നനഴ്സുമാർക്ക് വൻ അവസരം; ജർമനിയിൽ എത്ര ഒഴിവുകൾ? എത്ര ശമ്പളം? എങ്ങനെ പോകാം?
ജർമനിയെ ‘ഹോംഗ്രൗണ്ടാ’ക്കാൻ ഒരുങ്ങുകയാണു കേരളത്തിലെ നൂറുകണക്കിനു നഴ്സുമാർ. കേരളത്തിലെ 1400ൽ പരം നഴ്സുമാരാണ് അടുത്തിടെ ജർമനിയിലേക്കു പോകാൻ നോർക്ക മുഖേന അപേക്ഷിച്ചത്. മികച്ച ഫലം നേടുന്ന ഈ ‘മത്സരത്തിൽ’ കേരളത്തിലെ നഴ്സുമാർ അറിയേണ്ടത് എന്തൊക്കെ? ജർമനിയിൽ അവരെ കാത്തിരിക്കുന്നത് എന്തൊക്കെ?
നഴ്സുമാരുടെയും നഴ്സിങ് വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മനോരമ ഓൺലൈനിലൂടെ മറുപടി നൽകുകയാണു നോർക്ക റൂട്സ് സിഇഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി.
ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി നോർക്ക റൂട്സ് ധാരണയിൽ എത്തിയിട്ടുണ്ടല്ലോ. അത് എത്ര വർഷത്തേക്കാണ് ? വരും വർഷങ്ങളിലും റിക്രൂട്മെന്റ് ഉണ്ടാകുമോ ? ഈ വർഷം എത്ര പേരാണു ജർമനിയിലേക്കു പോകാൻ അപേക്ഷിച്ചത്? ജർമൻ ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന ബി1 സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ വരും വർഷങ്ങളിൽ നോർക്ക റൂട്സ് പരിശീലനം നൽകുമോ ?
ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി നോർക്ക റൂട്സ് 5 വർഷത്തേക്കാണ് എഗ്രിമെന്റ് വച്ചിരിക്കുന്നത്. ഇതു പിന്നീട് പുതുക്കാവുന്നതാണ്. ഇതു തുടരും. ഇതോടെ കേരളത്തിലെ നഴ്സുമാർക്കുള്ള മറ്റൊരു ജോലിയിടമായി ജർമനിയും മാറും. ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക അപേക്ഷ ക്ഷണിച്ചപ്പോൾ 1400 -ൽ പരം നഴ്സുമാരാണ് അപേക്ഷിച്ചത്. പക്ഷേ, ജർമൻ ഭാഷാ പരിജ്ഞാനം പരിശോധിക്കുന്ന ബി1 സർട്ടിഫിക്കറ്റ് ഉള്ളവർ വളരെ കുറവാണ്. ഇതിനർഥം മറ്റുള്ളവർക്ക് അവസരമില്ലെന്നല്ല. ബി1 സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും ജർമൻ ഭാഷയിൽ തീരെ പരിജ്ഞാനം ഇല്ലാത്തവർക്കും നോർക്ക പുതുവർഷത്തിൽ വീണ്ടും അപേക്ഷ ക്ഷണിക്കുന്നുണ്ട്. അവർക്കു ജർമൻ ഭാഷാപരിശീലനത്തിന് അവസരമൊരുക്കി കൂടുതൽ നഴ്സുമാരെ ജർമനിയിലേക്കു റിക്രൂട്ട് ചെയ്യാനാണു നോർക്ക ശ്രമിക്കുന്നത്.
നോർക്ക മുഖേന ജർമനിയിലേക്കു പോകുന്ന, ഡിപ്ലോമ കഴിഞ്ഞ നഴ്സുമാർക്കും ബിഎസ്സി നഴ്സിങ് കഴിഞ്ഞവർക്കും ഒരേ സ്ഥലത്താണോ നിയമനം ? കെയർ ഹോമുകളിലും മറ്റും തുടക്കത്തിൽ ജോലി ചെയ്യേണ്ടതുണ്ടോ ? ഇവർക്കു ലഭിക്കുന്ന ശമ്പളം എത്രയാണ് ? വിമാന ടിക്കറ്റിനു നഴ്സുമാർ പണം കണ്ടെത്തേണ്ടി വരുമോ?
നിലവിൽ, കഴിഞ്ഞ 6 മാസത്തിനിടെ ബി1 സർട്ടിഫിക്കറ്റ് നേടിയ ജിഎൻഎം നഴ്സിങ് ഡിപ്ലോമ, ബിഎസ്സി നഴ്സിങ് കഴിഞ്ഞ പുരുഷ, വനിതാ നഴ്സുമാർക്കു ജർമനിയിൽ കെയർഗിവർ എന്ന തസ്തികയിലാണു നിയമനം. ഒരു വർഷത്തെ ജോലി പരിചയം വേണം. 2300 യൂറോയാണ് (ഏകദേശം 1.92 ലക്ഷം ഇന്ത്യൻ രൂപ) ഇവർക്കു മാസശമ്പളം. ഓവർടൈം ജോലി ചെയ്യേണ്ടി വന്നാൽ അധിക ശമ്പളം നൽകും. കെയർഗിവറായി ജോലി ചെയ്യുന്നതോടൊപ്പം ബി2 ലെവൽ സർട്ടിഫിക്കറ്റ് പരീക്ഷയ്ക്കായി തയാറെടുക്കുകയും വേണം. ബി2 പാസായവർക്കാണു ജർമനിയിൽ റജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യാൻ കഴിയൂ. ഡിപ്ലോമ കഴിഞ്ഞ നഴ്സുമാർക്കും ബിഎസ്സി നഴ്സിങ് കഴിഞ്ഞവരും എവിടെ ജോലി ചെയ്യണമെന്നു തൊഴിൽദാതാവ് ആണു തീരുമാനിക്കുക. വിമാന ടിക്കറ്റിനുള്ള ചെലവു തൊഴിൽദാതാവ് വഹിക്കും. ശമ്പളത്തോടു കൂടിയുള്ള വാർഷിക അവധിയും ഉണ്ടാകും.
ജർമനിയിൽ എത്ര ഒഴിവുകളാണു പ്രതീക്ഷിക്കുന്നത്?
പതിനായിരക്കണക്കിന് ഒഴിവുണ്ടെന്നാണു ജർമൻ സംഘവുമായി നടത്തിയ ചർച്ചയിൽ മനസ്സിലായത്. നഴ്സുമാർക്കു മാത്രമല്ല ആരോഗ്യരംഗവുമായി ബന്ധപ്പെട്ട പ്രഫഷനലുകൾക്കും ഒട്ടേറെ സാധ്യതയുണ്ട്. ജർമൻ ഭാഷയിൽ പ്രാവീണ്യം വേണമെന്നു മാത്രം.
ജർമൻ ഭാഷാപഠന പരിശീലനം നൽകാൻ നോർക്കയ്ക്കു പദ്ധതിയുണ്ടോ?
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്താൻ രൂപപ്പെടുത്തിയ അസാപ് (അഡീഷനൽ സ്കിൽ അക്വിസിഷൻ അക്വിസിഷൻ പ്രോഗ്രാം) പദ്ധതിയുമായി സഹകരിച്ചു ഭാഷാപരിശീലനം നൽകുന്നുണ്ട്.
ഇതേക്കുറിച്ച് asapkerala.gov.in എന്ന വെബ്സൈറ്റിൽ പറയുന്നത്: ജർമൻ ഭാഷാപരിശീലനത്തിന്റെ പ്രാഥമികഘട്ടമായ എ1 സർട്ടിഫിക്കറ്റ് നേടാനുള്ള പരിശീലനമാണ് ഇത്. സ്വയം പരിചയപ്പെടുത്തുന്നതു മുതൽ നിത്യജീവിതത്തിൽ ജർമൻ ഭാഷയിൽ സംസാരിക്കുന്നതിനുള്ള പരിശീലനമാണ് ഇതിൽ നൽകുന്നത്. 90 മണിക്കൂർ നീളുന്ന ഓൺലൈൻ കോഴ്സാണിത്. നഴ്സുമാർക്കും നഴ്സിങ് വിദ്യാർഥികൾക്കുമാണ് ഈ കോഴ്സിൽ മുൻഗണന. ജിഎസ്ടി ഉൾപ്പെടെ 18,800 രൂപയാണു കോഴ്സ് ഫീസ്. നഴ്സുമാർക്കും നഴ്സിങ് വിദ്യാർഥികൾക്കും നോർക്ക 50% ഫീസ് സബ്സിഡി നൽകും. അടുത്ത ബാച്ചിന്റെ അപേക്ഷ മാർച്ച് 15ന് തുടങ്ങും. നോർക്ക ബാച്ചിനു ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഉച്ചയ്ക്കു 2 മുതൽ വൈകിട്ട് 5.15 വരെയാണു ക്ലാസ്. മറ്റുള്ളവർക്കു തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഉച്ചയ്ക്കു 2.15 മുതൽ 5.15 വരെ. കൂടുതൽ വിവരങ്ങൾ asapkerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.)
ജർമനിയിൽ നഴ്സായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി പ്രീതി ലോറൻസ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
ജർമൻ ഭാഷാപ്രാവീണ്യ പരീക്ഷയിലെ എല്ലാ മൊഡ്യൂളുകളും ആദ്യശ്രമത്തിൽ പാസായ ശേഷമാണു കോഴിക്കോട് സ്വദേശി പ്രീതി ലോറൻസ് 2018ൽ ജർമനിയിൽ എത്തിയത്. ബിഎസ്സി നഴ്സിങ്ങും തുടർന്നു 2 വർഷത്തെ ജോലി പരിചയത്തിനും ശേഷമാണു തിരുവനന്തപുരത്തെ ഗോയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിൽ ജർമൻ ഭാഷാപരിശീലനത്തിനു ചേർന്നത്. അന്ന് സ്പീക്കിങ്, ലിസ്നിങ്, റീഡിങ്, റൈറ്റിങ് മൊഡ്യൂളുകൾ എല്ലാം ഒരേസമയം പാസായൽ മാത്രമേ സർട്ടിഫിക്കറ്റ് കിട്ടൂവെന്നു പ്രീതി പറഞ്ഞു. ഇപ്പോൾ പാസാകാത്ത മൊഡ്യൂൾ ഉണ്ടെങ്കിൽ അതു മാത്രമായി ജയിക്കാനും അവസരമുണ്ട്. ബി 2 സർട്ടിഫിക്കറ്റ് നേടിയാൽ മാത്രമേ ജർമനിയിൽ റജിസ്റ്റേർഡ് നഴ്സായി ജോലി ചെയ്യാൻ പറ്റൂ. ജിഎൻഎം, ബിഎസ്സി നഴ്സ് എന്ന വേർതിരിവു ജോലി സ്ഥലത്തില്ല.
ജർമനിയിലെ ബയണിലുള്ള ക്ലിനിക്കിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എട്ടു മണിക്കൂറാണു ജോലി സമയം. ഇതിനിടെ അര മണിക്കൂർ ഇടവേളയുണ്ട്. അതു കൃത്യമായി എടുത്തിരിക്കണം. കേരളത്തിലെ ആശുപത്രിയിൽ ഇടവേളയില്ലാതെ 12 മണിക്കൂർ വരെ ജോലി ചെയ്ത തനിക്ക് ഇതു പുതിയ അനുഭവമായിരുന്നെന്നു പ്രതീ പറഞ്ഞു. കോവിഡ് കാലത്തെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ശമ്പളത്തിനു പുറമേ പ്രത്യേക അലവൻസും തന്നു. ശമ്പളത്തോടു കൂടിയുള്ള അവധിയുമുണ്ട്. ജർമൻ ഭാഷയിൽ സംസാരിക്കുമ്പോൾ ആദ്യം ബുദ്ധിമുട്ടും. പ്രത്യേകിച്ചു രോഗികളുടെ രോഗാവസ്ഥ തിരക്കുമ്പോഴും പരിചരണം നൽകേണ്ടി വരുമ്പോഴും. പക്ഷേ, ജർമൻകാർ വളരെ സപ്പോർട്ടീവാണ്.
രോഗികളും ഒപ്പമുള്ളവരും ക്ഷമയോടെ നമ്മെ മനസ്സിലാക്കി സപ്പോർട്ട് ചെയ്യും. വീട്ടിൽനിന്നു മറ്റൊരു രാജ്യത്തു വരുമ്പോൾ ‘ഹോം സിക്നസ്’ അവസ്ഥയ്ക്കുള്ള സാധ്യത ഏറെയാണ്. ഭാഷ കൂടി പ്രശ്നമാകുമ്പോൾ ഇതു കൂടും. പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ഇതു മറികടക്കാനാകും. ജർമൻ ഭാഷയിൽ കൂടുതൽ സംസാരിക്കുക എന്നതാണു ഭാഷ വശത്താക്കാനുള്ള എളുപ്പ വിദ്യ. നഴ്സുമാരായി ജോലി ചെയ്യുന്നവർക്കു നിശ്ചിതവർഷത്തെ പ്രവൃത്തി പരിചയത്തിനു ശേഷം നഴ്സിങ് എജ്യുക്കേറ്ററായി മാറാനും അവസരമുണ്ട്. കേരളത്തിലെ നഴ്സിങ് കോളജുകളിൽ നഴ്സിങ് പഠനത്തിനൊപ്പം വിദേശഭാഷാ പഠനത്തിന്റെ പ്രാഥമിക പാഠങ്ങൾ നൽകുന്നത് നല്ലതാണെന്ന് അഭിപ്രായമുള്ളതായി പ്രീതി പറഞ്ഞു. അതുപക്ഷേ, നഴ്സിങ് പഠനത്തെ ബാധിക്കുന്ന വിധത്തിലാകരുത്.
കേരളത്തിലെ നഴ്സിങ് കോളജുകളിൽ വിദേശഭാഷാപഠന അവസരങ്ങൾ കൂട്ടേണ്ടതുണ്ടോ ? കോഴിക്കോട് ഗവ. നഴ്സിങ് കോളജ് പ്രിൻസിപ്പൽ പ്രഫ. കെ.എം. പൊന്നമ്മ സംസാരിക്കുന്നു
കേരളത്തിലെ ഗവ. നഴ്സിങ് കോളജുകിൽ ലാംഗ്വിജ് ലാബ് വേണമെന്ന പ്രപ്പോസൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ മുഖേന സർക്കാരിന് സമർപ്പിച്ചുണ്ട്. നഴ്സിങ് സിലബസ് പരിഷ്കരണത്തിൽ ഇത് ഉൾപ്പെടുത്താനാകുമോയെന്നാണു പരിശോധിക്കുന്നത്. ഇതോടൊപ്പം സോഫ്റ്റ് സ്കിൽസ് മെച്ചപ്പെടുത്താനുള്ള നിർദേശവും സമർപ്പിച്ചിട്ടുണ്ട്. ഹെൽത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇൗ നിർദേശത്തിനു മികച്ച പ്രോത്സാഹനമാണു നൽകുന്നത്. അനുമതി ലഭിക്കുന്നതോടെ ലാംഗ്വിജ് ലാബ് ഉൾപ്പെടെ തുടങ്ങാനാകുമെന്നാണു പ്രതീക്ഷ. ജോലി ലഭിക്കുന്ന രാജ്യങ്ങളിൽ എത്തുന്ന നഴ്സുമാർ ആ രാജ്യത്തെ സംസ്കാരം തിരിച്ചറിയേണ്ടതുണ്ട്. അവർ കൾച്ചറലി കോംപീറ്റന്റ് ആകണം. അതിനു പരിശീലനം വേണം. നിലവിൽ കോഴിക്കോട് ഗവ. നഴ്സിങ് കോളജുകളിൽ ഉൾപ്പെടെ സർക്കാരിന്റെ വിവിധ ഏജൻസികൾക്കു പുറമേ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ നഴ്സുമാർക്കു ഭാഷാ, സോഫ്റ്റ് സ്കിൽ പരിശീലനം നൽകുന്നുണ്ട്.