കുറവിലങ്ങാട്: ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച് പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. നന്മയുടെ നാവ് ആകേണ്ടവരുടെ മൗനം മയക്കുമരുന്ന് മേഖലയ്ക്ക് ശക്തിപകരുന്നുവെന്നു മയക്കുമരുന്നിനെതിരേ ആത്മീയ സമരം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിലെ എട്ടുനോമ്പാചരണത്തിന്റെ സമാപനദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്നെന്ന തിന്മ സംഘടിതമാണ്. ഈ തിന്മയെ കുറയ്ക്കാനാകണം. നന്മകൊണ്ട് തിന്മയെ ജയിക്കണം. ഈ തിന്മയ്ക്കെതിരേയുള്ള തിരിച്ചറിവ് പ്രതിരോധമാക്കണം. മയക്കുമരുന്നിൽ നിന്നു മക്കളെയും ലോകത്തെയും രക്ഷിക്കാന്‍ ഹൃദയ കണ്ണുകള്‍ തുറക്കണം. വിഷം കലർന്ന ഭക്ഷണത്തേക്കാൾ ഉപദ്രവമാണ് മയക്കുമരുന്ന്. പരിശുദ്ധമായിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്തിന്റെ ധാർമികശക്തിയുടെ ഒഴുക്കിൽ ക്രൈസ്തവർക്ക് നിർണായകമായ സ്ഥാനമുണ്ടെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
കുറവിലങ്ങാട് പള്ളിയില്‍ എട്ടു നോമ്പ് സമാപനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ബിഷപ്പ് നടത്തിയ പ്രസംഗം സംസ്ഥാന ദേശീയ തലങ്ങളില്‍ കോളിളക്കം സൃഷ്ട്ടിച്ചിരിന്നു. വിശ്വാസികളായ യുവതീയുവാക്കളെ കെണിയില്‍ വീഴ്ത്താന്‍ നര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കുടുംബങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ഐസ്ക്രീം പാര്‍ലറുകള്‍, മധുര പാനീയ കടകള്‍ എന്നിവ കേന്ദ്രീകരിച്ചു വന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്ന് ബിഷപ്പ് മുന്നറിയിപ്പ് നല്‍കിയിരിന്നു. ഇതിന് പിന്നാലേ പാലാ ബിഷപ്പ് ഹൗസിലേക്ക് അടക്കം തീവ്ര ഇസ്ലാമിക സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ പിതാവിന് ഐക്യദാര്‍ഢ്യവുമായി ക്രൈസ്തവ സംഘടനകളും സംഘടിച്ചു.
ഇതിനിടെ ഇക്കാലയളവില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച മുന്നറിയിപ്പ് സത്യമാണെന്ന് തെളിയിക്കുന്ന ഡസന്‍ കണക്കിന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മയക്കുമരുന്ന് കേസില്‍ അകപ്പെടുന്ന ചെറുപ്പക്കാരില്‍ ഭൂരിഭാഗം കേസുകളിലും യുവതികളായ സ്ത്രീകള്‍ ഉള്‍പ്പെട്ടതും അവരുടെയും കൂട്ടുപ്രതികളുടെയും മത വിശ്വാസ പശ്ചാത്തലവും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച കാര്യങ്ങള്‍ അടിവരയിടുന്നതായിരിന്നു. തന്റെ നിലപാടില്‍ ഉറച്ച് നില്ക്കുന്നതായി അടുത്ത ദിവസം കത്തോലിക്ക മാധ്യമമായ ഷെക്കെയ്ന ചാനലിന്റെ പ്രതിനിധിയുടെ ചോദ്യത്തിന് ഉത്തരമായി മാര്‍ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചിരിന്നു.
………………………………
ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന ക്രിസ്ത്യന്‍ മാതാപിതാക്കളുടെ സങ്കടങ്ങളെ എട്ട് നോമ്പിന്റെ പ്രാര്‍ത്ഥന നിയോഗമായി സമര്‍പ്പിക്കാന്‍ ആഹ്വാനവുമായി തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. സെപ്റ്റംബര്‍ മാസത്തെ ഇടയലേഖനത്തിലാണ് ഇക്കാര്യം ആര്‍ച്ച് ബിഷപ്പ് സൂചിപ്പിച്ചിരിക്കുന്നത്. എട്ടുനാൾ നീണ്ടുനിന്ന നോമ്പിലും ഉപവാസത്തിലും ദേവാലയത്തിൽ കഴിച്ചുകൂട്ടിയ ക്രൈസ്തവ യുവതികളെ രക്ഷിക്കാൻ പരിശുദ്ധ ദൈവമാതാവ് അത്ഭുതകരമായി ഇടപെട്ടതു അടക്കമുള്ള ചരിത്രം സൂചിപ്പിച്ചുക്കൊണ്ടാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം.
”സെപ്റ്റംബർ മാസം എട്ടുനോമ്പിലൂടെ പരിശുദ്ധ അമ്മയുടെ ജനനത്തിന് നാം ഒരുങ്ങുന്ന സമയമാണല്ലോ. കേരളത്തിലെ സുറിയാനി സഭകളുടെ തനതുപാരമ്പര്യത്തിന്റെ ഭാഗമായ എട്ടുനോമ്പ് നമ്മുടെ പൂർവ്വികരുടെ മരിയഭക്തിയുടെ ഏറ്റവും ശ്രദ്ധേയമായ സാക്ഷ്യമാണ്. എട്ടുനോമ്പിനു പിന്നിലെ പാരമ്പര്യങ്ങളെ ചേർത്തുവായിച്ചാൽ പ്രധാനമായും മൂന്നു വസ്തുതകളാണ് വെളിപ്പെടുന്നത്. ഇവയുടെ വെളിച്ച ത്തിൽ പരിശുദ്ധ അമ്മയ്ക്കുള്ള ജന്മദിനസമ്മാനമായി മൂന്നു പദ്ധതികൾ ഞാൻ നിങ്ങൾക്കു മുന്നിൽ വയ്ക്കുകയാണ്”.
”ഒന്നാമതായി, വിജാതീയ രാജാക്കന്മാരുടെ പടയോട്ടങ്ങളിൽ തങ്ങളുടെ ചാരിത്ര്യം സംരക്ഷിക്കാൻ എട്ടുനാൾ നീണ്ടുനിന്ന നോമ്പിലും ഉപവാസത്തിലും ദൈവാലയത്തിൽ കഴിച്ചുകൂട്ടിയ ക്രൈസ്തവ യുവതികളെ രക്ഷിക്കാൻ പരിശുദ്ധ ദൈവമാതാവ് അത്ഭുതകരമായി ഇടപെട്ടതിന്റെ കൃതജ്ഞതാനിർഭരമായ ഓർമ്മ ഈ നോമ്പിന്റെ പിന്നാമ്പുറങ്ങളിലുണ്ട്. നമ്മുടെ കുടുംബങ്ങളിലെ പെൺമക്കളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ ഇന്ന് വർദ്ധമാനമാകുന്നുണ്ട്. ജന്മം നൽകി സ്നേഹിച്ചു വളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ ഈ നോമ്പുകാലത്തിന്റെ പ്രാർത്ഥനാ നിയോഗമായി നമുക്ക് സമർപ്പിക്കാം”.
“സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകളെയും സ്ത്രീത്വത്തെയും പരിശുദ്ധ അമ്മയെ എന്നപോലെ ആദരിക്കാൻ നാം പഠിക്കേണ്ട നാളുകളാണിവ. പരിശുദ്ധ അമ്മയുടെ നീല അങ്കിയുടെ സംരക്ഷണതണലിൽ നമ്മുടെ മക്കൾ സുരക്ഷിതരാകാൻ ഈ എട്ടുനോമ്പിൽ നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം”.
തീവ്രവാദ ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ നമ്മുടെ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവൽക്കരണം കൗമാരക്കാരായ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും ലക്ഷ്യ മാക്കി അതിരൂപതാ മതബോധന കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ളത് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു. മറ്റ് പൊതു വിഷയങ്ങളും ഇടയലേഖനത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വിവരിക്കുന്നുണ്ട്. ആഗസ്റ്റ് 25നു പുറപ്പെടുവിച്ച ഇടയലേഖനം അതിരൂപതയുടെ കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും ഇന്നലെ ഞായറാഴ്ച വിശുദ്ധ കുര്‍ബാന മധ്യേ വായിച്ചിരിന്നു.