ജോസഫ് പാണ്ടിയപ്പള്ളിൽ
ഏലിയ സ്ലീവ മോശക്കാലം ആറാം ഞായർ ലൂക്കാ 21:20-28
ഏതാനും ആഴ്ചകളായി ലോകാവസാനത്തെക്കുറിച്ചും അന്ത്യവിധിയെക്കുറിച്ചുമാണ് വി കുർബാന മധ്യേ സുവിശേഷത്തിൽ നമ്മൾ ശ്രവിക്കുന്നത്. മൂന്ന് സമാന്തര സുവിശേഷങ്ങളിലും, അതായത് വി. മത്തായിയുടെയും മാർക്കോസിന്റെയും ലൂക്കായുടെയും സുവിശേഷങ്ങളിൽ ഏതാണ്ട് ഒരുപോലെയുള്ള വിവരണം നമ്മൾ വായിക്കുന്നു. അവയിൽ ഇന്ന് നമ്മൾ വായിച്ചുകേട്ട വി. ലൂക്കായുടെ സുവിശേഷത്തിൽ സുവിശേഷകൻ വളരെ കൃത്യമായും വ്യക്തമായും പറയുന്നു, അവസാനം ആയിട്ടില്ലെന്നും അവസാനം ഉടനെ ആകില്ലെന്നും.
വി ലൂക്കാ സുവിശേഷകൻ അന്ന് പറഞ്ഞതുപോലെ ഇന്നു നമുക്കും വിശ്വസിക്കാം, അവസാനം ആയിട്ടില്ല, ഉടനെ ആകില്ല എന്ന്. ഈ വിശ്വാസം നമുക്ക് നൽകുന്നത് അനുദിന പ്രശ്നങ്ങൾ നേരിടാനുള്ള ശക്ത്തിയും എല്ലാം ശുഭപര്യാപ്തി ആകും എന്ന പ്രതീക്ഷയും ആണ്.
യുദ്ധം, മതപീഠനം, ദാരിദ്ര്യം തുടങ്ങിയ ഈശോ പറഞ്ഞതിൽപെട്ട പല അടയാളങ്ങളും കാണുകയും അനുഭവിക്കുകയും ചെയ്തിരുന്ന നാളുകളായിരുന്നു ലൂക്കാ സുവിശേഷകൻ സുവിശേഷം എഴുതിയ വർഷങ്ങൾ. ഈശോ ഉടനെ വീണ്ടും വരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു സുവിശേഷങ്ങൾ എഴുതപ്പെട്ട നാളികളിലെ ആദിമ ക്രൈസ്തവർ.
തങ്ങൾക്കുള്ളതെല്ലാം വിറ്റ് എല്ലാവരുടേയും സ്വത്തുക്കൾ പൊതുവായി കരുതാനും പങ്കുവക്കാനുമുള്ള ആദിമ ക്രൈസ്തവരുടെ മനോഭവത്തിന്റെ ഒരു പ്രധാന കാരണവും ക്രിസ്തു ഉടനെ വരുമെന്നും ലോകം വൈകാതെ അവസാനിക്കുമെന്നുമുള്ള ചിന്തയും വിശ്വാസവും ആയിരുന്നു. യഹൂദരുടെ നഗരമായ ജെറുസലേമിന്റെ പതനത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. “ജെറുസലേമിന് ചുറ്റും സൈന്യം താവളമടിചിരിക്കുന്നത് കാണുമ്പൊള് അതിന്റെ പതനം ആരംഭിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളുവിൻ” എന്ന വാക്കുകൾ വി ലൂക്കാസുവിശേഷകൻ എഴുതുന്നതിന് മിനിമം പത്തു വർഷങ്ങൾക്കു മുൻപ് ജറുസലേം നഗരം തകർന്നു കഴിഞ്ഞിരുന്നു.
ജെറുസലേം നഗരം തകർന്നാൽ അന്ന് ലോകം അവസാനിക്കും എന്ന് കരുതിയിരുന്ന യഹൂദരും ക്രൈസ്തവരും അക്കാലത്ത് ഉണ്ടായിരുന്നു. ജെറുസലേം തകർന്നത് ക്രിസ്തുവർഷം 72- ലാണ്. വി. ലൂക്കാ തന്റെ സുവിശേഷം എഴുതുന്നത് ക്രിസ്തുവർഷം 80-നു ശേഷവും. അന്ന് ലോകം അവസാനിച്ചില്ല എന്ന് മനസിലാക്കിയ ക്രൈസ്തവർ ക്രിസ്തുവിന്റെ വരവിനെക്കുറിച്ചുള്ള പ്രതീക്ഷ കൈവെടിയാതെയും ലോകം അവസാനിക്കുമെന്ന വിശ്വാസം നിലനിർത്തിയും ലോകാവസാനത്തിനു പുതിയ അർഥങ്ങൾ നൽകിയും ഇന്നുവരെ ജീവിച്ചു.
അവസാനം ഉടനെ ഉണ്ടാകില്ല എന്ന സുവിശേഷകന്റെ വാക്കുകൾക്ക് കാരണവും ഇതുതന്നെ. ഇന്നു നമുക്കു ചുറ്റുമുള്ള പ്രശ്നങ്ങളുടെ നടുവിലും ശുഭാപ്തി വിശ്വാസത്തിലും പ്രതീക്ഷയിലും ജീവിക്കാം. തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചും തിരസ്കരിക്കപ്പെട്ടവരെക്കുറിച്ചുമുള്ള ചിന്തകളാണ് ഇന്നത്തെ സുവിശേഷം നൽകുന്നത്. നമ്മൾ തിരഞ്ഞെടുക്കപെട്ടവരുടെ ഗണത്തിൽ ഉൾപ്പെട്ടാലും നമുക്ക് പ്രിയപ്പെട്ടവർ ഉപേക്ഷിക്കപ്പെട്ടവരാണെങ്കിൽ നമ്മുടെ തിരഞ്ഞെടുക്കപ്പെടൽ നമുക്ക് സന്തോഷം നൽകില്ല. ക്രിസ്തുവിന്റെ വരവ് സന്തോഷത്തോടെ പ്രതീക്ഷിക്കുന്നവർ എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുന്നവരും നിത്യമായി ഉപേക്ഷിക്കപ്പെടുന്നവരും എന്ന രണ്ടുതരം മനുഷ്യരെക്കുറിച്ചുള്ള പ്രതിപാദനം നമുക്ക് സത്യത്തിൽ ആകുലതയും വേദനയും ആണ് നൽകുന്നത് .
“അന്ത്യവിധിയുടെ ദിവസങ്ങളെ പ്രതികാരത്തിന്റെ ദിവസങ്ങൾ ” എന്നാണ് ലൂക്കാ സുവിശേഷകൻ വിശേഷിഷിപ്പിക്കുന്നത്. അത്രക്ക് പ്രതികാരദാഹിയാണോ ദൈവം എന്ന് ഞാൻ ചോദിച്ചുപോകുന്നു . ഡിസൈവം സ്നേഹ നിധിയെണെന്നാണ് എന്റെ ബോധ്യം.
“യുദായയിൽ ഉള്ളവർ പർവതങ്ങളിലേക്ക് പലായനം ചെയ്യട്ടെ” എന്ന് പറയുമ്പോൾ അത് ശത്രുക്കൾ നഗരങ്ങൾ ആക്രമിക്കപ്പെട്ടപ്പോഴും ആക്രമിക്കുമ്പോഴും ശത്രുക്കൾക്ക് പർവ്വതങ്ങളുടെ മുകളിൽ വന്നു ആക്രമിക്കുക എളുപ്പമല്ല എന്നതുകൊണ്ടു പർവതങ്ങളുടെ മുകളിൽ അന്നത്തെ യുദ്ധകാലത്ത് സുരക്ഷിതത്വമുണ്ടായിരുന്നു എന്നതുകൊണ്ടും ആണ്. “ഗ്രാമങ്ങളിലുള്ളവർ നഗരങ്ങളിൽ പ്രവേശിക്കാതിരിക്കട്ടെ” എന്ന് പറയുമ്പോൾ യുദ്ധങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളെയാണ് ശസ്ത്രുക്കൾ ലക്ഷ്യമിടുന്നത് എന്നത് അന്നും ഇന്നും നമുക്ക് പരിചിതമാണ്.
“ജെറുസലേമിനെ ചവിട്ടിമെതിക്കും” എന്ന് പറയുന്നതും “ജനങ്ങൾക്ക് വലിയ ഞെരുക്കവും ക്രോധവും ഉണ്ടാകും” എന്ന് പറയുന്നതും”, “അവർ വാളിന്റെ വായ്ത്തലയേറ്റ് വീഴും ” എന്ന് പറയുന്നതും “അവർ എല്ലാ ജനതകളിലേക്കും തടവുകാരായി കൊണ്ടുപോകപ്പെടും” എന്ന് പറയുന്നതും ക്രിസ്തുവർഷം 72-ൽ ജെറുസലേമിനെ റോമാക്കാർ ആക്രമിച്ചു നശിപ്പിച്ചപ്പോൾ യഹൂദർ അനുഭവിച്ചതും ക്രൈസ്തവർ നേരിട്ട് കണ്ടതും അനുഭവിച്ചതുമാണ്.
എല്ലാ ജനതകളിലേക്കും പലായനം ചെയ്ത യഹൂദർ അന്ന് ഇന്ത്യയിലും കേരളത്തിലും എത്തിയിരുന്നു.
ക്രിസ്തുവർഷം 1948 -ന് ശേഷം അവരിൽ ഒരുപാടുപേർ ഇസ്രായേലിലേക്ക് തിരിച്ചുപോയി എങ്കിലും ഏതാനും പേർ ഇന്നും ഇന്ത്യയിൽ തുടരുന്നുണ്ട്. അതുപോലെ ഒട്ടനവധി രാജ്യങ്ങളിലായി അവർ ഇന്നും ജീവിക്കുന്നു. ആകെയുള്ള യഹൂദരുടെ വെറും 30 ശതമാനം മാത്രമേ ഇന്ന് ഇസ്രായേൽ എന്ന രാജ്യത്തു വസിക്കുന്നുള്ളു. ബാക്കി എഴുപത് ശതമാനവും മറ്റു രാജ്യങ്ങളിലാണവർ. ആകെയുള്ള യഹൂദരുടെ 51 ശസ്തമാണവും usa -ലന്നു വസിക്കുന്നത് .
അതായത് ജെറുസലേം തകർന്നിട്ടും യഹൂദർ ചിതറിക്കപ്പെട്ടിട്ടും ലോകം അവസാനിച്ചില്ല എന്ന അറിവാണ് “അവസാനം ആയിട്ടില്ലെന്നും അവസാനം ഉടനെ ആകില്ലെന്നും” ലൂക്കാ സുവിശേഷകനെ എഴുതാൻ പ്രേരിപ്പിച്ചത്. എന്നാൽ ഈശോ വരുമെന്ന് പ്രതീക്ഷ നിലനിർത്താൻ ലൂക്കാ സുവിശേഷകൻ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്.
ഈശോയുടെ ആദ്യവരവ് അഥവാ ഈശോയുടെ ജനനം ലോകത്തിന്റെ രക്ഷകനും രാജാവും സമാധാനദൂതനും ആയിട്ടായിരുന്നതുപോലെ ഈശോയുടെ രണ്ടാമത്തെ വരവും രക്ഷകനും രാജാവും സമാധാന ദൂതനും ആയിട്ടാണ്. നോഹയുടെ കാലത്ത് തിന്നും കുടിച്ചും ആഘോഷിച്ചും കച്ചവടങ്ങൾ നടത്തിയും മാത്രം ജീവിച്ചപോലെ ഇന്ന് നമ്മൾ ആകരുതെന്നും ജീവിതത്തിന്റെ അടിസ്ഥാന മൂല്യങ്ങളോട് വിശ്വസ്ത പുലർത്തണമെന്നും സുവിശേഷകൻ വ്യക്തമാകുന്നു.
ഇന്നത്തെ സുവിശേഷത്തിന്റെ ഒന്നാമത്തെ ഭാഗത്ത് സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലുമുള്ള വ്യതിയാനത്തെയും പരിണാമത്തെയും കുറിച്ചാണ് ക്രിസ്തു പറയുന്നത്.
സൂര്യനിലും ചന്ദ്രനിലും നക്ഷ്സ്ത്രങ്ങളിലും ഉള്ള വ്യതിയാനം ശാസ്ത്രജ്ഞർ മനസിലാക്കുകയും അന്ന് ക്രിസ്തു പറഞ്ഞത് യാഥാർഥ്യമായിക്കൊണ്ടിരിക്കുകയും ആണെന്ന് ഇന്ന് നമുക്ക് ബൊദ്ധ്യപ്പെടുകയും ചെയ്തിരിക്കുന്നു. ഭൂമികുലുക്കം, കൊടുംകാറ്റ്, സുനാമി, തീപിടുത്തം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ തുടരെ തുടരെ ഉണ്ടാകുന്നതു ക്രിസ്തുവിന്റെ പ്രത്യാഗമനത്തെ ഓർമ്മിപ്പിക്കുന്നു. കാലാവസ്ഥാവ്യതിയാനം, ഭൂമിയുടെ ഉയരുന്ന ചൂട്, തുടങ്ങിയവ വര്ഷം തോറും ഏറുന്നത് അവസനം ആയോ എന്ന ചിന്ത നമ്മിൽ ഉയരും.
ഒരു ആണ്വായുധ യുദ്ധം കൊണ്ട് ഈ ഭൂമി മുഴുവൻ നശിപ്പിക്കാൻ മാനുഷ്യന് സാധിക്കും എന്നറിയാവുന്ന നമുക്ക് ഇപ്പോൾ റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിൽ അണ്വായുധം ഉപയോഗിക്കപ്പെടുമെന്ന രണ്ടു ഭാഗത്തുനിന്നുമുള്ള ഭീഷണി നമ്മെ ഭയപ്പെടുത്തും. റഷ്യ അണ്വായുധം ഉപയോഗിക്കാൻ സാധ്യത ഉള്ളതുകൊണ്ട് അതിന് മുൻപേ അമേരിക്ക അണ്വായുധം ഉപയോഗിക്കണം എന്ന ഉക്രൈൻ പ്രസിഡന്റ് സെലിൻസ്കിയുടെ ആഹ്വാനം തീർത്തും നിരുത്തരവാദിത്തപരവും വിവേകരഹിതവും ആണെന്ന് പറയാതിരിക്കാനാവില്ല. യുദ്ധവും അക്രമവും ഭീകരപ്രവർത്തനവും മൂലം ലോകമാകമാനം ജനങ്ങളിൽ ഭീതിയും ആകുലതയും നിറഞ്ഞിരിക്കുകയാണ്.
ഇന്നത്തെ സുവിശേഷത്തിൽ പ്രതിപാദിച്ചിരിക്കുന്ന അടയാളങ്ങൾ ഇന്നത്തെ കാലഘട്ടത്തിന്റെ അടയാളങ്ങളുമായി ഒത്തുപോകുന്നവയാണ്. സമകാലീനമായ സംഭവവികാസങ്ങൾ അത് പ്രകൃതിക്ഷോഭമായാലും യുദ്ധമായാലും സാധാരണ മനുഷ്യരുടെ ദുരിതം ആയാലും സുവിശേഷങ്ങളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങളുമായി സാമ്യമുള്ളവയാണ്.
” ഇവ സംഭവിക്കുമ്പോൾ നിങ്ങൾ ശിരസ്സുയർത്തി നിൽക്കുവിൻ. നിങ്ങളുടെ വിമോചനം സംഭവിച്ചിരിക്കുന്നു” എന്ന് ഇന്നത്തെ സുവിശേഷത്തിന്റെ അവസാനത്തെ വാചകമായി ശ്രവിക്കുമ്പോൾ ഇന്ന് നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങളും അത്യാഹിതങ്ങളും കടന്ന് പോകും എന്ന പ്രതീക്ഷയും ഇന്നത്തെ എല്ലാവിധ പ്രശ്നങ്ങളെയും നമ്മൾ അതിജീവിക്കും എന്നുമുള്ള സന്ദേശമാണ് നമുക്ക് ലഭിക്കുന്നത്. ബൈബിളിന്റെ ചരിത്രപരവും സാമൂഹ്യവുമായ പശ്ചാത്തലത്തിലും നമ്മുടെ ദൈവവസങ്കല്പത്തിന്റെ പശ്ചാത്തലത്തിലും വേണം അന്ത്യവിധിയെകുറിച്ചുള്ള ഈ വചനഭാഗം മനസിലാക്കുവാൻ. അന്ത്യാവിധി പേടിപ്പിക്കുന്ന അനുഭവം ആയിരിക്കില്ല പ്രതീക്ഷയും സന്തോഷവും നൽകുന്ന അനുഭഗവാം ആയിരിക്കും എന്ന് നമുക്ക് വിശ്വസിക്കാം.
ലോകാവസാനത്തിൽ ക്രിസ്തു വരുമ്പോൾ സമയത്തിനും കാലത്തിനും അതീതമായ ഒരു കണ്ടുമുട്ടലായി നമുക്ക് കർത്താവിനെ സ്വീകരിക്കാൻ ഒരുങ്ങാം. നിത്യതയിൽ വടക്കോ കിഴക്കോ എന്ന വ്യതാസമോ ഇടത്തോ വലത്തോ എന്ന വ്യത്യാസമോ ഇല്ല എന്നും വിശ്വസിക്കാം. നമ്മോടൊത്ത് ക്രിസ്ത്തുവിനോടൊത്ത് എന്നും നമ്മുടെ സഹോദരങ്ങളും ഉണ്ട് എന്ന വിശ്വാസത്തിൽ എന്നും നമ്മുടെ സഹജീവികളെ നമുക്ക് തുല്യരായി കണ്ടു നമുക്കൊരുമിച്ചു ക്രിസ്തുവിനെ സ്വീകരിക്കാൻ കാത്തിരിക്കാം. വരാനിരിക്കുന്ന ക്രിസ്തു വരികയും നമ്മെ ഒരുമിച്ച് തന്റെ നിത്യതയിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യട്ടെ, ആമ്മേൻ.