“LOVE IS THE MEANING OF LIFE” “ജീവിതം എന്ന വാക്കിന്റെ അർത്ഥം സ്നേഹിക്കുക, പ്രണയിക്കുക” എന്നാണ്… എന്നൊരു പുസ്തകത്തിൽ വായിച്ചതായി ഞാൻ ഓർക്കുന്നു. എന്നാൽ അതിൽ എത്ര മാത്രം സത്യം ഉണ്ടെന്ന് മനസിലാക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിനു കാരണം പ്രണയം എന്ന വികാരത്തെ വൃണപ്പെടുത്തിയ നമ്മുടെ സമൂഹത്തിന്റെ ആശയങ്ങൾ തന്നെയാണ്. നമ്മുടെ നാട്ടിൽ ഏറ്റവും വിലക്കപ്പെട്ട ഒരു ബന്ധമാണ് പ്രണയം എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും പ്രണയത്തെ സൗഹൃദമായി താരതമ്യം ചെയ്ത് ചിലർ സംസാരിക്കാറുണ്ട്. സത്യത്തിൽ നാം ഇതിനെ പറ്റി ഗൗരവമായി കാണേണ്ടി ഇരിക്കുന്നു. നമ്മുടെ കുട്ടികളോട് നമ്മൾ എപ്പോഴാണ് പ്രണയത്തെ പറ്റി പറഞ്ഞിട്ടുള്ളത്.
പ്രണയം എന്താണെന്നോ, പ്രണയം എങ്ങനെ ആവാമെന്നോ, പ്രണയിക്കുന്ന ആളെ എങ്ങനെ കണ്ടെത്താം എന്നോ, പ്രണയത്തിന് അതിർവരമ്പുകൾ ഇല്ലായെന്നോ, അത് കേവലം ശാരീരികമായ ഒന്ന് മാത്രം അല്ലാ മറിച്ച് ഹൃദയങ്ങൾ തമ്മിൽ സംയോജിക്കുന്ന ദിവ്യമായ അനുഭൂതിയാണ് എന്നുമൊക്കെ നമ്മൾ എപ്പോഴേലും അവരോട് പറഞ്ഞിട്ടുണ്ടോ?
പ്രണയം എന്ന പേരിൽ ഒട്ടു മിക്ക സിനിമകളും, സമൂഹ മാധ്യമങ്ങളും കാണിക്കുന്ന അനാവശ്യങ്ങൾക്ക് അപ്പുറം അവർ എവിടെയെങ്കിലും പ്രണയം അറിഞ്ഞിട്ടുണ്ടോ?
പ്രണയം എന്നാൽ സ്നേഹിക്കുന്ന വ്യക്തിയുടെ സ്വപ്നങ്ങളുടെ പിന്നാലെ സഞ്ചരിക്കേണ്ട ഒന്നാണെന്നും, പ്രണയത്തിൽ പരാജയം ഉണ്ടാകാമെന്നും, പരസ്പര ബഹുമാനം വേണമെന്നും, തുറന്ന് സംസാരിക്കണമെന്നും, വ്യക്തി താൽപര്യങ്ങൾ മാനിക്കണമെന്നും, നമ്മൾ അവരോട് പറഞ്ഞിട്ടുണ്ടോ? പുറകെ നടന്ന് ശല്യം ചെയ്ത് ആളെ വീഴ്ത്താൻ നോക്കുന്നത് ശരിയല്ല എന്ന് നമ്മൾ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ടോ? സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങേണ്ട ഒന്നല്ല മറിച്ചു അത് അറിഞ്ഞു തരേണ്ടതാണെന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?
പ്രണയിതാക്കൾ പിടിക്കപ്പെട്ടാൽ അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി അവരെ മറ്റുള്ളവരുടെ മുമ്പിൽ തെറ്റുകാരാക്കുന്ന അധ്യാപകരെ നിങ്ങൾ ഒരിക്കൽ എങ്കിലും പ്രണയം എന്ന വികാരത്തെ പറ്റി കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ? പ്രണയം കാമമാണെന്നുള്ള സങ്കല്പങ്ങളിലേക്ക് കൊണ്ട് വച്ച യുവതലമുറക്കാരെ നിങ്ങൾ എത്ര വലിയ തെറ്റാണ് ചെയ്തത് എന്ന് മനസിലാവുന്നുണ്ടോ?
പ്രണയം മനോഹരമാണ്. നിർവചനങ്ങൾക്ക് അപ്പുറവും. വ്യക്തികൾ മാറാം, രീതികൾ മാറാം. പക്ഷെ അതൊന്നും ആ വികാരത്തെ കുറ്റപ്പെടുത്താൻ മാത്രം ഉള്ള കാര്യങ്ങൾ അല്ല. ആരോഗ്യകരമായ പ്രണയ മാതൃകകൾ ഉണ്ടാകേണ്ടതുണ്ട്. സ്കൂളുകളിലും വീടുകളിലും അത് സംസാരിക്കേണ്ടതുണ്ട്. പ്രണയം ഇല്ലാതിരിക്കുക എന്നതും നോർമൽ ആയി കാണേണ്ടതുണ്ട്. പ്രണയിക്കാൻ നമ്മൾ ആളുകളെ അനുവദിക്കേണ്ടതുണ്ട്, അവർക്ക് ഇഷ്ടമുള്ള മനുഷ്യരെ.
തനിച്ചാവുമെന്ന ഭയത്താൽ സ്നേഹം യാചിച്ചു വാങ്ങാതിരിക്കുക. സ്നേഹിക്കാനും പരിഗണിക്കാനും നിങ്ങൾക്ക് നിങ്ങളോളം പോന്നൊരു കൂട്ട് അസാധ്യമാണ്. പ്രണയിച്ചോളൂ, കാരണം പ്രണയം നിങ്ങളെ മാറ്റിയിട്ടുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. Adjustment അല്ല Understanding ആണ് പ്രണയത്തിൽ വേണ്ടത്. പ്രണയം വിജയിക്കുന്നത് വിവാഹത്തോടെയല്ല, വിവാഹം കഴിഞ്ഞാലും അവർ പ്രണയിക്കുമ്പോഴാണ്.
പ്രണയം എന്നാൽ എത്ര നാൾ കൂടെയുണ്ടായി എന്നതല്ല എത്രമേൽ നമ്മളെ മനസിലാക്കി എന്നതിലാണ് കാര്യം. തകർച്ചകളിൽ ചേർത്തു നിർത്തുന്ന തളരുമ്പോൾ താങ്ങി പിടിക്കുന്ന കരങ്ങളാണ് പ്രണയത്തിന് വേണ്ടത്. ഒരു പ്രണയം ഒക്കെ ലൈഫിൽ വന്ന് പോകുന്നത് നല്ലതാടോ! ഒന്നുമില്ലെങ്കിലും കുറച്ചു മാറ്റങ്ങളെങ്കിലും വരും, കേട്ടിട്ടില്ലേ, Every Pain Change A Person എന്ന്!
By, Nithin Paul Mundumakil
പ്രണയിക്കുന്നത് തെറ്റാണോ? പ്രണയം ഒരു പ്രതികാരമയി മാറാതെ, എവിടെ, എപ്പോൾ, എങ്ങിനെ തിരുത്തണം നമ്മൾ….? മാറി മറിയുന്ന പ്രണയ ഭാവങ്ങൾ…. നിങ്ങൾക്കും എഴുതാം പ്രണയത്തെക്കുറിച്ച്… ഇരുന്നൂറ് വാക്കുകളിൽ കുറയാത്ത ലേഖനം (നിങ്ങളുടെ അനുഭവങ്ങൾ, ആശയങ്ങൾ) ടൈപ്പ് ചെയ്ത് ഞങ്ങൾക്ക് അയക്കുക…
ഏറ്റവും മികച്ച ലേഖനങ്ങൾ ഫേസ്ബുക്ക് പേജിലും വെബ്സൈറ്റിലും പ്രസിദ്ധികരിക്കുന്നതാണ്.അയക്കേണ്ട മെയിൽ വിലാസം: nasraayanlive@gmail.com
അയക്കേണ്ട അവസാന തീയതി: 14 | 02 | 2022