നമ്മിലെ വിശ്വസ്തതയുടെ കണക്കുപുസ്തകം…
വി. ലൂക്കായുടെ സുവിശേഷത്തിലെ ഗുണപാഠകഥകളിൽ ഒന്നാണിത്. ഒരു ഉദാഹരണകഥ, ഉപമയായി അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ, വിവേകപൂർവ്വമായ പെരുമാറ്റം, ജീവിതം ഭദ്രമാക്കാൻ അനിവാര്യമാണ് എന്നതാണ്, ഇതിലെ കഥാസാരം. സമ്പത്തിന്റെ വിനിയോഗം ഏറെ വിവേകപൂർവ്വമായിരിക്കണം, ദുർവ്യയത്തിന്റെ ധൂർത്ത് കലരാതെ, അവ കൈകാര്യം ചെയ്യാൻ പഠിക്കണം.
ഈ ഉപമയിൽ, ധാർമ്മിക മാനങ്ങളൊന്നും നോക്കുന്നില്ല, മറിച്ച്, ഇതിലെ വിവേകം നിറഞ്ഞ പ്രവർത്തിമാത്രം മാതൃകയാക്കണമെന്നാണവൻ നമ്മെ ഉപദേശിക്കുന്നത്. പലപ്പോഴും, സമ്പത്ത് നമ്മെ കൈവിടും, എന്നാൽ, സമ്പത്തുകൊണ്ടു നല്ല സ്നേഹബന്ധങ്ങൾ സ്ഥാപിക്കാനായാൽ, അവർ നമ്മെ കൈവിടുകയില്ല. ഭൂമിയിലെ സമ്പത്തിനാലുള്ള സദ്പ്രവർത്തികളാൽ, സ്വർഗ്ഗത്തിൽ ഇടം കണ്ടെത്താൻ കഴിയണമെന്നും, ഇത് മറ്റൊരു രീതിയിൽ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
ദാനശീലമെന്ന മഹാശീലം, നമ്മിൽ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും, ഈ ഉപമയിൽ രൂഢമൂലമായിരിക്കുന്നു. ധനത്തിന്റെ കൈകാര്യതയിൽ, ഉത്തരവാദിത്വബോധവും വിശ്വസ്തതയും നാം മുതൽക്കൂട്ടാകണം. സമ്പന്നതയെ ദൈവമായി കരുതരുത്, അതിനെ കൂടുതലായി ആശ്രയിക്കരുത്, സമ്പത്തിന് അടിമയായി അതിനെ സേവ ചെയ്യരുത്. നമ്മിലെ ഏക ആശ്രയവും, സേവനശുശ്രൂഷയും ദൈവത്തിലായിരിക്കണം.
ഇങ്ങനെ ജീവിതത്തിലെ ഒരുപാട് കാഴ്ചപ്പാടുകൾ, ഗുണപാഠങ്ങൾ ഈ ഉപമ നമുക്ക് പ്രദാനം ചെയ്യുന്നു. ഈലോകസമ്പത്തിൽ വിശ്വസ്തത പുലർത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ, നിത്യധനം ദൈവം നമ്മെ ഭരമേൽപ്പിക്കൂ. നമ്മോട് തന്നെയും, നമ്മെ ഏല്പിക്കപ്പെടുന്നവരോടും, നാം വിശ്വസ്തരായിരിക്കണം. കാരണം, ഒരാൾക്ക് ഒരേസമയം രണ്ട് കാര്യങ്ങളിൽ വിശ്വസ്തനായിരിക്കാൻ കഴിയില്ല. ചുരുക്കത്തിൽ, ധനാസക്തിയും ദൈവസ്നേഹവും ഒരുമിച്ചു പോകില്ല എന്നർത്ഥം.വിശ്വസ്തതക്ക് വലുപ്പചെറുപ്പ അളവുകോൽ ഇല്ല. എല്ലായ്പ്പോഴും, ഏത് കാര്യത്തിലും, വിശ്വസ്തത പുലർത്തിയേ മതിയാകൂ.
നമുക്ക് വിശ്വസ്തതയുടെ കുപ്പായവും ധാർമ്മികതയുടെ പുറംചട്ടയും ധരിച്ചു, ദൈവീകധനത്തിന്റെ കാര്യസ്ഥന്മാരും കാവലാളുമാകാം…..നമ്മുടെ ജീവിതമാകുന്ന കാര്യസ്ഥതയുടെ കണക്ക് പുസ്തകം തുറക്കുമ്പോൾ, നമ്മുടെ യജമാനനായ തമ്പുരാൻ നമ്മെ പ്രശംസിക്കാൻ ഇടയാകുമോ? അതോ നമ്മുടെ കണക്ക് കൂട്ടലുകൾ തെറ്റുമോ?സ്വയം പരിശോധനക്ക് വിധേയമായി,പരിവർത്തനത്തിന് നാള് കുറിക്കാം!