ഫാ. ജയ്സൺ കുന്നേൽ mcbs
എഴുതണോ വേണ്ടയോ എന്നു പല തവണ ആലോചിച്ചു.
അവസാനം മനസാക്ഷി സമ്മതമരുളി എഴുതുക.
ഇന്നലെ ഈശോയുടെ തിരുഹൃദയ തിരുനാൾ ആയിരുന്നല്ലോ, എകദേശം വൈകിട്ട് ഒൻപതു മണിയായി.
എൻ്റെ ടെലിഫോൺ ശബ്ദിച്ചു.
സുഹൃത്തായ ഒരു വൈദീകനായിരുന്നു അപ്പുറത്ത് .
ആമുഖങ്ങളോന്നുമില്ലാതെ ആ സംസാരം ആരംഭിച്ചു.
ഇന്നു ഒരു അത്ഭുതം നടന്നു
അതൊന്നു പറയണമെന്നു തോന്നി അതാണ് ഇപ്പോൾ വിളച്ചത്.
സംഭവം ഇതാണ്.
അച്ചൻ ചുരുക്കിപ്പറഞ്ഞു:
രണ്ടു ദിവസമായി എൻ്റെ സൈക്കളിൻ്റെ നമ്പർ ലോക്കഴിക്കാൻ ഞാൻ ശ്രമിക്കുകയായിരുന്നു. മണിക്കൂറുകൾ കിണഞ്ഞു പരിശ്രമിച്ചട്ടും അതു തുറക്കാൻ സാധിച്ചില്ല.
നിരാശയോടെ പിന്മാറി.
തിരുഹൃദയ തിരുനാൾ ദിനം വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ സൈക്കളിൻ്റെ കാര്യം മനസ്സിൽ വന്നു.
ഈ ദിവസം ദൈവം എൻ്റെ സൈക്കളിൻ്റെ പുട്ടു തുറന്നാലോ?
ഒരു ചിന്ത മിന്നായം പോലെ മനസ്സിൽ വന്നു.
വിശുദ്ധ കുർബാന കഴിഞ്ഞു തിരികെ പള്ളിമുറിയിലെത്തിയപ്പോൾ എൻ്റെ മനസ്സിൽ ഞാനുമായി ഒരിക്കലും ബന്ധമില്ലാത്ത ഒരു നാലക്ക നമ്പർ ഓർമ്മയിൽ വന്നു.
വിശുദ്ധ അർപ്പിച്ചു തിരികെ വന്നപ്പോൾ കിട്ടിയ നമ്പറല്ലേ, പാതി മനസ്സോടെ സൈക്കളിൻ്റെ ലോക്കിൽ ഞാൻ ആ നമ്പർ set ചെയ്തു.
അത്ഭുതമെന്നു പറയട്ടെ ആ lock തുറന്നു.
ദൈവം മനസ്സിൻ എഴുതി നൽകിയ ആ നമ്പർ 1978 ആയിരുന്നു.
എന്തിനു ഈ സംഭവം എഴുതി എന്നു നിങ്ങൾ സംശയിച്ചേക്കാം.
ദൈവശാസ്ത്രപരമായും താത്വികമായും അപഗ്രഥത്തിച്ചാൽ ഈ അത്ഭുതത്തിനു തെളിവുകൾ നിരത്താൻ പരാജയപ്പെട്ടക്കാം, പക്ഷേ ഇതിൽ വിശ്വാസത്തിൻ്റെ ആഴമേറിയ ഒരു വശമുണ്ട്.
പിന്നീട് മിശിഹായുടെ പൗരോഹിത്യത്തിൽ രണ്ടു പതിറ്റാണ്ടു പിന്നിട്ട ആ വൈദികൻ പറഞ്ഞു.: “ജീവിതത്തിൽ നടക്കുന്ന നിസ്സാര കാര്യങ്ങളിൽ പോലും ദൈവത്തിൻ്റെ അത്ഭുതം ദർശിക്കുന്നതാണ് എൻ്റെ പുരോഹിത ജീവിതത്തെ ആനന്ദമാക്കുന്നത്.”
ശരിയല്ലേ, അച്ചൻ പറഞ്ഞത് ഞാൻ ഓർത്തു പോയി.
ജീവിതത്തിൽ നിസ്സാര കാര്യങ്ങളിൽ ദൈവത്തിൻ്റെ കരം ദർശിക്കാൻ ഒരു പുരോഹിതൻ പരാജയപ്പെടുന്നിടത്തു അവൻ്റെ പൗരോഹിത്യ ജീവിതത്തിൽ വാട്ടം ആരംഭിക്കുന്നു.
പൗരോഹിത്യ ജീവിതത്തിൻ്റെ പച്ചപ്പ് പിടിച്ചു നിർത്തുന്നത് നിസ്സാര കാര്യങ്ങളിലും ദൈവീക അത്ഭുതങ്ങൾ ദർശിക്കാനുള്ള കഴിവാണ്.
പ്രാർത്ഥനയെക്കുറിച്ചായിരുന്നു തുടർ സംസാരം
താൻ അജപാലന ശുശ്രൂഷ ചെയ്യുന്ന ഇടവകയിൽ ബലി അർപ്പിക്കുമ്പോൾ തൻ്റെ സ്വകാര്യ പ്രാർത്ഥനാമുറിയിൽ ഇടവക ജനത്തിനായി ഒരു മെഴുകുതിരി കത്തിക്കുന്ന ശീലം ഈ വൈദീകൻ പത്തു വർഷങ്ങളായിട്ടു മുടക്കിയിട്ടില്ല. ബലിവേദിയിലേക്കു പോകുന്നതിനു മുമ്പു അര മണിക്കൂർ മുമ്പ് തൻ്റെ സ്വകാര്യ പ്രാർത്ഥനാമുറിയിൽ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ച ശേഷം മാത്രമേ അദേഹം സ്വഭവനത്തിൻ്റെ പടികൾ ഇറങ്ങുകയുള്ളു.
“അച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം” വൈദീകനു ലഭിക്കുന്ന അവാർഡ്
അച്ചാ എനിക്കു വേണ്ടി പ്രാർത്ഥിക്കണം എന്നു ആരെങ്കിലും തന്നോടു പറഞ്ഞാൽ അതു തൻ്റെ പൗരോഹിത്യ ജീവിതത്തിനു ലഭിച്ച വലിയ അംഗീകാരമായി മധ്യവയസ്കനായ ഈ വൈദീകൻ പറയുമ്പോൾ.
ദൈവത്തിനും മനുഷ്യർക്കു ഇടയിൽ മധ്യസ്ഥം വഹിക്കേണ്ട പൗരോഹിത്യത്തിൻ്റെ മഹത്തായ ദർശനം അതിലടങ്ങിയിരുന്നു.
ദൈവത്തിനു മുമ്പിൽ തങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കാൻ താൻ ഉണ്ട് എന്ന ബോധ്യം ഒരു പുരോഹിതനു തൻ്റെ ആജഗണത്തിനു നൽകാനായാൽ അതായിരിക്കും അജപാല ശശ്രൂഷയെ മികച്ചതാകുന്നത്.
തന്നോടു പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ടിട്ടുള്ളവരുടെ പേരുകൾ ഒരു പേപ്പറിലാക്കി സ്വകാര്യ പ്രാർത്ഥനാമുറിയിൽ സൂക്ഷിക്കുന്ന ഈ വൈദീകനു ഒറ്റ പ്രാർത്ഥനയെ ഉള്ളു
ദൈവമേ നിൻ്റെ അത്ഭുതങ്ങൾ ദർശിക്കാൻ എൻ്റെ മിഴികൾ എന്നും തുറക്കണമേ എന്ന്.