സ്വർഗ്ഗീയ നിക്ഷേപം….
നിത്യജീവൻ സ്വന്തമാക്കാൻ എന്തു ചെയ്യണം എന്ന ഒരുവന്റെ ചോദ്യത്തിന്, അവിടുന്ന് രണ്ട് ഉത്തരങ്ങൾ നൽകുന്നു. ഒന്നാമതായി, പ്രമാണങ്ങൾ അനുസരിക്കുക, രണ്ടാമതായി, പരിപൂർണ്ണനാവുക. മറ്റ് സുവിശേഷങ്ങളിൽനിന്നും വ്യത്യസ്തമായി അയൽസ്നേഹംകൂടി മത്തായിശ്ലീഹാ ഇവിടെ കൂട്ടിച്ചേർക്കുന്നു. എന്നാൽ, താൻ പൂർണ്ണനാണ് എന്നുള്ള ഭാവേന, ഇവയെല്ലാം ഞാൻ അനുസരിക്കുന്നു,
ഇനി എന്ത് കുറവാണ് എനിക്കുള്ളത്? എന്നതാണ് അവന്റെ അടുത്ത ചോദ്യം. സ്വയം വിലമതിപ്പോടെയാണ് അവൻ യേശുവിനെ സമീപിക്കുന്നതെങ്കിലും, അവൻ പൂർണ്ണനല്ല എന്ന സത്യം യേശു ഇവിടെ വെളിപ്പെടുത്തുന്നു. ധനികനായ യുവാവാകട്ടെ, വീണ്ടും തന്നിലെ കുറവുകളെ തേടുന്നു. ഒരുപക്ഷേ, എല്ലാം തികഞ്ഞവനാണ് താനെന്നുള്ള അഹങ്കാരം, അവന്റെ ഉള്ളിലുണ്ടാകണം. അതുതന്നെ ഒരു കുറവായി കാണാൻ അവന് കഴിയുന്നില്ലതാനും.
ഈ ലോകത്തിൽ, എല്ലാം തികഞ്ഞവനാകയാൽ, മറുലോകത്തിനും, താൻ അതിന് അർഹനാണ് എന്ന മിഥ്യാധാരണയാണ്, അവനെ മദിക്കുന്നത്. ഇവിടെയാണ് യേശു നൽകുന്ന രണ്ടാമത്തെ ഉത്തരത്തിന്റെ പ്രാധാന്യം, “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക”. സ്വർഗ്ഗരാജ്യത്തിലെ നിക്ഷേപത്തിന്, ഈ ലോകത്തിലെ സകലതും ഉപേക്ഷിക്കണമെന്നുസാരം.
യേശുവിന്റെ ആദ്യത്തെ ഉത്തരം ജീവനിൽ പ്രവേശിക്കാനും, രണ്ടാമത്തേത്, പൂർണ്ണനാകാനുള്ള മാർഗ്ഗവുമാണ്.യേശു അവനിൽ കണ്ടതും പൂർണ്ണതയുടെ കുറവാണ്. ഓരോ ക്രിസ്തുശിഷ്യന്റേയും വിളി, പരിപൂർണ്ണതയിലേക്കുള്ളതാണ്. അതിനായി അവൻ നൽകുന്ന മാനദണ്ഡം ഇപ്രകാരമാണ്, “നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ, നിങ്ങളും…”. എന്നാൽ, സ്വർഗ്ഗത്തിൽ നിക്ഷേപം കണ്ടെത്തുന്നതിനോ, ഭൂമിയിലെ സമ്പത്ത്, അതിന്റെ മുമ്പിൽ കേവലം നിസ്സാരമാണെന്നു തിരിച്ചറിയാനോ, അവന് കഴിഞ്ഞില്ല. നിരാശയോടെ അവൻ മടങ്ങിപ്പോയി.
കാരണം, സ്വർഗ്ഗരാജ്യത്തിനും നിത്യജീവനും മുന്നിൽ, സമ്പത്ത് അവന് ഒരു തടസ്സമായിരുന്നു. ഇവ രണ്ടും സ്വന്തമാക്കാൻ, അവന്റെ ശിഷ്യനായാൽ മതിയെന്നും, അതിനുള്ള ഏകമാർഗ്ഗം, എല്ലാം ഉപേക്ഷിക്കലാണെന്നും അവൻ തിരിച്ചറിഞ്ഞില്ല.പലപ്പോഴും നമ്മുടെ ജീവിതത്തിൽ നാമറിയാത്ത പല കുറവുകളും നമ്മിൽ മറഞ്ഞിരിപ്പുണ്ട്. മറ്റുള്ളവരുടെ കുറവുകളിലേക്ക് എത്തിനോക്കുമ്പോഴും, അവരെ കളിയാക്കി കുറ്റപ്പെടുത്തുമ്പോഴും, ഈയൊരു മനോഭാവമാണ് നമ്മുടെ ഉള്ളിൽ മറഞ്ഞിരിക്കുന്നത് എന്നതാണ് നാം തിരിച്ചറിയേണ്ടത്.
നമ്മിൽ മാറ്റങ്ങൾ അനിവാര്യമാണ്…അവന്റെ ശിഷ്യത്വത്തിലേക്കും അതുവഴി നിത്യജീവനിലേക്കും വളരാൻ. അതിനായി എല്ലാം ഉപേക്ഷിക്കലിന്റെ പാഠം പഠിച്ചുതുടങ്ങാം…. സ്വർഗ്ഗത്തിൽ ഒടുങ്ങാത്ത നിക്ഷേപം കരുതാം..പിതാവായ ദൈവത്തിന്റെ പരിപൂർണ്ണതയുടെ മാതൃക പിന്തുടരാം….