Jaimon Kumarakom
ഈശോയൊടൊത്ത് 24 മണിക്കൂറും ആയിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അതാണ് ഏകാന്ത സന്യാസം തെരഞ്ഞെടുത്തതെന്നും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറയുന്നു.
കുട്ടിക്കാനത്തുള്ള നല്ലതണ്ണി ആശ്രമത്തില്‍ ഫാ. സേവ്യര്‍ കൂടപ്പുഴയൊടൊത്താണ് അദേഹമിപ്പോള്. ബിഷപ്പിന്റെ രാജി സിനഡ് അംഗീകരിച്ചെങ്കിലും ഔദ്യോഗികമായ ചില കാര്യങ്ങള്‍ കൂടി ബിഷപ് ഹൗസില്‍ പൂര്‍ത്തീകരിച്ചശേഷം സെപ്തംബര്‍ ഒന്നുമുതല്‍ അദേഹം പൂര്‍ണ്ണസമയം ആശ്രമത്തില്‍ തന്നെയായിരിക്കും.
“കുറെവര്‍ഷങ്ങളായി ബിഷപ്പിന്റെ സ്ഥാനമാനങ്ങള്‍ എല്ലാം ഒഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. ഇത് പ്രാര്‍ത്ഥനക്കിടയില്‍ കിട്ടിയ ശക്തമായൊരു പ്രചോദനമായിരുന്നു. അധികാരങ്ങളോ ഉത്തരവാദിത്വങ്ങളോ ഒന്നുമില്ലാതെ പ്രാര്‍ത്ഥനയുമായി ശേഷിച്ച ജീവിതം മുന്നോട്ട് നയിക്കണമെന്നായിരുന്നു ആഗ്രഹം. ഭൗതികതയിലാണ് സന്തോഷമെന്ന് ലോകം കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥ ആനന്ദം ക്രിസ്തുവില്‍ മാത്രമാണ്. ആ ആനന്ദത്തിലേക്കുള്ള മടക്കയാത്രയാണ് തന്റെ ഈ ഏകാന്തവാസത്തിനുപിന്നിലെന്നും ” അദേഹം പറഞ്ഞു.
സമ്പത്തിനോടും അധികാരത്തോടും അകലം കാത്തുസൂക്ഷിക്കണമെന്നാണ് ക്രിസ്തു ശിഷ്യരെ പഠിപ്പിച്ചത്. ‘ലൗകിക വ്യഗ്രതയും ധനത്തിന്റെ ആകര്‍ഷണവും മറ്റു വസ്തുക്കള്‍ക്കു വേണ്ടിയുള്ള ആഗ്രഹവും അവരില്‍ കടന്നുകൂടി വചനത്തെ ഞെരുക്കുകയും അത് ഫലശൂന്യമാവുകയും ചെയ്യുന്നുവെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. (മര്‍ക്കോസ് 4:19).
ലൗകികാസക്തി ഉപേക്ഷിക്കുന്നതിലൂടെ മാത്രമേ ഒരുവന് സ്വന്തം ജീവനെ നിത്യതയിലേക്ക് വളര്‍ത്തിയെടുക്കാനാവൂ. അതോടൊപ്പം, മറ്റുള്ളവരെ നിത്യമായ വിമോചനത്തിലേക്ക് കൈചൂണ്ടി നയിക്കാനും കഴിയും. ചുരുക്കത്തില്‍, ഭൗതികമായവയില്‍ നിന്നെല്ലാം ഒരുവന് പാലിക്കുന്ന അകലമാണ് അവനെ ക്രിസ്തുമാര്‍ഗത്തിലേക്ക് നടത്തുന്നത്.
തന്റെ വൃക്കകളില്‍ ഒന്ന് ദാനം ചെയ്ത് സാധാരണക്കാരിലൊരാളായി ജീവിക്കുന്ന മുരിക്കന്‍ പിതാവ് പുരോഹിതന്മാര്ക്കിടയിലും മെത്രാന്മാര്ക്കിടയിലും എന്നും വേറിട്ടു നിൽക്കുന്ന വ്യക്തിത്വമാണ്. രൂപതക്ക് അകത്തും പുറത്തും ജനങ്ങള്‍ക്ക് ഏറെ പ്രിയങ്കരനാണ് ഇദ്ദേഹം.
മുരിക്കന്‍ പിതാവിന്റെ ഈ വേറിട്ട വഴികള്‍ സഭാ നേതൃത്വത്തെയും ചിന്തിപ്പിക്കട്ടെ.
സമ്പത്തില്‍നിന്നും അധികാരത്തില്‍നിന്നും സ്ഥാനമാനങ്ങളില്‍നിന്നും അകന്നുജീവിക്കുന്നതിലൂടെയേ ക്രിസ്തുമാര്‍ഗത്തിന്റെ നൂറുമേനി സത്ഫലങ്ങള്‍ പുറപ്പെടുവിക്കാനാവൂവെന്ന് ക്രിസ്തു പഠിപ്പിക്കുന്നുണ്ടല്ലോ! നമ്മുടെ ഓട്ടങ്ങളും നേട്ടങ്ങളും എവിടേക്ക് പോകുന്നു എന്ന് ചിന്തിക്കാനുള്ള സമയം കൂടിയാണിത്.
————————————————————————————
1963 ജൂൺ 16ന് മുട്ടുചിറയിലാണ് മാർ ജേക്കബ് മുരിക്കൻ ജനിച്ചത്. സാമ്പത്തിക ശാസ്ത്രത്തിൽ എം.എ ബിരുദം നേടിയ ശേഷം പാലായിലെ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ സഭാ പഠനം പൂർത്തിയാക്കി. 1993 ഡിസംബർ 27ന് സ്വന്തം ഇടവകയായ മുട്ടുചിറയിൽ വച്ച് മാർ ജോസഫ് പള്ളിക്കാപറമ്പിൽ വൈദികനായി.
കുറവിലങ്ങാട് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി കുറച്ചുകാലം സേവനമനുഷ്ഠിച്ച ശേഷം, നീലൂർ സെന്റ് ജോസഫ്സ് ഇഎംഎച്ച്എസിനോട് ചേർന്നുള്ള സാവിയോ ഹോം ബോർഡിംഗ് ഹൗസിന്റെ റെക്ടറായി നിയമിതനായി. പിന്നീട് രൂപത മൈനർ സെമിനാരിയിൽ പ്രൊഫസർ, കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി സെക്രട്ടറി, ചക്കംപുഴ, നീലൂർ ഇടവകകളിൽ വികാരി എന്നീ നിലകളിൽ വിവിധ പദവികളിൽ രൂപതയെ സേവിച്ചു.
രൂപതയുടെ പാസ്റ്ററൽ കോ-ഓർഡിനേറ്ററായി സേവനമനുഷ്ഠിക്കുമ്പോൾ 2012 ഓഗസ്റ്റ് 24-ന് പാലായിലെ സഹായ മെത്രാനായി പ്രഖ്യാപിക്കപ്പെട്ടു. 2012 ഒക്ടോബർ 01-ന് (ലിസിയൂസിന്റെ വിശുദ്ധ തെരേസിന്റെ തിരുനാൾ) മാർ ജോസഫ് പെരുന്തോട്ടം പാലായിലെ സെന്റ് തോമസ് കത്തീഡ്രലിൽവെച്ചായിരുന്നു അദ്ദേഹത്തിന്റെ മെത്രാഭിഷേകം.
2013 സെപ്തംബർ 19-ന് ലോകമെമ്പാടുമുള്ള പുതുതായി നിയമിതരായ ബിഷപ്പുമാരോടൊപ്പം അദ്ദേഹത്തെ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പ സദസ്സിൽ സ്വീകരിച്ചു. 2014 ഫെബ്രുവരി 05 മുതൽ 12 വരെ എപ്പാർക്കി ആതിഥേയത്വം വഹിച്ച കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) 31-ാമത് പ്ലീനറി അസംബ്ലിയുടെ വിജയകരമായ നടത്തിപ്പിൽ ജനറൽ കൺവീനർ എന്ന നിലയിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. ഇപ്പോൾ അദ്ദേഹം കെസിബിസി ചെയർമാനായി സേവനമനുഷ്ഠിക്കുന്നു എസ്സി/എസ്ടി/ബിസി എന്നിവർക്കുള്ള കമ്മീഷൻ. മാർ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം 2019 ഒക്ടോബർ 02 മുതൽ 10 വരെ ആഡ് ലിമിന സന്ദർശനത്തിൽ പങ്കെടുത്തു.