മാർട്ടിൻ N ആന്റണി
“ഇടിനാദം മുഴങ്ങട്ടെ
കടൽ രണ്ടായി പിളരട്ടെ
ഭൂമി കോരി തരിക്കട്ടെ
മേഘങ്ങൾ ചിതറട്ടെ
പേമാരി പെയ്യട്ടെ
തീയാളി പടരട്ടെ
തീരദേശം ജയിക്കട്ടെ”
ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ അനുഭവമുണ്ട്. കടൽ പിളർത്തിയ അത്ഭുതമുണ്ട്.
ആ ശക്തിയെ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. പക്ഷെ, കടലിന്റെ മക്കൾക്ക് അത് അനുഭവമാണ്. കാരണം, പ്രകൃതിയോട് ഇത്രത്തോളം ഇഴചേർന്ന് ജീവിക്കുന്ന ഒരു സമൂഹം അവരല്ലാതെ മറ്റാരാണ് നമ്മുടെയിടയിൽ ഉള്ളത്? എന്നിട്ടും തീരദേശം എന്നു കേൾക്കുമ്പോൾ ഒരു ശരാശരി മലയാളിക്ക് തകഴിയുടെ ചെമ്മീൻ എന്ന നോവലിനപ്പുറത്തേക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല എന്നറിയുമ്പോഴാണ് വർത്തമാനകാലത്തെ അവരുടെ നൊമ്പരങ്ങളിൽ നിന്നും നമ്മൾ എത്രയോ കാതങ്ങൾ അകലെയാണെന്ന സത്യം നമ്മെ അലട്ടേണ്ടത്.
ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്. ഒരു പരിഭവവുമില്ലാതെയാണ് തിരുവനന്തപുരത്തെ കടലിന്റെ മക്കൾ രാജ്യനന്മയ്ക്ക് വേണ്ടി അവരുടെ ദേവാലയം പോലും ഉപേക്ഷിച്ചത്. ഇന്നിതാ, അവർ ഒരു ദുരന്തത്തിന്റെ വക്കിലൂടെ കടന്നുപോവുകയാണ്. രാജ്യപുരോഗതിയുടെ പേരിൽ പറ്റിക്കപ്പെടുകയാണവർ. തീരം നഷ്ടപ്പെട്ട്, വീടുകൾ നഷ്ടപ്പെട്ട്, ജോലി നഷ്ടപ്പെട്ട് അവർ കടലിന്റെ തിരകളുടെ മുൻപിൽ നിസ്സഹായരായി നിൽക്കുന്നു. അവരുടെ ഈ അവസ്ഥയ്ക്ക് പിന്നിൽ ചില കുടിലബുദ്ധികളുടെ ഇടപെടലുകളുണ്ട്, ഒരു പ്രവാചക മനസ്സിനെ അവഗണിച്ച ചരിത്രമുണ്ട്, ചിലരുടെ ചതിപ്രയോഗങ്ങളുണ്ട്.
യുഡിഎഫ് ഭരണകാലത്തിലെ ചില കുടിലബുദ്ധികളുടെ അനന്തരഫലമാണ് വിഴിഞ്ഞത്തെ ജനതയുടെ ഇന്നത്തെ സഹനത്തിന്റെ പ്രധാന കാരണം. മത്സ്യത്തൊഴിലാളികളുടെ ശബ്ദത്തെ അവഗണിച്ച് റിയൽ എസ്റ്റേറ്റുകാരോട് കൂട്ടുചേർന്നു നടത്തിയ അവിശുദ്ധമായ കൂട്ടുകൃഷിയും അദാനിയെന്ന കോർപ്പറേറ്റ് രാക്ഷസന്റെ കൈകളിൽ നിന്നും വാങ്ങിച്ച ഓശാരത്തിന്റെ കണക്കും അവരെക്കൊണ്ട് ഇന്ന് ചില മുടന്തൻ ന്യായങ്ങൾ പറയിക്കുകയാണ്. യുഡിഎഫിന്റെ അതേ ചിന്തകൾ തന്നെ എൽഡിഎഫിനും ബിജെപിക്കും എന്ന് കാണുമ്പോഴാണ് കോർപ്പറേറ്റുകളുടെ മുൻപിൽ ഇവരെല്ലാവരും ഒരേ തൂവൽ പക്ഷികളാണെന്ന കാര്യം മനസ്സിലാകുക.
അതുകൊണ്ടുതന്നെയാണ് തീരദേശത്തെ ഇരയാക്കപ്പെട്ട ഒരു ജനതയുടെ മുമ്പിൽ ഇവർക്കൊന്നും വരാൻ സാധിക്കാത്തത്. കടലിന്റെ മക്കളുടെ നൊമ്പരങ്ങളെക്കാളും വലുതാണ് തങ്ങൾ കൈപ്പറ്റിയ ഓശാരമെന്ന് അവരുടെ അവഗണന വിളിച്ചുപറയുന്നുണ്ട്.
തെരഞ്ഞെടുക്കപ്പെട്ടവർ ജനങ്ങളുടെ ഹൃദയവും പേറിയാണ് ഭരണയന്ത്രത്തിൽ കടന്നുകൂടിയത്. പക്ഷേ അവർ തന്നെ മർദ്ദനയന്ത്രങ്ങളുമായി ജനങ്ങളുടെ ഇടയിലേക്ക് കടന്നുവന്നാൽ ജനങ്ങൾ പിന്നെ എന്ത് ചെയ്യും?
അവരുടെ സമ്മതിയല്ലേ, അവരുടെ സ്വപ്നമല്ലേ, അവരുടെ ഹൃദയവികാരമല്ലേ ജനപ്രതിനിധികൾ? ഒരുവശത്ത് നിന്നും വീടും കുടിലും കടൽ എടുത്തുകൊണ്ടു പോകുന്നു, മറുവശത്തു നിന്നും ജനപ്രതിനിധികൾ അവരുടെ ദുരന്തത്തെ അവഗണിക്കുന്നു. 33% മാത്രമേ തുറമുഖത്തിന്റെ പണി കഴിഞ്ഞിട്ടുള്ളൂ. സങ്കൽപ്പിക്കാവുന്നതിലും അധികം തീരവും വീടുകളും നഷ്ടപ്പെട്ട് കഴിഞ്ഞിരിക്കുന്നു. എന്താകും ഭാവി എന്നതിനെക്കുറിച്ച് എല്ലാവർക്കും ആശങ്കയുണ്ട്?
തുറമുഖത്തിന്റെ പണിയൊന്നു നിർത്തിവെച്ച് തീരവും വീടുകളും നഷ്ടപ്പെടുന്നതിനെക്കുറിച്ച് ഒരു ശാസ്ത്രീയ പഠനം നടത്തിക്കൂടെ എന്നതാണ് വിഴിഞ്ഞം നിവാസികളുടെ ആദ്യ അഭ്യർത്ഥന. അവർ ഉറപ്പിച്ചു പറയുന്ന ഒരു കാര്യമുണ്ട്, ആർക്കും എതിരെയല്ല ഈ സമരം, മറിച്ച് അവരുടെ നിലനിൽപ്പിനു വേണ്ടിയാണ്. മോഹനവാഗ്ദാനങ്ങളുമായി വന്ന ഒരു കോർപ്പറേറ്റ് കമ്പനി, എല്ലാം വിഴുങ്ങുന്ന രാക്ഷസനായി മാറുകയാണോ എന്ന ഭയം അവർക്കുണ്ട്. ഒട്ടകത്തിന് സ്ഥലം കൊടുത്തത് പോലെയാകുമോ എന്ന ആകുലത എല്ലാവർക്കുമുണ്ട്.
എന്നിട്ടും ചിലർ തന്ത്രപരമായി നിശബ്ദത പാലിക്കുന്നു. കാരണം ഈ സമരമുഖത്ത് നിൽക്കുന്നത് തിരുവനന്തപുരം ലത്തീൻ അതിരൂപതയും വൈദികരും ആയതുകൊണ്ടാണ്. ജനങ്ങളുടെ നൊമ്പരങ്ങളുടെ മുമ്പിൽ സഭയ്ക്ക് നിശബ്ദയാകാനും നിസ്സംഗയാകാനും കഴിയില്ല. കാരണം, ദേവാലയങ്ങളിലാണ് എല്ലാ സങ്കടങ്ങളും ഒഴുകിയെത്തുന്നത്. അവ അവഗണിക്കാൻ പുരോഹിതർക്ക് സാധിക്കുകയില്ല.
ഇവിടെ വരാൻ സാധ്യതയുള്ള ഒരു ചോദ്യമുണ്ട്: എന്തുകൊണ്ട് നിങ്ങൾ ആദ്യം എതിർത്തില്ല? എതിർത്തല്ലോ. വർഷങ്ങൾക്കു മുമ്പ് തന്നെ എതിർത്തിരുന്നു. അന്ന് സൂസപ്പാക്യം പിതാവ് പറഞ്ഞതാണ് വരാനിരിക്കുന്നത് തീരദേശത്തിന്റെ ദുരന്തമാണെന്നും അതിനാൽ ഈ പദ്ധതി വേണ്ടെന്നും. അന്ന് ആ പ്രവാചക ശബ്ദത്തെ എല്ലാവരും കൂടി അവഗണിച്ചു. വികസനവിരോധി എന്ന് പോലും വിളിച്ചു. ഇപ്പോഴിതാ, തീരദേശം കേഴുകയാണ്. ആ വിലാപങ്ങളെ അവഗണിക്കാൻ മനസ്സാക്ഷിയുള്ളവർക്ക് സാധിക്കില്ല.
അങ്ങനെ മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ച് തീരദേശ മക്കൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തുന്ന മൂന്നാംകിട രാഷ്ട്രീയ മനോഭാവത്തെയും പ്രതിരോധിക്കേണ്ട ഒരു ധാർമിക ബാധ്യത ഈ സമരത്തിനുണ്ട്. ക്രമാനുഗതമായി ഒരു ജനത ഇരയാക്കപ്പെടുകയാണ്. കോർപ്പറേറ്റുകൾ മാത്രമല്ല ഇവിടെ വേട്ടക്കാർ, അവർക്കുവേണ്ടി അടുക്കളപ്പണി ചെയ്യുന്ന ചില രാഷ്ട്രീയക്കാരുമുണ്ട്. ഉണരണം എല്ലാവരും.
ഇന്ന് വിഴിഞ്ഞം തീരദേശമാണെങ്കിൽ, നാളെ നമ്മുടെ മലനിരകളും പാടങ്ങളും നാട്ടുചോലകളുമായിരിക്കും നഷ്ടപ്പെടുക. സഹജന്റെ നൊമ്പരത്തിനു മുമ്പിൽ ഇരുന്ന് മുട്ടുന്യായം പറയുന്നതിനേക്കാൾ ആന്തരികജീർണത വേറെയില്ല എന്നും ഓർക്കണം. ഇനി ഇതെഴുതുന്ന ഈയുള്ളവനോട് ചിലപ്പോൾ ഒരു ചോദ്യം വന്നേക്കാം: ഒരു ബന്ധവും ഇല്ലാത്ത ഈ തീരദേശത്തെ ജനങ്ങൾക്ക് വേണ്ടി എന്തിന് ശബ്ദമുയർത്തുന്നു?
അതിനുള്ള ഉത്തരം കെ. ആർ. മീരയുടെ ഘാതകൻ എന്ന പുസ്തകത്തിൽ നിന്നും കടംകൊള്ളട്ടെ; “ലോകമെങ്ങും മനുഷ്യരുടെ ഡി.എൻ.എ 99.9% ഒന്നു തന്നെയാണ് എന്നാണ് അമ്മ പഠിപ്പിച്ചിട്ടുള്ളത്. അപ്പോൾ ആർക്കാണ് ആരോടാണു ബന്ധമില്ലാത്തത്?” നമ്മുടെ രക്തമല്ലേ, നമ്മുടെ ഡി.എൻ.എ തന്നെയല്ലേ വിഴിഞ്ഞം തീരദേശവും അവിടത്തെ ഓരോ കുഞ്ഞുമക്കളും?