ഫാ. വർഗീസ് വള്ളിക്കാട്ട്
നമ്മുടെ കേരളത്തിലെ മലയോര ജനതയോടും തീരദേശ ജനവിഭാഗത്തോടും, അവരുടെ ജീവിത പ്രശ്നങ്ങളോടും, നഗരവാസികളായ ‘പ്രബുദ്ധർ’ ഭരണകൂടത്തിന്റെ ഒത്താശയോടെ പുലർത്തുന്ന നിഷേധാത്മക നിലപാടുമായി, മണിപ്പൂരിലെ വിഷയങ്ങൾക്കു സാമ്യമുണ്ട്. വന്യമൃഗ സംരക്ഷണത്തിന്റെയും, ദേശീയ ഉദ്യാനത്തിന്റെയും, സംരക്ഷിത വനത്തിന്റെയുമൊക്കെ പേരിൽ, കർഷകരെ ദ്രോഹിക്കാനുള്ള ഗൂഢ ശ്രമങ്ങളും, വികസനത്തിന്റെ പേരിൽ തീരദേശ
ജനതയെ എങ്ങിനെയും ആട്ടിപ്പായിച്ച്, അവരുടെ കിടപ്പാടം കവർന്നെടുത്തു മൾട്ടി നാഷണൽ കുത്തകകൾക്ക് സമ്മാനിക്കാനുള്ള ഭരണകൂട നീക്കങ്ങളും, ഹൈറേഞ്ചു നിവാസികളെ അനധികൃത കുടിയേറ്റക്കാരും കയ്യേറ്റക്കാരും കഞ്ചാവു കൃഷിക്കാരുമൊക്കെയായി ചിത്രീകരിച്ച്, അവരുടെ അന്നം മുട്ടിക്കാനുള്ള കപട പ്രകൃതി സ്നേഹികളുടെ കുത്സിത നീക്കങ്ങളും ഇത്തരുണത്തിൽ കാണാതെ പോകരുത്.
പണവും രാഷ്ട്രീയ സ്വാധീനവുമുള്ളവർ, തങ്ങളുടെ ആർത്തിക്കൊത്തു വളർത്തിക്കൊണ്ടുവരുന്ന ഇത്തരം പ്രവണതകൾ എത്രമാത്രം അപകടകരവും അക്രമാസക്തവുമാകാം എന്നതിന്റെ ഉദാഹരണം കൂടിയാണ് മണിപ്പൂർ! ഇക്കാര്യത്തിൽ, ബി ജെ പിയെന്നോ കമ്യൂണിസ്റ്റെന്നോ വ്യത്യാസമില്ല എന്നതും, ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ളീമോ എന്നതല്ല അടിസ്ഥാന കാരണമെന്നും, രാഷ്ട്രീയ-ഭരണ സ്വാധീനം ഉപയോഗിച്ച്, പാവപ്പെട്ടവന്റെ മണ്ണും മാനവും കവർന്നെടുക്കാൻ, ഹിന്ദു കാർഡോ മുസ്ലീം കാർഡോ ക്രിസ്ത്യൻ കാർഡോ തരംപോലെ പ്രയോഗിക്കപ്പെടാം എന്നതു കൂടിയാണ് മണിപ്പൂർ നല്കുന്ന പാഠം.
മണിപ്പൂർ വിഷയത്തിൽ, ബിരേൻ പ്രയോഗിച്ച ‘ഹിന്ദു’ കാർഡിൽ, കേന്ദ്രസർക്കാരിന്റെ കണ്ണു മഞ്ഞളിച്ചുപോയിരിക്കാം!
മണിപ്പൂരിനുവേണ്ടി കേഴുന്നവരൊക്കെ, നാട്ടിൽ എന്തു നിലപാടാണ്, സമാനമായ വിഷയങ്ങളിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എന്നു സ്വന്തം മനസാക്ഷിയോടെങ്കിലും ചോദിക്കുന്നതു നല്ലതാണ്…
കൈവിട്ടു പോയതിനു ശേഷമല്ല ഒരു വിഷയവും പരിഹരിക്കാൻ ശ്രമിക്കേണ്ടത് എന്നു മലയാളികൾ ഓർക്കണം… കർഷകന്റെ അധ്വാനത്തിനു തക്ക പ്രതിഫലം ഉൽപ്പന്നത്തിന്റെ വിലയായി കിട്ടണം എന്നു പറഞ്ഞതിന്റെ പേരിൽ, ഒരു മെത്രാനെതിരേ എത്ര സമർത്ഥമായാണ് ‘പ്രബുദ്ധ മലയാളികൾ’ പ്രതികരിച്ചത് എന്ന് ആരും മറന്നിട്ടുണ്ടാവുകയില്ല. ഏതു കാർഡ് പ്രയോഗിച്ചാലും ഫലം ഏതാണ്ട് ഒന്നുതന്നെ: പണമില്ലാത്തവൻ പിണം!
കർഷക സമരം അടിച്ചൊതുക്കിയവർ, കർഷകരെ ആട്ടിപ്പായിക്കുന്ന കാഴ്ചയാണ് മണിപ്പൂരിൽ കാണുന്നത്! ഓടാൻ തയ്യാറല്ലെങ്കിൽ, മരിക്കാൻ തയ്യാറാവുക എന്ന സന്ദേശമാണ് ബിരേൻ നൽകുന്നത്. നന്ദിഗ്രാമിൽ നടന്നതും നാളെ കേരളത്തിൽ നടന്നേക്കാവുന്നതുമായ ഈ വേട്ടക്കുപിന്നിൽ, പണത്തോടും അധികാരത്തോടുമുള്ള വരേണ്യ വർഗ്ഗത്തിന്റെ ഒടുങ്ങാത്ത ആർത്തി ഒന്നുമാത്രമാണ് കാരണം. അതിനായി അവർ ഏതു കാർഡും അവസരത്തിനൊത്തു പ്രയോഗിക്കും!
കുക്കി ജനത ആവശ്യപ്പെടുന്നത് പ്രത്യേക ഭരണ സംവിധാനം
മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ ഭരണഘടനയ്ക്കും ഭരണകൂടത്തിനും കീഴിൽ, പ്രത്യേക ഭരണ സംവിധാനം അനുവദിക്കണം എന്ന ആവശ്യം മുന്നോട്ടു വയ്ക്കുകയാണ്, മണിപ്പൂർ സംസ്ഥാന ഭരണകൂടത്തിൽ വിശ്വാസം നഷ്ടപ്പെട്ട കുക്കി – സോ ജനസമൂഹം. സംസ്ഥാനത്തു നിലനിൽക്കുന്ന അരക്ഷിതാവസ്ഥയും, പരസ്പര വിശ്വാസമില്ലായ്മയും, ഭയവും ഇത്തരം ഒരു ആവശ്യം ഉന്നയിക്കാൻ അവരെ നിർബന്ധിതരാക്കിയിരിക്കുകയാണ് എന്നുവേണം കരുതാൻ.
ഭരണ സിരാകേന്ദ്രമായ ഇമ്ഫാലിൽനിന്നും അവർ അക്ഷരാർത്ഥത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾ മുതൽ മരുന്നും മുന്തിയ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളും, ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും, സർവകലാശാലകളും, സർക്കാർ ഓഫീസുകളും, സെക്രട്ടേറിയറ്റും, നിയമസഭയുമെല്ലാം ഇമ്ഫാലിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ, മേഖലയിൽനിന്നുള്ള കുക്കി ജനതയുടെ ഒറ്റപ്പെടൽ, അവരുടെ
നിലനിൽപ്പുതന്നെ അപകടത്തിലാക്കുമെന്ന് അവർ ഭയപ്പെടുന്നു. സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാരും എൻ. ബിരേൻ സിംഗ് നേതൃത്വം നല്കുന്ന ഭരണകൂടവും, ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള സൈനിക, അർത്ഥസൈനിക സംവിധാനങ്ങളും, പോലീസും സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, മെയ്തേയി ആധിപത്യമുള്ള ഇമ്ഫാലിൽ, തങ്ങൾ ഒരുവിധത്തിലും സുരക്ഷിതരാവില്ലെന്ന് അവർ ഭയപ്പെടുന്നു…
സംസ്ഥാന മുഖ്യമന്ത്രിയുടെ ഭരണ പരാജയം കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്രസർക്കാരും പ്രധാനമന്ത്രിയും, ഇക്കാര്യത്തിൽ കുക്കി ജനതയുടെ ആവശ്യത്തെ എങ്ങിനെ നോക്കിക്കാണും എന്നു കണ്ടറിയണം. ഇന്ത്യൻ പ്രസിഡന്റ്റിനു കീഴിൽ സംസ്ഥാന ഗവർണ്ണറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ, ഒരു കേന്ദ്രഭരണ പ്രദേശമായി, കുക്കി ഹിൽ അഡ്മിനിസ്ട്രഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജനാധിപത്യ സംവിധാനങ്ങളോടെയുള്ള ഒരു പ്രത്യേക ഭരണസംവിധാനമൊരുക്കി, കുക്കി – സോ ജനതയെ ഭാരതാംബയുടെ മടിയിൽ സുരക്ഷിതമായി ചേർത്തുനിർത്താൻ കഴിഞ്ഞാൽ, അവർ ഇന്നനുഭവിക്കുന്ന യാതനകൾക്ക് അറുതിവരുത്താൻ കഴിയില്ലേ…?
ഭരണഘടനാപരമായ ഇത്തരം വിഷയങ്ങൾക്ക് ഇന്ത്യൻ ഭരണകൂടവും സുപ്രീംകോടതിയും ഉൾപ്പെട്ട ഉന്നത സമിതികളാണ് പ്രതിവിധി കണ്ടെത്തേണ്ടത്. മണിപ്പൂരിൽ ഇനിയും രക്തമൊഴുകരുത്, ഒരു ജനത അവരുടെ വംശീയ സ്വത്വത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ പീഡിപ്പിക്കപ്പെടരുത്! അവർ ജനിച്ചു വളർന്ന മണ്ണിൽനിന്ന് അവർ ആട്ടിപ്പായിക്കപ്പെടരുത്!
അവരുടെ മതം ഏതായാലും അവരുടെ ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കപ്പെടരുത്! അവരുടെ കുഞ്ഞുങ്ങളും യുവതികളും അമ്മമാരും അപമാനിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമരുത്! അവരുടെ യുവാക്കളും പുരുഷന്മാരും വേട്ടയാടപ്പെടരുത്!
കുക്കി – സോ ജനതയെ ചേർത്തുപിടിക്കുന്നതിൽ, രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന്, പ്രായോഗിക സംവിധാനങ്ങൾ ഒരുക്കുന്നതിൽനിന്ന് ആരും മുഖം തിരിക്കരുത്! മരണഭയത്തോടെ ഓരോ നിമിഷവും തള്ളിനീക്കുന്ന ഒരു ജനതയോടു കരുണകാട്ടാൻ ഇന്ത്യൻ ജനതയും ഭരണകൂടവും പരാജയപ്പെടരുത്!