“സ്വർഗത്തിലേക്കുള്ള സുഖമമായ പാതയാണ് വി .കുർബ്ബാന .” ആധുനിക ലോകത്തിന്റെ സൈബർ യുഗത്തിൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കാർലോ അക്യുറ്റിസിന്റെ വാക്കുകളാണിവ . ദിവ്യകാരുണ്ണ്യത്തിന്റെ പവിത്രതയും വിശുദ്ധിയും വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ അപ്പോസ്തോലനാണ് കാർലോ .
ഓൺലൈൻ സാങ്കേതികതയെ വേണ്ടവിധം തിരുവോസ്തിരൂപനായ ഈശോയുടെ പ്രഘോഷണത്തിനായി ഉപയോഗിച്ചു പുതുതലമുറയ്ക്ക് ശ്രഷ്ഠമായ മാതൃകയായിരിക്കുകയാണ് കാർലോ .തന്റെ ഏഴാമത്തെ വയസ്സിൽ വിശുദ്ധ കുർബ്ബാന സ്വീകരിച്ച കാർളോ അക്യുറ്റിസിന്റെ ജീവിതം വിശുദ്ധ കുർബ്ബാനയോടും കുർബാന സ്വീകരണത്തോടും പരിശുദ്ധ ജപമാലയോടും ഒട്ടിനിൽക്കുന്നതായിരുന്നു .. വളരെ ചെറിയ പ്രായത്തിൽ തന്നെ ദിവ്യകാരുണ്ണ്യത്തോട് ചേർന്ന് നിൽക്കുവാൻ കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ പവിത്രമാക്കുന്നത്.
അസീസ്സി: അസീസ്സിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ നടന്ന തിരുക്കർമ്മങ്ങൾക്കിടയിൽ ധന്യൻ കാർളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ നിർദ്ദേശ പ്രകാരം അസീസ്സി ബസിലിക്കയുടെ പൊന്തിഫിക്കൽ പ്രതിനിധിയും റോമിന്റെ മുൻ വികാരി ജനറാളുമായ കർദ്ദിനാൾ അഗസ്തീനോ വല്ലീനിയാണ് വാഴ്ത്തപ്പെട്ടവനായി ഉയർത്തുന്ന പ്രഖ്യാപനം നടത്തിയത്. കാർളോയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ഫ്രാൻസിസ് പാപ്പയുടെ കത്ത് കർദ്ദിനാൾ വായിച്ചു കഴിഞ്ഞപ്പോൾ, ദേവാലയത്തിനുള്ളിൽ വലിയ കരഘോഷം മുഴങ്ങി.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ഉടൻ കാർളോയുടെ മാതാപിതാക്കളുടെ അകമ്പടിയോടെ ഡീക്കൻ കാർലോയുടെ ഹൃദയം അടങ്ങുന്ന തിരുശേഷിപ്പ് പേടകം (റെലിക്വറി) കർദ്ദിനാൾ അഗസ്തീനോ വല്ലീനിയുടെ കൈകളിൽ സമർപ്പിച്ചു. അദ്ദേഹം ആ തിരുശേഷിപ്പ് അൾത്താരയുടെ മുമ്പിലുള്ള പീഠത്തിൽ സ്ഥാപിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തു. പിന്നീട് കർദ്ദിനാൾ അഗസ്തീനോ കാർളോയുടെ മാതാപിതാക്കളെ അനുഗ്രഹിക്കുകയും ആലിഗംനം ചെയ്യുകയും ചെയ്തു.
കാർളോയുടെ ഹൃദയത്തിൻ്റെ തിരുശേഷിപ്പ് വഹിച്ചിരുന്ന പേടകത്തിന്റെ മുകൾ ഭാഗത്ത് “ദിവ്യകാരുണ്യമാകുന്ന ഹൈവേ ആണ് എൻ്റെ സ്വർഗ്ഗത്തിലേക്കുള്ള പാത” എന്ന കാർളോയുടെ വാക്കുകൾ കോറിയിട്ടിരുന്നു.ബസിലിക്കയിലെ ഇരിപ്പിടങ്ങളുടെ ആദ്യ നിരയിൽ തന്നെ സന്നിഹിതരായിരുന്ന കാർളോയുടെ ഇളയ സഹോദരങ്ങളായ 9 വയസ്സുള്ള ഫ്രാൻസിസ്ക്കോയും മിഷേലും തങ്ങൾ ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ജ്യേഷ്ഠസഹോദരനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സാക്ഷ്യം വഹിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബസിലിക്കയ്ക്ക് അകത്തും പുറത്തും തടിച്ചുകൂടിയ മൂവായിരത്തോളം വിശ്വാസികളെയും ലോകത്തിൻ്റെ വിവിധ കോണിൽ നിന്നും യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ തത്സമയം ചടങ്ങുകൾ വീക്ഷിച്ചിരുന്ന ലക്ഷകണക്കിന് യുവജനങ്ങളെയും സാക്ഷിയാക്കിയാണ് ‘ദിവ്യകാരുണ്യത്തിന്റെ സൈബർ അപ്പസ്തോലൻ’ കാർളോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്ത് പറയാൻ ഇല്ലാത്ത ഈ ന്യൂജെൻ വിശുദ്ധൻ നമ്മെ പഠിപ്പിക്കുന്നത് ലോകം മുഴുവൻ ആധുനികതയുടെ പിന്നാലെ പായുമ്പോഴും അവയുടെ മദ്ധ്യത്തിൽ തന്നെ നിന്ന് ആർക്കും വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറാം എന്നാണ്. എല്ലാ സാധ്യതകളും മുന്നിൽ ഉണ്ടായിട്ടും എല്ലാത്തിനെയും വളരെ പക്വമായി മാത്രം കൈകാര്യം ചെയ്യുവാനും ക്രിസ്തുവിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാനും കാർളോയ്ക്ക് കഴിഞ്ഞു.
സ്വന്തം വിശ്വാസം മറ്റുള്ളവരുടെ മുമ്പിൽ ഏറ്റുപറയാനും തൻ്റെ വിശ്വാസത്തെ സംരക്ഷിക്കാനും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കാനും ഈ ചുള്ളൻ പയ്യന് (ന്യൂ ജെൻ ഭാഷയിൽ) ഒരു മടിയും ഇല്ലായിരുന്നു…ഗലൂാീലാ ഉപയോഗിക്കാത്തന്യൂ ജെനറേഷൻ യുവാക്കൾ വളരെ വിരളമാണ്. ഇന്ന് മുതൽ ലോകത്തിന് ഒരു സൈബർ അപ്പസ്തോലനെ ലഭിച്ചിരിയ്ക്കുന്നു. ഇൻ്റർനെറ്റുമായി ബന്ധപ്പെട്ട നമ്മുടെ ഓരോ പ്രവർത്തികളും എന്തിന് വേണ്ടിയാണ് എന്ന് വല്ലപ്പോഴും ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്… ഒപ്പം മനസ്സിൽ മായാതെ കിടക്കണം കാർളോ കാട്ടിത്തന്ന നല്ല മാതൃകയും.