എന്തുകാര്യം ചെയ്യുന്നതിനുമുമ്പും താൻ യേശുവിനോട് പ്രാർത്ഥിക്കുമെന്നും നമ്മുടെ ജീവിതം മാറ്റിമറിയ്ക്കുവാൻ പ്രാപ്തനാണ് ക്രിസ്തുവെന്നും ശ്രീകുമാർ.
ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു : വിശ്വാസസാക്ഷ്യം പ്രഖ്യാപിച്ച് ഗായകൻ എം ജി ശ്രീകുമാർ രംഗത്ത് ! താൻ യേശുവിൽ വിശ്വസിക്കുകയും യേശുവിനോട് പ്രാർഥിക്കുകയും ചെയ്യുന്ന ആളാണെന്ന് തുറന്നെഴുതി പ്രശസ്ത പിന്നണി ഗായകൻ എം ജി ശ്രീകുമാർ രംഗത്ത്. ക്രൈസ്തവ പ്രസിദ്ധീകരണമായ സണ്ഡേ ശാലോമിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിലാണ് ശ്രീകുമാർ തൻ്റെ വിശ്വാസ സാക്ഷ്യം വ്യക്തമാക്കുന്നത്.
എന്തുകാര്യം ചെയ്യുന്നതിനുമുമ്പും താൻ യേശുവിനോട് പ്രാർത്ഥിക്കുമെന്നും നമ്മുടെ ജീവിതം മാറ്റിമറിയ്ക്കുവാൻ പ്രാപ്തനാണ് ക്രിസ്തുവെന്നും ശ്രീകുമാർ പറയുന്നു. ശ്രീകുമാറിൻ്റെ ലേഖനത്തിന്റെ പൂർണ്ണരൂപം ചുവടെ:
എൻ്റെ ജീവിതത്തിൽ യേശുക്രിസ്തു എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ എന്ന വ്യക്തിയെ മാത്രമല്ല ഏതൊരാളെയും മാറ്റിമറിക്കാനുള്ള അസാധാരണമായ പ്രഭാവം ദൈവപുത്രനായ യേശുക്രിസ്തുവിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കന്യകയിൽനിന്നുള്ള അവിടുത്തെ
ജനനത്തെയും പീഡകൾ സഹിച്ചുള്ള കുരിശുമരണത്തെയും കുറിച്ച് ക്രിസ്തു ജനിക്കുന്നതിനുമുമ്പുതന്നെ പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
രാജഭരണക്രമം നിലനിന്ന കാലത്ത് മഹാന്മാരുടെയും അത്യുന്നതരായ ശ്രേഷ്ഠ വ്യക്തികളുടെയും ജനനം രാജകൊട്ടാരങ്ങളുടെ പൂമെത്തയിൽ സമ്പൽസമൃദ്ധിയുടെയും സർവസുഖാഡംബരങ്ങളുടെയും മധ്യത്തിലായിരുന്നു.
മിശിഹാ എന്ന ലോകരക്ഷകൻ തന്റെ ഉദരത്തിൽ വന്നു പിറക്കണമെന്ന് ഇസ്രായേൽ ദേശത്തെ ഓരോ കന്യകയും ആഗ്രഹിച്ചിരുന്നതായി വായിച്ചിട്ടുണ്ട്. എന്നാൽ യേശുക്രിസ്തുവിൻ്റെ ജനനത്തിന് പരിശുദ്ധ കന്യകാമറിയത്തെ ദൈവം നേരത്തേ തിരഞ്ഞെടുത്തു. മാതൃത്വത്തിൻ്റെ എല്ലാ ഗുണവിശേഷങ്ങളും നിറഞ്ഞുനിന്ന സ്നേഹത്തിന്റെ പാൽക്കടലായിരുന്നു ദൈവത്തിൻ്റെ
അമ്മയായ പരിശുദ്ധ കന്യാമറിയം.
ദൈവപുത്രന്റെ മാത്രമല്ല, സമസ്ത ലോകത്തിൻ്റെയും എല്ലാക്കാലത്തേക്കുമുള്ള
വാത്സല്യനിധിയായ അമ്മയായിരുന്നു അവൾ. ദൈവപുത്രൻ്റെ പിറവിക്കായി ദൈവം തിരഞ്ഞെടുത്ത സ്ഥലം കാലിത്തൊഴുത്തായിരുന്നു. തണുത്തുറഞ്ഞ രാത്രിയിൽ
മറിയത്തിനും ജോസഫിനും സത്രത്തിൽ സ്ഥലം ലഭിക്കാത്ത ദുരവസ്ഥ ഒന്നോർത്തു നോക്കൂ. പൂർണ ഗർഭിണിയായ ഭാര്യയുമൊത്ത് മഞ്ഞു പൊഴിയുന്ന രാത്രിയിൽ തെരുവിൽക്കൂടി നടക്കുക ഗതികേട് തന്നെയാണ്.
ലോകത്തെ പാപത്തിൽനിന്നും രക്ഷിക്കാനുള്ള ദൈവകുമാരൻ്റെ തിരുപ്പിറവിക്കായി അവസാനം കാലിത്തൊഴുത്താണ് ലഭിച്ചത്. ആട്ടിടയന്മാർക്ക് അന്നും സമൂഹത്തിൽ സ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പാതിരാത്രിയിൽ പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനെ ആദ്യം കാണാനുള്ള അസുലഭ സൗഭാഗ്യം ദൈവം അവർക്ക് നൽകി.
സമൂഹത്തിൽനിന്നും അകറ്റിനിർത്തിയിരുന്ന പാപികളോടും കുഷ്ഠരോഗികളോടും
രക്തസ്രാവം ബാധിച്ച സ്ത്രീകളോടും എന്തുമാത്രം കാരുണ്യവും ദയയുമാണ് യേശു കാണിച്ചത്? പുൽക്കൂട്ടിലെ പിറവിക്ക് മറ്റൊരർത്ഥവുമുണ്ടെന്ന് എനിക്ക് തോന്നുന്നു. ദൈവപുത്രനോളം ദരിദ്രനായി ആരും ഈ ഭൂമിയിൽ പിറക്കുവാൻ പാടില്ല! കുരിശിൽ മരിച്ചപ്പോഴും അരിമത്യാക്കാരൻ ജോസഫിന്റെ കല്ലറയിലാണല്ലോ ആ പൂജ്യദേഹം സംസ്കരിക്കപ്പെട്ടത്.
നസ്രത്തിൽ തന്റെ വളർത്തുപിതാവായ ജോസഫിനെ ആശാരിപ്പണിയിൽ സഹായിക്കുന്നതിൽ ബാലനായ യേശു മടി കാണിച്ചില്ല. അധ്വാനത്തിൻ്റെ മഹത്വം കൂടി ദൈവപുത്രൻ
ലോകത്തിന് കാണിച്ചുകൊടുത്തു.
ബാലനായ യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നുവെന്ന് ലൂക്കാ സുവിശേഷം രണ്ടാം അധ്യായം 52-ാം വാക്യം പറയുന്നു.
അതേറെ ചിന്തനീയമായ യാഥാർത്ഥ്യമാണ്. കുട്ടികൾ മാതാപിതാക്കളെയും ദൈവത്തെയും അനുസരിച്ച് വളരേണ്ടത് മുമ്പെന്നത്തേക്കാളുപരി ആധുനിക കാലഘട്ടത്തിൻ്റെ
അനിവാര്യതയാണ്.
ക്രിസ്മസ് വെറുമൊരു വർണാഭമായ ആഘോഷമാക്കി മാറ്റരുത്. ഓരോ വ്യക്തിയിലും മാനസാന്തരം ഉണ്ടായാൽ മാത്രമേ ക്രിസ്മസിന്റെ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും
അർത്ഥമുള്ളൂ. ഓരോരുത്തരുടെയും ഹൃദയത്തിൽ ഉണ്ണിയേശുവിന് പിറക്കാൻ ഒരിടം ഉണ്ടായിരിക്കണം. ചുറ്റുമുള്ളവരെ, രോഗികളെ, സഹായിക്കാൻ ആരുമില്ലാത്തവരെ, അനാഥരെ
നാം കാണണം. അവരുടെ കണ്ണീരും വേദനയും മനസിലാക്കണം. മദർ തെരേസ തെരുവിലേക്ക്
വലിച്ചെറിയപ്പെട്ടവരിൽ യേശുവിൻ്റെ മുഖം കണ്ട് അവരെ സ്നേഹത്തോടെ ശുശ്രൂഷിച്ചു. നമ്മുടെ സഹായം ആവശ്യമായ അനേകർ ചുറ്റുമുണ്ട്. അവരെ നാം കണ്ടില്ലെന്ന് നടിക്കരുത്.
വിദേശരാജ്യങ്ങളിൽ ഞാൻ നിരവധി തവണ പാട്ടുപാടാൻപോയിട്ടുണ്ട്. ‘ഇത്രത്തോളം യഹോവ സഹായിച്ചു’ എന്ന ഗാനം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ആ പാട്ട് പാടുമ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടിട്ടുണ്ട്. പലരുടെയും ജീവിതാവസ്ഥകളിൽ അവരുടെ മനസിനെയും സാഹചര്യങ്ങളെയും ആ ഗാനം സ്പർശിച്ചിട്ടുണ്ടാകണം. അമേരിക്കയിലെ 16 സ്റ്റേറ്റുകളിൽ ഈ ഗാനം ഞാൻ ആലപിച്ചു. അമേരിക്കയിലെ പ്രോഗ്രാം കഴിഞ്ഞ് നാട്ടിൽ വന്നപ്പോൾ ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി
ബഹുമതികളാണ് എന്നെത്തേടി വന്നത്.
ഞാൻ ക്രിസ്തുവിൽ വിശ്വസിക്കുന്നു. കരുണയുടെ, സ്നേഹത്തിൻ്റെ, ആർദ്രതയുടെ പ്രതീകമാണ് യേശു. ഉള്ളത് നഷ്ടപ്പെടാതിരിക്കാൻ, രോഗങ്ങൾ വരാതിരിക്കാൻ, നന്മ കൈവരാൻ ഞാൻ യേശുവിനോട് പ്രാർത്ഥിക്കാറുണ്ട്. എന്തുകാര്യം ചെയ്യുന്നതിനുമുമ്പും ഞാൻ യേശുവിനോട്
പ്രാർത്ഥിക്കും. എല്ലാ ശക്തികൾക്കും അതീതനാണവൻ, സർവശക്തൻ. നമ്മുടെ നല്ല ആവശ്യങ്ങൾ നിറവേറ്റിത്തരുന്നവൻ. എല്ലാ മനുഷ്യനെയും സ്വാധീനിക്കാനും സുഖപ്പെടുത്തുവാനും
സാന്ത്വനിപ്പിക്കാനുമുള്ള സവിശേഷ സിദ്ധി യേശുവിനുണ്ട്.
നമ്മുടെ മനസിനെയും ചിന്തകളെയും ആഗ്രഹങ്ങളെയും അഗാധമായി അറിയുന്ന സൗഖ്യദായകനാണവിടുന്ന്. ശാന്തമായി നമ്മെ മാറോട് ചേർത്തണയ്ക്കുന്ന നല്ല ഇടയനാണവിടുന്ന്. നക്ഷത്രവിളക്കുകളിൽനിന്നുള്ള പ്രകാശം പോലെ എല്ലാ ഹൃദയങ്ങളിലും നന്മയും സ്നേഹവും പ്രസരിക്കട്ടെ. മാലാഖമാർ പാടിയതുതന്നെ ഞാനും ആവർത്തിക്കട്ടെ. അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം. ഭൂമിയിൽ ദൈവകൃപ
നിറഞ്ഞവർക്ക് സമാധാനം!
By, എം.ജി. ശ്രീകുമാർ