ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയത് രണ്ടു മാധ്യമ പ്രവർത്തകരാണ് – ഫിലിപ്പീൻസിലെ ‘റാപ്ളർ’ വാർത്താ വെബ്സൈറ്റ് സി.ഇ.ഓ. മരിയാ റെസയും റഷ്യയിലെ ‘നൊവായ ഗസറ്റ’ ന്യൂസ് പേപ്പർ എഡിറ്റർ-ഇൻ-ചീഫ് ദിമിത്രി മുറട്ടോവും. ‘സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തനം’ കൈയെത്തിപ്പിടിക്കാനാവുന്ന ദൂരത്തിനുമപ്പുറത്തേക്കു മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സത്യാനന്തര കാലത്തും വാർത്തകളുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്താൻ ജീവൻതന്നെയും പണയപ്പെടുത്തി മാധ്യമപ്രവർത്തനം നടത്തുന്നവർ നേരറിയാനുള്ള മനുഷ്യരാശിയുടെ അവകാശത്തിന്റെ കാവൽക്കാരായി നിലകൊള്ളുന്നു എന്ന വസ്തുതയാണ് നൊബേൽ കമ്മിറ്റിയുടെ തീരുമാനത്തിലൂടെ പ്രകടമാകുന്നത്.
സാങ്കേതികവും സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികൾ പ്രതിസന്ധിയുണ്ടാക്കുമ്പോഴും, ധീരമായ നിലപാടുകളിൽ ഉറച്ചുനിന്നു മാധ്യമധർമ്മം നിർവഹിക്കുന്നവർ അംഗീകരിക്കപ്പെടുക തന്നെ വേണം. കച്ചവടതാല്പര്യങ്ങൾക്കും പക്ഷപാതപരമായ രാഷ്ട്രീയ സാമുദായിക താല്പര്യങ്ങൾക്കും സ്വയം അടിയറ വയ്ക്കാതെ മാധ്യമരംഗത്ത് പ്രവർത്തിക്കുക എന്നത് കടുത്ത വെല്ലുവിളി തന്നെയാണ്. മറ്റെല്ലാ രംഗങ്ങളിലും എന്നതുപോലെ മാധ്യമ രംഗത്തും, ഇഷ്ടമില്ലാത്തവരെ തേജോവധം ചെയ്യുന്നവരും ഏതു വിധേനയും സാമ്പത്തിക നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവരുമുണ്ട്.
മാധ്യമ മുതലാളിമാരുടെ താല്പര്യങ്ങൾക്കും മാധ്യമ പ്രവർത്തകരുടെ വ്യക്തിപരമായ നിലപാടുകൾക്കും മേലെയല്ല അവർ നടത്തുന്ന മാധ്യമങ്ങളുടെ വിശ്വാസ്യത! അതുകൊണ്ടുതന്നെ സത്യമറിയാൻ മാധ്യമങ്ങളെ ആശ്രയിക്കാവുന്ന കാലം കഴിഞ്ഞുപോയിരിക്കുന്നു എന്നു പറയാതെ വയ്യാ. എങ്കിലും, തികച്ചും പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങൾക്കു വേണ്ടി നിലകൊള്ളുക എന്നത് നിലപാടായി സ്വീകരിച്ചിട്ടുള്ള മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവർത്തകരുമുണ്ട് എന്ന വസ്തുതയാണ് ഇക്കൊല്ലത്തെ സമാധാന നൊബേലിനെ മനോഹരവും പ്രത്യാശാഭരിതവുമാക്കുന്നത്.
പൊരുതി നേടിയ നൊബേൽ
ഭരണകൂട ഭീകരതയ്ക്കെതിരേ നിലകൊള്ളുന്നവരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി പൊരുതുന്നവരും യാഥാർഥ്യങ്ങൾ വസ്തുനിഷ്ഠമായി ജനങ്ങളിൽ എത്തിക്കാൻ പ്രയത്നിക്കുന്നവരുമാണ് പുരസ്കാര ജേതാക്കളിരുവരും എന്നത് പ്രത്യേകം ശ്രദ്ധാർഹമാണ്. യാഥാർഥ്യങ്ങളുടെ ഏകപക്ഷീയമായ ഒരു പാർശ്വവീക്ഷണം അവതരിപ്പിച്ചുകൊണ്ടല്ല, വസ്തുതകൾ പരിശോധിക്കുകയും അതിന്റെ ആധികാരികത ആവർത്തിച്ച് ഉറപ്പാക്കുകയും എല്ലാ വിഭാഗത്തിനും പറയാനുള്ളത് കേൾക്കുകയും അതിനെ അപഗ്രഥിച്ചു ജനങ്ങളിൽ എത്തിക്കുകയും ചെയ്തുകൊണ്ടാണ് അവർ തങ്ങളുടെ സമർപ്പണത്തെ ലോകശ്രദ്ധയിൽ എത്തിച്ചത്. വാർത്തകളുടെ സുതാര്യതയും കൃത്യതയും ഉറപ്പുവരുത്തുന്ന, വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അവരെ മാധ്യമപ്രവർത്തന രംഗത്തെ വെള്ളിനക്ഷത്രങ്ങളാക്കി മാറ്റിയത്.
വ്ലാദിമിർ പുട്ടിനെയും റോഡ്രിഗോ ഡുട്ടർട്ടയെയും പോലുള്ള ഭരണാധികാരികളെപ്പോലും അവർ തങ്ങളുടെ വിമർശന ശരങ്ങളിൽനിന്ന് ഒഴിവാക്കിയില്ല.
കഠിനമായ സമ്മർദ്ദങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായിട്ടും സത്യത്തോടുള്ള പ്രതിബദ്ധതയിൽനിന്ന് അവർ പിന്തിരിഞ്ഞില്ല. ഭരണനേതൃത്വങ്ങൾ ഏകാധിപത്യ പ്രവണതകൾ പ്രകടമാക്കുകയും, ഭീകരപ്രസ്ഥാനങ്ങൾ ലോകത്തെയാകമാനം പ്രതിസന്ധിലാക്കുകയും ചെയ്യുന്ന സമകാലിക സാഹചര്യങ്ങളിൽ, ആരുടെയെങ്കിലും അടിമയോ പ്രതിയോഗിയൊ ആയി സ്വയം പ്രഖ്യാപിക്കാതെ, സത്യത്തോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിച്ചു എന്നതിലാണ് മരിയാ റെസയും ദിമിത്രി മുറട്ടോവും മാധ്യമപ്രവർത്തന രംഗത്തെ വേറിട്ട ശബ്ദങ്ങളായി മാറുന്നത്.
മാറുന്ന സാങ്കേതികവിദ്യയും വെല്ലുവിളികളും പതിനെട്ടാം നൂറ്റാണ്ടുമുതൽ വളർന്നുവന്ന മാധ്യമപ്രവർത്തനം, പത്തൊൻപതാം നൂറ്റാണ്ടിൽ പത്രമാസികകളിലൂടെയും ഇരുപതാം നൂറ്റാണ്ടിൽ റേഡിയോ ടെലിവിഷൻ മാധ്യമങ്ങളിലൂടെയും, വിജയകരമായ സാമൂഹ്യസമ്പർക്കമാധ്യമം എന്ന നിലയിലും പരസ്യവരുമാനംകൊണ്ടുമാത്രം ലാഭകരമായി നടത്തിക്കൊണ്ടുപോകാവുന്ന ബിസിനസ്സ് എന്ന നിലയിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു. ആധുനിക യുഗത്തിൽ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകൾ മാധ്യമ പ്രവർത്തനത്തിന്റെ രീതിശാസ്ത്രത്തെ അടിമുടി മാറ്റിയിരിക്കുന്നു.
പരസ്യ വരുമാനംകൊണ്ടു മാത്രം മാധ്യമ സ്ഥാപനങ്ങൾ നടത്തിവന്ന അച്ചടിമാധ്യമങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. പരസ്യങ്ങളിലൂടെയുള്ള വരുമാനം കുറയുന്നതിന് ആനുപാതികമായി, റിപ്പോർട്ടർമാരുടെയും എഡിറ്റർമാരുടെയും എണ്ണം വെട്ടിക്കുറയ്ക്കാൻ മാധ്യമ സ്ഥാപനങ്ങൾ നിർബന്ധിതരാകുന്നു. അതിനാൽത്തന്നെ, വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് മറ്റു മാർഗങ്ങൾ ആരായേണ്ടിവരുന്നു. വാർത്തകളുടെ ഉറവിടവുമായി മാധ്യമസ്ഥാപനത്തിന് നേരിട്ട് ബന്ധമില്ലാതാവുകയും ഓൺലൈൻ ഇന്റർനെറ്റ് മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും കൂടുതലായി ആശ്രയിക്കേണ്ടിവരുകയും ചെയ്യുന്നു. വാർത്തകൾ വിവരവിനിമയം മാത്രമായി മാറുകയും വസ്തുനിഷ്ഠത പ്രധാനമല്ലാതാവുകയും ചെയ്യുന്നു. വസ്തുനിഷ്ഠത ഉറപ്പിക്കാൻ കഴിയാത്ത വാർത്തകൾക്കു സത്യത്തിന്റെ കരുത്തുണ്ടാവുക സാധ്യമല്ലല്ലോ.
ജനപ്രിയതയും സെൻസേഷണലിസവും ആധിപത്യം ഉറപ്പിക്കുന്നു
വാർത്തകളുടെ വസ്തുനിഷ്ഠതയെക്കാൾ ജനങ്ങൾ കാണാനും കേൾക്കാനും താല്പര്യം കാണിക്കുന്ന സംഭവങ്ങൾക്കും വിഷയങ്ങൾക്കും പ്രാധാന്യം കൊടുക്കുകയും ഒരു വിനോദോപാധി എന്ന നിലയിലേക്ക് വാർത്താലോകം മാറുകയും ചെയ്യുന്നത് ഇന്നത്തെ മാധ്യമ സംസ്കാരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. വാർത്താചാനലുകളും വിനോദ ചാനലുകളും തമ്മിലുള്ള അന്തരം നേർത്തു നേർത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വാർത്തകൾ പരമാവധി സെൻസേഷനലാകുന്നു. സത്യം താൽപര്യങ്ങൾക്കു വഴിമാറുന്നു. വസ്തുനിഷ്ഠതയ്ക്കല്ല, രസപ്രദമായതിനാണ് കൂടുതൽ ആവശ്യക്കാർ. അതിനാൽത്തന്നെ, സമൂഹത്തിന്റെ അഭിരുചിക്കൊത്തവിധം വാർത്തകൾ റിപ്പോർട്ട് ചെയ്യാനുള്ള പ്രലോഭനവും വർധിക്കുന്നു.
പ്രാദേശികതലത്തിൽ, ഇതിനോടൊപ്പം, മാധ്യമസ്ഥാപനങ്ങളുടെ ലാഭക്കൊതിയും കിടമത്സരവും വാർത്താ അവതാരകരുടെ താരപരിവേഷ തൃഷ്ണയും മുൻവിധികളും കൂടിച്ചേരുമ്പോൾ, സാമൂഹ്യമാധ്യമങ്ങളും മുഖ്യധാരാ മാധ്യമങ്ങളും തമ്മിലുള്ള അന്തരം നാമമാത്രമാകുന്നു! വിശ്വാസ്യത ജാഡകൾക്കു വഴിമാറുന്നു. ന്യൂസ് റൂം ആരെയും അധിക്ഷേപിക്കാവുന്ന ഒരിടം എന്ന നിലയിലേക്ക് തരം താഴുന്നു. വാർത്താവിശകലനങ്ങൾ അപവാദ വ്യവസായമായി പരിണമിക്കുന്നു. അങ്ങനെ, നമ്മുടെ ദൃശ്യമാധ്യമങ്ങൾ വാർത്താവ്യവസായത്തിന്റെ പൂരപ്പറമ്പുകളായി വളർന്നിരിക്കുന്നു!
മുൻവിധികളും രാഷ്ട്രീയ പക്ഷപാതങ്ങളും
എങ്ങനെ റിപ്പോർട്ടു ചെയ്യണം എന്നത് ഓരോ മാധ്യമപ്രവർത്തകന്റെയും മാധ്യമ സ്ഥാപനത്തിന്റെയും രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾക്കും മുൻവിധികൾക്കും അനുസരിച്ചു നിർവഹിക്കപ്പെടുമ്പോൾ, ഒരു സംഭവത്തെ ഓരോ പത്രവും ഓരോ ചാനലും വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിൽ അവതരിപ്പിക്കുക മാത്രമല്ല, വ്യത്യസ്ത വസ്തുതകളായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഒരാൾ ഉത്തരവാദിത്വത്തോടെ നടത്തുന്ന ഒരു പ്രസ്താവനയെ വിദ്വേഷപ്രസംഗമായോ കലാപാഹ്വാനമായോ റിപ്പോർട്ടു ചെയ്യുന്നതിൽ മാധ്യമ സ്ഥാപനങ്ങൾക്കോ അവതാരകർക്കോ യാതൊരുവിധ ധാർമിക പ്രതിസന്ധിയുമുണ്ടാകുന്നുമില്ല. അടുത്തകാലത്ത് കേരളത്തിലുണ്ടായ പല അനാവശ്യ കോളിളക്കങ്ങൾക്കു പിന്നിലും മുൻവിധിയോടെയുള്ള മാധ്യമ നിലപാടുകൾ വ്യക്തമാണ്.
മാധ്യമങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളണം
ഇന്ത്യൻ ഭരണഘടനയുടെ 19-ആം വകുപ്പ് (1) (എ) പൗരന്മാർക്ക് ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് പ്രസിദ്ധീകരണ സ്വാതന്ത്ര്യവും മറ്റു തരത്തിലുള്ള ആശയ പ്രകടന സ്വാതന്ത്ര്യവും ഉറപ്പു നൽകുന്നത്. മറ്റു മൗലികാവകാശങ്ങളെപ്പോലെ, അഭിപ്രായ സ്വാതന്ത്ര്യത്തിനും നീതിപൂർവ്വകമായ നിയന്ത്രണങ്ങളേർപ്പെടുത്താൻ നിയമ നിർമ്മാണ സഭയ്ക്ക് അധികാരമുണ്ട്. വ്യക്തികൾക്കെന്നപോലെ, മാധ്യമ സ്ഥാപനങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയാണ് ഭാരതത്തിനുള്ളത്. ഭരണകൂട താല്പര്യങ്ങൾക്കു വിധേയമായി മാത്രമേ മാധ്യമങ്ങൾ പ്രവർത്തിക്കാവൂ എന്നു ഭരണഘടന നിർദേശിക്കുന്നില്ല.
സ്വതന്ത്രവും നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ മാധ്യമ പ്രവർത്തനമാണ് ഇന്ത്യയുടെ ഭരണഘടന വിഭാവന ചെയ്തിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തിൽ ഭരണകൂടം സർവാധിപത്യ പ്രവണതയുള്ളതാകുമ്പോൾ, മാധ്യമ പ്രവർത്തനം പ്രതിസന്ധികൾ നിറഞ്ഞതാകും. അധികാരത്തിനു സ്തുതി പാടുന്നവർ അധാർമ്മിക സമ്പത്തും സ്വാധീനവും നേടുകയും സത്യം പറയുന്നവർ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളികളാവുകയും ചെയ്യും. പ്രതിസന്ധികളുടെ മധ്യത്തിലും പതറാതെ മാധ്യമ ധർമ്മം അനുഷ്ഠിക്കുന്ന രണ്ടു മാധ്യമ പ്രവർത്തകർക്ക് സമാധാന നൊബേൽ നൽകിക്കൊണ്ട് നൊബേൽ പുരസ്കാര സമിതി, ഇക്കാലഘട്ടത്തിൽ മാധ്യമങ്ങൾ പൊതുവെ അഭിമുഖീകരിക്കുന്ന ഗൗരവതരമായ ഒരു വെല്ലുവിളിയെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം ഉത്തരവാദിത്വപൂർവ്വം ഉപയോഗിച്ചുകൊണ്ട്, ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളാനും ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തിപ്പെടുത്താനും വ്യക്തിയുടെയും സമൂഹത്തിന്റെയും മൗലിക അവകാശങ്ങളെ സംരക്ഷിക്കാനും നിയമവാഴ്ച ഉറപ്പുവരുത്താനും മാധ്യമങ്ങൾക്കു കടമയും അവകാശവുമുണ്ട്. മാധ്യമ പ്രവർത്തനത്തിന്റെ നിലവാരം ജനാധിപത്യത്തിന്റെ സ്വഭാവം നിർണയിക്കും.
സമൂഹത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷത്തെ മുറിപ്പെടുത്തുന്നതൊന്നും മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകരുത്. തെറ്റായ പ്രവണതകളെ തുറന്നുകാട്ടാൻ ഭയപ്പെടുകയുമരുത്. ആഗോളതലത്തിൽ ശക്തിപ്പെടുന്ന ഭീകര പ്രസ്ഥാനങ്ങളെയും സർവാധിപത്യ പ്രവണതയുള്ള പ്രത്യയശാസ്ത്രങ്ങളെയും അവയുടെ മറവിൽ നടക്കുന്ന രാജ്യാന്തര കുറ്റകൃത്യങ്ങളെയും എതിർക്കുകയും തുറന്നുകാട്ടുകയും ചെയ്യാൻ മാധ്യമങ്ങൾക്കു കഴിയണം. സാമ്പത്തിക നേട്ടങ്ങൾക്കും ഭരണകൂടത്തിന്റെ പ്രീതിക്കുംവേണ്ടി സത്യത്തെ തൂക്കിലേറ്റാൻ മാധ്യമങ്ങൾ കൂട്ടുനിൽക്കരുത്. മഹാത്മജിയുടെ നാട്ടിൽ, സത്യവും അഹിംസയും ഒന്നിച്ചു പോകുന്നതാവണം എന്നതിൽ, മാധ്യമങ്ങൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ മടിക്കരുത്.
By, ഫാ. വർഗീസ് വള്ളിക്കാട്ട്.