രംഗം ഒന്ന്: പാർട്ടി ക്ലാസ്. സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്ലോ അല്ലേ. നമ്മുടെ പാർട്ടി ബുദ്ധിജീവി ഭരതൻ സഖാവ് ആണ് ഇന്നു നമുക്കു ക്ലാസ് എടുക്കുന്നത്. സമകാലിക പ്രശ്നങ്ങളോടു മല്ലിടുന്ന മനുഷ്യൻ ഒരു സഖാവ് എന്ന നിലയിൽ പാർട്ടിനയങ്ങളോടു ചേർന്ന് എങ്ങനെ തത്വാധിഷ്ഠിത ജീവിത നിലപാട് സ്വീകരിക്കാമെന്നതു സഖാവ് നിങ്ങളോടു ലളിതമായി വിവരിക്കും.
ഇതു കേട്ടതും ലോക്കൽ സഖാവ് രാജപ്പൻ എഴുന്നേറ്റു. “സഖാവേ, ഇത്രയും കട്ടിയുള്ള വിഷയങ്ങളെക്കുറിച്ചു പഠിപ്പിക്കുന്നതിനു മുന്പ് പണ്ടൊക്കെ ഉറക്കം വരാതിരിക്കാൻ ഒരു കട്ടൻ ചായ പതിവുണ്ടായിരുന്നു’’.
“അപ്പോൾ രാജപ്പൻ സഖാവ് നമ്മുടെ പാർട്ടി രേഖകൾ ഒന്നും വിശകലനം ചെയ്യാറില്ലേ. പരിപ്പുവട, കട്ടൻചായ കാലഘട്ടത്തിൽനിന്നു പാർട്ടിയുടെ നയങ്ങൾ അപ്പാടെ മാറിക്കഴിഞ്ഞു. വിദേശനിക്ഷേപം അടക്കമുള്ള കാര്യങ്ങളാണ് നമ്മൾ ചർച്ചചെയ്തു വരുന്നത്. അതുകൊണ്ട് മീറ്റിംഗ് കഴിയുന്പോൾ എല്ലാവർക്കും വിദേശ വിഭവമായ കുഴിമന്തിയാണ് നൽകാൻ തീരുമാനിച്ചിട്ടുള്ളത്’’.
ഇതു കേട്ടതും രാജപ്പന്റെ മുഖം തെളിഞ്ഞു. ഇതിനിടെ, ഭരതൻ സഖാവ് ക്ലാസിലേക്കു കടന്നു. ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യുന്ന ലൗ ജിഹാദിന്റെ വിവിധ തലങ്ങളാണ് നമ്മൾ ഇന്നു പഠിക്കാൻ പോകുന്നത്. നിങ്ങൾക്കു പഠിക്കാൻ തന്നിരിക്കുന്ന പാർട്ടി രേഖ തുറക്കൂ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം തീവ്രശക്തികൾ നടത്തുന്ന ഇത്തരം ഇടപാടുകൾ മനസിലാക്കി നമ്മൾ തടയിടണം.- ഭരതൻ സഖാവ് വിവരിച്ചുതുടങ്ങി.
ഒടുവിൽ പക്ഷേ, സഖാവ് പറഞ്ഞുനിർത്തിയത് ഇങ്ങനെയായിരുന്നു: പത്രക്കാർ തിരിച്ചുംമറിച്ചും ചോദിക്കും, കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
“അതെന്തിനാ സഖാവേ, ഉണ്ടെന്നു പാർട്ടിരേഖയിൽ വരെ പറയുന്ന കാര്യം പിന്നെ ഇല്ലെന്നു പറയുന്നത് ?’’- രാജപ്പനു സംശയം.
“രാജപ്പൻ സഖാവിനെ പരസ്യമായി ശാസിക്കുകയാണ്. നാക്കുപിഴ കൊണ്ടാണ് ഇത്തരം സംശയങ്ങൾ ഉണ്ടാകുന്നത്. നോക്കൂ, നമ്മൾ പഠിക്കുന്ന കാര്യങ്ങളെല്ലാം പ്രവർത്തിക്കാൻ ഉള്ളതല്ല. മധുരമനോജ്ഞ ചൈനയെ പാരവയ്ക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ ബൂർഷ്വാ നയങ്ങളെ നമ്മൾ കടിച്ചുകീറി കുടയാറില്ലേ… എന്നും പറഞ്ഞ് നമുക്ക് ഒരു ആവശ്യം വന്നാൽ അമേരിക്കയിൽ പോകാതിരിക്കാനൊക്കുമോ? നമ്മുടെ പിണറായി സഖാവും കോടിയേരി സഖാവും വീണ്ടും അമേരിക്കയിലേക്കു പോകുന്ന കാര്യം നിങ്ങൾ അറിഞ്ഞതല്ലേ.
അതുപോലെ തത്വാധിഷ്ഠിതമായി നോക്കിയാൽ ഈശ്വരവിശ്വാസം ഒരു യഥാർഥ കമ്യൂണിസ്റ്റുകാരനു പറ്റിയതല്ല. എന്നിട്ടും പലരും ഒളിച്ചും പാത്തും പോകാറില്ലേ. ഭാര്യമാരെ വിട്ടു പൂമൂടൽ നടത്താറില്ലേ… അതൊക്കെ പാർട്ടിയുടെ അടവുനയത്തിന്റെ ബഹിർസ്ഫുരണമാണ്.’’ – അണികൾ തലയാട്ടി.
രംഗം രണ്ട്: വീടു സന്ദർശനം
കെ റെയിൽ കുറ്റി കിറ്റിലാക്കി മന്ത്രിമാർ വീടുകളിലേക്കു വരാൻ പോവുകയാണത്രേ. വേണ്ടത്ര ബോധ്യമില്ലാത്തത്തുകൊണ്ടാണ് ജനം കെ റെയിലിനെ എതിർക്കുന്നതെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. അതുകൊണ്ട് ഒരു ബോധവത്കരണത്തിനു വേണ്ട പത്ത് ഇനം സാധനങ്ങളടങ്ങിയ കിറ്റുമായിട്ടായിരിക്കും മന്ത്രിമാർ വരിക. കിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ: നിറഞ്ഞ ചിരി- ഒരു കിലോ, കൈകൂപ്പൽ- രണ്ട് എണ്ണം, കെട്ടിപ്പിടിത്തം- മൂന്ന് എണ്ണം, കുശലം പറച്ചിൽ- രണ്ട് പായ്ക്കറ്റ്, ഉണങ്ങിയ വിനയം- ഒന്നരക്കിലോ, പൊടിച്ച എളിമ – അഞ്ചു കിലോ, പഞ്ചാരവാക്ക് – അഞ്ചു കിലോ, മോഹന വാഗ്ദാനം -10 കിലോ, തൊലിക്കട്ടി- ഒരു സഞ്ചിനിറയെ!
ഇതെല്ലാമായി കടന്നുവന്നാലും കിറ്റ് എന്നു കേൾക്കുന്പോൾ കുറ്റിക്കൊന്നു കിട്ടിയതായി തോന്നുന്ന നാട്ടുകാർ ഒടുവിൽ ആം ആദ്മിയായി മാറുമോ? എന്നുവച്ചാൽ ചൂലെടുക്കുമോയെന്ന് ഉത്പ്രേക്ഷാലംകൃതി!
മിസ്ഡ് കോൾ
= ഇരുചക്ര വാഹന ലൈസൻസിന് റോഡ് മര്യാദ തിയറി ക്ലാസ് നിർബന്ധം.
– വാർത്ത
=തിയറിയിൽ മര്യാദ, പ്രാക്ടിക്കലിൽ
അപമര്യാദ!
Out of range column in deepika daily by, Johnson Thomas