ജിൽസ ജോയ്
കുരിശും സന്തോഷവും തമ്മിൽ എന്താണ് ബന്ധം? പരസ്പരവിരുദ്ധമായ (contradictory) ഇവ തമ്മിൽ പ്രത്യക്ഷത്തിൽ ചേർച്ചയില്ല. പക്ഷേ വിശുദ്ധ ജോസ്മരിയ എസ്ക്രീവയുടെ അഭിപ്രായത്തിൽ, നമ്മൾ കുരിശ് ചുമക്കുന്നത് സന്തോഷവും ആനന്ദവും കണ്ടെത്താനാണ്, “ക്രിസ്തുവിൽ ഒന്നാകാനും ക്രിസ്തു ആകാനും അങ്ങനെ ദൈവത്തിന്റെ കുഞ്ഞാവാനുമാണ് കുരിശ് വഹിക്കുന്നത്”.
ഇന്ന് കുരിശെന്നു പറഞ്ഞാൽ ക്രിസ്തീയവിശ്വാസത്തിന്റെ സാർവ്വത്രികചിഹ്നമാണ്. നമ്മൾ അഭിമാനത്തോടെ അതിനെ പ്രതിഷ്ഠിക്കുന്നു, അണിയുന്നു, വണങ്ങുന്നു. പക്ഷെ ആദ്യകാല ക്രൈസ്തവർക്ക്, അന്യദൈവങ്ങളെ വണങ്ങാൻ കൂട്ടാക്കാത്ത റോമാക്കാർക്ക്, അത് പലപ്പോഴും ഭീതിയുണർത്തുന്ന , ഭീഷണിപ്പെടുത്തുന്ന അടയാളമായിരുന്നു. എങ്കിലും അവർ ആ ഭീതിയെ അതിജീവിച്ചു കുരിശിനെ പുൽകാനാണ് ഇഷ്ടപ്പെട്ടത്.
ശരിക്കും, നമുക്ക് വമ്പ് പറയാനും അഭിമാനിക്കാനും അഹങ്കരിക്കാനുമൊക്കെ ക്രിസ്തുവിന്റെ കുരിശും നമ്മുടെ ദുർബ്ബലതയുമല്ലാതെ വേറെ എന്താണുള്ളത്?
നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രസംഗപീഠമായി കാൽവരിയിലെ കുരിശ്. താൻ പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം ജീവിച്ചുകാണിച്ചുകൊണ്ട് അവൻ കുരിശിൽ പിടഞ്ഞു മരിച്ചു.പാപത്തെയും മരണത്തെയും ചവിട്ടിതാഴ്ത്തി കുരിശ് ഉയർന്നു നിന്നു. കുരിശിനാൽ യേശു അതിരുകൾ തകർത്തു. മനുഷ്യമനസ്സിലെ വിഭാഗീയതകൾ സുഖപ്പെടുത്തി. ലോകത്തെ ദൈവത്തോട് രമ്യതപ്പെടുത്തി.
തന്റെ മക്കളോടുള്ള ഒരു പിതാവിന്റെ സ്നേഹമാണ് അവന്റെ ഏകജാതനെ അതിൽ തൂക്കിയിട്ടത്. നമ്മൾ ഒരിക്കലും അർഹിക്കാത്ത സ്നേഹം! കുരിശിലൂടെ ഈശോ നമ്മെ തന്റെ പിതാവുമായി രമ്യതയിലാക്കി. അത് ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. നമ്മുടെ പാപങ്ങൾക്കായി ജാമ്യം നിൽക്കുന്ന തടിക്കഷണം. തന്റെ പുത്രൻ നമ്മുടെ പാപങ്ങളുടെ പേരിൽ അതിൽ പിടഞ്ഞതോർത്താൽ എങ്ങനെ നമ്മളോട് കരുണ കാണിക്കാതിരിക്കാനാകും ആ സ്നേഹപിതാവിന്.
Exaltation എന്നുവെച്ചാൽ ഉയർത്തപ്പെടുക, ഉന്നതിയിലെത്തുക. മഹത്വത്തിലേക്കുയരുക എന്നൊക്കെ അർത്ഥമുണ്ട്. മാലാഖമാരാൽ ആരാധിക്കപ്പെടുന്ന, തന്റെ ദൈവപുത്രസ്ഥാനം വെടിഞ്ഞു ദാസനായ, തന്റെ വെറും സൃഷ്ടിയായ മനുഷ്യന്റെ, രൂപം സ്വീകരിച്ച ഈശോ, നമ്മുടെ രക്ഷ സാധിച്ചെടുത്തു പൂർവ്വാധികം മഹത്വത്തോടെ ദൈവത്തിന്റെ വലതുഭാഗത്ത് അവരോധിക്കപ്പെട്ടതിനൊപ്പം അപമാനത്തിന്റെ അടയാളമായിരുന്ന കുരിശും രക്ഷയുടെ, വിജയത്തിന്റെ അടയാളമായി ഉയർന്നു.
വി. അൽഫോൻസ് ലിഗോരി പറയുന്നു ‘ഈശോയുടെ ഈലോകജീവിതം കുരിശിന്റെ വഴി ആയിരിക്കണമെന്ന് പിതാവായ ദൈവം തിരുമനസ്സായി. ആകയാൽ കുരിശിന്റെ വഴി പിൻചെല്ലാതെ ഈശോയെ അനുഗമിക്കുക സാധ്യമല്ല’. ‘കുരിശ് തന്നാണ് ഈശോ സ്നേഹിക്കുക’ എന്നാണ് വിശുദ്ധ അൽഫോൻസമ്മ പറഞ്ഞിട്ടുള്ളത്. അവിടുന്ന് തന്നോട് ചേർത്തുപിടിച്ചു സ്നേഹിക്കുന്നവർക്ക് കൂടുതൽ കുരിശുകളും സങ്കടങ്ങളും ലഭിക്കുന്നു. തന്നോട് പ്രാർത്ഥന ചോദിക്കുന്നവരോട് അൽഫോൻസമ്മ പറയാറുള്ളത് ‘ഞാൻ പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്നത് കുരിശുകളായിരിക്കും’ എന്നാണ്.
ക്രിസ്ത്വാനുകരണം പറയുന്നു ,”നിന്നെത്തന്നെ പരിത്യജിച്ചു നിന്റെ കുരിശുമെടുത്തു എന്റെ പിന്നാലെ വരിക’ എന്ന ഈശോയുടെ വാക്കുകൾ പലർക്കും കഠിനമായി തോന്നും. എന്നാൽ ‘ശപിക്കപെട്ടവരെ എന്നിൽ നിന്ന് അകന്നു നിങ്ങൾ നിത്യാഗ്നിയിലേക്ക് പോകുവിൻ ‘ എന്ന അന്തിമ വിധിവാക്യം കേൾക്കുക ഒന്നുകൂടി കഠിനമായിരിക്കില്ലേ ? അതുകൊണ്ട് സ്വർഗ്ഗരാജ്യത്തിലെത്തിക്കുന്ന കുരിശെടുക്കാൻ നീ എന്തിനു മടിക്കുന്നു ? കുരിശിൽ തന്നെ രക്ഷ , കുരിശേ രക്ഷ”.
ക്രിസ്തുവിന്റെ പരിത്രാണകർമ്മത്തിൽ നമ്മൾ പങ്കാളികൾ ആകണമെങ്കിൽ, അവന്റെ പീഡാസഹനങ്ങളിൽ പങ്കുചേരുന്നവരിൽ എണ്ണപ്പെടണം. നമ്മളും അവനോടൊത്ത് പീഡകൾ സഹിച്ച്, മരിച്ച്, ഉയിർപ്പിക്കപ്പെടണം. ഈശോയുടെ ജീവിതം എന്നുപറയുന്നത് ഇപ്പോൾ നമ്മുടെ ജീവിതമാണ്. അതിൽ നമ്മുടെ കുരിശെടുത്ത് അവനെ പിഞ്ചെല്ലുന്നതും ഉൾപ്പെടുന്നു.
ആ കുരിശാണ് നമ്മുടെ മഹത്വം. അത് വഴി, നമ്മൾ ലോകത്തിനും ലോകം നമുക്കും മരിച്ചവരായിരിക്കുന്നു. ഈശോ കുരിശിൽ തനിക്കൊപ്പം നമ്മളെയും ഉയർത്തും, മനുഷ്യകുലം രക്ഷിക്കപ്പെട്ടിടത്ത് നമ്മളും കാണപ്പെടേണ്ടതിന്. “We’ll not be saints, if we’re not united to Christ on the cross: there is no holiness without a cross, without mortification “ St. Josemaria Escriva.
എല്ലാവർക്കും വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ ആശംസിക്കുന്നു- Feast of Exaltation of the Holy Cross.