ഫാ. വർഗീസ് വള്ളിക്കാട്ട്
മണിപ്പൂരിൽ 2023 മെയ് 3 -നു തുടക്കംകുറിച്ച കലാപസമാനമായ സാഹചര്യം അയവില്ലാതെ തുടരുമ്പോൾ, എല്ലാ വിഭാഗം ജനങ്ങളും ദുരിതക്കയത്തിലാണ്. എസ് സി/ഓ ബി സി വിഭാഗമായ മെയ്തെയി ജനതയും ട്രൈബൽ വിഭാഗങ്ങളായ കുക്കി-ചിൻ ജനതയുംതമ്മിൽ എല്ലാ അർത്ഥത്തിലും ധ്രുവീകരണം നടന്നിരിക്കുന്നു! ഭരണ സിരാകേന്ദ്രമായ ഇമ്ഫാൽ താഴ്വരയിൽനിന്നും മെയ്തേയ് വിഭാഗം ഒഴികെയുള്ളവർ ഏതാണ്ടു സമ്പൂർണ്ണമായും തുരത്തപ്പെട്ടിരിക്കുന്നു!
ഈ മേഖല ഇപ്പോൾ പൂർണ്ണമായും മെയ്തേയി വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. പോലീസും സുരക്ഷാസേനയും സൈന്യവുംപോലും അവിടെ നിഷ്ക്രിയരോ നിസ്സഹായരോ ആണ് എന്നു പറയാതെ വയ്യാ. മലനിരകളിൽ അധിവസിക്കുന്ന ട്രൈബൽ വിഭാഗങ്ങൾ ഭരണ കേന്ദ്രത്തിൽനിന്നും സർക്കാർ സംവിധാനങ്ങളിൽനിന്നും അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഈ അകൽച്ചയാകട്ടെ എല്ലാ അർത്ഥത്തിലും വലുതായിക്കൊണ്ടിരിക്കുകയുമാണ്.
കലാപത്തിന്റെ തുടക്കം…
മെയ്തേയികൾക്കു ട്രൈബൽ പദവിനല്കുന്നതു സംബന്ധിച്ച് മണിപ്പൂർ ഹൈക്കോടതി 2023 ഏപ്രിൽ 20 -നു പുറപ്പെടുവിച്ച (അനുകൂല) ഉത്തരവിലെ നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ചു മെയ് മൂന്നിന് മണിപ്പൂർ ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന റാലിയുടെയും അതിനുനേരേ മെയ്തേയി വിഭാഗത്തിൽനിന്നുള്ളവരുടെ എതിർപ്പുകളുടെയും പശ്ചാത്തലമാണ് അക്രമങ്ങളുടെ തുടക്കം. നൊടിയിടയിൽ ആളിപ്പടർന്ന അക്രമസംഭവങ്ങൾ കലാപ സ്വഭാവം ആർജിക്കുകയായിരുന്നു.
ആദ്യ രണ്ടു ദിവസങ്ങളിൽത്തന്നെ 250 -ലേറെ ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടതും ട്രൈബൽ വിഭാഗങ്ങളിൽപ്പെട്ട അൻപതിലേറെ ഗ്രാമങ്ങൾ അഗ്നിക്കിരയാക്കപ്പെട്ടതും, മെയ്തേയി വിഭാഗത്തിൽപ്പെട്ട ക്രൈസ്തവരുടെ ദേവാലയങ്ങൾപോലും ഒഴിവാക്കപ്പെട്ടില്ല എന്നതും, അതേസമയം, വടക്കു-കിഴക്കേ ഇന്ത്യയിൽ പ്രബലരായ നാഗാ വിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ ഒഴിവാക്കപ്പെട്ടതും, കലാപ ഭ്രാന്തിനു കൃത്യമായ ഒരു ക്രമവും രീതിയും, അതിനാവശ്യമായ മുന്നൊരുക്കവും ഉണ്ടായിരുന്നു എന്ന ആരോപണത്തിനു ശക്തി പകരുന്നതാണ്.
ഇത്രയേറെ നാശനഷ്ടങ്ങൾക്കും നൂറിലേറെപ്പേരുടെ ജീവഹാനിക്കും അറുപതിനായിരത്തിലധികം ട്രൈബൽ ജനതയുടെ പലായനത്തിനും കാരണമായ മെയ്തേയി ആക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെറുത്തുനിൽക്കാൻ ശ്രമിക്കുന്ന കുക്കി-ചിൻ വിഭാഗങ്ങളെ കലാപകാരികളും രാജ്യദ്രോഹികളും അനധികൃത കുടിയേറ്റക്കാരും അക്രമികളുമായി ചിത്രീകരിക്കുകയും ചെയ്യുന്ന സംസ്ഥാന ഭരണകൂടവും കേന്ദ്രസർക്കാരും സമാധാനം പുനഃസ്ഥാപിക്കാൻ പരാജയപ്പെടുന്നതിൽ എന്താണ് അത്ഭുതം?
ഒരു സംസ്ഥാനത്തിലെ വിവിധ ജനവിഭാഗങ്ങളെ നിയമവും ഭരണഘടനയും അനുശാസിക്കുന്നവിധം തുല്യമായി പരിഗണിക്കാൻ ഭരണകൂടം പരാജയപ്പെട്ടാൽ, അത് എന്തിന്റെ പേരിലായാലും ന്യായീകരിക്കാൻ കഴിയുന്നതല്ല. കുക്കി വിഭാഗത്തെ ചൊടിപ്പിച്ച ഒരു പ്രധാന സംഭവം, മെയ് 3 -ലെ പ്രതിഷേധത്തിന്റെ തുടക്കത്തിൽ, ലെയ്സാങ് ഗ്രാമത്തിലെ ആംഗ്ലോ-കുക്കി സെന്റിനറി ഗേറ്റ് തകർക്കപ്പെട്ട സംഭവമാണ് എന്ന് പറയപ്പെടുന്നു.
ബ്രിട്ടീഷ് കോളനിസ്റ്റുകൾക്കെതിരെ 1917 – 1919 കാലഘട്ടത്തിൽ നടന്ന കുക്കികളുടെ ചെറുത്തുനില്പിന്റെയും പോരാട്ടങ്ങളുടെയും സ്മാരകമായ മെമ്മോറിയൽ ഗേറ്റ് തകർത്തത് തങ്ങളുടെ ചരിത്രത്തെത്തന്നെ തുടച്ചുനീക്കാനും, തങ്ങളെ കടന്നുകയറ്റക്കാരും കുടിയേറ്റക്കാരുമായി ചിത്രീകരിക്കുന്ന സമകാലിക രാഷ്ട്രീയ നീക്കങ്ങളെ ന്യായീകരിക്കാനുമാണ് എന്നവർ കരുതി. അത് കുക്കികളുടെ ഗോത്ര ബോധത്തെയും ഗോത്ര സ്മൃതികളെയും ഉണർത്തുകയും ചെറുത്തുനില്പിനു പ്രേരിപ്പിക്കുകയും ചെയ്തു.
ഈ ചെറുത്തുനിൽപ്പ് പലയിടത്തും തീവ്ര സ്വഭാവം അർജിക്കുന്നതായുള്ള റിപ്പോർട്ടുകളുമുണ്ട്.
കലാപത്തിനു പിന്നിൽ എന്താണ്? കലാപത്തിനു തൊട്ടുമുൻപായി, ഇമ്ഫാൽ താഴ്വരയിലെയും പരിസര പ്രദേശങ്ങളിലെയും പോലീസ് സ്റ്റേഷനുകളിൽനിന്നും സൈനിക കേന്ദ്രങ്ങളിൽനിന്നുപോലും ആയുധങ്ങൾ മോഷണം പോയി എന്ന റിപ്പോർട്ടുകൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്.
ആയുധങ്ങൾ എത്തിച്ചേർന്നത് ഭരണകൂടത്തോട് ചേർന്നു നിൽക്കുന്ന മെയ്തേയി വിഭാഗത്തിന്റെ കൈകളിലായതു യാദൃശ്ചികം മാത്രമാകുമോ? അതേസമയം, ചുരാചൻദ്പൂർ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് 2023 ഫെബ്രുവരി 14 -നു പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം, മാർച്ച് 1 -നു മുൻപായി ലൈസൻസുള്ള തോക്കുകൾ സ്വന്തമായുള്ള ട്രൈബൽ വിഭാഗങ്ങളിൽപ്പെട്ടവർ അതാതു പോലീസ് സ്റ്റേഷനുകളിൽ അവ ഏൽപ്പിക്കാൻ ബാധ്യസ്ഥരായിരുന്നു എന്നു മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. തങ്ങൾക്കുനേരെ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, ഇവയൊക്കെതമ്മിൽ പരസ്പര ബന്ധമുള്ളതായി ട്രൈബൽ ജനത കരുതുന്നത് തെറ്റാണെന്നു പറയാൻ കഴിയുമോ?
ട്രൈബൽ ജനതയുടെ ആകുലതകൾക്കു കാരണം പലതാണ്. അവ പ്രധാനമായും സാമ്പത്തികവും സാമൂഹികവുമാണ്. സംസ്ഥാന സർക്കാരിന്റെയും, പ്രമുഖ സാമ്പത്തിക സാംസ്കാരിക സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും പ്രവർത്തന കേന്ദ്രം എന്ന നിലയിൽ, ഇമ്ഫാൽ താഴ്വര സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നിട്ടുനിൽക്കുന്നു. താഴ്വര നിവാസികളായ മെയ്തേയി വംശജർ പരമ്പരാഗതമായി സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഇതര വിഭാഗങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്നവരാണ്.
കാർഷിക വൃത്തിയെ ആശ്രയിച്ചു കഴിയുന്ന കുക്കി-ചിൻ വിഭാഗങ്ങൾ മലനിരകളിൽ അധിവസിക്കുന്നവരും പരമ്പരാഗത ഗോത്ര ജീവിതരീതികൾ പിന്തുടരുന്നവരും മതപരമായി, ക്രൈസ്തവ വിശ്വാസം പിൻപറ്റുന്നവരുമാണ്. സാമ്പത്തിക അരാജകത്വവും തൊഴിലില്ലായ്മയും പുതു തലമുറയിലെ യുവാക്കളെ ഏറെ അസ്വസ്ഥതപ്പെടുത്തുന്നുമുണ്ട്. അവർക്ക് ആകെയുള്ളതു മലനിരകളിലെ മണ്ണിന്റെമേലുള്ള ഗോത്രാവകാശമാണ്.
ഇന്ത്യൻ ഭരണഘടനയുടെ 371 (സി) വകുപ്പ് പ്രകാരം ട്രൈബൽ മേഖലയിൽ സ്വകാര്യഭൂമി അനുവദനീയമല്ലാത്തതിനാൽ, മെയ്തേയ് വംശജർക്ക് മല നിരകളിൽ ഭൂമി സ്വന്തമാക്കാൻ കഴിയില്ല. ഈ തടസ്സം നീങ്ങിക്കിട്ടുന്നതിനാണ് മെയ്തേയി വംശജർ പ്രധാനമായും ട്രൈബൽ പദവിക്കുവേണ്ടി വാദിക്കുന്നത്. ഇതിനു ഭരണകൂടത്തിന്റെയും, ഇപ്പോൾ, സംസ്ഥാനതലത്തിൽ നീതിപീഠത്തിന്റെയും പിന്തുണയുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇതാകട്ടെ, തങ്ങൾക്കു ചവിട്ടി നിൽക്കാനുള്ള മണ്ണു നഷ്ടപ്പെടുത്തും എന്ന ഭീതി ട്രൈബൽ വിഭാഗങ്ങളിൽ ഉയർത്തിവിട്ടിട്ടുമുണ്ട്.
വസ്തുതകൾ ആഴത്തിൽ പരിശോധിച്ചാൽ വിഷയം തികച്ചും ഗോത്രവർഗ അവകാശങ്ങളുമായി ബന്ധപ്പെട്ടതാണ്. എന്നാൽ, ഇതിനു വർഗീയവും രാഷ്ട്രീയവുമായ അന്തർധാരകളുണ്ട് എന്നതു വ്യക്തമാണ്.
കലാപം ആരുടെ സൃഷ്ടിയാണ്?
ട്രൈബൽ റൈറ്റ്സുമായി ബന്ധപ്പെട്ട മെയ്തേയി-കുക്കി-ചിൻ തർക്കങ്ങൾക്കു പിന്നിലെ രാഷ്ട്രീയവും വർഗീയവുമായ മാനങ്ങൾ, ഇക്കാര്യത്തിൽ ആർ എസ് എസ് കേന്ദ്രങ്ങൾ നടത്തുന്ന പ്രചാരണങ്ങളിൽനിന്നാണ് കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്നത്. ആർ എസ് എസ്സിന്റെ മുഖപത്രമായ ഓർഗനൈസർ മുന്നോട്ടുവയ്ക്കുന്ന ആഖ്യാനം ആരെയും അസ്വസ്ഥരാക്കുന്നതാണ്. ജനസംഖ്യയിൽ 53% ത്തിലധികംവരുന്ന മെയ്തേയികൾക്കു ഭൂവിസ്തൃതിയിൽ കേവലം 10% മാത്രം വരുന്ന ഇമ്ഫാൽ താഴ്വരയിൽ മാത്രമാണ് ഭൂമി വാങ്ങാൻ അവകാശമുള്ളത് എന്നതും, ഇതര
ഗോത്ര വിഭാഗങ്ങളിൽനിന്നു വ്യത്യസ്തമായി ഇവർ സനാതന ഹിന്ദു ധർമ്മം പിന്തുടരുന്നവരാണെന്നും, അതിനാൽ ക്രൈസ്തവ സഭകൾ നേതൃത്വംനല്കുന്ന കുക്കി-ചിൻ വിഭാഗങ്ങളിൽനിന്നും ജന സംഖ്യയിൽ 9 % ത്തോളം വരുന്ന പാഗൽ എന്നറിയപ്പെടുന്ന മുസ്ലിം സമുദായത്തിൽനിന്നും (മെയ്തേയി വംശജർ) സംരക്ഷിക്കപ്പെടേണ്ടവരാണെന്നും ആർ എസ് എസ് കരുതുന്നു.
ജനസംഖ്യയിൽ 41% മുള്ള ക്രിസ്ത്യാനികൾ വിദേശത്തുനിന്നെത്തുന്ന ‘കണക്കറ്റ പണ’മുപയോഗിച്ചു ഭൂമിയുടെ ഭൂരിഭാഗവും കയ്യടക്കി വച്ചിരിക്കുന്നു എന്നും, വൻതോതിൽ മതംമാറ്റം നടത്തുകയാണെന്നും, അനധികൃത കുടിയേറ്റക്കാരെയും മയക്കുമരുന്നു കൃഷിക്കാരെയും പിന്തുണക്കുകയാണെന്നും ആർ എസ് എസ് കുറ്റപ്പെടുത്തുന്നു. 2023 മെയ് 7 -നു ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നത്, ഇത് ഇന്ത്യൻ ഭരണകൂടവും ജുഡീഷ്യറിയും, സനാതന മെയ്തേയി വിഭാഗവും സംയുക്തമായി മതംമാറ്റ ലോബിക്കും ഓപിയം കടത്തുകാർക്കും തീവ്ര ഇസ്ലാമിസ്റ്റുകൾക്കും എതിരേ നടത്തുന്ന പോരാട്ടമാണെന്നും, ഈ പോരാട്ടം കടുത്തതായിരിക്കും എന്നുമാണ്.
മണിപ്പൂർ കലാപം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളെയാകെ ബാധിച്ചിട്ടുള്ള ഗുരുതരമായ രോഗത്തിന്റെ ലക്ഷണം മാത്രമാണെന്നും, തൊലിപ്പുറത്തെ ചികിത്സയല്ല ഗുരുതര ശാസ്ത്രക്രിയതന്നെ ഈ രോഗത്തെ സുഖപ്പെടുത്താൻ വേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടുന്നു. മണിപ്പൂരിൽ തീയണയാത്തതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം, കേന്ദ്ര സംസ്ഥാന സർക്കാരുകളെ നയിക്കുന്ന ആർ എസ് എസ്സിന്റെ ഈ ചിന്താഗതിയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനെ തള്ളിക്കളയാൻ കഴിയുമോ?
പ്രധാനമന്ത്രിയുടെ മൗനം
മേല്പറഞ്ഞ ചിന്താഗതി കേന്ദ്ര സംസ്ഥാന സർക്കാരുകളെ സ്വാധീനിക്കുന്നുണ്ട് എന്ന തോന്നൽ ശക്തമായതിനാലാണ്, ഇന്ത്യയുടെ ഭരണ നേതൃത്വമുള്ള പ്രധാനമന്ത്രി നിലപാടു വ്യക്തമാക്കണം എന്ന ആവശ്യം ശക്തമാകുന്നത്. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുമെന്നും, അതിൻപ്രകാരമുള്ള അവകാശങ്ങൾ ഒരു വിഭാഗത്തിനും നിഷേധിക്കുകയില്ലെന്നും, രാജ്യത്തു സമാധാനവും പരസ്പര വിശ്വാസവും സഹകരണവും പുലരണമെന്നും ഉറപ്പിച്ചുപറയാൻ കഴിയുന്നത് അദ്ദേഹത്തിനാണ്.
അദ്ദേഹത്തിന്റെ മൗനം അതുകൊണ്ടുതന്നെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെയെല്ലാം അസ്വസ്ഥരാക്കുന്നതാണ്. സർക്കാരിനെ നയിക്കുന്നത് ഭരണഘടനയോ ആർ എസ് എസ് ഉയർത്തുന്ന വിഭാഗീയതയുടെ പ്രത്യയശാസ്ത്രമോ എന്നതാണ് ഇവിടെ കാതലായ വിഷയം.
വിവേകവും സൽബുദ്ധിയും പുലരണം രാജ്യത്തു ജനാധിപത്യവും മതേതരത്വവും പുലരണം. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് എന്ന പ്രതിജ്ഞ കുഞ്ഞുങ്ങളുടെ മാത്രമല്ല എല്ലാവരുടെയും ആദർശ വാക്യമാകണം.
ഏതെങ്കിലും ഒരു ജനതയുടെയോ ജന വിഭാഗത്തിന്റെയോ മേധാവിത്വം സ്ഥാപിച്ചെടുക്കുക എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ലക്ഷ്യമാകരുത്. അകന്നുപോയ മനസ്സുകളെയും ഹൃദയങ്ങളെയും അനുരഞ്ജനത്തിലേക്കും സഹകരണത്തിലേക്കും സഹവർതിത്വത്തിലേക്കും തിരികെയെത്തിക്കാനുള്ള പരിശ്രമങ്ങൾ വൈകരുത്. സാമൂഹികവും സാമ്പത്തികവും വികസനപരവുമായ കാര്യങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്താൻ സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണം.
ഇതിനുള്ള സംഭാഷണങ്ങൾ രാഷ്രീയതലത്തിൽ ഉടൻ തുടങ്ങണം. പരസ്പര വിശ്വാസവും ഐക്യവും വീണ്ടെടുക്കാനുള്ള നടപടികൾക്ക് ആദരണീയനായ പ്രധാനമന്ത്രിതന്നെ നിർദേശവും നേതൃത്വവും നൽകണം.