ജീവിതവിശ്വസ്തതയുടെ പാഠങ്ങൾ.
ജാഗ്രതപുലർത്തുകയെന്നാൽ, വചനം ശ്രവിക്കുക മാത്രമല്ല, അതിനനുഗുണമായി, ജീവിതത്തിൽ നന്മ പ്രവർത്തിക്കുക എന്നുകൂടി അർത്ഥമുണ്ട്. ഉപമയിലെ ഭൃത്യന്മാർക്ക്, തന്റെ സമ്പത്തിന്റെ ഏതാനുംഭാഗം, അവരുടെ ‘കഴിവിനനുസരിച്ചാണ്’യജമാനൻ നൽകുന്നത് എന്നത്, ഏറെ ശ്രദ്ധേയമാണ്. കാരണം, അതിനുശേഷം അതിന്റെ വിനയോഗത്തെക്കുറിച്ചു, മറ്റ് യാതൊരു നിർദ്ദേശങ്ങളും യജമാനൻ നൽകുന്നില്ല.
എന്നാൽ, യജമാനനോടുള്ള അവരുടെ പ്രതികരണമാണ്,നമുക്കിവിടെ ഏറെ ചിന്തനീയം.ഉപമയിലെ ഒന്നും രണ്ടും ഭൃത്യന്മാർ, യജമാനനോട് വിശ്വസ്ഥതയും ഭക്തിയും സ്നേഹവും പുലർത്തുന്നവരാകയാൽ, അവർ ഉടനേതന്നെ താലന്തുകൾക്കൊണ്ട് നേട്ടമുണ്ടാക്കി. ആയതിനാൽ, യജമാനൻ സ്നേഹത്തോടെ അവരെ, ‘നല്ലവർ’ എന്നും, ‘വിശ്വസ്തർ’ എന്നും വിളിച്ചു. എന്നാൽ, ഒരു താലന്തു കിട്ടിയവന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു.
അവന് യജമാനനെ ഭയമായിരുന്നു. ഈ ഭൃത്യൻ, നമ്മെ ഒരുപാട് ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നു. പലപ്പോഴും, ഭയം എന്ന വികാരം, നമ്മെ നമ്മുടെ ഉത്തരവാദിത്വങ്ങളിൽനിന്നും അകറ്റും. കൂടാതെ, അവന് തന്നിൽതന്നെയും തന്റെ കഴിവിലും വിശ്വാസമില്ലായിരുന്നു എന്നത് മറ്റൊരു സത്യം. അവന്റെ ചിന്തകളിൽ നഷ്ടങ്ങളുടെ കണക്കുകൂട്ടലുകൾ മാത്രമായിരുന്നു.
താലന്തുകളുടെ എണ്ണമല്ല കൂട്ടേണ്ടതു, മറിച്ച്, അവന്റെ ഉള്ളിലെ മനോഭാവമാണ് മാറ്റേണ്ടത്. കാരണം, എത്ര കിട്ടിയാലും അവൻ ഇതേ ചെയ്യൂ. ആയതിനാൽ, അവനിൽനിന്നും ഉള്ളതുകൂടി എടുക്കപ്പെട്ടു, ഫലദായകമാക്കിയവന് വീണ്ടും നൽകപ്പെട്ടു.ജീവിതത്തിൽ ക്രിയാത്മകമായി പ്രവർത്തിക്കാതെ, നിയമങ്ങൾ മാത്രം നോക്കി ജീവിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ ഉപമ.
ഭയംകൂടാതെ, ദൈവത്തോട് ചേർന്ന്, നല്ല ഫലം പുറപ്പെടുവിക്കുവാൻ,അവൻ നമ്മോട് ആവശ്യപ്പെടുന്നു. നമ്മിലെ അനാവശ്യ ഭയത്തെ അകറ്റാൻ, അടിസ്ഥാനപരമായി നമ്മിൽ ദൈവവിശ്വാസം ഉണ്ടാകണം. നല്ല ഫലം പുറപ്പെടുവിച്ചവർ യജമാനന്റെ സന്തോഷത്തിൽ പങ്കുകാരായി എന്നതുപോലെ, നാമും നല്ല ജീവിതഫലം പുറപ്പെടുവിച്ചാൽ, അവന്റെ വാഗ്ദാനമായ, സ്വർഗ്ഗീയ സൗഭാഗ്യത്തിൽ പങ്കുകാരാകും.
നമ്മിൽ നിഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കുവാനും, അവയെ വിശ്വസ്തതാപൂർവ്വം നിറവേറ്റുവാനും നമുക്കാവണം. ഇതാണ് ക്രൈസ്തവന്റെ മാറ്റൊലി ഇന്ന്, ഇവിടെ, ഇപ്പോൾ, നമ്മിൽനിന്നുതന്നെ ഉയിർക്കൊള്ളട്ടെ…