തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ‘നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകള്‍ അദ്ദേഹം എഴുതി. ചുരുങ്ങിയ സമയത്തില്‍ സിനിമയുടെ കഥാസന്ദര്‍ഭത്തിനുചേരുംവിധം കാവ്യഭംഗിയുള്ള രചനകള്‍ നടത്തുന്നതില്‍ പ്രഗത്ഭനായിരുന്നു. ജല അതോറിട്ടി റിട്ട.ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകന് സുമന് ശങ്കര്‍ ബിച്ചു (സംഗീത സംവിധായകന്).
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടുതവണ ലഭിച്ചു – 1981 ലും (തൃഷ്ണ,– ‘ശ്രുതിയില്‍നിന്നുയരും…’, തേനും വയമ്പും– ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991 ലും (കടിഞ്ഞൂല്‍ കല്യാണം ‘പുലരി വിരിയും മുമ്പേ…’, ‘മനസില്‍ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’). സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരന് ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.
1942 ഫെബ്രുവരി 13ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്കരന് നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി.ശിവശങ്കരന് നായരുടെ ജനനം. അറിയപ്പെടുന്ന പണ്ഡിതന് കൂടിയായിരുന്ന മുത്തച്ഛന് വിദ്വാന് ഗോപാലപിള്ള സ്നേഹത്തോടെ വിളിച്ച വിളിപ്പേരാണ് ബിച്ചു. തിരുവനന്തപുരം തിരുമലയിലേക്ക് താമസം മാറിയതോടെ അദ്ദേഹം ബിച്ചു തിരുമലയായി. ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ.ചന്ദ്ര, ശ്യാമ, ദര്ശന്രാമന് എന്നിവരാണ് സഹോദരങ്ങള്‍.
‘ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…’ ബിച്ചുവിന്റെ എക്കാലത്തും സൂപ്പര്‍ഹിറ്റായ ഗാനങ്ങളിലൊന്നാണിത്. ‘ആരാരോ ആരിരാരോ അച്ഛന്റ മോളാരാരോ…’, ‘ഉണ്ണിയാരാരിരോ തങ്കമാരാരിരോ….’, ‘രാവു പാതി പോയ് മകനേ ഉറങ്ങു നീ…’, ‘കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ…’, ‘കണ്ണോടു കണ്ണോരം നീ കണിമലരല്ലേ…’, ‘എന്‍പൂവേ പൊന്‍പൂവേ ആരീരാരം പൂവേ…’ ഇത്തരത്തില്‍ മലയാളചലച്ചിത്രങ്ങളിലെ മാധുര്യമൂറുന്ന നിരവധി താരാട്ടുപാട്ടുകളും ബിച്ചുവിന്റേതായുണ്ട്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ആദ്യകാല കാര്‍ട്ടൂണ്‍ പരമ്പരകളില്‍ ഒന്നായ ‘ജംഗിള്‍ബുക്കി’ല്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ച ‘ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങും ചക്കരപൂവേ…’ എന്ന അവതരണ ഗാനം മോഹന്‍ സിത്താര ഈണമിട്ട് ബിച്ചു എഴുതിയതാണ്.
‘പച്ചക്കറിക്കായത്തട്ടില്‍ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി…’ എന്ന കുസൃതി ഒളിപ്പിച്ച വരികളും മറ്റാരുടേതുമല്ല. ‘ആളൊരുങ്ങി അരങ്ങൊരുങ്ങീ….’, ‘ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടീ….’, ‘തത്തപ്പെണ്ണേ തഞ്ചത്തില്‍ വാ….’, ‘കട്ടുറുമ്പേ വായാടി നെയ്യുറുമ്പേ….’, ‘എട്ടപ്പം ചുടണം ചുട്ടപ്പം വരണം….’, ‘ചെപ്പടിക്കാരനല്ലാ അല്ലല്ലാ….’, ‘കാക്കാ പൂച്ച കൊക്കരക്കോഴി വാ ഒട്ടകം ആന മൈനേ….’ ബിച്ചുവിന്റെ എണ്ണംപറഞ്ഞ കുട്ടിപ്പാട്ടുകളില്‍ ചിലതാണിവ. മലയാള സിനിമയില്‍ മോഹന്‍ലാലിന്റെ സ്ഥാനം ഉറപ്പിച്ച ‘മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന ചിത്രത്തിന് ആ പേരു തിരഞ്ഞെടുത്തതും ബിച്ചു ആ സിനിമയ്ക്കായി എഴുതിയ പാട്ടിന്റെ വരികളില്‍ നിന്നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനായി ബിച്ചു എഴുതിയ ‘മഞ്ചാടിക്കുന്നില്‍…’, ‘മഞ്ഞണി കൊമ്പില്‍…’, ‘മിഴിയോരം നനഞ്ഞൊഴുകും…’ എന്നീ മൂന്നു ഗാനങ്ങളും ഏറെ ശ്രദ്ധേയമായി.
ഫാസില്‍, ഐ.വി ശശി, സിബി മലയില്‍, സിദ്ധിഖ് ലാല്‍ തുടങ്ങിയ സംവിധായരുടെയെല്ലാം ആദ്യ സിനിമകളിലെ പാട്ടെഴുതിയത് ബിച്ചു ആയിരുന്നു. ‘ശക്തി’ എന്ന സിനിമയ്ക്കു തിരക്കഥ എഴുതി. വിവിധ ഭാഷകളിലുള്ള ലക്ഷക്കണക്കിനു ഗാനങ്ങളുടെ അമൂല്യശേഖരം അദ്ദേഹത്തിന്റെ തിരുമല വേട്ടമുക്ക് കട്ടച്ചല്‍ റോഡിലെ ‘സുമതി’ എന്ന വീട്ടിലുണ്ട്. ചൈനീസ് ഗാനങ്ങളും ബിച്ചുവിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു.
Malayalam lyricist and poet Bichu Thirumala passed away at the age of 79, following a heart attack at a private hospital.