മാനന്തവാടി: 900 വർഷത്തിന്റെ പാരമ്പര്യം ഉള്ള ആഗോള നോർബർട്ടൈൻ സന്യാസ സമൂഹത്തിന്റെ സീറോ മലബാർ ശാഖയെ നയിക്കുവാൻ പുതിയ അധികാരിയായി ഫാദർ ജോസഫ് മുരിക്കൻ തിരഞ്ഞെടുക്കപ്പെട്ടു. ഫാ. വിൻസെന്റ് മട്ടമ്മേൽ, മുൻ അധികാരിയുടെ ഒന്പത് വർഷത്തെ കാലാവധി കഴിഞ്ഞതോടെയാണ് പുതിയ അധികാരിയെ തിരഞ്ഞെടുത്തത്. പാലാ രൂപതയിലെ നമ്പ്യാകുളം ഇടവകയിൽ പരേതനായ മുരിക്കുനിൽക്കുംകാലായിൽ വർക്കി ത്രേസ്യ ദമ്പതികളുടെ മകനാണ് ഫാദർ ജോസഫ് മുരിക്കൻ.

റോമിൽ നിന്നും പാസ്റ്ററൽ കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് ഉള്ള ഫാ. ജോസ് മുരിക്കൻ, ഡൽഹിയിലെ CBCI -യുടെ കീഴിലുള്ള നിസ്കോർട്ട് മീഡിയ കോളേജിന്റെ ഡയറക്ടർ ആയി ആറ് വർഷം സേവനം ചെയ്തതിന് ശേഷം, കഴിഞ്ഞ ഒരു വർഷമായി മൈസൂരുവിൽ സ്കൂൾ പ്രിൻസിപ്പാൾ ആയി സേവനം ചെയ്തുവരവേയാണ് പുതിയ അധികാരിയായി തിരഞ്ഞെടുക്കപ്പെടുന്നത്.
900 വർഷത്തെ നോർബർട്ടൈൻ സന്യാസമസമൂഹത്തിന്റെ സഭാ ചരിത്രം
900 വർഷങ്ങൾക്ക് മുന്പ് പതിനൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം പാദത്തിൽ ഏഴാം ഗ്രിഗറി മാർപ്പാപ്പ നടത്തിയ ആ നവീകരണ-ശുദ്ധീകരണ പ്രക്രിയ, കത്തോലിക്ക സഭയെയെന്നല്ല, അന്നത്തെ ക്രിസ്തീയ യൂറോപ്പിനെതന്നെ അടിമുടി മാറ്റിമറിച്ച ഒന്നാണ്. പാപ്പാ നട്ടുവളർത്തിയ നവീകരണത്തിന്റെ വിത്തുകൾ വടവൃക്ഷം പോലെ പടർന്നു തുടങ്ങിയതിന്റെ അനുകരണം യൂറോപ്പിലെന്പാടും മാറ്റം കൊണ്ടുവരാൻ തുടങ്ങി.
സുഖലോലുപതയുടെ ഒരു ലോകക്രമവും യുദ്ധവും വിശ്വാസവും ഇഴുകിച്ചേർന്ന് ഏതാണ്ടൊന്നായി മാറിയ സാമൂഹിക സാഹചര്യവും അമിത സന്പത്തിന്റെ അത്ഭ ുത സുഖങ്ങളും കാർന്നുതിന്ന യൂറോപ്പ് ഏറെക്കുറെ അധാർമ്മികമായി മാറിയ സാഹചര്യത്തിന് മാറ്റം വരാൻ തുടങ്ങി. ജർമനിയിലെ സാന്റൺ എന്ന ചെറുനഗരത്തിലെ പ്രഭുകുമാരനായിരുന്ന നോര്ബർട്ട് എന്ന ചെറുപ്പക്കാരനും അതിഭൗതീകതയുടെയും അമിത ലൗകീകതയുടേയും ആഴപ്പരപ്പുകളിൽ മുങ്ങി നിവർന്നവനായിരുന്നു. ഒരു പുരോഹിതനല്ലായിരുന്നിട്ടുകൂടി സമുദായ പ്രമുഖൻമാർക്കോ അവരുടെ ശുപാർശ ലഭിക്കുന്നവർക്കോ മാത്രം ലഭിക്കുന്ന “കാനൻ’ എന്ന സമുന്നത പദവി നേടിയെടുത്തതോടെ, നോർബർട്ട് സമൂ ഹത്തിന്റെ ഉന്നത ശ്രേണിയിലേക്കു യർന്നു.
ഏറെ വൈകാതെ ഹെൻട്രി അഞ്ചാമൻ ചക്രവർത്തിയുടെ ചാപ്ലിനായി അദ്ദേഹം 1106-ൽ നിയമിതനായി. ധാർമികതയുടെയും ആത്മീയതയുടെയും അതിർവരന്പുകളെ കൂസാതെയുള്ള ആ ജീവിതം മാറിമറിയാനും ഏറെക്കാലം വേണ്ടിവന്നില്ല. ഉന്നതകുലജന്മംകൊണ്ടും വിജ്ഞാനത്തിന്റെ വില നിശ്ചയിക്കാനാവാത്ത ഭണ്ഡാകാരമായി വളർന്നു വന്നതുകൊണ്ടും വിശ്വസിച്ചുപോരുന്ന പ്രത്യയ ശാസ്ത്രങ്ങളോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനംകൊണ്ടും വിശുദ്ധ ഗ്രന്ഥത്തിലെ വി. പൗലോസിന്റെ അച്ചുരൂപമായിരുന്ന ആ യുവാവ്, ജീവിത പരിവർത്തനത്തിലും അതേ പൗലോസിന്റെ വഴിയേ നടന്നത് യാദൃശ്ചികമായി തള്ളാൻ കഴിയുന്നതല്ല.
പൗലോസിനെപ്പോലെ, കുതിരപ്പുറത്തുനിന്നുള്ള വീഴ്ചക്കൊടുവിൽ നോർബർട്ട് കേട്ട സ്വരം ഇങ്ങനെയായിരുന്നു. “നോർബർട്ട് തിന്മയിൽനിന്നകന്ന് നന്മ ചെയ്യുക, സമാധാനത്തെ അന്വേഷിച്ച് പുറപ്പെടുക!” “ഏതൊരു പാപിക്കും ഒരു ഭാവി കാലവും ഏതൊരു പുണ്യവാനും ഒരു ഭൂതകാലവും ബാക്കിയുണ്ടാകും’ എന്ന തത്വത്തിന്റെ പ്രോജ്ജ്വലമായ ജീവിക്കുന്ന മാതൃകയായി പന്ത്രണ്ടാം നൂറ്റാണ്ട് കാത്തുവച്ച പരിവർത്തനമാണ് പിന്നീട് കണ്ടത്.
1115-ൽ പൗരോഹിത്യം സ്വീകരിച്ച നോർബർട്ട്, സഭയുടെ പരിവർത്തനത്തിന് ഏഴാം ഗ്രിഗറി മാർപ്പാപ്പ തെളിച്ച വഴിയേ നീങ്ങിത്തുടങ്ങി. നേതാക്കളാണ് പരിവർത്തനത്തിന് നാന്ദി കുറിക്കേണ്ടത് എന്ന ലോകതത്വത്തെ, ‘നേതാക്കളിലാണ് പരിവർത്തനത്തിന് നാന്ദി കുറിക്കേണ്ടത്’ എന്ന നിസാര തത്വവുമായി സംയോജിപ്പിച്ച് നോർബർട്ട് പ്രവർത്തനമാരംഭിച്ചപ്പോൾ, ലക്ഷ്യം സഭാനേതാക്കൻമാരും എന്നാൽ ലൗകികതയുടെ മകുടോദാഹരണങ്ങളായി പൊതുജനം മുദ്രകുത്തിയിരുന്നവരുമായ പുരോഹിതഗണത്തെത്തന്നെയായിരുന്നു.
എവിടെയ.ും, ഏത് നേരവും വചനപ്രഘോഷണം നടത്താനുള്ള അംഗീകാരം, 1118-ൽ അന്നത്തെ മാർപ്പാപ്പയിൽനിന്നും കരഗതമാക്കിയ നോർബർട്ട്, പ്രെമോൺത്രേ എന്ന ഫ്രഞ്ചു താഴ്വരയിൽ തന്റെ അനുയായികൾക്കൊപ്പം അന്നത്തെ വൈദികരുടെ പൊതുവസ്ത്രക്രമം സ്വീകരിച്ച് സന്യാസ ജീവിതമാരംഭിച്ചു. 1121-ൽ പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേക ദർശനംവഴി ലഭിച്ചതുപ്രകാരം കത്തോലിക്കാ സഭയിൽ ഇദംപ്രഥമമായി വെള്ള സന്യാസവസ്ത്രം സ്വീകരിക്കുകയുണ്ടായി. ഇന്നത്തെ മാർപ്പാപ്പമാരുടെ വേഷവിധാനത്തിന്റെ ആദ്യ മാതൃകയായിരുന്നു ആ വെള്ള വസ്ത്രം.
വിശുദ്ധ കുർബ്ബാനയുടെ അടിയുറച്ച ആരാധകനും പ്രഗൽഭനായ പ്രചാരകനുമായി നോർബർട്ട് സമൂഹ ജീവിതവും സഭാജീവിതവും മുന്നോട്ടു കൊണ്ടുപോയി. വിശുദ്ധ കുർബ്ബാനയിലെ കർത്താവിന്റെ യഥാർത്ഥ സാന്നിധ്യത്തെതന്നെ ചോദ്യം ചെയ്ത്, ടാഞ്ചലിൻ എന്നൊരു പാഷണ്ഡി രംഗപ്രവേശനം ചെയ്തത് അക്കാലത്തായിരുന്നു. യൂറോപ്പിന്റെതന്നെ വിശ്വാസജീവിതത്തെ ആട്ടിയുലച്ച ഈ അബദ്ധപ്രബോധനങ്ങൾ അപഹാസ്യമായ തലങ്ങളിലേക്ക് തരംതാണപ്പോൾ, സഭയുടെ സംരക്ഷകനും സമൂഹത്തിന്റെ ബോധജ്ഞാനത്തിന് കോട്ടം വരാതിരിക്കാൻതക്ക വിജ്ഞാനശേഷിയുള്ള മാർഗ്ഗനിർദേശിയുമായി നോർബർട്ട് രംഗപ്രവേശനം ചെയ്ത് വിശ്വാസംരക്ഷകനായി മാറി. “
“പരിശുദ്ധ കുർബ്ബാനയുടെ അപ്പസ്തോലൻ” എന്ന വിശേഷണം പതിച്ചു നൽകിയാണ് കത്തോലിക്കാ സഭ അതിന് നന്ദി അറിയിച്ചത്. അന്നുമുതലിന്നോളം കയ്യിൽ അരുളിക്കയേന്തിയ നിലയിലാണ് പരിശുദ്ധ കുർബ്ബാനയുടെ ഏറ്റവും വലിയ ഈ സംരക്ഷകനെ ചിത്രീകരിച്ചും അടയാളപ്പെടുത്തിയും പോരുന്നത്. സമാധാനസ്ഥാപനത്തിനുള്ള അഭംഗുരമായ അഭിനിവേശവും അപാരമായ ആത്മാർത്ഥതയും മൂലം അനേകം വ്യക്തികളെയും സമൂഹങ്ങളേയും രാഷ്ട്രങ്ങളേയുംവരെ യുദ്ധ കലഹങ്ങളിൽനിന്ന് മോചിപ്പിച്ചതിനാൽ “സമാധാനത്തിന്റെ അപ്പസ്തോലൻ’ എന്നൊരു വിളിപ്പേരിനും അദ്ദേഹം അർഹനായി.
1126-ൽ, ജർമ്മനിയിലെ മാഗ്ഡേബർഗ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി അദ്ദേഹം നിയമിതനായി. താൻ സ്ഥാപിച്ച സന്യാസ സമൂഹം പടർന്നുപന്തലിക്കുന്നതിന് നേർസാക്ഷ്യം വഹിച്ച് അദ്ദേഹം ഒരേ സമയം സന്യാസശ്രേഷ്ഠനും വൈദികശ്രേഷ്ഠനുമായി സേവനം ചെയ്തു. കത്തോലിക്കാ സഭയെ അഭിമാനമായും അമ്മയായും കണ്ട നോർബർട്ട് മെത്രാപ്പോലീത്ത, റോമായിൽവെച്ച് ആന്റിപോപ്പ് അനാക്ലീറ്റസ് രണ്ടാമനെ പുറത്താക്കുന്നതിലും ഇന്നസെന്റ് രണ്ടാമൻ പാപ്പായെ സ്ഥാനമേറ്റെടുക്കാൻ സഹായിച്ചതിലും ഏറെ സ്തുത്യർഹമായ സ്ഥാനം വഹിച്ചു.
1080-ൽ ജനിച്ച്, കേവലം 54 വർഷം മാത്രം ജീവിച്ച ആ സഭാ സ്നേഹി, 1134 ജൂൺ 6-ാം തീയ്യതി തന്റെ കർമ്മമണ്ഡലം ഇഹലോകത്തുനിന്നും അവസാനിപ്പിച്ചു. 1582 ജൂലൈ 28-ന് ഗ്രിഗറി പതിമൂന്നാം മാർപ്പാപ്പാ, നോർബർട്ടിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ന് വിശുദ്ധന്റെ ഭൗതീകാവശിഷ്ടങ്ങൾ ചെക്കോസ്ലോവാക്കിയായിലെ പ്രാഗ് എന്ന സ്ഥലത്തെ സ്ട്രാഹോവ് ആബിയിൽ സ്ഥാപിച്ചിരിക്കുന്നു.
സഭയുടെ ഉൽപ്പത്തിയിലെ ചൈതന്യംകൊണ്ട് “കാനൻസ് റെഗുലർ ഓഫ് പ്രെമോൺത്രേ’യെന്നും പ്രെമോൺത്രേ താഴ്വരയിലുരുവായ സന്യാസികളെന്ന നിലയിൽ “ഓർഡർ ഓഫ് പ്രെമോൺസ്ട്രേടെൻഷ്യൻസ്’ എന്നും വി. നോർബർട്ടിനാൽ സ്ഥാപിതമായതെന്ന നിലയിൽ “നോർബർട്ടൈൻസ്’ എന്നും ധരിക്കുന്ന വെള്ള വസ്ത്രത്തിന്റെ സ്മരണയിൽ “വൈറ്റ് കാനൻസ്’ എന്നുമെല്ലാം അറിയപ്പെടുന്ന ഈ സന്യാസ സമൂഹം വി. അഗസ്തീനോസിന്റെ നിയമാവലിയോടും സഭയുടെ ഭരണഘടനയോടും വിധേയത്വം കാണിച്ച് ഇന്ന് 900 വർഷങ്ങളുടെ സേവന നിറവിലാണ്.
സാഘോഷമായ ദിവ്യബലിയർപ്പണം, സാഹോദര്യം സാർത്ഥകമാക്കി ആഘോഷിക്കുന്ന സമൂഹ ജീവിതം, പ്രവൃത്തിയും പ്രാർത്ഥനയും സമന്വയിപ്പിച്ച ജീവിതക്രമം എന്നിവ വഴിയായി ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്ന ഈ സന്യാസസമൂഹത്തിന് ഇന്ന് ഇരുപത്തേഴോളം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 1300-ൽപ്പരം അംഗങ്ങളുണ്ട്. ഇതേ പേരിനാൽ ഒരു സന്യാസിനീ സമൂഹവും അൽമായക്കൂട്ടായ്മയും ശുശ്രൂഷയിലേർപ്പെട്ടിരിക്കുന്നു.
മാനന്തവാടി നോർബർട്ടൈൻസ്
ആഗോള നോർബർട്ടൈൻ സന്യാസമസമൂഹത്തിന്റെ സീറോ മലബാർ ശാഖയായി, 1979 നവംബർ ഒന്നിന് മാനന്തവാടിയിൽ “നോർബർട്ട് ഹൗസ്’ എന്ന പേരിൽ ഒരു ആശ്രമം സ്ഥാപിതമായി. മാനന്തവാടി നോർബർട്ടൈൻസ് എന്നറിയപ്പെടുന്ന ഈ സമൂഹത്തിൽ ഇന്ന് 103 അംഗങ്ങളുണ്ട്. മാതൃഭവനമായ മാനന്തവാടിയിലെ സെന്റ് നോർബർട്ട് പ്രയറിക്ക് പുറമെ വയനാട്ടിലെ ദ്വാരക, കോഴിക്കോട്, എറണാകുളം, കാസർഗോഡ് എന്നിവിടങ്ങളിലും ആസാമിലെ ഗോൾപ്പാറ, കർണ്ണാടകത്തിലെ ചിക്കമഗളൂരു, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും ജർമ്മനി, ഓസ്ട്രിയ, അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും മാനന്തവാടി നോർബർട്ടൈൻ സന്യാസ സമൂഹത്തിലെ വൈദികർ ശുശ്രൂഷ ചെയ്യുന്നു.

വി. നോർബർട്ടിന്റെ വി. കുർബ്ബാനയോടുള്ള ഭക്തിയും വിശ്വാസസംരക്ഷണതീക്ഷ്ണതയും ഈ ആധുനിക കാലത്തും നമുക്ക് പ്രചോദനമരുളട്ടെ.