആയിരിക്കും. എന്നാൽ എന്റെ മനസ്സിൽ ഏറ്റവും ആദ്യം തെളിയുന്നത് ഒരു പാവം കഴുത ആണ്. ക്രിസ്തു തനിക്ക് സഞ്ചരിക്കാൻ തിരഞ്ഞെടുത്ത “കഴുത”.
ക്രിസ്തുവിന്റെ കാലത്തും കേമന്മാരായ കുതിരകൾ ഇല്ലാതിരുന്നിട്ടല്ല അവൻ തനിക്കു സഞ്ചരിക്കാൻ വെറും ഒരു ‘കഴുതയെ’ തിരഞ്ഞെടുത്തത്.
തന്റെ അപ്പൻ തന്റെ ജനനത്തിനു മുൻപും വലിയ കാര്യങ്ങൾ ചെയ്യാൻ സമൂഹത്തിലെ ഏറ്റവും ചെറിയ , വിലയില്ലാത്ത വൈകല്യങ്ങളുള്ള ‘ കഴുത മനുഷ്യരെ’ യാണ് തിരഞ്ഞെടുത്തത് എന്നവനറിയാമായിരുന്നു. ഒടുവിൽ തനിക്കു ജന്മം നൽകാനും വളർത്താനും അപ്പൻ ഏതോ ഒരു കുഗ്രാമത്തിലെ മേരിയേയും ജോസഫ് എന്ന ഒരു തച്ചനെയും തിരഞ്ഞെടുത്തു. അപ്പന്റെ പാരമ്പര്യം അതെ പടി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കുന്ന മകൻ .
ഏറ്റവും തഴയപ്പെട്ടവരെയും , ആർക്കും വേണ്ടാത്തവരെയും തന്റെ ചങ്ങാതികളാക്കിയവൻ. കെങ്കേമൻമാരായ ധാരാളം കുതിരകൾ ഉണ്ടായിരുന്നിട്ടും വെറുമൊരു പോഴനായ ‘കഴുതയ്ക്ക് വി. ബൈബിളിൽ സ്ഥാനം കിട്ടി. അങ്ങനെ ‘പോഴനായ കഴുത’ “പൊൻ കഴുത” യായി മാറി. എല്ലാ കാലവും ഈ ‘കഴുത ‘ ഓർമ്മിക്കപ്പെടണമെന്നത്, വെറുമൊരു കഴുതയ്ക്ക് ദൈവം കൊടുത്ത കനിവിന്റെ സമ്മാനം..
തിരഞ്ഞെടുപ്പ് , അഥവാ തിരഞ്ഞെടുക്കുക എന്നത് മനുഷ്യ ജീവന്റെ ഉത്ഭവം മുതൽ ആരംഭിക്കുന്ന, നേരിടേണ്ടി വരുന്ന ഒരു പ്രക്രിയയാണ് . ഉദരത്തിലാകുമ്പോൾ മുതൽ ജനനം വരെയുള്ള ഡോക്ടർ, ഹോസ്പിറ്റൽ തുടങ്ങി വളർച്ചക്കനുസരിച്ച് വിദ്യാഭ്യാസത്തിനായി സ്കൂളുകൾ , കോളേജുകൾ , സുഹൃത്തുക്കൾ, ഭാവിയിൽ എന്തായി തീരണം എന്ന് തീരുമാനിക്കാൻ ഏറ്റവും നല്ല കോഴ്സുകൾ , ജോലിക്കായി കൂടുതൽ ശമ്പളവും സൗകര്യങ്ങളും ലഭിക്കാൻ സാധ്യതയുള്ള കമ്പനികൾ , ജോലി സാദ്ധ്യതകൾ , ജീവിത പങ്കാളി , വീട് , സ്ഥലം , സ്ഥാന മാനങ്ങൾ ഒടുവിൽ ശവപ്പെട്ടിക്കുള്ള മരം വരെ മനുഷ്യൻ അവന്റെ ആസ്തിക്കും കഴിവിനും അനുസരിച്ച് തിരഞ്ഞെടുക്കുന്നു .
നാം എന്ത് തിരഞ്ഞെടുക്കുമ്പോഴും ഏറ്റവും നല്ലതും ഏറ്റവും ഫ്രഷ് ആയതും നമ്മുക്ക് ലഭിക്കണം എന്ന ആഗ്രഹത്തോടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. (ചിലപ്പോഴെങ്കിലും നാം അതിനു യോഗ്യരാണോ എന്ന് പോലും ചിന്തിക്കാറില്ല. ) ഏറ്റവും നല്ല വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ മത്സര കളത്തിലിറക്കുന്ന രാഷ്ട്രീയ പാർട്ടികൾ . എവിടെയും ഏറ്റവും നല്ലത് മാത്രം.
എന്നാൽ ഇതിനെല്ലാം എത്രയോ വിപരീതമാണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പുകൾ . നാം ഏറ്റവും നല്ലതും വിലകൂടിയതും തിരഞ്ഞെടുക്കുമ്പോൾ അവൻ ഏറ്റവും മോശവും ആർക്കും വേണ്ടാത്തതും ആരുടെയും കണ്ണിൽ വിലയില്ലാത്തതിനെയും സ്വന്തമാക്കുന്നു. അവൻ തിരഞ്ഞെടുക്കുന്നതും തൊടുന്നതും ഒക്കെ ഒടുവിൽ അമൂല്യങ്ങളാകുന്നു.
ഇന്ന് അധികാരത്തിലിരിക്കുന്ന ഏതു നേതാക്കന്മാരും, തങ്ങളുടെ ഒപ്പം നടക്കാനും ഓശാന പാടാനും എല്ലാ തരത്തിലും പ്രബലരായവരെ ഒപ്പം ചേർക്കുന്നു. എന്നാൽ നമ്മുടെ ഗുരു വെറും മത്സ്യതൊഴിലാളികളെ സന്തത സഹചാരികൾ ആക്കുന്നു . സമൂഹത്തിലെ പരിത്യക്തരെയും കല്ലെറിയാൻ വിധിക്കപ്പെട്ടവരെയും നെഞ്ചോട് ചേർക്കുന്നു. . അതുകൊണ്ട് തന്നെ അവൻ നമ്മോടു പറയുന്നു.,
‘ ഞാൻ ചെയ്തതു പോലെ നിങ്ങളും ചെയ്യുവിൻ’
നമുക്കും അവനെ പോലെയാകാം. നമുക്ക് ചുറ്റുമുള്ള നിരാലംബരെ നമ്മോടു ചേർത്ത് പിടിക്കാം. കൂരിരുട്ടിൽ തപ്പി തടയുന്ന സഹോദരങ്ങൾക്ക് അല്പം വെളിച്ചമേകാം. ‘ കഴുതകൾ’ എന്ന് കരുതി സമൂഹം തഴഞ്ഞിട്ടിരിക്കുന്ന ദൈവത്തിന്റെ പ്രിയപ്പെട്ടവരെ പിടിച്ചുയർത്താൻ നമ്മുടെ കരമൊന്നു നീട്ടാം.
മറുവശത്ത് നമുക്കും നമ്മുടെ ഗുരുവിന്റെ ഓരോ കഴുതകളാകാം. കഴുതയെ പോലുള്ള ലാളിത്യം, നിഷ്കപടത,, എത്ര വലിയ അപമാനവും സഹിക്കാനുള്ള സഹന ശക്തി , യജമാനനോടുള്ള അനുസരണം , എല്ലാറ്റിനുമുപരി വിനയം എന്നീ ഗുണങ്ങൾ നമ്മുക്കും സ്വായത്തമാക്കാം. അവനും നമ്മുക്ക് വേണ്ടി കഴുതയായവനല്ലേ? നമ്മുടെ ചീഞ്ഞു നാറുന്ന വിഴുപ്പുകൾ അവൻ പേറിയവനല്ലേ?
അതുകൊണ്ട് കരുത്തന്മാരുടെയും , അതി ബുദ്ധിമാന്മാരുടെയും ഈ ഭൂമിയിൽ നമ്മുക്ക് കഴുതയായി തന്നെ ജീവിക്കാം. . പക്ഷെ നിരാശപ്പെടേണ്ട.
നമ്മുടെ ഗുരുവിനു നമ്മെ കൊണ്ടാവശ്യമുണ്ട് . അവനു ഇരിക്കാൻ പാകത്തിൽ നാം അല്പം താണു കൊടുത്താൽ മാത്രം മതി. ആ കരസ്പർശനവും കൃപാ കടാക്ഷവും മാത്രം മതി ” പൊൻ കഴുത” യാവാൻ .. സർവ്വ ശക്തനായ ദൈവം നമ്മെ ഓരോരുത്തരെയും ധാരാളമായി അനുഗ്രഹിക്കട്ടെ . എല്ലാവർക്കും ഓശാന ഞായറിന്റെ എല്ലാവിധ നന്മകളും പുണ്യങ്ങളും ആശംസിക്കുന്നു.
By, സസ്നേഹം ഷേർലി മാത്യു. (10.04.2022)