ജോസഫ് ദാസൻ
സ്നേഹമാണോ അനുസരണമാണോ വലിയ പുണ്യം?
നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്ന വലിയൊരു ചോദ്യമാണിത്. നമ്മുടെ അനുസരണം എവിടെനിന്നു വരുന്നു എന്നതിനെ ആശ്രയിച്ചാണ് ഇതിന്റെ ഉത്തരം. ഭയത്തിൽ നിന്നുളവാകുന്ന അനുസരണം ശ്രേഷ്ഠമല്ല. എന്നാൽ സ്നേഹത്തിൽ നിന്നുളവാകുന്ന അനുസരണം സ്നേഹത്തേക്കാൾ ഒരു പടികൂടി മുന്നിട്ടു നിൽക്കും. കാരണം സ്നേഹത്തിൽ ഒരു പിടി എളിമ വാരിയിട്ടു ഉണ്ടാക്കുന്ന പായസമാണ് അനുസരണം എന്ന പുണ്യം.
അൽഫോൻസ് ലിഗോരിയുടെ സഹനം
സന്യാസ സഭക്കാരെ പരിചയപ്പെടുമ്പോൾ അവരുടെ സ്ഥാപകരായ വിശുദ്ധരെപ്പറ്റി ചോദിക്കുന്ന പതിവ് എനിക്കുണ്ട്. പുസ്തകങ്ങളിൽ വായിക്കാൻ കിട്ടാത്ത പല കഥകളും ഇവരിൽ നിന്ന് നമുക്ക് കേൾക്കാൻ സാധിക്കും. കുടുംബത്തിലെ കാരണവരെ കുറച്ചു വിവരിക്കുന്ന ഉത്സാഹത്തോടെ തങ്ങളുടെ സഭ സ്ഥാപകരെപ്പറ്റി ഈ സന്യാസികൾ പറഞ്ഞു തരികയും ചെയ്യും.
ഒരിക്കൽ ഞാൻ പരിചയപ്പെട്ട ഒരു കന്യാസ്ത്രീയുടെ സഭ സ്ഥാപിച്ചത് വിശുദ്ധ അൽഫോൻസ് ലിഗോരി ആണെന്നറിഞ്ഞപ്പോൾ ഞാൻ അധികമൊന്നും കേട്ടിട്ടില്ലാത്ത വിശുദ്ധനെക്കുറിച്ചു കൂടുതൽ അറിയാൻ താല്പര്യം തോന്നി. എന്നാൽ ആ ‘അമ്മ പറഞ്ഞു തന്ന കഥ എന്നെ അതിശയിപ്പിക്കുന്നതായിരുന്നു. വിശുദ്ധൻ സ്ഥാപിച്ച സഭയിൽ നിന്ന് അധികാരികൾ വിശുദ്ധനെ തന്നെ പുറത്താക്കിയിട്ടുണ്ടത്രെ ! ഉപവിയുടെ അമ്മമാർ മദർ തെരേസയെ പുറത്താക്കുന്നത് ഒന്ന് ആലോചിച്ചു നോക്കിക്കേ ! അതുപോലെ വരും ഇത്.
തന്റെ അനുയായികൾ തന്റെ മേൽ ചുമത്തുന്ന ശിക്ഷ അക്ഷോഭ്യനായി ഏറ്റുവാങ്ങി വിശുദ്ധൻ. അതുപോലെ എത്രയോ ആളുകൾ. കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന രണ്ടു വിശുദ്ധരാണല്ലോ ഫൗസ്റ്റീന അമ്മയും വിശുദ്ധ പാദ്രെ പിയോയും. കർത്താവു നേരിട്ട് നൽകിയ അരുളപ്പാടുകൾ ഫൗസ്റ്റീനമ്മയ്ക്കു എത്രയോ നാളുകൾ കെട്ടിപ്പൂട്ടി വെക്കേണ്ടി വന്നു.
പാദ്രെ പിയോയെ ആകട്ടെ പരസ്യമായി ബലിയർപ്പിക്കുന്നതിൽ നിന്നുപോലും സഭാധികാരികൾ തടഞ്ഞിട്ടുണ്ടത്രെ. ദൈവത്തിന്റെ അരുളപ്പാടു അറിയിക്കാൻ ചെന്ന ഫ്രാൻസിസ് അസീസിയോട് മാർപ്പാപ്പ അതുമിതും പറയാതെ പോയി കാലിത്തൊഴുത്തിൽ പണിയെടുക്കാൻ പറഞ്ഞപ്പോൾ അത് ചെയ്യാൻ അദ്ദേഹം മടിച്ചില്ല. ആ കാലിത്തൊഴുത്തിൽ നിന്ന് രണ്ടാം ക്രിസ്തുവായി ഫ്രാൻസിസ് പിറന്നു വീണു.
എന്റെ ശിഷ്യയായ കന്യാസ്ത്രീ
സഭയുടെ ഒരു പരിശീലന കേന്ദ്രത്തിൽ അതിഥി അധ്യാപകനായി പോയതാണ്. ശിഷ്യരുടെ കൂട്ടത്തിൽ ഒരു കന്യാസ്ത്രീ ഉണ്ടായിരുന്നു. എല്ലാവര്ക്കും ഞാൻ ഒരു അസൈൻമെന്റ് നൽകി. ഒരു നൂതന സമ്പ്രദായത്തിലുള്ള അസൈൻമെന്റ് ആയിരുന്നു. ആർക്കും അത് എങ്ങനെ ചെയ്യണം എന്ന് മനസിലായില്ല. പോകാനുള്ള സമയമായതുകൊണ്ടു എല്ലാവരും തലയാട്ടി സ്ഥലം വിട്ടു. തിങ്കളാഴ്ച ക്ളാസിൽ വന്നപ്പോൾ മനസിലായില്ല ക്ഷമിക്കണം ചെയ്തില്ല എന്ന മറുപടിയുമായി എല്ലാവരും എന്ന് എതിരേറ്റു.
അതേസമയം നേരത്തെ പറഞ്ഞ കന്യാസ്ത്രീ ‘അമ്മ വളരെ ഭവ്യതയോടെ ഒരു കേട്ട് പേപ്പറുകളുമായി എന്റെയടുത്തു വന്നു. ‘അമ്മ പറഞ്ഞു .. എനിക്കും മനസിലായില്ല .. പക്ഷെ അനുസരണം ബലിയെക്കാൾ ശ്രേഷ്ടമാണല്ലോ എന്ന് കരുതി ഞാൻ ഇത്രയും ചെയ്തു എന്ന് പറഞ്ഞു പേപ്പറുകൾ എന്റെ നേരെ നീട്ടി. ആ മുഖത്ത് അപ്പോൾ അഭൗമമായ ഒരു പ്രകാശം പരക്കുന്നുണ്ടായിരുന്നു.
തന്റെ നേരെ നോക്കി കൈകൂപ്പി എപ്പോഴും സ്തുതി പറയുന്ന പ്രായത്തിൽ ഇളപ്പമായ അല്മയനായ ചെറുപ്പക്കാരനെ അനുസരിക്കാൻ കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയ ഒരു വിശുദ്ധയുടെ ആനന്ദമായിരുന്നു അവിടെ. എന്റെ ഇടവകയിലെ കന്യാസ്ത്രീ അമ്മമാർ പ്രമോട്ടർ സ്ഥാനത്തിരിക്കുന്ന അല്മയരെ അക്ഷരം പ്രതി അനുസരിച്ചു വേദപാഠം പഠിപ്പിക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു മാതൃകയാണ്.
സാത്താന്റെ തരികിടയും അനുസരണം എന്ന വെല്ലുവിളിയും
മനുഷ്യനേക്കാൾ ഉപരി ഞാൻ ദൈവത്തെയാണോ അനുസരിക്കേണ്ടത് എന്ന ചോദ്യം ബൈബിളിൽ തന്നെയാണ് നാം വായിക്കുന്നത്. (അപ്പ പ്രവ 5 / 29 ) അതേസമയം ഈ വചനം അനുസരണത്തിന്റെ വിഷയത്തിൽ പലരെയും ആശയക്കുഴപ്പത്തിൽ ആക്കാറുണ്ട്. എനിക്ക് കിട്ടിയ അരുളപ്പാടു ഞാൻ അനുസരിക്കേണ്ടതല്ലേ എന്നാണ് പലരും ചോദിക്കാറുള്ളത്. എന്നാൽ ആ ചിന്തയിൽ പലപ്പോഴും സാത്താന്റെ ഒരു തരികിട ഒളിഞ്ഞു കിടപ്പുണ്ട്.
പാപം ചെയ്യാൻ ഒരു അധികാരി നമ്മളോട് ആവശ്യപ്പെട്ടാൽ അത് അനുസരിക്കാൻ വിസമ്മതിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ രണ്ടു പുണ്യങ്ങൾ മുന്നിലുള്ളപ്പോൾ നമുക്കിഷ്ടമുള്ള പുണ്യം അധികാരി നിഷേധിച്ചാൽ അത് ചെയ്യാനാണ് ദൈവവും ആഗ്രഹിക്കുന്നതെന്ന് നമുക്ക് തോന്നിയാലും അധികാരിയെ അനുസരിക്കണം എന്നാണ് വിശുദ്ധരെല്ലാം പഠിപ്പിക്കുന്നത്. അതെന്താണ് അങ്ങനെ ?
നമ്മുടെ മനസ്സിൽ തോന്നുന്ന തോന്നലുകളും വെളിപാടുകൾ പോലും എല്ലാം ദൈവത്തിൽ നിന്നാകണം എന്നില്ല. സാത്താനും ലോകവും നമ്മളോട് സംസാരിക്കും. യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ സാത്താൻ പറഞ്ഞ കാര്യങ്ങളെല്ലാം കേൾക്കുമ്പോൾ നല്ലതായിരുന്നു. അരുളപ്പാടു ദൈവത്തിൽ നിന്നാണ് എന്ന് ഉറപ്പിക്കാനുള്ള ഒരു വഴി നമ്മൾ അധികാരിയെ അനുസരിക്കുന്നതാണ്.
നമ്മൾ പറയുന്ന കാര്യം ദൈവത്തിൽ നിന്നാണെങ്കിൽ മനുഷ്യർക്ക് അത് തടയാൻ ആകില്ല. കാരണം ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും എന്നാണ് ദൈവ വചനം (റോമാ 8 / 31 ). കൃത്യ സമയത്തു ദൈവം ഇറങ്ങിവരികയും അധികാരികളിലൂടെ തന്നെ നമ്മൾ നിയോഗിക്കപ്പെട്ട കാര്യം ചെയ്യിക്കുകയും ചെയ്യും. നമ്മൾ എളിമയോടെ കാത്തു നിന്നാൽ മതി.എന്നാൽ സാത്താനിൽ നിന്നാണെങ്കിൽ തടയാൻ അധികാരികൾക്ക് സാധിക്കും. മാതാപിതാക്കൾ കുട്ടികളുടെ കാവൽക്കാർ ആകുന്നതു അങ്ങനെയാണ്.
രാജാവാകാൻ അഭിഷേകം ചെയ്യപ്പെട്ട ദാവീദ് അധികാരിയാൽ നിയോഗിക്കപ്പെട്ടത് വേലക്കാരനായാണ് എന്ന് പറയുന്നുണ്ടല്ലോ? തന്റെ ഭുജബലം കൊണ്ട് രാജാവാകാൻ അവസരം കിട്ടിയ ഇടതുപോലും തനിക്കു മുകളിലുള്ള അഭിഷിക്തനെ ഉപദ്രവിക്കാതെ ദാവീദ് മാറി നിന്നു. ദൈവം നിർബന്ധപൂർവം ഇടപെടും വരെ. കാനായിലെ കല്യാണത്തിൽ യേശു മാതാവിനെ അനുസരിക്കുന്ന രംഗം എത്രയോ മനോഹരമാണ്. ഇടപെടാൻ തനിക്കുള്ള സന്ദേഹം അറിയിച്ചിട്ടും അനുസരിച്ചത് ഭയന്നിട്ടല്ലല്ലോ ?
പാപമോചനത്തിന്റെ ജ്ഞാനസ്നാനം സ്വീകരിക്കാൻ സ്നാപകന്റെ മുന്നിൽ മുട്ടുകുത്തുന്ന യേശു, കേവലം ഒരു ഗവർണറുടെ മുൻപിൽ കുഞ്ഞാടിനെപ്പോലെ നിൽക്കുന്ന ലോകേക നാഥനായ യേശു ഇതെല്ലം എളിമയുടെ മനോഹരമായ ഉദാഹരണങ്ങൾ ആണ്. ദൈവം പൗലോസിനെ തൻ ഭൂമിയിൽ ഉണ്ടായിരുന്നപ്പോൾ ശിഷ്യനാക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും എന്ന് ഞാൻ ഇപ്പോഴും ചിന്തിച്ചിട്ടുണ്ട്.
യേശുവിന്റെ സമകാലികനായി ഗമാലിയേലിന്റെ ശിഷ്യനായി പൗലോസ് അവിടെയൊക്കെ തന്നെ ഉണ്ടായിരുന്നല്ലോ ? വലിയ പണ്ഡിതനായിട്ടും ആദ്യം തിരഞ്ഞെടുത്തില്ല. മാർപ്പാപ്പ ആക്കിയില്ല. മൽസ്യ തൊഴിലാളിയായ പത്രോസിനോട് വിധേയപ്പെട്ടു നില്ക്കാൻ വിധിച്ചു.
മഹാ പണ്ഡിതനായ പൗലോസ് തനിക്കു കിട്ടിയ വെളിപാടുകൾ ദൈവത്തിൽ നിന്നാണെന്നു മൽസ്യത്തൊഴിലാളികൾ സമ്മതിക്കും വരെ അവരുടെ മുന്നിൽ എല്ലാം വിവരിച്ചു കാത്തു നിന്നു എന്ന് വിശുദ്ധൻ തന്നെ പറയുന്നത് ബൈബിളിൽ എഴുതി വച്ചിട്ടുണ്ടല്ലോ ?(ഗലാത്തിയ 2 / 2 ).
തുടർന്ന് പൗലോസ് പറയുന്നത് ദൈവത്തിന്റെ വെളിപാടുകൾ ആണെന്ന് പത്രോസ് എഴുതുകയും ചെയ്തു. ( 2 പത്രോസ് 3 / 15 ) ആ എളിമയുടെ പ്രതിഫലമാണ് മറ്റാരേക്കാളും കൂടുതൽ ലേഖനങ്ങൾ എഴുതാൻ അനുവദിച്ചുകൊണ്ട് പൗലോസിനെ ഉയർത്തിയ ദൈവത്തിന്റെ പ്രവർത്തി. ഫോസ്റ്റീനമ്മയെയും പാദ്രെ പിയോയെയും ഫ്രാന്സിസിനെയും എല്ലാം ദൈവം അവരുടെ എളിമയുടെ ആയിരം മടങ്ങു അനുഗ്രഹം നൽകുന്നതാണ് നമ്മൾ കാണുന്നത്
നമ്മൾ ദൈവത്തിൽ നിന്നു എന്ന് കരുതുന്ന ഒരു നന്മയ്ക്കുവേണ്ടി നമ്മൾ പിടിവാശി പിടിക്കേണ്ടതില്ല.
പാപം ചെയ്യരുത്. അതെ സമയം എളിമപ്പെടാൻ വേണ്ടി വിധേയപ്പെടുകയും നിശ്ശബ്ദരാകുകയും വിലകുറഞ്ഞതു എന്ന് ലോകം കരുതുന്ന അവസ്ഥകളിലൂടെ കടന്നു പോകുകയും ചെയ്യേണ്ടി വന്നാലും നമുക്ക് ലഭിച്ച ആശയം ദൈവത്തിൽ നിന്നാണെങ്കിൽ ദൈവത്തിന്റെ സമയം വരുമ്പോൾ അത് നിറവേറുന്നതു കാണാൻ നമുക്കിടവരും. അതേസമയം ദൈവത്തിനുവേണ്ടി യുദ്ധം ചെയ്യാൻ സാത്താന്റെ ആയുധങ്ങൾ എടുത്താൽ അഭിഷേകം നഷ്ടപ്പെട്ട സാവൂളിനെപ്പോലെ ഭ്രഷ്ടരാക്കപ്പെടും.
ആദ്യം പറഞ്ഞതിനോട് അല്പം കൂടി കൂട്ടിച്ചേർക്കുകയാണ്. വിശ്വാസം, സ്നേഹം, പ്രത്യാശ, എളിമ എന്നീ ഗുണങ്ങൾ ഒരുമിച്ചു കൂടുന്ന പായസമാണ് അനുസരണം. ഇതും നാലും പ്രവർത്തിക്കുന്നവർക്കേ അനുസരിക്കാൻ ഉഷാർ ഉണ്ടാകുകയുള്ളൂ
നമുക്ക് പ്രാർത്ഥിക്കാം : ദൈവമേ അങ്ങ് പഠിപ്പിച്ച മഹത്തായ പുണ്യങ്ങൾ ജീവിതത്തിൽ അഭ്യസിക്കാൻ ഞങ്ങളെ സഹായിക്കേണമേ. മറ്റുള്ളവരെ പഠിപ്പിക്കുന്ന ഞങ്ങൾ തന്നെയും വീണുപോകാതെ കാക്കേണമേ ആമേൻ.