ആദിമകാലം മുതൽക്കേ ദൈവം മനുഷ്യന് കനിഞ്ഞ് നൽകിയതാണ് ഒലിവ്. ബിബ്ളിക്കലായി ഒരുപാട് പ്രാധാന്യവും വിശുദ്ധിയുമുണ്ട് ഒലിവിനും, ഒലിവുമരത്തിനും.. വി. ബൈബിളിൽ പഴയ നിയമത്തിൽ നിയമാവർത്തന പുസ്തകം 8: 8 പ്രകാരം ജറുസലെം ദേവാലയത്തിൽ വഴിപാടിനായി സ്വീകാര്യമായ ഏഴ് വസ്തുക്കളിൽ ഒന്നായിരുന്നു ഒലിവ്. (ഗോതമ്പ്, ബാർലി, മുന്തിരി, അത്തിപ്പഴം, മാതളനാരങ്ങ, ഒലിവ് (എണ്ണ), ഈന്തപ്പഴം (തേൻ) എന്നിവയാണ് അവ.
ഇവയുടെ ഒക്കെ ആദ്യഫലങ്ങളായിരുന്നു വിളവെടുപ്പു തിരുനാളിൽ യഹൂദർ ദേവാലയത്തിൽ സമർപ്പിച്ചിരുന്നത്) ലോകത്തിലെ ആയുസ്സേറിയ മരങ്ങളാണ് ഒലിവ് മരങ്ങൾ… മനുഷ്യൻ വെട്ടിനശിപ്പിച്ചാലല്ലാതെ ഒലിവ് മരങ്ങൾക്ക് മരണമില്ല… ഒലിവിൻ്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം രാവിലെ വെറും വയറ്റിൽ കുടിയ്ക്കുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും… ഒലിവ്കായ് ചക്കിൽ അരഞ്ഞ് ചതഞ്ഞ് ഇല്ലാതാകുമ്പോഴാണ് ഔഷധ ഗുണമേറിയ ഒലിവെണ്ണ ഉണ്ടാവുന്നത്. ഒലിവ് മരത്തിൻ്റെ തടി കൊണ്ട് രൂപങ്ങളും മറ്റും ഉണ്ടാക്കുമ്പോൾ അത് വിശുദ്ധമായി കരുതി വാങ്ങുവാൻ ആളുകൾ ഏറെ….
ഒലിവ് മരത്തിൻ്റെ ഇലയും പൂവും കായും തടിയും എല്ലാം ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. അതു കൊണ്ടു തന്നെ ലോകത്തിലേയ്ക്കും ഏറ്റവും കൂടുതൽ രോഗ പ്രതിരോധശേഷി ഉള്ള മരമാണ് ഒലിവുമരം.. ഒലിവ് സമാധാനത്തിൻ്റെ പ്രതീകമാണ്.. പീഢാനുഭവങ്ങളിലേയ്ക്ക് കടക്കുന്നതിന് തൊട്ടു മുൻപ് ഈശോ തൻ്റെ പിതാവിനോട് ഹൃദയ വ്യഥയിൽ പ്രാർത്ഥിക്കുകയും ചോര വിയർക്കുകയും ചെയ്ത ഗത്സമെൻ തോട്ടം. കെദ്രോൺ താഴ് വരയിലുള്ള ഗത്സമെൻ തോട്ടം മുഴുവൻ ഒലിവ് മരങ്ങളാണ്….
ഒലിവ് മരങ്ങളാൽ നിറഞ്ഞ ഗത്സമേൻതോട്ടത്തിൽ ഒലിവ് മരങ്ങൾക്കിടയിൽ ഒരു കല്ലിൽ തല കമിഴ്ന്ന് ഇരുന്ന് “പിതാവേ കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് എടുത്തു കളയണമേ” എന്ന് ചോര വിയർത്ത് ഈശോ പ്രാർത്ഥിച്ചപ്പോ അവിടെ ഒലിവ് കായ്കൾ പൊഴിഞ്ഞ് വീണ് കിടന്നിരിക്കാം.”എന്നാൽ എൻ്റെ ഇഷ്ടമല്ല നിൻ്റെ തിരുവിഷ്ടം നിറവേറട്ടെ” എന്ന് പ്രാർത്ഥിച്ചപ്പോൾ ഈശോയ്ക്ക് അറിയാമായിരുന്നു തൻ്റെ ചുറ്റിലുമുള്ള ഒലിവു കായ്കളെപ്പോലെ തൻ്റെ സ്നേഹിതർക്കായി തല്ലിച്ചതഞ്ഞ്, സ്വയം ഇല്ലാതാകാനാണ് താൻ അയയ്ക്കപ്പെട്ടിരിക്കുന്നത് എന്ന്.
അതുകൊണ്ടായിരുന്നിരിക്കാം ഈ കെദ്രോൺ താഴ് വരയും, ഒലിവുമലയും ഒക്കെ ശിഷ്യൻമാരോടൊപ്പം ചിലവഴിക്കാൻ ഈശോയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളായിരുന്നത്.ഇന്ന് നിലവിലുള്ള ഗത് സമേൻ തോട്ടത്തിൽ ഈശോയുടെ കാലമത്രയും പഴക്കമുള്ള ഒലിവ് മരങ്ങൾ സൂക്ഷിക്കുന്നുണ്ട്.ഈശോ തൻ്റെ അവസാന ദിവസങ്ങൾ ചിലവഴിച്ച ഒലിവുമലയുടെ താഴ് വരയിലെ, ഈശോ ചോര വിയർത്ത് പ്രാർത്ഥിച്ച ഗത്സമേൻ തോട്ടത്തിലെ ഒലിവുമരങ്ങൾക്കൊപ്പം ഇത്തിരി നേരം… ആ ഇത്തിരി നേരത്തിൽ മനസ്സിൽ വന്ന ഇത്തിരി ചിന്തകളാണ്..
വിശുദ്ധ നാട്ടിലായിരിക്കുവാൻ അനുവദിക്കുന്ന ദൈവകാരുണ്യത്തിന് നന്ദി.
By, ഷൈനി ബാബു