നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ടോ? നിങ്ങള്‍ക്ക് ഹൃദയമുണ്ടോ? -ജീവിതത്തില്‍ ചിലരോടെങ്കിലും നാം ഇങ്ങനെ ചോദിച്ചിട്ടുണ്ടാകാം. ഇതിനുള്ള ഉത്തരമല്ലേ കാല്‍വരിക്കുന്നില്‍ നമുക്കായി ഹൃദയം പിളര്‍ക്കപ്പെട്ട ക്രിസ്തു. അവനെ വിളിക്കുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് എന്നെ സ്വന്തമാക്കിയ, എന്റെ ഹൃദയത്തുടിപ്പറിയുന്നവന് എന്നാണ്.
ക്രിസ്തുവിന്റെ ഹൃദയം എന്റെ വേദനകളില്‍ കരയുന്ന ഹൃദയം. യേശു കണ്ണുനീര് പൊഴിച്ചു..; (യോഹ. 11:35). “എനിക്കുവേണ്ടി തുടിക്കുന്ന ഹൃദയം.” “എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന ഹൃദയം” (ന്യായാ. 16:15). ജീവിതത്തിന്റെ ഓരോ വഴിത്താരകളും പിന്നിടുമ്പോഴും പിടിച്ചുനില്ക്കാന്, ആനന്ദിക്കാന്‍, നന്മ ചെയ്യാന്‍, മുറിപ്പെടുത്തിയവരെ സ്നേഹിക്കാന്‍, വേദനിക്കുന്നവര്‍ക്കൊപ്പം നില്ക്കാന്, കുറവുകളില്‍ ആനന്ദിക്കാന്‍ എന്നും എനിക്ക് ബലമേകുന്നത് ഈ തിരുഹൃദയംതന്നെ.
സങ്കീര്‍ത്തനത്തില്‍ നാം വായിക്കുന്നു ”ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനം ഉരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു.” മനമുരുകി അടുത്ത് ചെല്ലുന്നവര്‍ക്ക് അഭയമേകാന്‍ തിരുഹൃദയം ഇന്നും തുറക്കപ്പെട്ടിരിക്കു ന്നു. ആ ഹൃദയം സാന്ത്വനമായി, ശക്തിയായി, ബലമായി ജീവിതങ്ങളിലേക്കിറങ്ങി വരും. ഹോറൊബ് മലയിലെ എരിഞ്ഞടങ്ങാത്ത ജ്വലിച്ചിരുന്ന അഗ്നിപോലെ, സ്നേഹത്തിന്റെ അഗ്നിനാളങ്ങളായി വലയം ചെയ്യപ്പെട്ടിരുന്ന തിരുഹൃദയം നിന്റെ മനസിന്റെ വേദനയില്‍ സാന്ത്വനമായും രോഗത്തില്‍ സൗഖ്യമായും ബലഹീനതയില്‍ ബലമായും ചാരി വിശ്രമിക്കാന്‍ ചങ്ക് തുറന്ന് ഇന്നും നിന്റെ മുമ്പിലുണ്ട്. ഒത്തിരി സ്നേഹത്തോടെ അവന്റെയടുത്ത് ചെല്ലാം. ആരാധിക്കാം. മറ്റൊരു തിരുഹൃദയമായി മാറാം.
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍ (മത്താ. 11:29). മനുഷ്യമക്കള്‍ നോക്കിയിരുന്ന്, ആഴത്തില്‍ അനുഭവിച്ച് പഠിക്കേണ്ട ഒരു പാഠശാലയാണ് ഈശോയുടെ തിരുഹൃദയം. ”അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി” (സങ്കീ.34:5). “തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ അവര്‍ നോക്കിനില്ക്കും” (യോഹ. 19:37). ഈ തിരുവചനങ്ങള്‍ ചേര്‍ത്തുവായിക്കുമ്പോള്‍ നമുക്ക് മനസിലാകും, തുറക്കപ്പെട്ട അവിടുത്തെ ഹൃദയത്തില്‍ നോക്കിയിരിക്കുന്നവര്‍ പ്രകാശം ലഭിച്ചവരായി, ജ്ഞാനം സിദ്ധിച്ചവരായി, സ്വര്‍ഗീയ വെളിപ്പെടുത്തലുകള്‍ ഏറ്റുവാങ്ങിയവരായി മാറുകയാണ്.
തുറക്കപ്പെട്ട അവിടുത്തെ തിരുഹൃദയം നമ്മെ പഠിപ്പിക്കുന്ന ആദ്യപാഠം ‘ശാന്തശീലരായിരിക്കുക’ എന്നതാണ്. ”ശാന്തശീലര്‍ ഭാഗ്യവാന്മാര് അവര്‍ ഭൂമി അവകാശമാക്കും” (മത്താ. 5:5). ശാന്തതകൊണ്ട് മനുഷ്യരക്ഷ സാധിച്ച ദിവ്യരക്ഷകന് നമ്മെയും അവിടുത്തെ പാത പിന്തുടരുവാന് ക്ഷണിക്കുകയാണ്. ‘ശാന്തത’ ജീവിതശൈലിയായി മാറണം. കുറച്ചു സമയത്തേക്ക്, ചില സമയങ്ങളില്‍, പലപ്പോഴും എന്നിങ്ങനെ ശാന്തത പുലര്‍ത്തുന്ന സമയങ്ങളില്‍ വ്യത്യാസമുള്ളവരാണ് ഏറെക്കുറെ എല്ലാ മനുഷ്യരും.
എന്നാല്‍ ഈശോയുടെ തിരുഹൃദയം ആഗ്രഹിക്കുന്നതും ജീവിച്ച് കാണിച്ച് തന്നതും ഈ രീതിയിലുള്ള ശാന്തത അല്ല. ഉള്ളില്‍ നെരിപ്പോട് എരിയുമ്പോഴും അകത്തളങ്ങളില്‍ പ്രശ്നങ്ങളുടെ ഓളങ്ങള്‍ കുത്തൊഴുക്കുകള്‍ സൃഷ്ടിക്കുമ്പോഴും ഉപരിതലത്തില്‍ ശാന്തസുന്ദരമായ ഒരു അനുഭവം സൂക്ഷിക്കാന്‍ കഴിയുക എന്നതാണ് ‘തിരുഹൃദയശാന്തത.’
തുറക്കപ്പെട്ട തിരുഹൃദയം നമ്മെ പഠിപ്പിക്കുന്ന രണ്ടാമത്തെ പാഠം ‘വിനയത്തിന്റെ മേലങ്കി ധരിക്കുക’ എന്നതാണ്. എത്ര ഉന്നതമായ സ്ഥാനമാനങ്ങളോ പദവികളോ ആരോഗ്യമോ ആള്‍ബലമോ കായികശേഷിയോ ഒക്കെ ഉണ്ടായാലും അതിനെയെല്ലാം പവിത്രമാക്കുന്ന വിനയം അഭ്യസിക്കണം.
എളിമയും വിനയവും സ്വര്‍ഗം തുറക്കുന്ന താക്കോലാണെന്ന് ദിവ്യനാഥന് തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നു. ”തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും. തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും” (മത്താ. 23:12). ”മകനേ, വിനയംകൊണ്ട് മഹത്വമാര്‍ജിക്കുക. നിലവിട്ട് സ്വയം മതിക്കരുത്” (പ്രഭാ. 10:28). ദൈവാലയത്തിന് പുറകില്‍നിന്ന് പ്രാര്‍ത്ഥിക്കുന്ന ചുങ്കക്കാരനിലെ ഹൃദയപരമാര്‍ത്ഥതയും എളിമയും കാണാന്‍ എളിമയുടെ രാജാവായ ക്രിസ്തുനാഥന് കഴിഞ്ഞു. ദാസന്റെയും പാപിയുടെയും അനുതാപിയുടെയും രൂപം സ്വീകരിച്ച അവിടുത്തെ ഹൃദയം എളിമയുടെ നികേതനമായിരുന്നു എന്ന് ആ തിരുഹൃദയത്തില്‍ കണ്ണുംനട്ടുള്ള പ്രാര്‍ത്ഥനാവേളകളില്‍ വെളിപ്പെടുത്തപ്പെട്ടു.
തുറക്കപ്പെട്ട തിരുഹൃദയം നമുക്ക് നല്കുന്ന മൂന്നാമത്തെ പാഠം സമ്പൂര്‍ണമായ സ്വയംദാനത്തിന്റേതാണ്. അവസാന തുള്ളി രക്തംവരെ ഒഴുക്കുവാന്‍ അവിടുത്തെ ഹൃദയം കുത്തിത്തുറക്കപ്പെട്ടു. ‘നീ എനിക്ക് എന്താണ് നല്‍കിയത്’എന്ന് ആ തിരുഹൃദയത്തിന് മുമ്പില്‍ ഇരുന്ന് ചോദിച്ചാല്‍ ‘ഒന്നും ബാക്കിയില്ലാതെ ഞാന്‍ മുഴുവന്‍ തന്നല്ലോ’ എന്നാകും മറുപടി. ഒപ്പം ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം എന്ന സ്നേഹപൂര്‍വകമായ ഓര്‍മപ്പെടുത്തലും. ‘തുറന്നു വയ്ക്കുന്നത്’ മുഴുവന്‍ കൊടുക്കാനാണ്. അടച്ചുവയ്ക്കുന്നത് ഒന്നും കൊടുക്കാതിരിക്കാനാണ്.
അടഞ്ഞ ഹൃദയങ്ങളും ഇടുങ്ങിയ മനസുകളും ഉള്ളവരെയാണ് ഇന്ന് കൂടുതലായി കണ്ടെത്താന്‍ സാധിക്കുക. അവര്ക്കുമുമ്പിലാണ് ‘ഹൃദയം തുറക്കാന്‍’ ആഹ്വാനം ചെയ്തുകൊണ്ട് തുറന്ന ഹൃദയവുമായി അവന് മാടിവിളിക്കുന്നത്. ”ഇതാ ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ട് വാതില്‍ തുറന്നുതന്നാല് ഞാന്‍ അവന്റെ അടുത്തേക്ക് വരും. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷിക്കുകയും ചെയ്യും” (വെളി. 3:19). തുറന്ന ഹൃദയവുമായി കാത്തിരിക്കുന്നവന്റെ കൈകളില്‍ ജീവിതം സമര്‍പ്പിച്ചാല്‍ അവന്റെ പാത പിന്തുടര്ന്ന് സ്വയം മറന്ന് മറ്റുള്ളവര്‍ക്കായി വ്യയം ചെയ്യാനുള്ള കൃപകള്‍കൊണ്ട് അവന് നമ്മെ നിറയ്ക്കും.
ഈശോയുടെ തുറക്കപ്പെട്ട തിരുഹൃദയം നാലാമതായി നമ്മെ ഓര്‍മപ്പെടുത്തുന്നു, മാംസളമായ ഹൃദയത്തിനു മാത്രമേ കുത്തുമ്പോള്‍ തുറക്കാനാവൂ എന്ന്. കഠിനഹൃദയത്തില്‍ കുത്തിയാല്‍ – ശിലാഹൃദയത്തില്‍ കുത്തിയാല്‍ – അത് കുത്തുന്നവനെയും കഠിനഹൃദയനെയും മനുഷ്യഹൃദയങ്ങളെ സ്വര്‍ഗത്തിനായി നേടിയെടുക്കുവാന്‍ ക്ഷമിക്കുന്ന സ്നേഹത്താല്‍ പൂരിതമായ മാംസളഹൃദയം വേണം. ക്ഷമിക്കുന്നിടത്ത് മാനസാന്തരമുണ്ടാകും. വൈരാഗ്യവും വിദ്വേഷവും പുലരുന്നിടത്ത് പാപത്തിന്റെ ഭരണം വര്‍ധിക്കും. ”ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും” (എസെ. 36:26).
തുറക്കപ്പെട്ട തിരുഹൃദയം പഠിപ്പിക്കുന്ന അഞ്ചാമത്തെപാഠം ‘ഹൃദയം മുറിഞ്ഞാലും മനസ് മുറിയരുത്’ എന്നാണ്. മുറിവേറ്റ മനസുകളാണ് ഇന്ന് എവിടെയും കാണാനാകുന്നത്. വളരെ എളുപ്പത്തില്‍ മനസിന് മുറിവേല്‍ക്കുന്ന – ഗുരുതരമായി മുറിവേല്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മുറിവേറ്റ മനുഷ്യര്‍ മറ്റുള്ളവരെ മുറിപ്പെടുത്തിക്കൊണ്ടിരിക്കും. എത്രമാത്രം വേദന മറ്റുള്ളവര്‍ സമ്മാനിച്ചാലും ആര്‍ക്കും മനസിനെ മുറിപ്പെടുത്താന്‍ ആവില്ലെന്ന് ക്രൂശിതനായ രക്ഷകന് നമ്മെ പഠിപ്പിക്കുന്നു. അതിന് അത്യാവശ്യമായ കാര്യം ഉള്ളില്‍ സ്നേഹം നിറയ്ക്കുക എന്നതുമാത്രമാണ്. സ്വര്‍ഗത്തിലെ സ്നേഹംകൊണ്ട് ഹൃദയം നിറഞ്ഞാല്‍ മുറിവേറ്റ മനസിന്റെ ഉടമകളായി നാം പരിണമിക്കുകയില്ല. ഈശോയുടെ തിരുഹൃദയം നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍ നമ്മെ രൂപാന്തരപ്പെടുത്തുന്നു.