ദൈവീകരഹസ്യങ്ങളോടുള്ള ജീവിതതുറവി.
അവൻ ഉപമകളിലൂടെ അവരോട് സംസാരിക്കുന്നു. എന്നാൽ സ്വശിഷ്യർക്ക് അവൻ ദൈവരാജ്യരഹസ്യങ്ങൾ നേരിട്ട് വെളിപ്പെടുത്തി. ഉപമകൾവഴി പറഞ്ഞത്, അവർക്ക് അവ വളരെ ലളിതമായി മനസ്സിലാക്കാനായിരുന്നു. എങ്കിലും അവനോട് തുറവിയുള്ള മനസ്സുകൾക്കെ അവ ഗ്രാഹ്യമായിരുന്നുള്ളൂ.
“ഉള്ളവന് കൊടുക്കപ്പെടും, ഇല്ലാത്തവനിൽനിന്നും ഉള്ളതുകൂടി എടുക്കപ്പെടും” ഇത് ആദ്ധ്യാത്മികതയുടെ മറ്റൊരു തലമാണ്. ദൈവഹിതത്തോടുള്ള നമ്മുടെ മനോഭാവം തുറവിയുള്ളതെങ്കിൽ, കൂടുതൽ വെളിപ്പെടുത്തലുകൾക്ക് അത് കാരണമാകും. ആത്മീയസമ്പന്നതയാണ് ഇവിടെ ചിന്താവിഷയം.
എന്നാൽ ഉപമകളിലൂടെ അവൻ അവർക്ക് എല്ലാം ലളിതമാക്കിയത്, അവരോടുള്ള കരുണാഭാവം മൂലമാണ്.എന്നാൽ ദൈവരാജ്യസന്ദേശം തിരസ്ക്കരിക്കുന്നവർക്കുള്ള താക്കീതും അവൻ നൽകുന്നു. എന്നാൽ അവ, അവരെ തീർത്തും ഉപേക്ഷിക്കാനല്ല, മറിച്ച്, മാനസാന്തര അവസരമാണ്.നമ്മുടെ ഹൃദയവും കഠിനമാക്കാതെ, ചെവികളും കണ്ണുകളും ബോധപൂർവ്വം അടയ്ക്കാതെ, അവിടുത്തോട് തുറവിയുള്ളവരാകാം.
ദൈവീകരഹസ്യങ്ങൾ നേരിട്ട് വെളിപ്പെടുത്തി നൽകപ്പെട്ട അവന്റെ ശിഷ്യരെപ്പോലെ, നാമും ഭാഗ്യപ്പെട്ടവർ എന്ന് അവന്റെ നാവാൽ വിളിക്കപ്പെടാൻ ഇടവരട്ടെ. അതിനായി തുറവിയോടെ പ്രാർത്ഥിക്കാം.