ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണം? എനിക്കു കാഴ്ച വീണ്ടുകിട്ടണം.
അക്കാലത്ത്, യേശു ജറീക്കോയെ സമീപിച്ചപ്പോള്‍ ഒരു കുരുടന് വഴിയരുകില്‍ ഇരുന്ന് ഭിക്ഷ യാചിക്കുന്നുണ്ടായിരുന്നു. ജനക്കൂട്ടം കടന്നുപോകുന്ന ശബ്ദംകേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അവന് അന്വേഷിച്ചു. നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവന് വിളിച്ചു പറഞ്ഞു: ദാവീദിന്റെ പുത്രനായ യേശുവേ, എന്നില്‍ കനിയണമേ! മുമ്പേ പൊയ്ക്കൊണ്ടിരുന്നവര്‍, നിശ്ശബ്ദനായിരിക്കാന്‍ പറഞ്ഞ് അവനെ ശകാരിച്ചു. അവനാകട്ടെ, കൂടുതല്‍ ഉച്ചത്തില്‍ ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ എന്നു നിലവിളിച്ചുകൊണ്ടിരുന്നു. യേശു അവിടെനിന്നു; അവനെ തന്റെ അടുത്തേക്കു കൊണ്ടുവരാന്‍ കല്പിച്ചു. അവന് അടുത്തുവന്നപ്പോള്‍ യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അവന് പറഞ്ഞു: കര്‍ത്താവേ, എനിക്കു കാഴ്ച വീണ്ടുകിട്ടണം. യേശു പറഞ്ഞു: നിനക്കു കാഴ്ചയുണ്ടാകട്ടെ. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. തത്ക്ഷണം അവനു കാഴ്ച ലഭിച്ചു. അവന് ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് യേശുവിന്റെ പിന്നാലെ പോയി. ഇതുകണ്ട് എല്ലാവരും ദൈവത്തെ സ്തുതിച്ചു.
15-11-2021, സുവിശേഷം, ലൂക്കാ 18:35-43