ശ്രീ. ഉമ്മൻ ചാണ്ടി; ജനങ്ങൾക്കു വേണ്ടി ജനങ്ങളോടൊപ്പം ജീവിച്ച ജനപ്രതിനിധി
കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിലൂടെ മാന്യനും ജനപ്രിയനുമായ ഒരു ഉത്തമ നേതാവിനെയാണ് കേരളീയർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. നിയമസഭാംഗമായി സജീവരാഷ്ടീയത്തി ലെത്തിയ നാളുമുതൽ അമ്പത് വർഷത്തിലധികമായി മരണം വരെയും പൊതുജനസമ്മതനായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം.
ജനങ്ങൾക്കു വേണ്ടി ജനങ്ങളോടൊപ്പം ജീവിച്ച ജനപ്രതിനിധി; ആർക്കും ഏതവസരത്തിലും സമീപിക്കാവുന്ന, ഏവർക്കും സംലഭ്യനായ ജനനേതാവ്; പ്രതികൂല സാഹചര്യങ്ങളെയും വിമർശനങ്ങളെയും തികഞ്ഞ സംയമനത്തോടെ അതിജീവിച്ച രാഷ്ട്രീയ കർമയോഗി, രാഷ്ട്രീയ എതിരാളികളോട് ശത്രുതയോ വൈരാഗ്യമോ പുലർത്താതെ മാന്യതയോടെ പ്രതികരിക്കുവാൻ കഴിഞ്ഞ ശ്രേഷ്ഠവ്യക്തിത്വം; പാവപ്പെട്ടവർക്കും വേദനിക്കുന്നവർക്കും കരുണയുടെ ആൾരൂപമായ സഹായഹസ്തം, അതായിരുന്നു ഉമ്മൻചാണ്ടി.
വിവിധ മതസമുദായങ്ങളോടും അവയുടെ നേതാക്കളോടും സ്നേഹവും ആദരവും അദ്ദേഹം പുലർത്തിയിരുന്നു. ശ്രീ. ഉമ്മൻ ചാണ്ടിയുടെ വ്യക്തിപരമായ സ്നേഹബന്ധവും സൗഹൃദവും നന്ദിയോടെ ഓർക്കുന്നു. ചങ്ങനാശേരി അതിരൂപതയുടെ ഉത്തമസുഹൃത്തും സഹായിയുമായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ചങ്ങനാശേരി അതിരൂപതയുടെ അഗാധമായ ദുഃഖം അറിയിക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു: Archbishop Joseph Perumthottam.

സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു തന്ന വ്യക്തിത്വം. ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല.. ഒടുവിലൊരിക്കൽ ചെന്ന് കണ്ടപ്പോഴും അദ്ദേഹത്തിനൊപ്പം ഔഷധം എന്നവണ്ണം ഒരു പറ്റം ആളുകൾ ഉണ്ടായിരുന്നു. ഞാൻ വിദ്യാർത്ഥി ആയിരുന്നപ്പോഴേ അദ്ദേഹം നിയമസഭയിലുണ്ട്. ചെറുപ്പത്തിലേ ഉയരങ്ങളിൽ എത്തിയ ഒരാൾ..
എന്നിട്ടും പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു… ഞാൻ എന്ന വ്യക്തി ചുമക്കാൻ പാടുപെടുന്ന മമ്മൂട്ടി എന്ന നടന്റെ താരഭാരം അലിഞ്ഞില്ലാതായി. പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം…
” ഞാനാ ഉമ്മൻചാണ്ടിയാ” എന്നു പറഞ്ഞു ഫോണിൽ വിളിക്കുന്ന വിളിപ്പാടകലെയുള്ള സഹൃദയൻ.. അതിശക്തനായ നേതാവ്.
ഒരിക്കൽ ഞങ്ങളുടെ ‘കെയർ ആൻഡ് ഷെയർ’ പദ്ധതി 600 കുട്ടികളുടെ ചികിത്സാചിലവുകൾ കണ്ടെത്താൻ പാടുപെടുകയായിരുന്നു. അപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടി 100 കുട്ടികളുടെ ശസ്ത്രക്രിയക്കുള്ള ചിലവ് CSR ഫണ്ട് ഉപയോഗിച്ച് സ്പോൺസർ ചെയ്യാമെന്നേറ്റു . നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച് ആശുപത്രി വിടുമ്പോൾ മുഖ്യമന്ത്രി ആയ ഉമ്മൻ ചാണ്ടി കാണാൻ വരികയും ചെയ്തു.
സത്യ പ്രതിജ്ഞ കഴിഞ്ഞ് മൂന്നാം നാൾ കൊച്ചിയിലെ എന്റെ വീട്ടിലേക്കു അപ്രതീക്ഷിതമായി ഊണിനെത്തി. അന്ന് എനിക്കദ്ദേഹത്തോടുള്ള ഒരേ ഒരു വിയോജിപ്പ് ഞാൻ രേഖപെടുത്തി. ” സ്വന്തം ആരോഗ്യം നോക്കാതെയുള്ള ഈ അലച്ചിൽ നിയന്ത്രിക്കണം “
ഒരു ചിരി മാത്രമായിരുന്നു മറുപടി.
‘പ്രാഞ്ചിയേട്ടൻ’ എന്ന ചിത്രത്തിൽ എന്റെ കഥാപാത്രം പോലും പറയുന്നുണ്ട്
‘ഉമ്മൻ ചാണ്ടി ഒന്നേ ഉള്ളു ‘ എന്ന്…
ഒരുമിച്ചൊരുപാട് ഓർമ്മകൾ.. ആയിരം അനുഭവങ്ങൾ..
ഒരുപാടെഴുതുന്നില്ല..
എഴുതേണ്ടിവന്ന ഒരനുഭവം കൂടി
അദേഹത്തിന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതുവാനുള്ള നിയോഗം എനിക്കായിരുന്നു
അതിലെഴുതാൻ കുറിച്ച വരികൾ ഇവിടെ കുറിക്കട്ടെ
“ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്നേഹത്തിനുള്ളതാകും….: Mammootty
പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്. ദീർഘവീഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ: Mohanlal
കോൺഗ്രസ് നേതാവും കേരളത്തിന്റെ മുൻമുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി വിടവാങ്ങിയിരിക്കുകയാണ്. ഈ വേർപാടോടെ അവസാനിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണ്. ഉമ്മൻചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകൾ പലതും കേരളരാഷ്ട്രീയത്തിൽ കാലത്തെ അതിജീവിച്ചു നിലനിൽക്കും.
ഒരേ മണ്ഡലത്തിൽ നിന്നുതന്നെ ആവർത്തിച്ച് തെരഞ്ഞെടുക്കപ്പെട്ടു സഭയിലെത്തുക. അങ്ങനെ നിയമസഭാ ജീവിതത്തിൽ അഞ്ച് പതിറ്റാണ്ടിലേറെ പൂർത്തിയാക്കുക.
തെരഞ്ഞെടുപ്പിനെ നേരിട്ട ഒരു ഘട്ടത്തിൽ പോലും പരാജയമെന്തെന്നത് അറിയാനിടവരാതിരിക്കുക. ഇതൊക്കെ ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ അത്യപൂർവം പേർക്കു മാത്രം സാധ്യമായിട്ടുള്ള കാര്യങ്ങളാണ്. ആ അത്യപൂർവം സമാജികരുടെ നിരയിലാണ് ശ്രീ. ഉമ്മൻചാണ്ടിയുടെ സ്ഥാനം. ആ സവിശേഷത തന്നെ ജനഹൃദയങ്ങളിൽ അദ്ദേഹം നേടിയ സ്വാധീനത്തിന്റെ തെളിവാണ്.
1970 -ൽ ഞാനും ഉമ്മൻചാണ്ടിയും ഒരേ ദിവസമാണ് നിയമസഭാംഗമായത്. എന്നാൽ, ഞാൻ മിക്കവാറും വർഷങ്ങളിലൊക്കെ സഭയ്ക്കു പുറത്തെ പൊതുരാഷ്ട്രീയ പ്രവർത്തനരംഗത്തായിരുന്നു. ഇടയ്ക്കൊക്കെ സഭയിലും. എന്നാൽ, ഉമ്മൻചാണ്ടി സത്യപ്രതിജ്ഞ ചെയ്തതു മുതൽക്കിങ്ങോട്ട് എന്നും സഭാംഗമായി തന്നെ തുടർന്നു. പല കോൺഗ്രസ് നേതാക്കളും കെ കരുണാകരനും എ കെ ആന്റണിയുമടക്കം പാർലമെന്റംഗമായും മറ്റും പോയിട്ടുണ്ട്. ഉമ്മൻചാണ്ടിക്ക് എന്നും പ്രിയങ്കരം നിയമസഭയായിരുന്നു. അദ്ദേഹം അത് വിട്ടുപോയതുമില്ല. കേരളജനതയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന് ഇതിലും വലിയ ദൃഷ്ടാന്തം ആവശ്യമില്ല.
എഴുപതുകളുടെ തുടക്കത്തിൽ നിരവധി യുവാക്കളുടെ സാന്നിദ്ധ്യംകൊണ്ട് കേരള നിയമസഭ ശ്രദ്ധിക്കപ്പെട്ടിരുന്നു. അവരിൽ മറ്റാർക്കും ലഭ്യമാവാത്ത ചുമതലകൾ തുടർച്ചയായി ഉമ്മൻ ചാണ്ടിയെ തേടിയെത്തി. മൂന്നുവട്ടം മന്ത്രിയായി. നാലാം വട്ടം മുഖ്യമന്ത്രിയായി. ധനം, ആഭ്യന്തരം, തൊഴിൽ തുടങ്ങിയ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിനു കൈകാര്യം ചെയ്യാൻ സാധിച്ചു.
ജീവിതം രാഷ്ട്രീയത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണദ്ദേഹം.
1970 മുതൽക്കിങ്ങോട്ടെന്നും കേരളത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി ഉമ്മൻചാണ്ടി ഉണ്ടായിട്ടുണ്ട്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അര നൂറ്റാണ്ടു കാലത്തെ ചരിത്രത്തിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്ന കാര്യത്തിൽ എന്നും ഉമ്മൻചാണ്ടിയുടെ പങ്ക് ശ്രദ്ധേയമായിരുന്നു. കോൺഗ്രസിന്റെയും യു ഡി എഫിന്റെയും മന്ത്രിസഭയുടെയും നേതൃ നിർണയ കാര്യങ്ങളിലടക്കം നിർണായകമാം വിധം ഇടപെട്ടിട്ടുണ്ട് ഉമ്മൻചാണ്ടി.
കെഎസ്യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും സംസ്ഥാന കോൺഗ്രസിന്റെ നേതൃനിരയിലെത്തിയ ഉമ്മൻചാണ്ടി സംസ്ഥാനതല കോൺഗ്രസ് നേതൃത്വത്തിൽ പ്രവർത്തിക്കുമ്പോഴും അടിസ്ഥാനപരമായി പുതുപ്പള്ളിക്കാരനായിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. കഠിനാധ്വാനവും സ്ഥിരോത്സാഹവും എന്നും ഉമ്മൻചാണ്ടിയെ നയിച്ചു. ഊണിനും ഉറക്കത്തിനുമൊന്നും പ്രാധാന്യം കൽപിക്കാതെ ആരോഗ്യം പോലും നോക്കാതെ കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യാപരിക്കുന്ന പ്രകൃതക്കാരനായി അദ്ദേഹം മാറി.
രോഗാതുരനായ ഘട്ടത്തിൽപ്പോലും ഏറ്റെടുത്ത കടമകൾ പൂർത്തീകരിക്കുന്നതിൽ അദ്ദേഹം വ്യാപൃതനായിരുന്നു. പൊതുപ്രവർത്തനത്തോടുള്ള ഉമ്മൻചാണ്ടിയുടെ ഈ ആത്മാർത്ഥത പുതുതലമുറയ്ക്കടക്കം മാതൃകയാണ്. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നികത്താനാവാത്ത വിടവ് സൃഷ്ടിച്ചാണ് ഉമ്മൻചാണ്ടി വിടവാങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ സന്തപ്ത കുടുംബാംഗങ്ങളുടെയും കോൺഗ്രസ് പാർട്ടിയുടെയും യു.ഡി.എഫിന്റെയും പ്രിയപ്പെട്ട എല്ലാവരുടെയും ദു:ഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു: Pinarayi Vijayan.
ഉമ്മൻ ചാണ്ടി…
അധികാര ശ്രേണിയുടെ അത്യുച്ചിയിലായിരിക്കുമ്പോൾ പോലും അധികാരധാർഷ്ട്യം തരിപോലും തീണ്ടാത്ത അതീവവിനയാന്വിതൻ.
ആർക്കും ചെസ്റ്റ് നമ്പറിട്ടിട്ടില്ല
” കടന്നു വരൂ, ഇരിക്കൂ” എന്നല്ലാതെ
ആരോടും “കടക്കൂ, പുറത്തെ”ന്നു പറഞ്ഞിട്ടില്ല.
“നിന്നെയൊക്കെ ഒരു ദിവസമെങ്കിലും പൂട്ടിക്കെട്ടിക്കു”മെന്ന ഭീഷണിയോടെ അലറിവിളിച്ച് അഴിഞ്ഞാടുന്നത്
വീരകൃത്യമായി കരുതുന്ന അഭിനവ ഗുണ്ടാരാഷ്ട്രീയക്കാരും
അവരുടെ അടിമ- കൂലി സംഘങ്ങളും നിർലോഭം വിഹരിക്കുന്ന ഒരു കെട്ട കാലം!
പൂട്ടിക്കാൻ ഏതു വിഡ്ഡിക്കൂശ്മാണ്ഡത്തിനും കഴിയുമെന്നറിഞ്ഞിരുന്ന
ഈ വെളിച്ചത്തിൻ്റെ മനുഷ്യൻ,
പൂട്ടിക്കാനല്ല,
പൂട്ടപ്പെട്ടുപോയതൊക്കെ
കൊടിനിറം നോക്കാതെ
തുറപ്പിക്കാനാണ് അക്ഷീണം പോരാടിയത്.
കപട രാഷ്ട്രീയക്കാരുടെ കൂട്ടുകച്ചവടകെട്ടിൽ നിന്നൊക്കെ തെന്നിയകന്ന് സ്വയം നിർമ്മിച്ച അന്തസ്സുള്ള ‘കൈ’ വഴികളിലൂടെ ജനമധ്യേ ഈ കുഞ്ഞൂഞ്ഞ് നിർഭയമങ്ങനെ നടന്നു – അക്ഷോഭ്യനായി. എന്നിട്ടും, അധമ രാഷ്ട്രീയത്തിൻ്റെ കുടില സന്തതികൾ അന്നും അദ്ദേഹത്തെ വെറുതെ വിട്ടില്ല. അവർ ആ മനുഷ്യനെ കൃത്യം ടാർഗറ്റു ചെയ്ത് വേട്ടക്കിറങ്ങി; പൂട്ടാൻ തോരാപക പൂണ്ട്തേ രാ പാര(യുമായി) ഓടിനടന്നു;
പച്ചക്കള്ളങ്ങൾ അലറിവിളിച്ച് പരസ്യമായി അപമാനിച്ചു;
മുറിപ്പെടുത്തി
അക്കൂട്ടരുടെയൊക്കെ മുഖത്തു നോക്കി മന്ദഹസിക്കാൻ മാത്രം
ഉദാത്തവും, മാതൃകാപരവുമായ
മാനുഷികതയുടെയും, മാന്യതയുടെയും പര്യായമായിരുന്നു ഈ മഹാനായ മനുഷ്യൻ!
അതിനു പ്രചോദനം പകർന്ന തൻ്റെ രാഷ്ട്രീയാദർശം ഒരിക്കൽ അദ്ദേഹം വെളിപ്പെടുത്തി:
“രാഷ്ട്രീയത്തിൽ ദുരഭിമാനം ഉണ്ടാകാൻ പാടില്ല; രാഷ്ട്രീയത്തിൽ അസഹിഷ്ണുതയുണ്ടാകാൻ പാടില്ല; വിമർശനമുണ്ടാകും. ആ വിമർശനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. വിമർശനമില്ലെങ്കിൽ ഞാൻ പോലും ചിലപ്പോൾ വഴിതെറ്റിയെന്നിരിക്കും. ഞാൻ ചോദ്യം ചെയ്യപ്പെടരുതാത്ത ഒരാളാണ് എന്നെ ആരും എതിർക്കാനില്ല എന്നു കണ്ടാൽ എനിക്ക് എന്തും ചെയ്യാം എന്നൊരു ഫീലിങ്ങ് വരും. ഒരിക്കലും അങ്ങനെയുണ്ടാകാൻ പാടില്ല “
അധികാരഗർവ്വു നിറഞ്ഞ നമ്മുടെ അഭിനവജനപ്രതിനിധികൾ ഇംപോസിഷനെഴുതി മനഃപാഠം പഠിക്കേണ്ട അടിസ്ഥാന രാഷ്ട്രീയപാഠം!
സംശയം വേണ്ട,
മനുഷ്യത്വത്തിൻ്റെ
ഒരു തരിയെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ
കാലം പറയും; ഉമ്മൻചാണ്ടിയായിരുന്നു ശരി!
ഉമ്മൻ ചാണ്ടി…
അദ്ദേഹം എപ്പോഴും നമുക്കിടയിലായിരുന്നു,
നമ്മോടൊപ്പമായിരുന്നു
നമ്മിലൊരുവനായിരുന്നു
രാഷ്ട്രീയം മറന്ന് ഓരോ മലയാളിയും ഈ മനുഷ്യനെ അങ്ങേയറ്റം ഇഷ്ടപ്പെട്ടു പോയിരുന്നല്ലോ!
ഒരു മന്ദമാരുതനെപ്പോലെ ഈ മനുഷ്യസ്നേഹി കടന്നുപോകുമ്പോൾ
ഓരോ കേരളീയനും അനുഭവിക്കുന്നത് സ്വന്തം പ്രിയരിലൊരാൾ കൈ വീശിയകന്നു പോകുന്ന ഹൃദയവേദന തന്നെ.
തലമുറകൾ കഴിയുമ്പോൾ,
ഇത്രമാത്രം അതിസാധാരണക്കാരനായ ഒരു മുഖ്യമന്ത്രി ഇന്നാടു ഭരിച്ചിരുന്നെന്ന് വിശ്വസിക്കുകപോലും ചെയ്യാനാകാത്ത (കഷ്ട)കാലം വരാതിരുന്നെങ്കിൽ! Simon Varghese