ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന പദവി 118 വയസുള്ള കത്തോലിക്കാ കന്യാസ്ത്രീപാരീസ്: കോവിഡ് മഹാമാരിയെ അതിജീവിച്ച ഫ്രഞ്ച് കന്യാസ്ത്രീയായ 118 വയസുകാരി സിസ്റ്റർ അൻദ്രെ റണ്ടൻ ഇനി ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വനിത.
കോവിഡ് മഹാമാരിയെ അതിജീവിച്ച് 2021 -ൽ 117-ാം വയസ് ആഘോഷിച്ച് വാർത്തകളിൽ ഇടംപിടിച്ച അതേ കന്യാസ്ത്രീയമ്മതന്നെ, വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ നാമധേയത്തിലുള്ള ‘ഡോട്ടേഴ്സ് ഓഫ് ചാരിറ്റി’ സഭാംഗമായ സിസ്റ്റർ അൻദ്രെ. 118 വയസും രണ്ട് മാസവും 15 ദിവസവുമാണ് ഇന്നേയ്ക്ക് (ഏപ്രിൽ 26) സിസ്റ്ററിന്റെ പ്രായം. 119 വയസുകാരിയായ ജാപ്പനീസ് മുത്തശ്ശി കാനെ തനാകാ ഏപ്രിൽ 19 -ന് മരണമടഞ്ഞതിനെ തുടർന്നാണ് സിസ്റ്റർ ആൻദ്രെ ഈ പദവിയിലെത്തിയത്.
1904 ഫെബ്രുവരി 11 -ന് ഫ്രാൻസിലെ എൽസിലാണ് അൻദ്രെയുടെ ജനനം. പ്രൊട്ടസ്റ്റന്റ് സഭയോട് വിടപറഞ്ഞ് 19-ാം വയസിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച അൻദ്രെ, 40-ാം വയസിലാണ് വിൻസെൻഷ്യൻ സഭയിൽ അംഗമായത്. പിന്നീട് വിവിധ മേഖലകളിൽ സേവനം ചെയ്ത സിസ്റ്റർ 76-ാം വയസുമുതൽ തെക്കൻ ഫ്രാൻസിലെ സെന്റ് കാതറിൻ ലേബറിന്റെ നാമധേയത്തിലുള്ള വിശ്രമകേന്ദ്രത്തിലാണ് താമസം. കോവിഡ് രോഗത്തിൽനിന്ന് അത്ഭുതകരമാംവിധം ജീവിതത്തിലേക്ക് തിരിച്ചെത്തി 2021ൽ 117-ാം പിറന്നാൾ ആഘോഷിച്ചതോടെയാണ് സിസ്റ്റർ അൻദ്രെ ഫ്രാൻസിന് പുറത്തുള്ളവർക്കും പരിചിതയായത്.
രണ്ട് ലോകമഹായുദ്ധം ഉൾപ്പെടെയുള്ള ചരിത്രനിമിഷങ്ങൾക്ക് ദൃക്സാക്ഷികൂടിയാണ് സിസ്റ്റർ. 10-ാം വയസിലായിരുന്നു ഒന്നാം ലോക മഹായുദ്ധം, യൂറോപ്പിനെ നടുക്കിയ സ്പാനിഷ് ഫ്ളൂ പൊട്ടിപ്പുറപ്പെട്ടപ്പോൾ പ്രായം 17, ഹിറ്റ്ലർ നാസിപ്പടയുമായി ഫ്രാൻസിലേക്ക് അധിനിവേശം നടത്തിയപ്പോൾ 35 വയസ്, ലോകം പുതുസഹ്രസാബ്ദത്തിലേക്ക് കടന്നപ്പോൾ പ്രായം 94, കോവിഡിനെ അതിജീവിച്ചത് 117ലും! മാത്രമല്ല, വിശുദ്ധ പയസ് 10-ാമൻ മുതൽ ഫ്രാൻസിസ് പാപ്പവരെയുള്ള 10 പാപ്പമാരുടെ കാലയളവിൽ വിശ്വാസജീവിതം നയിക്കാൻ കഴിഞ്ഞ വ്യക്തി എന്ന സവിശേഷതയുമുണ്ട് സിസ്റ്ററിന്.
115-ാം പിറന്നാൾ ആഘോഷിച്ച അവസരത്തിൽ സിസ്റ്റർ ആൻദ്രെയ്ക്ക് ഫ്രാൻസിസ് പാപ്പ ഒരു ആശംസാ കാർഡും ജപമാലയും സമ്മാനിച്ചിരുന്നു. സിസ്റ്ററിന്റെ പ്രാർത്ഥനകളിലെല്ലാം ഇപ്പോൾ ഉപയോഗിക്കുന്നത് പാപ്പ സമ്മാനിച്ച ജപമാലയാണ്. സന്തുഷ്ട ജീവിതത്തിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ കന്യാസ്ത്രിയമ്മയുടെ മറുപടി പുഞ്ചിരിനിറഞ്ഞ ഒറ്റ വാക്കിൽ ചുരുങ്ങും, ‘പ്രാർത്ഥന, അതുമാത്രം.’
കോവിഡ് ബാധിതയായപ്പോൾ മരണഭയം അലട്ടിയോ എന്ന ചോദ്യത്തിന് സിസ്റ്റർ നൽകിയ മറുപടിയും ശ്രദ്ധേയമായിരുന്നു: ‘മരണത്തെ പേടിയില്ലാത്തതിനാൽ ഭയം തേന്നിയില്ല. എന്നാൽ, നിങ്ങളോടൊപ്പം ആയിരിക്കാൻ കഴിയുന്നതിൽ ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു.’