പ്രണയമല്ലിത്, കാമഭ്രാന്ത് – 02
ഇത്തിരി പ്രണയ വിചാരങ്ങൾ!
ഈ പ്രണയ വിചാരങ്ങൾ പൈങ്കിളിയല്ല എന്ന ആമുഖത്തോടെ തുടങ്ങട്ടെ!
ഫേസ്ബുക്ക്: ശ്രദ്ധേയമായ മൂന്നു പ്രണയ വിചാരങ്ങൾ!
“പ്രണയിച്ചിട്ടുണ്ട്. അവഗണിക്കപ്പെട്ട് മരണവേദന അനുഭവിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നു നുള്ളിപ്പറിച്ച് പോലും ഉപദ്രവിക്കണമെന്ന് വിദൂര ചിന്തകളിൽപ്പോലും വന്നിട്ടില്ല” (ജോർജ് നെല്ലശേരി വക്കച്ചൻ )
“പ്രണയിച്ചിട്ടില്ല, എന്നാലും ഉറപ്പിച്ചു പറയാം. സ്നേഹം എത്ര മൂത്താലും ഭ്രാന്താവില്ല, നശിപ്പിക്കില്ല, കൊല്ലില്ല. ഇതൊക്കെ ഭ്രാന്താണ്” ( Devi Menon ഇന്ന് “ആസിഡ് മുഖത്തൊഴിക്കുന്നതും, കുത്തിക്കൊല്ലുന്നതും പെട്രോൾ ഒഴിച്ചു കത്തിക്കുന്നതും ലഹരികൊടുത്ത് പീഡിപ്പിക്കുന്നതും
മാത്രമല്ല പ്രണയം, കഴുത്തറുക്കുകയും ചെയ്യും. ഇതെന്ത് പ്രണയം?” (കാരക്കാടൻ) Cleetus Karakkat.
പ്രേമാഗ്നി: ഉത്തമഗീതം!
“പ്രേമം മരണത്തെപ്പോലെ ശക്തമാണ്.അസൂയ ശവക്കുഴിപോലെ ക്രൂരവുമാണ്. അതിൻ്റെ ജ്വാലകൾ തീജ്വാലകളാണ്. അതിശക്തമായ തീജ്വാല. ജലസഞ്ചയങ്ങൾക്ക് പ്രേമാഗ്നി കൊടുത്താനാവുകയില്ല. പ്രവാഹങ്ങൾക്ക് അതിനെ ആഴ്ത്താനാവുകയില്ല. പ്രേമം വിലയ്ക്കുവാങ്ങാൻ സർവ്വ സമ്പത്തും കൊടുത്താലും തികച്ചും അപഹാസ്യമാവുകയേ ഉള്ളൂ” ( ഉത്തമ . 8:6-7)
വിശേഷമായി നയിക്കുന്നതാണ് പ്രണയ(പ്ര – നയ) മെന്നു ഡിക്ഷനറി. പ്രണയത്തിന് വിശ്വാസമെന്നും ഭക്തിയെന്നും എന്തിനേറെ മോക്ഷമെന്നുപോലും അർത്ഥതലങ്ങൾ! പ്രണയിക്കുന്നവർ പരസ്പരം നന്മമാത്രം കാംക്ഷിക്കുകയും നേർവഴിക്കു നയിക്കുകയുമാണ് ചെയ്യേണ്ടതെന്നു സാരം. ശുദ്ധമായപ്രേമം സ്ത്രീക്ക് പുരുഷനോടും പുരുഷന് സ്ത്രീയോട് തോന്നുന്ന കലർപ്പില്ലാത്ത സ്വാഭാവിക സ്നേഹമാണ്.
വി.ക്രിസോസ്റ്റം പറഞ്ഞതും കാമഭ്രാന്തന്മാർക്ക് മനസ്സിലാകാത്തതും!
യുവഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരോട് ഇപ്രകാരം പറയണമെന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റം നിർദ്ദേശിക്കുന്നു ” ഞാൻ നിന്നെ ആശ്ലേഷിക്കുകയും നിന്നെ സ്നേഹിക്കുകയും എൻ്റെ ജീവനേക്കാൾ നിന്നെ വിലമതിക്കുകയും ചെയ്യും” സ്വന്തമാക്കാനാകാത്തതിനാൽ പങ്കാളിയെ കൊല്ലുന്ന കാമഭ്രാന്തന്മാർക്കു മനസ്സിലാകുമോ പങ്കാളിക്കുവേണ്ടി മരിക്കാൻ തയ്യാറാകുന്ന സ്വയം സമർപ്പണ വിശേഷം!
മണവറയിൽ വെച്ച് തോബിയാസ് പ്രിയതമയോട് പറഞ്ഞത്!
“മണവറയിൽ അവർ തനിച്ചായപ്പോൾ തോബിയാസ് കിടക്കയിൽ നിന്നെഴുന്നേറ്റ് സാറായോട് പറഞ്ഞു ” നമുക്ക് എഴുന്നേറ്റു കർത്താവിൻ്റെ കാരുണ്യവും സംരക്ഷണവും ലഭിക്കുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം” അവൾ എഴുന്നേൽക്കുകയും തങ്ങളെ സുരക്ഷിതരായി കാത്തുകൊള്ളണമേ എന്ന് അവർ പ്രാർത്ഥിക്കുകയും ചെയ്തു.
തോബിയാസ് ഇപ്രകാരം പ്രാർത്ഥിച്ചു: “ഞങ്ങളുടെ പിതാക്കൻമാരുടെ ദൈവമേ, അങ്ങ് വാഴ്ത്തപ്പെടട്ടെ. അങ്ങ് ആദത്തെ സൃഷ്ടിക്കുകയും അവന് ഉറപ്പുള്ള തുണയെനൽകുകയും ചെയ്തു .. കർത്താവേ, ഞാൻ ഇവളെ സ്വീകരിക്കുന്നത് ജഡികമായ അഭിലാഷത്താലല്ല, നിഷ്ക്കളങ്കമായ പ്രേമത്താലാണ്. . അങ്ങയുടെ കാരുണ്യം ഉണ്ടാകണമേ. ഇവളോടൊത്ത് വാർദ്ധക്യത്തിൽ എത്തുന്നതിന് അനുഗ്രഹിച്ചാലും !” അവൾ ആമേൻ എന്നു പറഞ്ഞു. ( തോബി 8:4-9)
സ്നേഹം, കാമം വിഷയാഭിലാഷം!
വിഷയസുഖപൂർത്തിക്കുള്ള ആർത്തിപൂണ്ട ആഗ്രഹമാണ് കാമം. ” ലൈംഗിക സുഖത്തിനു വേണ്ടിയുള്ള അമിതമായ ആഗ്രഹമോ അല്ലെങ്കിൽ അതിൻ്റെ അനിയന്ത്രിതമായ ആസ്വാദനമോ ആണ് വിഷയാസക്തി. ലൈംഗികസുഖത്തെ അതിൻ്റെ ലക്ഷ്യങ്ങളായ പ്രജനനത്തിൽ നിന്നും സ്നേഹത്തിൽ നിന്നും വേർതിരിച്ച് സുഖത്തിനു വേണ്ടി മാത്രം തേടുമ്പോൾ അത് ധാർമികമായി ക്രമംതെറ്റിയതാകുന്നു” (CCC 2351)
ലൈംഗികതയെ സ്നേഹത്തിൽ നിന്നു വേർതിരിക്കുമ്പോൾ കാമമാകുന്നു. അതു കൊണ്ടാണ്:
“പരിതൃപ്തിയെഴാത്ത രാഗമാ-
മെരിതീക്കിന്ധനമായി നാരിമാര്
പുരിയില് സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ”
(ചിന്താവിഷ്ടയായ സീത) എന്ന കവിക്ക് വിലപിക്കേണ്ടി വരുന്നത് ഭാരതീയ കാഴ്ചപ്പാടിൽ വിഷയാഭിലാഷം തൃഷ്ണയുടെ വകഭേദമാണ്. തൃഷ്ണയെന്നാൽ വിഷയസുഖങ്ങളിലുള്ള ആസക്തിയാണ്. സക്തം എന്നാൽ പറ്റിച്ചേർന്ന് ഇരിക്കുന്നതാണ്. വിടുവിക്കാനാകാത്ത പറ്റിച്ചേരലാണ് ആസക്തി ( ആ -സക്തി).
കാമത്തിന് ഉന്മാദം ഉൾപ്പടെ പത്തു ദശകളുണ്ടെന്നും. അത് ഭ്രാന്തായി മാറിയാൽ പ്രാണത്യാഗത്തോളം എത്തിയേക്കാമെന്നതും ഭാരതീയാചാര്യന്മാർ പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ട്. ഈ കാമഭ്രാന്തിനെ പരിശുദ്ധ പ്രണയമായി കമിതാക്കൾ തെറ്റിദ്ധരിക്കുന്നുവെന്നതും, പല ‘വിമോചന’ പ്രസ്ഥാനങ്ങളും തെറ്റിദ്ധരിപ്പിക്കുന്നു എന്നുള്ളതുമാണ് കൂടുതൽ ഖേദകരം.
ലൈംഗികത മനുഷ്യത്വരഹിതമാകുമ്പോൾ!
“ഒരു പുരുഷന്, ലൈംഗികാനന്ദത്തിനു വേണ്ടി ഒരു സ്ത്രീയും, പ്രേമഗാനങ്ങൾ എഴുതി അയച്ചു കൊടുക്കാൻ രണ്ടാമത് ഒരു സ്ത്രീയും, കുട്ടികളെല ജനിപ്പിക്കാൻ മൂന്നാമത് ഒരു സ്ത്രീയും ഉണ്ടായിരുന്നാൽ അയാൾ മൂന്നുപേരെയും ചൂഷണം ചെയ്യുകയാണ് അയാൾ യഥാർത്ഥത്തിൽ ആരെയും സ്നേഹിക്കുന്നില്ല” (യൂകാറ്റ് -404) എത്ര സത്യം! കാരണം, അയാൾ സ്നേഹം കൂടാതെ ലൈംഗികത തേടുകയാണ്.
“സ്നേഹം കൂടാതെ ലൈംഗികത തേടുന്നവർ നുണ പറയുകയാണ് എന്തെന്നാൽ അവരുടെ ശരീരങ്ങളുടെ അടുപ്പം അവരുടെ ഹൃദയങ്ങളുടെ അടുപ്പ് അനുസരിച്ചുള്ളതല്ല.” ( യൂകാറ്റ് 403)
അങ്ങനെയാണ് മനുഷ്യൻ ലൈംഗികതയെ സ്നേഹരഹിതമാക്കി സുഖം നേടാനുള്ള മാർഗം മാത്രമാക്കി തരംതാഴ്ത്തിക്കളയുന്നത്.
ഇവിടെയത് ഒരു ഉപഭോഗവസ്തു മാത്രമാണ്.
“കാമം പൂക്കുമുടൽ മാത്രമാണു നീയെങ്കിൽ പെണ്ണേ നിൻ ഗർഭപാത്രം ചില്ലുപാത്രം പോലുടച്ചേക്കുക ” ഒറ്റനോട്ടത്തിൽ ക്രൂരതയായി തോന്നുമെങ്കിലും ധാർമികരോഷം തുളുമ്പുന്ന ഒരു സ്ത്രീയുടെ വേദനയായി വേണം മനസ്സിലാക്കാൻ. ഈ പശ്ചാത്തലത്തിലാണ്” ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു” എന്ന് ക്രിസ്തുവചനങ്ങളുടെ പ്രസക്തി.
ആത്മനിയന്ത്രണമാണ് മറുമരുന്ന്!
ആത്മനിയന്ത്രണം വഴി ഒരു വ്യക്തി സ്നേഹിച്ചുകൊണ്ടിരുന്നാൽ അയാൾ കൂടുതൽ സ്വതന്ത്രനായിരുന്നു. ഭാരതീയ പാരമ്പര്യത്തിൽ വിദ്യാർത്ഥി ബ്രഹ്മചാരിയാകണം എന്ന് പറഞ്ഞാൽ ലൈംഗികബന്ധങ്ങൾ നിന്ന് അകന്നു നിൽക്കണം എന്നു മാത്രമല്ല വിവക്ഷ. ബ്രഹ്മം ഈശ്വരനാണ്. അവൻ/അവൾ ഈശ്വരനിൽ ചരിക്കണം എന്ന് പറഞ്ഞാൽ അവൻ്റെ കാഴ്ചപ്പാടുകൾ ദൈവികമായ ജ്ഞാനത്താൽ നിറയണം എന്നർത്ഥം .
ഏറ്റവും സരളമായ ഭാഷയിൽ പറഞ്ഞാൽ പ്രേമത്തിൽ കുടുങ്ങി പോകാതെ പഠനത്തിൽ ശ്രദ്ധിക്കുക. പ്രേമത്തിൽ കുടുങ്ങിയാൽ ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് പഠനത്തെയാണ്, ജീവിത വിജയത്തെത്തന്നെയാണ്. പഠനകാലം കാമാർത്തനായി ( കാമാർത്ത നിലെ ‘ആർത്തി’ അർത്ഥഗർഭമാണ്) കറങ്ങിനടന്ന്, പണവും, പഠിപ്പും, ജീവിതവിശുദ്ധിയും നഷ്ടപ്പെടുത്തി ജീവിതത്തെത്തന്നെ കറക്കുകമ്പനിയാക്കി മാറ്റിയവർ ഒന്നല്ല പത്തല്ല, നൂറല്ല പലനൂറുകളുണ്ടെന്ന് അറിയണം. അനുഭവത്തിൽനിന്ന് പഠിക്കണം.
അതിരുകടക്കുന്ന പ്രേമവാഞ്ചയെ ആത്മനിയന്ത്രണം കൊണ്ട് കീഴടക്കണം.
ജിതേന്ദ്രിയൻ എന്ന മലയാള പദം അർത്ഥവത്താണങ്ങേയറ്റം. ഇന്ദ്രിയങ്ങളുടെ വിഷയസുഖവാസനയെയും ഉപഭോഗവാസനയെയും അതിജീവിക്കാൻ കഴിയുന്ന വ്യക്തിയാണയാൾ. ഓരോ ചെറുപ്പക്കാരനും / ചെറുപ്പക്കാരിയും ഇന്ദ്രിയങ്ങളെ ജയിച്ചവൻ/ൾ ആയിരിക്കണം. പ്രവണതകളെ, നിയന്ത്രിക്കാൻ കഴിവില്ലാതെ, മൃഗസമാനം അഴിച്ചുവിട്ടിട്ട് അതിലാണ് സ്വാതന്ത്ര്യം എന്നലറുന്നത് എത്രയോ കഷ്ടം!
സംശയമൊന്നുംവേണ്ട, ആത്മനിയന്ത്രണം സുദീർഘവും, ബുദ്ധിമുട്ടുള്ളതുമായ പ്രവർത്തിതന്നെയാകയാൽ കൗമാരഘട്ടങ്ങളിൽ പരമമായ പരിശ്രമം തന്നെ ആവശ്യമാണ്.
കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു:
” വിശുദ്ധിയിൽ സ്വയം നിയന്ത്രണത്തിനുള്ള പരിശീലനം അതായത് മനുഷ്യ സ്വാതന്ത്ര്യത്തിനുള്ള ശിക്ഷണം ഉൾപ്പെടുന്നുണ്ട്.
തിരഞ്ഞെടുപ്പ് വ്യക്തമാണ് ഒന്നുകിൽ മനുഷ്യൻ വികാരങ്ങളെ നിയന്ത്രിക്കുകയും സമാധാനം നേടുകയും ചെയ്യുന്നു; അല്ലെങ്കിൽ അടിമത്വത്തിലേക്ക് നയിക്കപ്പെടാൻ അനുവദിക്കുകയും ദുരിതപൂർണ്ണനാകുകയും ചെയ്യുന്നു ” (CCC 2338)
കടിഞ്ഞാണില്ലാത്ത കാമരോഗം (Pathological Obsessive Love)എന്ന മനോദൗർബല്യം ഈ ദുരിതത്തിൻ്റെ പരകോടിയാണ്. അത് ഒരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പെയ്തിറങ്ങുന്നതല്ല മറിച്ച്, ആത്മനിയന്ത്രണത്തെ അവഹേളിച്ചുകൊണ്ട് അവനവൻതന്നെ വരുത്തിവയ്ക്കുന്നതാണ്.
ബുദ്ധിയെ വികാരം കീഴടക്കാതിരിക്കട്ടെ!
ബുദ്ധിക്കു മേൽ വികാരം മേൽക്കൈ നേടുമ്പോൾ മനുഷ്യജീവി വെറും വികാരജീവി മാത്രമായി താഴ്ന്നു നിൽക്കുന്നു, “ശുദ്ധത എന്ന സുകൃതം മൗലിക ധാർമിക സുകൃതമായ സംയമനത്തെ ആശ്രയിച്ചിരിക്കുന്നു. ഇതാകട്ടെ മനുഷ്യൻ്റെ ഇന്ദ്രീയ തലത്തിലെ വികാരങ്ങളെയും ആ സക്തികളെയും യുക്തികൊണ്ട് നിറയ്ക്കുന്നു ” ( CCC 2341)
“അന്ധമായ ഉൾപ്രേരണകൾക്കും ബാഹ്യമായ സമ്മർദ്ദങ്ങൾക്കും വിധേയമാകാതെ വ്യക്തിപരമായ ആന്തരിക പ്രചോദനത്താൽ നയിക്കപ്പെട്ട് ബോധപൂർവവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പനുസരിച്ച് പ്രവർത്തിക്കാൻ മനുഷ്യൻ്റെ മാഹാത്മ്യം ആവശ്യപ്പെടുന്നു” (CCC 2339).
മനുഷ്യൻ്റെ ഇന്ദ്രിയതലങ്ങളിൽ കറങ്ങിത്തിരിയുന്ന വികാരങ്ങളെയും ആസക്തികളെയും യുക്തികൊണ്ട് നിറയ്ക്കുന്ന ധാർമിക സുകൃതമായ ആത്മസംയമനം നമ്മുടെ യുവതീയുവാക്കൾ നേടണം. അതു മാത്രമാണ് പരിഹാരം.
“നിങ്ങള് സമചിത്തതയോടെ ഉണര്ന്നിരിക്കുവിന്. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുന്നു( 1 പത്രോസ് 5: 7-8) ” നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അപേക്ഷിക്കുന്നത് അസാന്മാർഗികതയിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞുമാറണം. നിങ്ങൾ ഓരോരുത്തരും സ്വന്തം ശരീരം വിശുദ്ധിയിലും മാന്യതയും കാത്തുസൂക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയണം. ദൈവത്തെ അറിയാത്ത വിജാതിയരെപ്പോലെ കാമാസക്തിക്ക് നിങ്ങൾ അടിമപ്പെടരുത് (1 തെസ 4: 3 -5)
അതാണു കാര്യം!
By, സൈ സി.എം.ഐ