ഇരിഞ്ഞാലക്കുട രൂപതയിലെ കരോട്ടുകര സെയ്ൻ്റ് ആൻ്റണി ഇടവകയിലെ പടയാട്ടി കുടുംബത്തിലെ ഡേവിസ് – മായ ദമ്പതികൾക്ക് വിവാഹം കഴിഞ്ഞു ഏഴ് വർഷത്തിന് ശേഷം ജനിച്ച ഇരട്ട കുഞ്ഞുങ്ങളിൽ മൂത്ത കുട്ടിയാണ് ഡയാന. കൂടെ ഡയാനയ്ക്കുള്ളത് ഇരട്ട സഹോദരനും ഇളയ അനിയത്തിയും ആണ്. 36 വയസുള്ള ഡയാന വിവാഹിത ആണെങ്കിലും ആരോഗ്യപ്രശ്നങ്ങളാൽ കുഞ്ഞുങ്ങൾ ഇല്ല. ഡയാനയ്ക്ക് രണ്ടു കിഡ്നി ഉണ്ടെങ്കിലും ഒന്ന് പണ്ട് തൊട്ടേ പ്രവർത്തിക്കുന്നേയില്ല. മറ്റൊന്ന് 15 വയസു മുതൽ രോഗബാധിതമായി.
തീർത്തും ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിൽ ആണ് കിഡ്നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയാൽ രക്ഷപ്പെടുമെന്നുള്ള നിർദ്ദേശം ലഭിക്കുന്നതും അതിനായി അന്വേഷിക്കുന്നതും. ആ അന്വേഷണത്തിനൊടുവിലാണ് ക്രിസ്തുദാസി സമൂഹാംഗമായ സിസ്റ്റർ ഷാന്റി ദാതാവായി മുന്നോട്ടു വന്നത്. ഡയാനയുടെ യഥാർത്ഥ സ്ഥിതി അറിഞ്ഞ സിസ്റ്റർ ഷാന്റിക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. കട്ട സപ്പോർട്ടുമായി ആയി സമൂഹത്തിന്റെ ജനറാളമ്മയും സമൂഹവും കൂടെയും.
ക്രിസ്തുദാസി സമൂഹത്തിൽ നിന്നും കാരുണ്യത്തിന്റെ കരുതലുമായി സിസ്റ്റർ ഷാന്റി മാങ്കോട്ട് SKD. തലശ്ശേരി അതിരൂപതയിലെ പൊന്മല ഇടവകയിൽ നിന്നും 1999ൽ, ആർച്ച്ബിഷപ് മാർ. ജേക്കബ് തൂങ്കുഴി പിതാവിനാൽ സ്ഥാപിതമായ ക്രിസ്തുദാസി സമൂഹത്തിൽ വ്രതവാഗ്ദാനം നടത്തി. കഴിഞ്ഞ വർഷങ്ങളിലൂടെ ക്രിസ്റ്റീൻ ധ്യാനത്തിലൂടെയും, വചന പ്രഘോഷണത്തിലൂടെയും, കൗൺസിലിംഗിലൂടെയും, അനേകം കുടുംബങ്ങളെയും വ്യക്തിജീവിതങ്ങളെയും കൈപിടിച്ചുയർത്തിയ സിസ്റ്റർ ഷാന്റി ജീവിതം കൊണ്ട് സാക്ഷ്യം നൽകുകയാണ്.
എറണാകുളം ലിസ്സി ഹോസ്പിറ്റലിൽ ഇന്നലെയാണ് ഡയാന എന്ന പെൺകുട്ടിക്ക് തന്റെ കിഡ്നി പകുത്തു നൽകിയത്. രണ്ടു പേരും സുഖം പ്രാപിച്ചു വരുന്നു. മാനന്തവാടി രൂപതയിലെ ചുണ്ടക്കര ഇടവകയിൽ ശുശൂഷ ചെയ്യുന്നതിനിടെ ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു സാക്ഷ്യം നൽകാൻ സാധിച്ചതിൽ അഭിമാനിക്കുകയാണ് ക്രിസ്തു ദാസി സമൂഹവും സിസ്റ്റർ ഷാന്റിയും.
ക്രിസ്തു ദാസി സമൂഹത്തിന് ഇത് മൂന്നാമത്തെ സാക്ഷ്യം! സിസ്റ്റർ ജെനി ചൂരപുഴയിൽ SKD, സിസ്റ്റർ ബിനു മണിയില SKD, എന്നിവർ മുൻപ് കിഡ്നി ദാനം ചെയ്തിരുന്നു.
സഹോദര സ്നേഹത്താൽ പ്രേരിതയായി സ്വന്തം വൃക്ക പങ്കുവയ്ക്കാൻ തയ്യാറായ സിസ്റ്റർ ഷാന്റിക്ക് എല്ലാവിധ ദൈവാനുഗ്രഹവും ആയുരാരോഗ്യവും നേരുന്നു.