നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ ഏറ്റവും അടുത്ത ഒരുക്കത്തിലാണല്ലോ നമ്മൾ…. ഒരു ശ്ലീഹായിൽ നിന്നുമാണ് നമ്മൾ രക്ഷകനായ കർത്താവീശോമിശിഹായെ അറിഞ്ഞത് എന്നത് എത്രയോ അനുഗ്രഹപ്രദമാണ്…
ഭാരതത്തിലെ അതിലുപരി കേരളത്തിലെ മാർത്തോമാനസ്രാണികളായ നമ്മളെല്ലാവരും ഏറെ അഭിമാനത്തോടെ മാർത്തോമാശ്ലീഹാ നമ്മുടെ നാട്ടിൽ വന്നതിനെപ്പറ്റിയും സുവിശേഷം പ്രസംഗിച്ചതിനെപറ്റിയും മാമോദിസ നൽകിയതിനെപ്പറ്റിയും ഏഴരപള്ളികൾ സ്ഥാപിച്ചതിനെപ്പറ്റിയെല്ലാം ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ പറയുന്നവരാണ്……
എന്നാൽ ഇവയെല്ലാം പലപ്പോഴും മേനി പറച്ചിലുകളായും ശ്ലീഹായുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം ചെളി വാരിയെറിയലുമെല്ലാമായിമാത്രം ഒതുങ്ങിപോകുന്നുണ്ടോ എന്ന് ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു…..
നമ്മുടെ കർത്താവിനെ ജീവനുതുല്യം സ്നേഹിച്ചവനാണ് തോമാശ്ലീഹ. അവനൊപ്പം മരിക്കാൻ നമുക്കും പോകാമെന്നു പറഞ്ഞ് (യോഹ 11/16) ക്രിസ്തുവിനോട് കൂടെ ആയിരിക്കാൻ ഏറെ ആഗ്രഹിച്ചവൻ…….
ഈശോയോടുള്ള ഈ വലിയ സ്നേഹം തന്നെയാണ് ഏറെ ദൂരെയുള്ള ഇന്ത്യയിലേക്ക് ഇവിടെയുള്ള യഹൂദസമൂഹത്തിലേക്ക് ഈശോയെയും സുവിശേഷത്തെയും പറ്റി പ്രസംഗിക്കാൻ തോമാശ്ലീഹയെ പ്രാപ്തനാക്കിയത്…..
ഒരു വ്യക്തിയോടുള്ള അഗാധമായ സ്നേഹം ചിലപ്പോഴൊക്കെ നമുക്ക് ആ വ്യക്തിക്ക് വേണ്ടി എന്തും ചെയ്യാനുള്ള ധൈര്യം നൽകുന്നത്……
കേരളത്തിലെ ഒരുപാട് വിശുദ്ധരായ പുരോഹിതരും സന്യസ്തരും ഇന്ന് ഭാരതം മുഴുവനും ലോകമെങ്ങും മിഷണറിമാരായി ശുശ്രൂഷ ചെയ്യുന്നത് നമ്മുടെ അപ്പനായ തോമായുടെ ഈശോയോടുള്ള സ്നേഹം കിട്ടിയതുകൊണ്ടാകാം…….
പക്ഷെ മാർത്തോമാക്രിസ്ത്യാനി എന്ന് പറഞ്ഞ് അഭിമാനിക്കുന്ന നമ്മളിൽ കുറെ പേരെങ്കിലും വിശ്വാസത്തിൽ നമ്മുടെ പിതാവായ മാർത്തോമായേ പോലെ സുവിശേഷം പ്രസംഗിക്കുന്നതിലും കർത്താവിന് വേണ്ടി എന്തും ചെയ്യുന്നതിലും എത്ര പിന്നിലാണ്…….
സുവിശേഷപ്രഘോഷണം, മിഷൻ പ്രവർത്തനം എന്നിവ പുരോഹിതരുടെയും സിസ്റ്റേഴ്സിന്റെയും മറ്റേതാനും ചിലരുടെ ചുമതല ആണെന്നുള്ള ബോധ്യം ഇന്നൊരുപാട് പേർക്കുണ്ട്…..
മാമോദിസ സ്വീകരിച്ച ഏതൊരു ക്രൈസ്തവന്റെയും പ്രഥമവും പ്രധാനവുമായ ചുമതല കർത്താവിന്റെ സുവിശേഷം പ്രസംഗിക്കുക എന്നതാണ്…….
ഒരു നാൾ ഇങ്ങനെ ഒരു കാര്യം എന്റെ സുഹൃതിനോട് സംസാരിച്ചപ്പോൾ അവൻ പറയുകയുണ്ടായി… “നമുക്ക് മൈക്ക് കെട്ടി ഇറങ്ങാൻ പറ്റുമോ എന്ന് ” അങ്ങനെ ചിന്തിക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷം പേരും……
എന്നാൽ, സുവിശേഷപ്രഘോഷണം എന്നത് മൈക്ക് കെട്ടി പന്തലിട്ട് ഒരു വലിയ സമൂഹത്തിന് മുന്നിൽ പ്രസംഗിക്കുക എന്നുള്ളത് മാത്രമല്ല,…..
ഒരു സാധാരണ വിശ്വാസി എന്ന നിലയിൽ രാവിലെ എഴുന്നേറ്റ് കുരിശു വരക്കുന്നതുംഅനുദിനം കുർബാനക്ക് പോകുന്നതും ഒരു പള്ളി കാണുമ്പോൾ കുമ്പിടുന്നതും തുടങ്ങി എത്രയോ ഇടങ്ങളിൽ നമ്മുടെ കർത്താവിന് നമുക്ക് സാക്ഷ്യം നൽകാൻ സാധിക്കും….?
പലപ്പോഴും ഇതൊരു കുറച്ചിൽ ആയാണ് പലരും കരുതുന്നത്… നമ്മൾ അനുദിനം ഷെയർ ചെയ്യുന്ന നമ്മുടെ സ്റ്റാറ്റസുകളിൽ ഒരു വചനം എങ്കിലും ഇട്ടാൽ അത് കാണുന്ന ഒരാളെയെങ്കിലും ആ വചനം സ്പർശിക്കുമെന്നുള്ളത് തീർച്ചയാണ്…
നമ്മുടെ ഭവനങ്ങളിൽ, നാം ആയിരിക്കുന്ന തൊഴിലിടങ്ങൾ, അയല്പക്കകാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, യാത്രകൾ, വാഹനങ്ങൾ ഇങ്ങനെ എത്രയോ സാധ്യതകളുണ്ട് നമ്മുടെ കർത്താവിനും സുവിശേഷത്തിനും സാക്ഷ്യം വഹിക്കാൻ…….
നമ്മൾ ആയിരിക്കുന്ന ഇടങ്ങളിൽ സുവിശേഷപ്രഘോഷണത്തിന് സാധ്യത ഒരുപാടുണ്ട്…. തിരിച്ചറിഞ്ഞാൽ മാത്രം മതി……
ഭാരതസഭക്ക് അഭിമാനമായ പ്രഥമ അൽമായ വിശുദ്ധൻ രക്തസാക്ഷിയായ ദൈവസഹായം പിള്ള ചുരുങ്ങിയ വർഷംകൊണ്ട് 3000 പേരെ കർത്താവിനോട് അടുപ്പിച്ചു…..
എന്നാൽ ഞാനുൾപ്പടെ നമ്മളൊക്കെ ഇത്ര നാളായി പള്ളിയിൽ പോയിട്ടും പെരുനാൾ കൂടിയിട്ടും വചനം വായിച്ചിട്ടും ധ്യാനങ്ങൾ കൂടിയിട്ടും ഇത്രയേറെ ആത്മീയസൗകര്യങ്ങൾ അനുഭവിച്ചിട്ടും എത്രപേരെ കർത്താവിനോട് അടുപ്പിച്ചിട്ടുണ്ട്…..???
അനുദിനം പരിശുദ്ധ കുർബാനയിലൂടെ ശക്തി സംഭരിച്ച് നമ്മളെല്ലാവരും അയക്കപെടുകയാണ് ഈ ലോകജീവിതത്തിലേക്ക്, കർത്താവിന്റെ സുവിശേഷത്തിന് സാക്ഷി ആകുവാനും സുവിശേഷമായി ജീവിക്കാനും……..
ഈശോ ശ്ലീഹന്മാരിലൂടെ സഭക്കും നമുക്കൊരോരുത്തർക്കും നൽകിയ പ്രേഷിത ദൗത്യം നിറവേറ്റാൻ വിളിക്കപ്പെട്ടവരാണ് നമ്മളെല്ലാം……
നമ്മുടെ പിതാവായ തോമാശ്ലീഹ അത് പൂർണമായി വിശ്വസ്ഥതയോടെ നിറവേറ്റി….
എന്നാൽ മാർത്തോമായുടെ മക്കളായ നമ്മളിൽ പലരും വേണ്ടത്ര സുവിശേഷപ്രഘോഷണത്തിനും നല്ലൊരു സാക്ഷ്യജീവിതം കെട്ടിപടുക്കുന്നതിനെ കുറിച്ചും ചിന്തിക്കാതെ പാരമ്പര്യത്തിലും പൈതൃകത്തിലും മാത്രം ഒതുങ്ങി നിൽക്കുന്നു……..
അബ്രാഹത്തിന്റെ മക്കൾ എന്ന് അവകാശപ്പെട്ട യഹൂദരോട് ഈശോ പറഞ്ഞു നിങ്ങൾ അബ്രഹാത്തിന്റെ മക്കളാണെങ്കിൽ അബ്രഹാം ചെയ്ത പ്രവൃത്തികൾ ചെയ്യുവിൻ ( യോഹ 8/39).
മാർത്തോമായുടെ മക്കളായ നമ്മളോടും ഈശോ നടത്തുന്ന വെല്ലുവിളിയാണിത്. തോമായെപോലെയാവുക…..
തോമാശ്ലീഹാ ഉത്ഥിതനെ അനുഭവിച്ച ആ അനുഭവം സ്വന്തമാക്കുക……
അവനാണ് വഴി, അവനാണ് സത്യം, അവനാണ് ജീവൻ. നമുക്ക് മാർത്തോമായുടെ മാർഗ്ഗത്തിലൂടെ നടക്കാം… ഈശോയെ സ്വന്തമാക്കാം… അവന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാം……
ഈ ദുക്റാന നമ്മുടെ ആത്മീയജീവിതത്തിലും ഭൗതികജീവിതത്തിലും ഒരു ഉണർത്തുപാട്ട് ആകട്ടെ….. നമ്മെ കണ്ടിട്ട് നമ്മുടെ അപ്പനായ തോമാശ്ലീഹ അഭിമാനിക്കട്ടെ….. ദൈവതിരുനാമം മഹത്വപെടട്ടെ……
തിരുനാൾ മംഗളങ്ങൾ……
BY, Midhun Thomas