ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാതെ, ലൗകിക ക്രയ-വിക്രയങ്ങളിലും നശ്വരമായ സൗകര്യങ്ങളിലും മനസ്സുടക്കി, നിത്യജീവിതത്തിന് ഉപകരിക്കാത്ത എന്തൊക്കെയോ കാര്യങ്ങളെ പറ്റി ചിന്തിച്ചും സംസാരിച്ചും തിരക്കിട്ട് ഓടിനടന്നുമൊക്കെ ഓരോ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു.
“അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു ” (ദാനി.13:9). അലക്ഷ്യപ്രകൃതത്തിനും ആത്മീയമാന്ദ്യത്തിനും കാരണം അജ്ഞത മാത്രമല്ല ഇന്ദ്രിയസുഖങ്ങൾക്കുള്ള അതിരു കടന്ന ദാഹവും ജീവിതവ്യഗ്രതയും നിത്യതയെ കുറിച്ചുള്ള ചിന്തകളുടെ അഭാവവും കൂടിയാണ്, നമ്മളെ വേട്ടപ്പട്ടിയെ പോലെ പിന്തുടരുന്ന ദൈവത്തിന്റെ സങ്കടം തിരിച്ചറിയാത്തതും. അപ്പോൾ ഈലോക ജീവിതത്തിലേക്ക് മാത്രം നമ്മുടെ ആഗ്രഹങ്ങൾ പരിമിതപ്പെടുന്നു, ദൈവത്തോടൊത്തുള്ള നിത്യജീവിതം നമ്മെ മോഹിപ്പിക്കാതാവുന്നു.
ദൈവം ക്ഷമിച്ച്, ക്ഷമിച്ച് നമ്മെ കാത്തിരിക്കുന്നു.
അവനെ എത്ര അപമാനിച്ചാലും സങ്കടപ്പെടുത്തിയാലും നമ്മെ ഉപേക്ഷിക്കാതെ, നമ്മുടെ മനസ്സിന്റെ നിഗൂഢതയിലെ ‘സൂക്ഷിക്കുക’ -എന്ന ആന്തരികശബ്ദത്തിലൂടെ, ഓരോ തിന്മക്ക് വശംവദരാകുമ്പോഴും പ്രലോഭനങ്ങളിൽ പെടുമ്പോഴും മുന്നറിയിപ്പ് തന്നും തെറ്റിൽ പെട്ടാൽ മനസാക്ഷികുത്ത് തന്നും നമ്മെ വിളിച്ചുകൊണ്ടേ ഇരിക്കുന്നു. നമ്മുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നു. അവന് വേണമെങ്കിൽ പറയാം നമ്മളോട് , ‘ഹലോ, നിനക്ക് വേണെങ്കിൽ മതി, നിന്റെ നാശം ഇല്ലാതിരിക്കേണ്ടത് നിന്റെ കാര്യമാണ്, നിന്റെ ആത്മാവ് നിത്യനരകത്തിൽ പോവുന്നതോ ദീർഘകാലം ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടതോ തടയേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്”.
പക്ഷേ, കാരുണ്യവാനായ നല്ല ദൈവം വരാനിരിക്കുന്ന ജീവിതത്തിൽ മാത്രമല്ല, ഈ ലോകജീവിതത്തിലും ഇണപിരിയാതെ നമ്മളോടൊന്നിച്ചു സ്നേഹത്തിൽ വാഴാൻ ആഗ്രഹിക്കുന്നു.അപ്പോഴേ നമുക്ക് യഥാർത്ഥ സന്തോഷവും സമാധാനവും ഈ ലോകത്തിലും അനുഭവിക്കാനാവൂ എന്നവനറിയാം.അത്രക്കും ഇഷ്ടം നമ്മളോടുള്ളത് കൊണ്ടല്ലേ പിതാവ് തന്റെ പ്രിയപുത്രനെതന്നെ നമ്മുടെ പാപപരിഹാരത്തിനായി ഈ ഭൂമിയിലേക്ക് അയച്ചത്. നമ്മുടെ ആത്മാവിന്റെ വില എത്രത്തോളമുണ്ടെന്നത് നമുക്കാണ് വെല്ല്യ പിടിയില്ലാത്തത്.
അത് സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി ഇതാ നാശത്തിലേക്ക് വീഴുന്നു, ഇനിയൊരു മാനസാന്തരത്തിനോ തിരിച്ചുവരവിനോ സമയം ശേഷിച്ചിട്ടില്ല, എല്ലാ അവസരവും മരിക്കുവോളം നമ്മൾ നഷ്ടപ്പെടുത്തി എന്നറിയുമ്പോൾ നമ്മൾ അനുഭവിക്കുന്ന നിരാശ എത്രത്തോളം ആയിരിക്കുമെന്നും ദൈവത്തിന് ശരിക്കും അറിയാം. അതുകൊണ്ട് ഭൂമിയിൽ നമ്മൾ ജീവനോടെ ഉള്ളിടത്തോളം കാലം അവൻ നമ്മെ അവനിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നു, വിജയശ്രീലാളിതനായി ആർത്തട്ടഹസിക്കുന്ന സാത്താനുമായി നമ്മൾ കൈകോർക്കുമ്പോൾ, നെടുവീർപ്പിടുന്നു. ഒരു വീണ്ടുവിചാരമുണ്ടായി, അനുതാപത്തോടെ നമ്മൾ തിരിച്ചു വരുന്നതും നോക്കി കാത്തിരിക്കുന്നു.
വിശുദ്ധർ ദൈവത്തെ സ്നേഹിച്ചത് നരകം ഒഴിവാക്കാനായിരുന്നില്ല, അവനോടുള്ള സ്നേഹത്തെ പ്രതി തന്നെയായിരുന്നു. നമുക്ക് ഏറ്റവും ഇഷ്ടമുള്ളവരെ ഒരു കുഞ്ഞു അനുസരണക്കേട് കൊണ്ടോ കുഞ്ഞു തെറ്റ് കൊണ്ടോ നമ്മൾ വേദനിപ്പിക്കാൻ ഇഷ്ടപ്പെടില്ലല്ലോ. മറ്റുള്ളവരുടെ പാപം മൂലം അവൻ സങ്കടപ്പെടുന്നത് തടയാൻ പോലും അവർ തങ്ങൾക്കാവുന്നത് ചെയ്തു. “എന്റെ മുന്തിരിതോട്ടത്തിന് വേണ്ടി ഞാൻ ചെയ്തതിലേറെ എന്താണ് ചെയ്യേണ്ടിയിരുന്നത്” (ഏശ.5:4), എന്ന് പറഞ്ഞ് അവൻ വിലപിക്കുമ്പോൾ അവർ അവന്റെ കുരിശിന്റെ ഭാരം വഹിക്കാൻ കൂടി.
കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്നവർക്കാണ് സ്നേഹവും സഹനവും ഭാരമായി തോന്നുന്നത്. ഇഷ്ടപ്പെട്ട് സ്നേഹിക്കുന്നവർക്കോ, ഇഷ്ടപ്പെടുന്നവന് വേണ്ടിയുള്ള സഹനം പോലും സന്തോഷം നൽകും.
മാക്സിമം ആളുകളെ തന്റെ ഭാഗത്ത് ചേർക്കാൻ സാത്താൻ പണിപ്പെടുമ്പോൾ, നിത്യതയെ കുറിച്ചുള്ള ചിന്തയെ തന്നെ തുടച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ, നമ്മൾ ആരുടെ സൈഡിലാണ് ചെരേണ്ടത്? തീരുമാനിക്കാം.ഇത്രയും നാളത്തെ തിരഞ്ഞെടുപ്പുകളെ വിലയിരുത്താം.
പേടിപ്പിച്ചു അനുസരിപ്പിക്കുന്ന മതമാണ് ക്രിസ്തുമതമെന്ന് പലരും പറയാറുണ്ട്. പക്ഷെ, എല്ലാം കൈവിട്ടുപോയി നിത്യകാലം നിരാശയിൽ നിപതിക്കാൻ ഒരാളെ വിടുന്നതാണോ ശരിയായ തീരുമാനമെടുത്തു ജീവനിലേക്ക് നടക്കാൻ പ്രേരിപ്പിക്കുന്നതാണോ മഹത്തരം? പാപത്തെ ഉപേക്ഷിക്കുന്നതും നേരായ വഴി തിരഞ്ഞെടുക്കുന്നതും ഭയം കൊണ്ടാണെങ്കിൽ കൂടി പതിയെ നമ്മളെ അവനോടുള്ള സ്നേഹം കീഴടക്കും. കണ്ണീരിന്റെയും സഹനത്തിന്റെയും നിത്യതയല്ല നമ്മെ കാത്തിരിക്കുന്നത്, അവനോടൊപ്പം സ്വർഗ്ഗസൗഭാഗ്യമനുഭവിക്കാനുള്ള, അവിടുത്തെ പിതാവിന്റെ മാറിൽ പരിശുദ്ധാത്മാവിനോടുള്ള ഐക്യത്തിൽ മഹത്വത്തിന്റെ നടുവിൽ ജീവിക്കാനുള്ള നിത്യജീവൻ!
അതിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാതെ ജീവൻ തിരഞ്ഞെടുക്കാം. നമ്മുടെ ആത്യന്തികലക്ഷ്യം മറക്കാതിരിക്കാം. ഈ നോമ്പുകാലത്ത് ഇതുവരെയുള്ള വീഴ്ചകളെ തിരിച്ചറിഞ്ഞ്, എഴുന്നേറ്റ്, അനുതപിച്ച് അവനിലേക്ക് നടക്കാം. വീഴാതിരിക്കാനായി അവന്റെ കരം പിടിക്കാം. “നിന്നെക്കുറിച്ച് അവിടുന്ന് അതിയായി ആഹ്ലാദിക്കും. തന്റെ സ്നേഹത്തിൽ അവിടുന്ന് നിന്നെ പുനപ്രതിഷ്ഠിക്കും ” (സെഫാ 3:18).
By-ജിൽസ ജോയ്