വലിയ നോമ്പിന്റെ ഒരുക്കമായി വേണം നാം മൂന്നു നോമ്പിനെ മനസിലാക്കാന്. അതുകൊണ്ട് മൂന്നു നോമ്പിനെ ചെറിയ നോമ്പ് എന്നു വിളിച്ചു പോന്നിരുന്നു. സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന് മൂന്ന് നോമ്പ് മുഖാന്തരമാകട്ടെ എന്നു പ്രാത്ഥിക്കുന്നു.
പേർഷ്യൻ നഗരങ്ങളിൽ പടർന്നുപിടിച്ച പ്ലേഗ് രോഗത്തെ ഇല്ലായ്മ ചെയ്തതിന്റെ കൃതജ്ഞതാസൂചനയായി ആരംഭിച്ചു എന്നുകൂടി വിശ്വസിക്കപ്പെടുന്ന മൂന്ന് നോമ്പാചരണത്തിന് ഇത്തവണ തുടക്കം കുറിക്കുമ്പോൾ, ലോകജനതയെ മുൾമുനയിൽ നിറുത്തുന്ന കൊറോണാ വൈറസ് മുക്തിയാകട്ടെ ഇത്തവണത്തെ നിയോഗം. സുറിയാനി സഭകൾ പിന്തുടരുന്ന പൗരാണികമായ ഈ ഭക്താനുഷ്ഠാനത്തെക്കുറിച്ച് അറിയേണ്ടതെല്ലാം… സുറിയാനി സഭകൾ പിന്തുടരുന്ന അനന്യമായ പാരമ്പര്യമാണ് മൂന്ന് നോമ്പ്. വലിയ നോമ്പാരംഭത്തിന് 18 ദിവസം മുമ്പുള്ള തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്നു നോമ്പ് ആചരിക്കുക. ഈ നോമ്പ് പതിനെട്ടാമിടം എന്നുകൂടി പേരുണ്ട്. ഈസ്റ്ററിന്റെ തിയതി അനുസരിച്ച് ജനുവരി 12നും ഫെബ്രുവരി 18നും മധ്യേയാണ് ഈ നോമ്പ് വരുന്നത്. അതുപ്രകാരം, ഫെബ്രുവരി 07 മുതൽ 09 വരെയാണ് ഈ വർഷത്തെ മൂന്ന് നോമ്പാചരണം.
യോനാ പ്രവാചകനും മൂന്ന് നോമ്പും… പഴയ നിയമത്തിൽ യോനാപ്രവാചകൻ ദൈവകൽപ്പന അനുസരിച്ച് നിനവേ നഗരത്തിൽ മാനസാന്തരത്തിനുള്ള ആഹ്വാനം നടത്തിയതിന്റെയും അതേത്തുടർന്നുള്ള അവരുടെ മാനസാന്തരത്തിന്റെയും അനുസ്മരണമായാണ് ഈ നോമ്പ് ആചരിക്കുന്നത്. ഈ നോമ്പാചരണം ‘നിനവേക്കാരുടെ യാചന’ അഥവാ ‘നിനവേ നോമ്പ്’ എന്ന പേരിലും അറിയപ്പെടുന്നു. ‘യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ ഉദരത്തിൽ ചെലവഴിച്ചു മാനസാന്തരപ്പെട്ടു’ എന്ന തിരുവചനമാണ് മൂന്നു ദിവസത്തെ നോമ്പിന്റെ പ്രസക്തി.
നിനവേയിൽ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടപ്പോൾ അവിടെയുള്ളവർ ചാക്കുടുത്ത് ചാരം പൂശി അനുതപിച്ചു എന്നതാണ് ‘നിനവേ നോമ്പ്’ എന്ന പേരിന്റെ സാംഗത്യം. അപ്പോൾ മൂന്നു നോമ്പ് യോനായുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ നിനവേക്കാരുടെ മാനസാന്തരത്തിന്റെ അനുസ്മരണമാണോ എന്നൊരു സമസ്യയുണ്ട്. എന്നാൽ, യോനായുടെ മൂന്നു ദിവസത്തെ മത്സ്യോദരത്തിലെ വാസവും നിനവേക്കാരുടെ മാനസാന്തരവും ഒന്നിച്ചു മനസിലാക്കാവുന്നതും പരസ്പരപൂരകവും ആയതിനാൽ ഈ നോമ്പിന്റെ പേരോ ദിവസക്കണക്കിന്റെ കാരണമോ നോമ്പിന്റെ ചൈതന്യത്തിന് ക്ഷതമേൽപ്പിക്കുന്നുമില്ല, വൈരുദ്ധ്യം സൃഷ്ടിക്കുന്നുമില്ല.
പ്ലേഗിനെ തോൽപ്പിച്ച മൂന്ന് നോമ്പ്… എന്നാൽ ബൈബിൾ പ്രചോദിതമായ ഒരു ആചരണം എന്നതിനേക്കാൾ ചരിത്രപരമായ കാരണങ്ങളും ഈ നോമ്പിന്റെ പിന്നിലുണ്ടെന്നാണ് പണ്ഡിതരുടെ അഭിപ്രായം. എ.ഡി 570 580 കാലത്ത് നിനവേ, ബേസ്ഗർമേ, അസോർ തുടങ്ങിയ പേർഷ്യൻ നഗരങ്ങളിൽ പ്ലേഗ് ബാധമൂലം അനേകർ കൊല്ലപ്പെട്ടപ്പോൾ ഭയഭീതരായ വിശ്വാസീഗണം ഞായറാഴ്ച്ച ദൈവാലയത്തിൽ ഒന്നിച്ചുകൂടി ഈ നിയോഗം സമർപ്പിച്ച് പ്രാർത്ഥന ആരംഭിച്ചു. ഉപവസിച്ച് പ്രാർത്ഥിക്കണമെന്ന, അവർക്ക് ലഭിച്ച ദൈവിക അരുളപ്പാടനുസരിച്ച് അവർ തിങ്കളാഴ്ച്ച തുടങ്ങി ഉപവസിച്ച് പ്രാർത്ഥിക്കാൻ തീരുമാനിച്ചു.
പിന്നീട് ആരും രോഗബാധിതരായില്ല. ബുധനാഴ്ച്ച ആയപ്പോഴേക്കും രോഗം പരക്കുന്നത് അവസാനിച്ചതായി ജനം തിരിച്ചറിഞ്ഞു. ഇതിൽ കൃതജ്ഞതാനിർഭരരായ വിശ്വാസീഗണം ഇനിയൊരിക്കലും ഇത്തരം പ്ലേഗുബാധ ഉണ്ടാകാതിരിക്കാൻ തുടർന്ന് എല്ലാ വർഷവും മൂന്നു ദിവസത്തെ നോമ്പ് ആചരിക്കാൻ നിശ്ചയിച്ചു. പേർഷ്യൻ സഭയുമായി ആത്മബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും കാലക്രമേണ ഈ നോമ്പാചരണം വ്യാപിക്കുകയായിരുന്നു.
മലയാളനാട്ടിലും മൂന്ന് നോമ്പ്… മാർത്തോമ്മാ നസ്രാണികൾ നിഷ്~യോടെ ആചരിച്ചിരുന്ന നോമ്പുകളെ കുറിച്ച് ഈശോസഭാംഗമായ ഫാ. ഫ്രാൻസിസ് ഡയനീഷ്യസ് 1578ൽ തയാറാക്കിയ റിപ്പോർട്ടിൽ മൂന്നു നോമ്പിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പിന്നീട് ജസ്യൂട്ട് സഭാ പ്രൊക്കുറേറ്ററായ ഫാ. പേരോ ഫ്രാൻസിസ്കോ മലബാറിൽ മിഷണറിയായിരിക്കവേ തന്റെ സുപ്പീരിയർ ജനറൽ ഫാ. ക്ളൗദിയോ അക്വാവിവായക്ക് 1612ൽ എഴുതിയ കത്തിലും കേരളസഭയിലെ മൂന്നു നോമ്പാചരണത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
മൂന്നു ദിവസത്തെ ഉപവാസത്തിനു ശേഷം വ്യാഴാഴ്ച്ച മാർത്തോമാ നസ്രാണികൾ ഒന്നുചേർന്ന് ആദരപൂർവം ദൈവാലയത്തിൽ പ്രവേശിക്കുകയും കുരിശുവണക്കം നടത്തുകയും ചെയ്തിരുന്നുവെന്ന് കൊടുങ്ങലൂർ മെത്രാപ്പോലീത്താ (1644 1659) ഫ്രാൻസിസ് ഗാർസ്യായുടെ സഹചാരിയായിരുന്ന ജിയാക്വീന്തോ ദെ മാജിസ്ത്രീസ് തന്റെ ഗ്രന്ഥത്തിൽ കുറിച്ചിരിക്കുന്നു. നാലാം ദിവസം ആഘോഷപൂർവമായ ദിവ്യബലി അർപ്പണത്തോടെയാണ് നോമ്പ് സമാപിപ്പിച്ചിരുന്നത്. മാർത്തോമാ നസ്രാണികൾക്ക് മൂന്നു നോമ്പിനോടുള്ള പ്രതിപത്തി പരിഗണിച്ച് പ്രസ്തുത നോമ്പാചരണം തുടരാൻ സഭാനവീകരണത്തിനുദ്യമിച്ച ഉദയംപേരൂർ സൂനഹദോസ് അനുവദിച്ചു.
പൊതുവേ മൂന്നു നോമ്പാചരണത്തിന് കേരളസഭയിൽ മങ്ങലേറ്റിട്ടുണ്ടെങ്കിലും കുറവിലങ്ങാട്, കടുത്തുരുത്തി, പുളിങ്കുന്ന് തുടങ്ങിയ പുരാതന ദൈവാലയങ്ങളിൽ ഇന്നും ശോഭകെടാതെ ഈ നോമ്പും തിരുനാളും നടത്തപ്പെടുന്നുണ്ട്. ചേരമാൻ പെരുമാളിന്റെ കാലം മുതലേ കുറവിലങ്ങാട് പെരുന്നാളിന് ആന അകമ്പടിയുള്ള പ്രദക്ഷിണത്തിന് അവകാശം നൽകിയിരുന്നു എന്നത് പൊതുസമൂഹത്തിൽ ഈ തിരുനാളിനുണ്ടായിരുന്ന സ്വീകാര്യതയുടെ തെളിവാണ്. മൂന്ന് നോമ്പുമായി ബന്ധപ്പെട്ട് പുളിങ്കുന്ന് പള്ളിയിലെ മധുര കറി നേർച്ച ഇന്നും തുടരുന്നുണ്ട്.
പരിശുദ്ധ നോമ്പെ സമാധാനത്തോടെ വരിക. നോമ്പ് ജയത്തിന്റെ അടയാളവും ദുഷ്ടന്റെ നേരെ തോൽക്കാത്ത ആയുധവും ആകുന്നുവല്ലോ. നീതിമാന്മാരുടെയും പുണ്യവാന്മാരുടെയും നോമ്പിനെ കൈകൊണ്ട മിശിഹാ തമ്പുരാനെ ഞങ്ങളുടെ നോമ്പും നമസ്കാരവും അവിടുന്ന് കൈകൊള്ളേണമേ. നിനുവയരുടെ അനുതാപത്തെ കൈക്കൊണ്ടതുപോലെ അനുതാപത്തെയും കൈകൊള്ളേണമേ!