അരുതെന്നു പറയാനും,
ആവർത്തിക്കാതിരിക്കാനും,
ചില അനുഭവപാഠങ്ങൾ!
പാഠം 1. -പാലാ
“പാലാ സെന്റ് തോമസ് കോളേജു വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രണയനിരാസമാണത്രെ കൊലപാതക കാരണം! പ്രണയം നിരസിച്ചാൽ കഴുത്തറുത്തു കൊല്ലുമോ എന്നൊന്നു ചോദിക്കരുത്. നിങ്ങൾ പഴഞ്ചനായിപ്പോകും. ചിലരുടെ വാക്കും പഴഞ്ചാക്കും എന്നൊക്കെ കേട്ടിട്ടില്ലേ വെറുതെയെന്തിന് അത്തരം ‘ചിലരുടെ’ പഴഞ്ചിലങ്ക പാദസ്വരമായണിയണം? ത്തിരി മോഡേണാകേണ്ടയോ?
പാഠം 2. -മാവേലിക്കര
“അച്ഛനെ കൊലപ്പെടുത്താൻ മകൾ കൂട്ടുനിന്നു ” വാർത്ത മാവേലിക്കരയിൽ നിന്ന്.
കാരണം? മകളുടെ വിശുദ്ധപ്രണയങ്ങളെ ( ഒരു പ്രണയമല്ല, പ്രണയങ്ങളാണ് – അതാണ് സ്വാതന്ത്ര്യം!)അച്ഛൻ ശശിധര പണിക്കർ എതിർത്തു. പിന്നെ കൊല്ലാതിരിക്കുന്നതെങ്ങനെ? ഒന്നും രണ്ടും പ്രതികൾ കാമുകനും കാമുകിയും സുഹൃത്തും – റിയാസ്, രതീഷ്. അവർക്ക് ഇരട്ടജീവപര്യന്തം. മൂന്നാം പ്രതി അയാളുടെ പൊന്നോമനമകൾതന്നെ.
ഇത്തിരി വിശദീകരിക്കാം!
2013 ഫെബ്രുവരി 23. വിജനമായ സ്ഥലത്ത് ഇവർ ശശിധര പണിക്കരെ എത്തിക്കുന്നു. മദ്യത്തിൽ ഫ്യൂരിഡാൻ കലർത്തി കൊടുത്തെങ്കിലും പണിക്കർ ഛദ്ദിച്ചു കളഞ്ഞു. ആരോഗ്യവാനായ പണിക്കർ മരിക്കില്ല എന്ന് മനസ്സിലാക്കിയ അവർ അയാളെ മർദ്ദിച്ചുകൊല്ലുന്നു. മരിച്ചെന്ന് ഉറപ്പായ ശേഷം 15 മീറ്റർ അകലെയുള്ള കുളത്തിൽ മൃതദേഹം തള്ളുന്നു; മരണത്തിൽ യാതൊരു ദുരൂഹതയുമില്ലെന്ന് ശശിധര പണിക്കരുടെ സ്വന്തം ഭാര്യ ശ്രീദേവിയും പൊന്നോമന മക്കളായ ശ്രീജമോളും ശരണ്യയും പോലീസിന് മൊഴി നൽകുന്നു!
പിന്നെങ്ങനെ തെളിഞ്ഞു?
ആലപ്പുഴയിലെ ഫോറൻസിക് സർജൻ ഡോക്ടർ ഉന്മേഷ് മിടുക്കനാണ്. അയാൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയ മുറിവുകളുടെ സ്വഭാവം പോലീസിനെ ധരിപ്പിച്ചു. ഇതോടെ കൊലപാതകമാണെന്നുള്ള സംശയം ബലപ്പെട്ടു. തുടർന്ന് പോലീസ് അന്വേഷണം നടത്തി മകൾക്ക് ജീവപര്യന്തം.
മംഗളൂരുവിലെ പരിശുദ്ധ പ്രണയം!
മംഗളൂരുവിൽ സൗമ്യശ്രീയും സന്ദേശും എട്ടുവർഷമായി ‘പരിശുദ്ധ’ പ്രണയത്തിലായിരുന്നു. ഉഡുപ്പിയിൽ ഒരു ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു 26 വയസ്സുകാരി സൗമ്യശ്രീ. മെഡിക്കൽ ഷോപ്പിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററായിരുന്നു സന്ദേശ്. മതവ്യത്യാസം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കുടുംബവും ബന്ധുക്കളും ഒറ്റക്കെട്ടായി എതിർത്തു.
ഇതിനിടെ സന്ദേശിനെ തേച്ചൊട്ടിച്ചു കൊണ്ട്, എട്ടുവർഷത്തെ കെട്ടുപാടുകളൊക്കെ പൊട്ടിച്ചെറിഞ്ഞ് എൻ്റെ പ്രണയം എൻറെ അവകാശം എന്ന മോസ്റ്റ് അഡ്വാൻസ്ഡ് വനിതാവകാശമുദ്രാവാക്യവുമായി ഈ മഹിളാമണി രംഗം കാലിയാക്കി – സർവ’തന്ത്ര’ സ്വ’തന്ത്ര’യായി. മറ്റൊരു വിവാഹത്തിനു സമ്മതം മൂളുകയും ചെയ്തു.
പരിശുദ്ധ -നായ, കാമുകൻ സന്ദേശാകട്ടെ, ഈ ” ദുഷിച്ചതും ദുഷിപ്പിക്കുന്നതുമായ ലോക”ത്തിൽ തൻ്റെ പൂർവ്വകാമുകി കഷ്ടപ്പെടേണ്ടതില്ല എന്ന് തീരുമാനിച്ച് അവൾ ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്തുടർന്നു. ദേശീയപാതയിൽ തടഞ്ഞുനിർത്തി. ബാഗിൽ ഒളിപ്പിച്ചകത്തികൊണ്ട് കുത്തി വീഴ്ത്തി ! അയാളും സ്വന്തം കഴുത്ത് മുറിച്ച് ജീവനൊടുക്കി. രണ്ട് ‘രക്തസാക്ഷി’കൾ ! ചോരയിൽ മുക്കി എഴുതിയ വീരപ്രണയകഥ തന്നെ അല്ലേ?കഷ്ടം!
വീട്ടുകാരെ കൂട്ടാത്ത കല്യാണം!
അടുത്തത് പൊതുവെ കാണപ്പെടുന്നതും, അടച്ചുവെക്കപ്പെടുന്നതുമായ കഥ. വിജേഷും സുനീഷയും തമ്മിൽ മുടിഞ്ഞപ്രണയം! സംഗതി കടുത്ത ശേഷമാണ് വീട്ടുകാർ അറിയുന്നത്. പലപ്പോഴും അങ്ങനെയൊക്കെത്തന്നെയാണല്ലോ!
ഇരു വീട്ടുകാർക്കും അതു സമ്മതമായിരുന്നില്ല. ഇരുവീട്ടുകാരിൽ നിന്നും അകന്നുതന്നെ അവർ വിവാഹിതരായി. കാർന്നോമ്മാർ എന്തു ചെയ്യും? അവരും ചെയ്തു കടുംകൈ -പുകഞ്ഞ കൊള്ളി പുറത്ത്! പ്രണയസാഫല്യം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭർതൃവീട്ടുകാരുടെ തനിക്കൊണം അവൾ കണ്ടു തുടങ്ങി. മർദ്ദനത്തോടു മർദ്ദനം. “മർദ്ദനത്താൽ ഗുണ വർദ്ധനം !” അതാണത്രേ അവരുടെ മുദ്രാവാക്യം!
ഭർത്താവും മർദ്ദനം തുടങ്ങി. കുടുംബമഹിമ കാട്ടാതിരിക്കാനൊക്കുമോ മത്തകുത്തിയാൽ മറ്റെന്തു കിളിർക്കാൻ? അതോടെ അവൾക്കു പിടിച്ചുനിൽക്കാനായില്ല.
പ്രണയ’ശുദ്ധി’യുടെ തീവ്രത ശരീരത്തിലും മനസിലുമേലേല്പിച്ച മുറിവ് അത്ര മാത്രം ആഴമേറിയതുമായിരുന്നല്ലോ. ധൂർത്തപുത്രനു ബോധമുദിച്ചതുപോലെ സുനീഷയുടെ തലയിലും ആൾത്താമസമുണ്ടായി. അതുകൊണ്ടാണല്ലോ അവൾ സ്വന്തം വീടുമായി ബന്ധപ്പെട്ട് “ഏട്ടൻ പറയുന്നതുപോലെ ചെയ്യാം. എന്നെ നമ്മുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണേ” എന്ന് ചങ്കുപൊട്ടി ആങ്ങളയ അറിയിച്ചത്. പക്ഷേ താമസിച്ചുപോയി!
എങ്കിലും, മാതാപിതാക്കൾ അനുഭാവപൂർവം പരിഗണിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയ്യാറായില്ല. അവിടെയാണ് വീട്ടുകാർക്ക് പിഴച്ചത്. അവളുടെ വീട്ടുകാർ പോലീസിൽ പരാതി നൽകി നൽകി. സ്വന്തംവീട്ടുകാരുടെ പൂർണ്ണ പിന്തുണ അവൾക്ക് ഇല്ലെന്ന് മനസ്സിലാക്കിയ പൊലീസിന് കേസ് ‘രമ്യ’മായി പരിഹരിക്കാൻ എളുപ്പമായിരുന്നു.
നിരുപാധികം ഭർതൃവീട്ടിലേക്ക് തിരികെമടങ്ങേണ്ടി വന്ന അവളുടെ മർദ്ദനപർവ്വം, സ്വഭാവികമായും, അവസാനിച്ചില്ലെന്നു മാത്രമല്ല അസഹനീയമായി തുടർന്നു. അവസാനം, അവളെ ഒരു ഞായറാഴ്ച വൈകുന്നേരം ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഭിന്നശേഷിക്കാരുടെ ‘പ്രണയിക്ക’പ്പെട്ട മകൾ!
ഇതിലെ പെൺകുട്ടിയായ സൂര്യഗായത്രി ലോട്ടറിവില്പനക്കാരിയാണ്. ഭിന്നശേഷിക്കാരായ ശിവദാസൻ്റെയും വത്സലയുടെയും ഏകമകൾ. സൂര്യക്കൊരു ആൺസുഹൃത്തുണ്ട് -അരുൺ 28 വയസ്സ്. ആ പ്രണയം തീവ്രമായതാണ് പ്രശ്നം.
വിവാഹാഭ്യർഥന യുവതി നിരസിച്ചു. പിന്നെന്ത് ചെയ്യും? വീടിൻ്റെ അടുക്കള ഭാഗത്ത് കൂടി അയാൾ ഉള്ളിൽ കടന്നു. ആദ്യം സൂര്യയുടെ അമ്മയെ ആക്രമിച്ചു. അംഗപരിമിതയായ അവരുടെ തോളിനും കൈയ്ക്കും പരിക്കുണ്ട്. അക്രമം തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെയും അരുൺ ആക്രമിച്ചു. തുടർന്ന് 17 തവണയാണ് അയാൾ സൂര്യയെ കുത്തിയത് ശരീരമാസകലം കുത്തേറ്റ സൂര്യ മരണമടഞ്ഞു.
ഇരുത്തിക്കുഴിച്ച് മുകളിൽ അടുപ്പ് വച്ച് നിലം മെഴുകുമാറ് ‘കരുതൽ’ !
പണിക്കൻകുടി കൊലപാതകത്തിലാകട്ടെ പ്രണയം മൂത്ത് കാമുകൻ കാമുകിയെ വകവരുത്തിയ ശേഷം ഇരുത്തിക്കുഴിച്ച് മുകളിൽ അടുപ്പ് വച്ച് നിലം മെഴുകുകയാണ് ചെയ്തത്. കുഴിയുടെ മുകൾഭാഗം ചാരവും മണ്ണും ചേർത്ത് മെഴുകിയ നിലയിൽ പുതുമതോന്നിക്കാത്ത തരത്തിൽ സജ്ജീകരിച്ചിരുന്നു. പോലീസ് നായ അടക്കമുള്ള സംഘം എത്തിയിട്ട് ഒരു സൂചന പോലും കിട്ടിയില്ല! എന്തൊരു നായ ! എന്തൊരു സംഘം! എന്നൊന്നും ചോദിക്കുന്നില്ല. നായസ്നേഹികളും അസോസിയേഷനും ഇളകും, കടിക്കും!
നി. കൊ.ഞാ. ചാ
കാന്തല്ലൂരിൽ കാമുകന് ‘നിഷ്ക്കള’പ്രേമം ആളിക്കത്തി!ഫലമോ? സ്വയം ഞരമ്പു മുറിച്ചു. ശേഷം യുവതിയെ കൊലപ്പെടുത്താനും ശ്രമിച്ചതായി മൊഴി.
മൈസൂർ പീഡകനാകട്ടെ, പെൺകുട്ടിയെ വന്യമൃഗങ്ങളുള്ള കാടിനു നടുവിലേക്ക് കൊണ്ടുപോയി. അതൊരു പരിശുദ്ധ പ്രണയമാണോ? അങ്ങനെ പോകാൻ അന്തസ്സുള്ള ഒരു പെൺകുട്ടി സമ്മതിക്കുമോ?
“പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ മറന്നൊന്നും ചെയ്തുകൂടാ” എന്നു പറയുന്നവൾ പഴഞ്ചാക്കായി പോകുമോ! ഇപ്പടി കേസുകളിൽ എല്ലാംതന്നെ ഇരയാക്കപ്പെടുന്നത് ആൺകുട്ടികളല്ല എന്നുള്ള കാര്യമെങ്കിലും ഇവർക്ക് ബോധമുദിക്കാൻ കാരണമായിരുന്നെങ്കിൽ!
കാട്ടുമൃഗങ്ങളുടെയും അതിലും കാട്ടാളന്മാരായ ഇരുകാലിജീവികളുടെയും വലയിൽ നമ്മുടെ പെൺകുട്ടികൾ ചെന്നു ചാടാതിരിക്കട്ടെ എന്നു പറഞ്ഞാൽ അത് സ്ത്രീസ്വാതന്ത്ര്യത്തിന് വിരോധമാകുമോ?
ഇക്കാര്യത്തിൽ വി. ഗ്രന്ഥവും, സഭയും പഠിപ്പിക്കുന്നതെന്താണ്?
പഠനക്കളരി പ്രേമകളരിയാക്കാമോ? പ്രണയം എപ്പോൾ തുടങ്ങണം?
വിചിന്തനം തുടരുന്നു!
By, സൈ.