ചേർത്തല: മുഹമ്മ മദർ തെരേസാ ഹൈ സ്കൂളിൻ്റെ നേതൃത്വത്തിൽ ഡിസംബർ 23 വ്യാഴാഴ്ച മെഗാ ക്രിസ്തുമസ് ആൻ്റ് ന്യൂ ഇയർ ആഘോഷം സീസൺ 2 നടത്തി.
1985 മുതൽ 2015 വരെ 30 വർഷം പഠിച്ച വിദ്യാർഥികളും കലാലയത്തിലെ അധ്യാപകരും ചേർന്ന് ഓൺലൈനായി നടത്തുന്ന പരിപാടി കാരുണ്യ പ്രവർത്തന ങ്ങൾക്ക് മുൻതൂക്കം നൽകിയാണ് നടത്തിയത്. ഇതിൻ്റെ ഭാഗമായി മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് വീൽ ചെയർകൈമാറി.
ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണവും ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ അനുഗ്രഹ പ്രഭാഷണവും നടത്തി . സ്വാമി ശിവസ്വരൂപാനന്ദ സദസിന് ആത്മീയ നിറവ് പകർന്നു.

നാടകഗാന രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ആലപ്പി ഋഷികേശിനെ ആദരിച്ചു. വയലിനിസ്റ്റ് ബിജു മല്ലാരി, അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നു വന്ന ഗായിക നാഞ്ചിയമ്മ, ചേർത്തലയുടെ വാനമ്പാടി ചേർത്തല രാജേഷ് , പുലിമുരുകൻ സിനിമയിലെ അഭിനേതാവ് സന്തോഷ് കീഴാറ്റൂർ , പ്രശസ്തഗായകൻ കണ്ണൻ ജി.നാഥ് എന്നിവർ പങ്കെടുത്തു.
ചേർത്തല സബ് ജില്ലയിലെ തന്നെ ഏറ്റവും മികച്ച കളിക്കളവും അനുബന്ധ സൗകര്യങ്ങളുമാണ് മദർ തെരേസ സ്കൂളിൽ തയ്യാറായി വരുന്നത് . വിദ്യാർഥികളുടെ യാത്രാ സൗകര്യം മുൻനിർത്തി 155 സൈക്കിളുകൾ വിദ്യാർഥികൾക്ക് നൽകിയും ശ്രദ്ധ കവർന്നു . വിദ്യാർഥികളുടെ നേതൃത്വത്തിലുളള വി കെയർ ചാരിറ്റി പദ്ധതിയിലൂടെ നിർധന വിദ്യാർഥിക്ക് വീടുവെച്ച് നൽകിയും പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് സഹായമെത്തിച്ചും ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമാകുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ ജയിംസ് കുട്ടി പി.എ , പി ടി എ പ്രസിഡൻ്റ് ടോമിച്ചൻ കണ്ണയിൽ , ദുർഗാപ്രസാദ് ,മാത്തച്ചൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.