നാടിനെ ലഹരിപിടിപ്പിക്കുന്ന സർക്കാർ: നാടുനന്നാക്കേണ്ടവര്‍ വീണ മീട്ടുന്നു…
പുതിയ മദ്യനയത്തിലൂടെ ഇടതുപക്ഷ സർക്കാർ വീണ്ടും കേരള ജനതയെ ലഹരിക്കടിമകളാക്കുന്നു. ഇപ്പോൾ ഇതാ ഐടി പാർക്കുകളിൽ ബാർ വരും. മറ്റു ജോലി സ്ഥലങ്ങളിലേക്ക് എന്നാണ് ഇനി മദ്യനയം വ്യാപിപ്പിക്കുന്നത്?
ജനങ്ങളുടെ ക്ഷേമം തകർത്ത് അവരുടെ അധ്വാനഫലം കൊള്ളയടിച്ച് മദ്യമാഫിയകൾക്ക് നൽകുന്ന ഇടനിലക്കാരന്റെ ജോലിയാണ് സർക്കാർ ഇപ്പോൾ ചെയ്യുന്നത്. ഒരു ജനതയെ മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിക്ക് അടിമകള്‍ ആക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢ പദ്ധതിയാണ് ഇപ്പോള്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നത്.
ഒരു പഠനം അനുസരിച്ചു കേരളത്തില്‍ 50.8% ആളുകള്‍ മദ്യപരാണ്. അത് 100 ശതമാനം ആക്കാനുള്ള കാര്യങ്ങള്‍ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഹോട്ടലുകളും റെസ്റ്റോറന്റുകളും സ്വന്തമായി ബിയര്‍ ഉണ്ടാക്കുന്നതാണ് മൈക്രോ ബ്രൂവറി. കൂടുതല്‍ സൗകര്യത്തിന് മദ്യം നല്കി കൂടുതല്‍ ആളുകളെ മദ്യപാനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള പരിപാടി ആയിരുന്നു മൈക്രോ ബ്രൂവറി.
പഴങ്ങളില്‍ നിന്നും വൈനും വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുക എന്ന പരിപാടിക്ക് ലക്ഷ്യങ്ങള്‍ വിവിധം. വീര്യം കുറഞ്ഞ മദ്യനിര്മ്മാണംകൊണ്ട് അധിക ലഹരി ആവശ്യമില്ലാത്ത ഒരു വിഭാഗം ജനങ്ങളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കാം. അതായത് ബിയര്‍ കുടിയര്‍ക്കും ,ലഹരിയുള്ള മദ്യം കുടിയര്‍ക്കും ഇടയില്‍ മറ്റൊരു പുതിയ വിഭാഗം ‘മൃദു ലഹരി’ മദ്യപാനികളെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
സാമ്പത്തിക വളർച്ചമാത്രം നോക്കി നാടിന്റെ പുരോഗതി വിലയിരുത്തുന്ന ഇടതു പക്ഷങ്ങളുടെ നവലിബറൽ നയങ്ങളും മദ്യപാനാസക്തി വളർത്തുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്. മദ്യത്തിന്റെ ഉല്പാദനവും ഉപഭോഗവും വർദ്ധിക്കുന്നത് സാമ്പത്തികവളർച്ചയിലും പ്രതിഫലിക്കുമെന്നത് ഇത്തരം വ്യവസായങ്ങളെ കാര്യമായി സഹായിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. സാമൂഹ്യ തിന്മയെ വളർത്തുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിജയിച്ചിരിക്കുന്നു .
കൂലി വേലക്കാര്‍ മുതല്‍ ലക്ഷപ്രഭുക്കള്‍ വരെയുള്ളവര്‍ക്കു മദ്യപാന സൗകര്യങ്ങള്‍ ഒരുക്കുന്ന സര്‍ക്കാര്‍ വൈകിയ രാത്രികളില്‍ ജോലിക്കു പോകുന്നതും വരുന്നതും ആയ ജനത്തിന് ഉല്ലാസം പകരാന്‍ പബ്ബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതും നമ്മുടെ ജനങ്ങളെ മദ്യത്തിൽ മുക്കിക്കൊല്ലും.
ജനകീയ ഇടപെടലുകൾ വഴി മെച്ചപ്പെട്ട സാമൂഹികവികസനം രൂപപ്പെട്ടുവന്ന സംസ്ഥാനമാണ് കേരളം. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി വരെ ജനക്ഷേമത്തിൽ ഊന്നിയ “കേരള വികസന മാതൃക കരുപ്പിടിപ്പിക്കുന്നതിൽ പങ്കാളികളായിരുന്നു.കേരളത്തിൽ അധികാരത്തിൽ വരുന്ന സർക്കാരുകളെല്ലാം മുഖ്യ വരുമാനമാർഗ്ഗമായി കാണുന്നത് മദ്യവില്പനയും ലോട്ടറിയുമാണ്. ഇത് രണ്ടും സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന ഏർപ്പാടുകളാണ്.
സാമൂഹികസേവനമേഖലകളെ കച്ചവടച്ചരക്കാക്കിയും, പ്രകൃതിവിഭവങ്ങൾ കൊളളയടിച്ചും, പൊതുമുതലുകൾ കയ്യേറിയും അതിസമ്പന്നരായിത്തീർന്നവരുടെ ഒരു വലിയ നിരയുണ്ട് കേരളത്തിൽ. ആഡംബര ഉപഭോഗങ്ങളുടെ കാര്യത്തിൽ പരിധിവിട്ട പ്രവർത്തനമാണ് ഈ സമ്പന്നവിഭാഗങ്ങൾ നടത്തുന്നത്.
ഇത്തരക്കാരിൽ നിന്ന് കനത്ത നികുതികളിലൂടെയും ഫീസുകളിലൂടെയും സർക്കാർ വരുമാനം വർദ്ധിപ്പിക്കുന്നതിനു പകരം സാധാരണ ജനങ്ങളെ കൊളളയടിച്ചുനശിപ്പിക്കുന്ന മദ്യവിൽപനയെ ഇടതുപക്ഷ സർക്കാർ ആശ്രയിക്കുന്നത് അധാർമ്മികമാണ്, കുറ്റകരമാണ്.
സാമ്പത്തിക വളർച്ചമാത്രം നോക്കി നാടിന്റെ പുരോഗതി വിലയിരുത്തുന്ന നവലിബറൽ നയങ്ങളും മദ്യപാനാസക്തി വളർത്തുന്നതിൽ പ്രധാന പങ്കാണ് വഹിച്ചത്.ഈ നവലിബറൽ നയങ്ങളുടെ പ്രാ ണേതാക്കളായി കമ്മ്യൂണിസ്റ്റ് സർക്കാർ മാറുന്നു. മദ്യവർജനമാണ് വേണ്ടതെന്നു പറയുകയും സ്വന്തം അംഗങ്ങൾ മദ്യപിക്കരുതെന്ന് വാശിപിടിക്കയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ തൊഴിലാളി സ്നേഹത്തിന്റെ പേരിൽ മദ്യക്കച്ചവടത്തെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും രംഗത്തു വരികയും ചെയ്യുന്നു.
മദ്യം ഒഴുക്കുക എന്ന രഹസ്യ അജണ്ട പുറത്തെടുത്തിരിക്കുന്നു. ഓരോ ദിവസവും രോഗാതുരമാവുന്ന സമൂഹത്തില്‍ ലഹരി വിതക്കുന്ന നാശത്തിന്റെ കണക്കുകള്‍, പക്ഷേ ഒരു സ്ഥലത്തും രേഖപ്പെടുത്തുന്നില്ല. മദ്യപാനിയുടെ പീഡനപര്‍വ്വം കാരണം കണ്ണീരുണങ്ങാത്ത വീടുകള്‍, മാനംപോയ പിതാക്കന്മാര്, ചാരിത്ര്യം നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍, സ്വൈര ജീവിതം അന്യമായ കുടുംബങ്ങള്‍. എന്നിട്ടും സര്‍ക്കാര്‍ ഖജനാവ് നിറക്കാന്‍ മദ്യവ്യവസായത്തെ ശക്തിപ്പെടുത്തുന്ന നയങ്ങള്‍ ആവര്‍ത്തിക്കുകയാണ്.സമൂഹത്തെ നന്മകളിലേക്ക് നയിക്കുന്ന നയങ്ങൾ രാഷ്ട്രീയനേതൃത്വങ്ങൾക്ക് അന്യമാകുന്നു.നീതിപൂര്‍വകമായ വികസന മാതൃകകള്‍ ഇല്ലാതെ സമൂഹത്തെ ലഹരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആകില്ല എന്ന സത്യം നമ്മുടെ ഓർമയിലിരിക്കട്ടെ.
By, ടോണി ചിറ്റിലപ്പിള്ളി, അൽമായ സെക്രട്ടറി
സീറോ മലബാർ സഭ