2019 -ൽ മുരളി ഗോപി തിരക്കഥയെഴുതി, ആൻറണി പെരുമ്പാവൂർ നിർമ്മിച്ച്, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാള ത്രില്ലർ ചിത്രമായിരുന്നു ലൂസിഫർ.
ഒരു മോഹൻലാൽ ആരാധകൻ എന്ന നിലയിൽ വളരെയധികം ഇഷ്ടപ്പെടുന്ന ചിത്രവുമാണ്.
ടിവിയിൽ ഈ ചിത്രം സംപ്രേഷണം ചെയ്യുമ്പോഴെല്ലാം മിക്കവാറും കാണാറുമുണ്ട്.
ഇന്നലെ രാത്രിയിൽ ഞാനും എന്റെ കുഞ്ഞു മകളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ടിവി യിൽ ഏഷ്യാനെറ്റ് മൂവീസിൽ ലൂസിഫർ സിനിമ കാണുകയാണ്. ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളി വികാരിയച്ചനെ കണ്ട് യാത്ര പറയുന്ന ഭാഗം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആ സീൻ കഴിഞ്ഞയുടൻ അപ്രതീക്ഷിതമായി ഒരു ചോദ്യം എന്റെ മകൾ എന്നോട് ചോദിച്ചു.
ആ സീൻ.
സ്റ്റീഫൻ : “ഇനിയൊരു തിരിച്ചു വരവുണ്ടാകില്ല ഫാദർ.
ചിലപ്പോൾ ഇനി കണ്ടെന്നും വരില്ല.”
ഫാദർ : “ഞാൻ മുൻപൊരിക്കലും ചോദിച്ചിട്ടില്ലാത്ത ചോദ്യം ചോദിച്ചാൽ നീ ഉത്തരം പറയുമോ?
പതിനഞ്ചാമത്തെ വയസ്സിൽ ഇവിടെ നിന്ന് കാണാതായ നീ, പിന്നീടുള്ള ഇരുപത്താറ് വർഷങ്ങൾ എവിടെയായിരുന്നു.?”
സ്റ്റീഫൻ : “ആ നിൽക്കുന്ന ഈശോ മിശിഹാ ഗലീലയിൽ നിന്ന് കാണാതായ ശേഷം പിന്നീടുള്ള പതിനെട്ടു വർഷങ്ങൾ എവിടെയായിരുന്നുവെന്ന് കർത്താവിന്റെ വിനീത ഇടയനായ അവിടുന്ന് അദ്ദേഹത്തോട് ചോദിച്ചിട്ടുണ്ടോ.?
അതിന് ഉത്തരം കിട്ടുമ്പോൾ ഞാൻ ഇതിനും ഉത്തരം തരാം.”
സ്റ്റീഫൻ നെടുമ്പള്ളിയുടെ മറു ചോദ്യത്തിന് മുൻപിൽ വികാരിയച്ഛൻ തോൽവിയടഞ്ഞ പോലെ നിസ്സഹായനായി മൗനിയാകുന്നു. ഇതാണ് സീൻ. ഈ ഭാഗം കഴിഞ്ഞയുടൻ
എന്റെ കുഞ്ഞു മകൾ എന്നോട് ചോദിച്ചു:
“പപ്പാ.. യേശു പതിനെട്ടു വർഷങ്ങൾ എവിടെയായിരുന്നു..?”
തീർച്ചയായും ആ ചോദ്യത്തിന്നുള്ള ഉത്തരം കൊടുക്കേണ്ട ബാധ്യത ഒരു ക്രിസ്ത്യാനി എന്ന നിലയിൽ എനിക്കുണ്ട്. യേശു ക്രിസ്തുവിനെ കാണാതെ പോയിട്ടുണ്ടോ..?
ഉണ്ട്. അതിനെക്കുറിച്ച് ബൈബിളിൽ പുതിയ നിയമം ലൂക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായം 41 മുതൽ 51 വരെയുള്ള വാക്യങ്ങളിൽ വായിക്കാൻ കഴിയും.
അവന്റെ (യേശുവിന്റെ) അമ്മയപ്പന്മാർ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി. പെരുനാൾ കഴിഞ്ഞു മടങ്ങിപ്പോരുമ്പോൾ ബാലനായ യേശു യെരൂശലേമിൽ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. സഹയാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരിക്കും എന്നു അവർ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയിൽ തിരഞ്ഞു. കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. മൂന്നു നാൾ കഴിഞ്ഞശേഷം അവൻ ദൈവാലയത്തിൽ ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരിക്കുന്നതും അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.
അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു.
അവൻ അവരോടു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ.” എന്നു പറഞ്ഞു.
പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു.
(ലൂക്കോസ് 2 :41-51) ഈ വേദ ഭാഗത്ത് പറയുന്നു, ഗലീലയിലെ നസ്രത്തിൽ നിന്ന് യെരൂശലേമിൽ ആണ്ട് തോറുമുള്ള പെരുന്നാളിന് വന്ന പന്ത്രണ്ട് വയസ്സുള്ള യേശുവിനെ മാതാപിതാക്കൾക്ക് യെരൂശലേമിൽ വെച്ചാണ് കാണാതെ പോയതെന്നും മൂന്ന് ദിവസത്തിന് ശേഷം യേശുവിനെ അവന്റെ മാതാപിതാക്കൾ കണ്ടെത്തി തിരികെ ഗലീലയിലെ നസ്രത്തിൽ പോയി അവന്റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്ന മുപ്പത് വയസ്സ് വരെയും തന്റെ മാതാപിതാക്കൾക്ക് കീഴടങ്ങി അവരോടൊപ്പം ഗലീലയിലെ നസ്രത്തിൽ ജീവിച്ചു എന്നും കൃത്യമായി പറഞ്ഞിരിക്കുന്നു.
സ്റ്റീഫൻ നെടുമ്പള്ളി പതിനഞ്ചാമത്തെ വയസ്സിൽ നാടുവിട്ടു പോയി ഇന്റർപോൾ തിരയുന്ന ‘അബ്രാം ഖുറേഷി അബ്രാം’ എന്ന അധോലോക രാജാവായി മാറി എന്നുള്ള സത്യം വികാരിയച്ചനിൽ നിന്ന് മറച്ചു പിടിക്കാൻ യേശുവിനെ 18 വർഷങ്ങൾ കാണാതെ പോയി എന്ന് മുരളി ഗോപി ലൂസിഫറിൽ ആരോപിക്കുന്നത് തീർത്തും വാസ്തവ വിരുദ്ധവും അടിസ്ഥാനമില്ലാത്തതുമായ കാര്യമാണ്. മുരളി ഗോപിയുടെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്യാൻ യേശുവിനെ യാതൊരു അടിസ്ഥാനവുമില്ലാതെ കരുവാക്കേണ്ട ആവശ്യമില്ല.
ക്രിസ്തുമത വിമർശകരും, സുടാപ്പി ഇസ്ലാമിസ്റ്റുകളും, ഇലുമിനാറ്റിക്കാരും ഇത് പോലെയുള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. യേശു ക്രിസ്തു കാശ്മീരിൽ വന്നു താമസിച്ചു എന്നും അപവാദം പ്രചരിപ്പിക്കുന്നവരുണ്ട്. ബുദ്ധ മതത്തിൽ ആകൃഷ്ടനായി ചൈനയിൽ പോയെന്നും യേശു കല്യാണം കഴിച്ച് ഭാര്യയും മക്കളുമായി ജീവിച്ചു മരിച്ചുവെന്നും കഥകളുണ്ട്. എന്നാൽ ആ കെട്ടു കഥകൾക്ക് അപ്പുറം ബൈബിൾ തരുന്ന തെളിവ് ഉണ്ട്.
പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു.
ലൂക്കോസ്: 2:51. എന്നാൽ യേശു ഇസ്രായേൽ ദേശം വിട്ട് പോയിട്ടുള്ളത് ശിശുവായിരിക്കുമ്പോൾ മാത്രമാണ്.
ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാർ യെരൂശലേമിൽ എത്തി. യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ? ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു. അവർ അവനോടു: യെഹൂദ്യയിലെ ബേത്ത്ളേഹെമിൽ തന്നേ:
എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു. അവരെ ബേത്ത്ളേഹെമിലേക്കു അയച്ചു: നിങ്ങൾ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിൻ; കണ്ടെത്തിയാൽ ഞാനും ചെന്നു അവനെ നമസ്ക്കരിക്കേണ്ടതിന്നു, വന്നു എന്നെ അറിയിപ്പിൻ എന്നു പറഞ്ഞു. രാജാവു പറഞ്ഞതു കേട്ടു അവർ പുറപ്പെട്ടു; അവർ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിന്നു മീതെ വന്നു നില്ക്കുവോളം അവർക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.
നക്ഷത്രം കണ്ടതുകൊണ്ടു അവർ അത്യന്തം സന്തോഷിച്ചു: ആ വീട്ടിൽ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു, വീണു അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു. ഹെരോദാവിന്റെ അടുക്കൽ മടങ്ങിപ്പോകരുതു എന്നു സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു അവർ വേറെ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി. അവർ പോയശേഷം കർത്താവിന്റെ ദൂതൻ യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്കു ഓടിപ്പോയി, ഞാൻ നിന്നോടു പറയുംവരെ അവിടെ പാർക്കുക. ഹെരോദാവു ശിശുവിനെ നശിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാൻ ഭാവിക്കുന്നു എന്നു പറഞ്ഞു.
അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നേ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി. ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു:
(മത്തായി 2 : 1-15).
വിദ്വാന്മാർ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആൺകുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
“റാമയിൽ ഒരു ശബ്ദം കേട്ടു, കരച്ചിലും വലിയ നിലവിളിയും തന്നേ; റാഹേൽ മക്കളെച്ചൊല്ലി കരഞ്ഞു; അവർ ഇല്ലായ്കയാൽ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതിരുന്നു”
എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു അന്നു നിവൃത്തിയായി.
എന്നാൽ ഹെരോദാവു കഴിഞ്ഞുപോയശേഷം കർത്താവിന്റെ ദൂതൻ മിസ്രയീമിൽ വെച്ചു യോസേഫിന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി:
ശിശുവിന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവർ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയേയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തേക്കു പോക എന്നു പറഞ്ഞു.
അവൻ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേൽദേശത്തു വന്നു.
എന്നാൽ യെഹൂദ്യയിൽ അർക്കെലയൊസ് തന്റെ അപ്പനായ ഹെരോദാവിന്നു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ടു അവിടെ പോകുവാൻ ഭയപ്പെട്ടു, സ്വപ്നത്തിൽ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.
അവൻ നസറായൻ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാർമുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാൻ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തിൽ ചെന്നു പാർത്തു. (മത്തായി 2 : 16-23 )
ഇസ്രായേലിന് രാജാവായി പിറന്ന യേശുവിനെ ജനിച്ച ഉടനെ തന്നെ കൊല്ലാൻ ശ്രമിച്ച യഹൂദ്യ ദേശം വാണിരുന്ന റോമൻ സാമന്ത രാജാവ് ഹെരോദാവ് ബിസി 72 മുതൽ 4 ബിസി വരെയാണ് ജീവിച്ചിരുന്നത്. യേശു ജനിച്ചത് ബിസി 2 ലാണെന്ന് കരുതിയാൽ ഹെരോദാവ് യേശുവിന് രണ്ട് വയസ്സുള്ളപ്പോൾ ബിസി 4 ൽ മരിച്ചു.
ഇസ്രായേലിന് രാജാവായി പിറന്ന യേശുവിനെ സംഹാരകനായ ഹെരോദാ രാജാവിൽ നിന്ന് രക്ഷിക്കാൻ മാതാപിതാക്കൾക്ക് മിസ്രയീമിലേക്ക് (ഈജിപ്ത്) ഓടിപ്പോകേണ്ടി വന്നു.
സംഹാരകന്റെ മരണത്തിന് ശേഷം രണ്ട് വയസ്സുള്ളപ്പോൾ യേശു തിരികെ യഹൂദ്യയിൽ വന്നു. എന്നാൽ ഹെരോദാവിന്റെ മകനായ അർക്കെലയൊസ് യഹൂദ്യ ഭരിച്ചിരുന്നത് കൊണ്ട് യേശുവിനെ തിരിച്ചറിഞ്ഞാൽ കൊല്ലുമെന്ന് ഭയന്ന് ഇസ്രായേൽ പ്രദേശമായ ഗലീലയിലെ നസ്രത്തിൽ ജീവിക്കുകയാണുണ്ടായത്. യേശുവിനെയും കൊണ്ട് മറിയത്തിന്റെയും ജോസഫിന്റെയും മിസ്രയീമിലേക്കുള്ള പാലായനം ഇസ്രായേൽ മക്കളുടെ പുറപ്പാടിന്റെ ആവർത്തനമാണ്. അതുകൊണ്ടാണ് ബൈബിളിൽ ഇപ്രകാരം പറയുന്നത്.
ഹെരോദാവിന്റെ മരണത്തോളം അവൻ അവിടെ പാർത്തു: “മിസ്രയീമിൽ നിന്നു ഞാൻ എന്റെ മകനെ വിളിച്ചുവരുത്തി” എന്നു കർത്താവു പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാൻ സംഗതിവന്നു. (മത്തായി 2 : 15) ഇസ്രായേൽ ജനം ഫറോവയെ ഭയന്ന് പുറപ്പാട് നടത്തി, ഹെരോദാവിനെ ഭയന്ന് യേശുവിനെ ഈജിപ്തിലേക്ക് ഒളിപ്പിച്ചു കടത്തി.
ഹെരോദാവിന്റെ മരണത്തിന് ശേഷം യേശു തിരികെ ഇസ്രായേൽ മക്കളുടെ പുറപ്പാട് നടന്ന സ്ഥലങ്ങളിലൂടെ ഇസ്രായേലിൽ വന്നു. ഇസ്രായേൽ ജനത്തിന് വേണ്ടി ചെങ്കടൽ രണ്ടായി പിളർത്തിയ പോലെ യേശുവിന്റെ തിരിച്ചു വരവിൽ ഉണ്ടായില്ല എന്ന് മാത്രം.
ശിശുവായിരുന്നപ്പോൾ അല്ലാതെ ഇസ്രായേൽ ദേശം വിട്ട് യേശു എങ്ങും പോയിട്ടില്ല എന്ന് ബൈബിൾ നിസ്സംശയം പറയുന്നു.
യേശു ആത്മീയതയോ, മാന്ത്രിക വിദ്യകളോ, അത്ഭുത സിദ്ധികളോ നേടാൻ വേണ്ടിയാണോ ഭാരതത്തിലെ കാശ്മീരിലോ, ചൈനയിലോ പോയിരുന്നു എന്ന് പറയുന്നത്..?
ബിസി 2649 മുതൽ ബിസി 959 വരെ 1690 വർഷങ്ങളിലായി 30 ഫറോവ ഡൈനാസ്റ്റികളിൽ 130ഓളം ഫറോവമാർ ഭരിച്ചിരുന്ന മിസ്രയീം എന്ന ഈജിപ്ത് ആത്മീയതയ്ക്കും, ജ്യോതിശാസ്ത്രത്തിനും മാന്ത്രികത്തിനും യേശുവിന്റെ കാലത്തും വളരെ പ്രശസ്തമായിരുന്നു.
ഇസ്രായേലിന് തൊട്ടടുത്ത് ഈജിപ്തിൽ തന്നെ ഇതിനൊക്കെയുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കെ യേശു എന്തിന് കാശ്മീരിലും ചൈനയിലും പോകണം..? യേശുവിന്റെ ദൈവികതയെയും അത്ഭുത പ്രവൃത്തികളെയും ഇടിച്ചു താഴ്ത്തുക എന്ന ഉദ്ദേശം മാത്രമാണ് അപവാദം ഉന്നയിക്കുന്നവരുടെ ലക്ഷ്യം.
എത്രയൊക്കെ ഇടിച്ചു താഴ്ത്തിയാലും, അപവാദം പ്രചരിപ്പിച്ചാലും ക്രിസ്തുവിനും ക്രിസ്തു മതത്തിനും ഒന്നും സംഭവിക്കില്ല. രണ്ടായിരം വർഷങ്ങളായി വിമർശനങ്ങളുടെ തീച്ചൂളയിൽ വെന്തുരുകിയ ശുദ്ധ സ്വർണ്ണം പോലെ പരിശുദ്ധമാണ് ക്രിസ്ട്യാനിറ്റി. അപവാദം പ്രചരിപ്പിച്ചവരെയും, വിമർശിച്ചവരെയും, എതിർത്തവരെയും, കൊന്നൊടുക്കി നിശബ്ദരാക്കി കളയാമെന്ന് വിചാരിച്ച ഭരണാധികാരികളെയും സാമ്രാജ്യങ്ങളെയും കാൽക്കീഴിലാക്കിയ ചരിത്രമാണ് ക്രിസ്തു മതത്തിനുള്ളത്. ഒരു ക്രിസ്ത്യാനിയും മത നിന്ദ ആരോപിച്ച് ആരുടേയും കൈ കാലുകളും തലയും വെട്ടാൻ വരില്ല, ക്രിസ്തു മത വിമർശകർ ഇനിയും വിമർശിക്കട്ടെ. നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അതു അറികയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ…. (1 യോഹന്നാൻ 2 : 21)
By, Vincent Gomez