മരണവീട്ടിൽ മരിച്ചയാളിന്റെ മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങൾ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മരണവീട്ടിൽ ദുഃഖഭാവമില്ലാത്തതിനെ പലരും വിമർശിക്കുമ്പോൾ ചിരിച്ചുകൊണ്ട് ഒരാളെ യാത്രയാക്കുന്നതാണ് ശരിയായ രീതി എന്ന് പറഞ്ഞ് ഈ കുടുംബാംഗങ്ങളെ പിന്തുണയ്ക്കുന്നവരുമുണ്ട്.
ഒരു കുടുംബത്തിന്റെ സ്വകാര്യതയിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് ഈ ചിത്രം എത്തിപ്പെട്ടപ്പോൾ അതിന് പലതരത്തിലുള്ള മാനങ്ങളാണ് ഉയരുന്നത്. ഇതിനെല്ലാം വിശദീകരണം നൽകുകയാണ് മരണപ്പെട്ട ആളുടെ കുടുംബാംഗം. കോട്ടയം മല്ലപ്പള്ള് സ്വദേശി മറിയാമ്മയാണ് 95–ാം വയസ്സിൽ നിര്യാതയായത്. അവരുടെ കുടുംബാംഗങ്ങളെയാണ് ചിത്രത്തിൽ കാണുന്നത്. പരേതനായ വൈദികൻ പി.ഒ വര്‍ഗീസിന്റെ ഭാര്യയാണ് മറിയാമ്മ.
‘എന്റെ അച്ഛന്റെ ചേട്ടന്റെ ഭാര്യയാണ് മരിച്ച മറിയാമ്മ. ക്രിസ്തീയ വിശ്വാസപ്രകാരം മരിച്ചാൽ സ്വർഗത്തിൽ പോകുമെന്നാണ് വിശ്വാസം. മറിയാമ്മ എന്ന അമ്മച്ചി വളരെ നല്ല ജീവിതമാണ് നയിച്ചത്. അമ്മച്ചി സ്വർഗത്തിൽ പോകുന്ന സന്തോഷമാണ് അവിടെ പ്രകടമായത്. തലേദിവസം നാല് മണിക്കാണ് വീട്ടിലേക്ക് മൃതശരീരം കൊണ്ടുവന്നത്. ഈ ഫോട്ടോ എടുക്കുന്നത് അടുത്തദിവസം വെളുപ്പിന് മൂന്ന് മണിയോടെ അതുവരെ അമ്മച്ചിക്കൊപ്പം കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടി പ്രാർഥിച്ചു.
അമ്മച്ചി ജീവിച്ചിരുന്നപ്പോഴുള്ള അനുഭവങ്ങൾ മക്കളും കൊച്ചുമക്കളും മറ്റ് കുടുംബാംഗങ്ങളും എവ്വാം ചേർന്ന് പങ്കുവച്ചു. കുറച്ച് നേരം വിശ്രമിക്കാനായി എല്ലാവരും പിരിയാൻ നേരത്താണ് ഈ ഫോട്ടോ എടുത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയിൽ മാത്രം ഒതുങ്ങേണ്ട ഈ ചിത്രം എങ്ങനെയോ പുറത്തെത്തി. അത് പിന്നെ വൈറലായി. അതിനെ മോശംരീതിയിൽ ചിലർ പ്രചരിപ്പിച്ചു.
പ്രത്യാശയുള്ള ഒരു മരണാനന്തര ജീവിതം അമ്മച്ചിക്ക് ലഭിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം. അതാണ് സന്തോഷത്തോടെ യാത്രയാക്കാൻ കാരണം. കഴിഞ്ഞ ഒരു വർഷമായി പൂർണമായി കിടപ്പിലായിരുന്നു. 9 മക്കളുണ്ട് അമ്മച്ചിക്ക്. അതിലൊരാൾ മരിച്ചു. ബാക്കി എല്ലാവരും ചേർന്ന് നന്നായി നോക്കി. കൃത്യമായി ശുശ്രൂഷിച്ചു. ഇവിടെ പരിഹസിക്കാൻ എന്തിരിക്കുന്നു. മോശം പ്രചരണം നടത്തുന്നവരുടെ മാനസികാവസ്ഥയാണ് തുറന്നുകാട്ടപ്പെടുന്നത്. മരിച്ചാൽ കരയുക മാത്രമേ ചെയ്യാവൂ എന്ന് പറയുന്നവരോട് എന്ത് പറയാനാണ്.
കുടുംബാംഗം എന്ന നിലയിൽ ഒരു അപേഷയുണ്ട്. ഈ ചിത്രം ഇത്തരത്തില്‍ കൂടുതൽ പ്രചരിപ്പിക്കരുത്. മറ്റുള്ളവരെ കളിയാക്കുന്നതിൽ നിന്ന് എന്ത് സന്തോഷമാണ് ഇവർക്ക് കിട്ടുന്നത്. ഞങ്ങളെ പിന്തുണയ്ക്കുന്നവരും ഏറെ ഉണ്ടെന്ന് അറിയുന്നതിൽ സമാധാനം’. മരണപ്പെട്ട മറിയാമ്മയുടെ കുടുംബാംഗവും ഡോക്ടറുമായ ഉമ്മൻ പി നൈനാന്റെ വാക്കുകൾ.
………………………………………………….
കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടയത്ത് എനിക്ക് പ്രിയപ്പെട്ടൊരു അമ്മച്ചിയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയത് ഓര്‍ക്കുന്നു. മക്കളെല്ലാം സമൂഹത്തില്‍ അറിയപ്പെടുന്നവര്‍. അവരുടെ ബന്ധങ്ങളെല്ലാം ഒട്ടനവധി ആത്മീയ യുവജനസംഘടനകളുമായി ബന്ധപ്പെട്ടതാണ്.
ഒരിക്കലെങ്കിലും ഈ അമ്മച്ചിയുടെ സ്നേഹവും ആതിഥ്യവും സ്വീകരിക്കാത്തവര്‍ ഈ സംഘടനകളിലുള്ളവർ ചുരുക്കം. ഞാനും പലകുറി അവരുടെ ആതിഥ്യസ്നേഹം ആവോളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എത്ര വൈകി ചെന്നാലും കുറച്ച് ഭക്ഷണം ഈ അമ്മച്ചി കരുതിയിട്ടുണ്ടാകും.
അതുകൊണ്ടാകാം ആ അമ്മച്ചിയുടെ മരണമറിഞ്ഞ് ആ വീട്ടിലേക്ക് പോകുമ്പോള്‍ മനസ് വല്ലാതെ കലങ്ങിയിരുന്നു. മക്കളുടെ ദു:ഖത്തെക്കുറിച്ച് ഓര്‍ത്തപ്പോഴും അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നും അറിയാതെ വല്ലാതെ വിഷമിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച എനിക്ക് മറക്കാനാവില്ല. ധാരാളം പേര് തടിച്ചുകൂടിയ പന്തലില്‍ ഉയരുന്നത് ദൈവസ്തുതി ഗീതങ്ങളാണ്. എല്ലാവരും കയ്യടിച്ച് ഉറക്കെ പാടുന്നു. മക്കളാവട്ടെ വരുന്നവരെ സ്നേഹത്തോടെ സ്വീകരിക്കുന്നു, കരഞ്ഞുകൊണ്ടെത്തിയവരെ ആശ്വസിപ്പിക്കുന്നു, സ്വസ്ഥമായൊരു ഇരിപ്പിടത്തിലേക്ക് നയിക്കുന്നു.
“സ്വര്‍ഗത്തിലേക്ക് പോയ മമ്മിയെക്കുറിച്ച് ഓര്‍ത്ത് എന്തിനാണ് ആകുലപ്പെടുന്നത്, സന്തോഷിക്കുകയല്ല വേണ്ടത്? എന്നാണ് എന്നോട് അവരുടെ മക്കള്‍ ചോദിച്ചത്. അതുകൊണ്ട് ഇന്നും മറക്കാനാവുന്നില്ല ആ മൃതസംസ്കാരകര്‍മ്മങ്ങള്‍. 95 പിന്നിട്ട ഒരു അമ്മച്ചിയുടെ മൃതസംസ്കാര ഫോട്ടോയും സുസ്മേരവദനനായിരിക്കുന്ന മക്കളും ചെറുമക്കളും അടങ്ങിയ ഫോട്ടോയും അതിന് സോഷ്യല്‍ മീഡിയയുടെ പരിഹാസം കലര്‍ന്ന കമന്റുകളും കണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ ഓര്‍മ്മവന്നത്.
മരണമടഞ്ഞ ഈ അമ്മച്ചി മല്ലപ്പള്ളി പവവേലില് കുടുബത്തിലെ മുത്തശ്ശിയാണ്. മക്കളുടെയും മരുമക്കളുടെയും ചെറുമക്കളുടെയും എല്ലാ സ്നേഹവും ശുശ്രൂഷയും ആവോളം അനുഭവിച്ചശേഷമുള്ള ഏറെ സന്തോഷകരമായ മരണം. ഒരു വര്‍ഷത്തോളം കിടക്കയില്‍ അവശയായി കിടന്ന അമ്മച്ചിയുടെ നില കഴിഞ്ഞ 2 മാസമായി അതീവരൂക്ഷമായിരുന്നു. ആഹാരം പോലും കഴിക്കാതെ ശോഷിച്ച അവസ്ഥയില്‍. മക്കളും ചെറുമക്കളും ചാരെ ചേര്‍ത്തു പരിചരിച്ചു.
അമ്മച്ചിയുടെ ഭര്‍ത്താവ് സി.എസ്.ഐ സഭയിലെ പുരോഹിതന് ആയിരുന്നു… അദ്ദേഹത്തിന്റെ സഹോദരനും പുരോഹിതന്. സഹോദരിയുടെ മകന് ബിഷപ്പ്, മൂത്ത മകന് പുരോഹിതന്. 2 മരുമക്കള്‍ പുരോഹിതര്‍ ഒരു മരുമകന് ബിഷപ്പ്…. അങ്ങനെ പുരോഹിതരുടെ ഒരു നീണ്ട നിരതന്നെ ഉള്ള കുടുബത്തിലെ ഉത്തമയായ മാതാവ് എല്ലാം ജീവിച്ചിരുന്നപ്പോഴും മരിച്ചപ്പോഴും എല്ലാവര്ക്കും സന്തോഷവും സമാധാനവും മാത്രം പകര്‍ന്നു ഇമ്പങ്ങളുടെ പറുദീസ്സയിലേക്കു യാത്രയായി…..
ചിരിച്ചുകൊണ്ടുനില്ക്കുന്ന മക്കളുടെ പടം കണ്ടു കല്ലെറിയുന്ന നമ്മള് എത്രപേര്‍ നമ്മുടെ വല്യപ്പനെയും വല്യമ്മയെയും… എന്തിനു മാതാപിതാക്കളെ പോലും എത്രകണ്ട് സന്തോഷിപ്പിക്കുന്നു… ശുശ്രൂഷിക്കുന്നു എന്നു സ്വയം പരിശോധന നടത്തിയാല്‍ മാത്രം മതി നമ്മുടെ കല്ലുകളും താനെ താഴെ വീഴും!
By, Jaimon
ചില മരണങ്ങൾ സന്തോഷം തന്നെയാണു! കരഞ്ഞും നിലവിളിച്ചുമാണു മരണത്തെ നമ്മൾ പൊതുവേ നേരിടുന്നത്. എന്നാൽ എല്ലാ മരണങ്ങളും അങ്ങനെയല്ല. ഒരിക്കൽ അകന്ന ബന്ധത്തിലെ ഒരു അമ്മച്ചിയുടെ അടക്കം കൂടാനായി കാഞ്ഞിരപ്പള്ളിയിലെ ഒരു മലയോര കുടിയേറ്റ കേന്ദ്രത്തിൽ പോയി. 95-ആം വയസ്സിലും ഊർജ്ജസ്വലയായി നടന്നിരുന്ന ആ അമ്മച്ചി പെട്ടന്ന് രോഗബാധിതയായി ഏതാനും ആഴ്ചകൾക്കുള്ളിൽ മരണപ്പെട്ടു.
മരണസമയത്ത് മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ഏതാനും കൊച്ചു കൊച്ചു മക്കളും അടങ്ങുന്ന വൻ പട അമ്മച്ചിയുടെ കൈ പിടിച്ച് ചുറ്റും ഉണ്ടായിരുന്നു. അമ്മച്ചിയും 12 വർഷം മുൻപ് മരണപ്പെട്ട അവരുടെ ഭർത്താവും അവരുടെ ജീവിതകാലത്ത് സ്വന്തം അധ്വാനത്തിലൂടെ പടുത്തുയർത്തിയ തറവാട്ട് വീട്ടിൽ കിടന്നായിരുന്നു അമ്മച്ചിയുടെ മരണം.
അവരുടെ സന്തതി പരമ്പരയിൽ ഒന്നു പോലും പിഴച്ചോ നശിച്ചോ പോയിട്ടില്ല. കാരണം ആ അപ്പച്ചനും അമ്മച്ചിയും ദൈവത്തിൽ ആശ്രയിച്ച് സ്വന്തം നെറ്റിയിലെ വിയർപ്പു കൊണ്ട് അപ്പം ഭക്ഷിക്കുകയും മക്കളെ വളർത്തുകയും അശരണരെ ഊട്ടുകയും ചെയ്ത വിശുദ്ധർ ആയിരുന്നു.
അങ്ങനെ നല്ല പ്രായം വരെ ആരെയും ആശ്രയിക്കാതെ ജീവിച്ചു തന്റെ സന്തതികളുടെ പരിലാളനം ഏറ്റുവാങ്ങി ആ അമ്മച്ചി വിശുദ്ധ മരണം കൈക്കൊണ്ടു. ആ അമ്മച്ചിക്കു വേണ്ടി മക്കൾ ആരും കരഞ്ഞില്ല. കാരണം അത് ഒരു ദിവ്യ മുഹൂർത്തം ആണെന്ന് അവർക്കും അവിടെ കൂടിയ ഞങ്ങൾക്കെല്ലാം ബോധ്യമുണ്ടായിരുന്നു. ബാൻഡ് മേളവും ആരവങ്ങളുമായി ആ അമ്മച്ചിയെ ചുമന്ന് കുന്നിൻ മുകളിലെ പള്ളിയിൽ കൊണ്ടു ചെന്നതും ഈ ഭൂമിയിൽ തന്റെ ആത്മീയ ഗേഹം ആയിരുന്ന ദേവാലയത്തോട് വിട ചൊല്ലിയതും തെളിമയോടെ ഓർക്കുന്നു.
മക്കളും കൊച്ചു മക്കളും മറ്റ് സന്തതി പരമ്പരകളും അന്ത്യ ചുംബനം നൽകാൻ ഏറെ സമയം വേണ്ടി വന്നു. ഒടുവിൽ പെട്ടി അടച്ച് അമ്മച്ചിയെ കുഴിയിലേയ്ക്ക് താഴ്ത്തി ഒരു പിടി കുന്തിരിക്കം വിതറി എല്ലാവരും മടങ്ങി. വർഷങ്ങൾ ഏറെ കടന്നു പോയിട്ടും ആ അമ്മച്ചിയുടെയും അപ്പച്ചന്റെയും ഓർമ്മ ദിവസങ്ങളിൽ ആ മക്കൾ ഇന്നും ഇന്നും ഒത്തു കൂടുന്നു.. ദൈവം നൽകിയ നന്മകൾക്ക് നന്ദി പറയുന്നു. ഭക്ഷണവും സ്നേഹവും പങ്കുവയ്ക്കുന്നു. ഭാഗ്യജീവിതം നയിച്ച് സമ്പൂർണ്ണ വാർദ്ധക്യം വരെ പരസഹായം ഇല്ലാതെ ജീവിച്ച് ഭാഗ്യമരണം പ്രാപിച്ചു പോയവരെച്ചൊല്ലി വിലാപം എന്തിനു?
അവരുടെ പ്രത്യാശ ക്രിസ്തുവിലാണു. അവരുടെ സന്തതി പരമ്പരകളുടെയും. അങ്ങനെയുള്ള ഭാഗ്യമരണങ്ങൾ സന്തോഷം തന്നെയാണു. തന്റെ പ്രിയപ്പെട്ടവനെ/പ്രിയപ്പെട്ടവളെ സ്വീകരിക്കാൻ കർത്താവിന്റെ സ്വർഗ്ഗം വാതിൽ തുറക്കുന്ന നിമിഷം. ഇപ്പോൾ ഇതെല്ലാം ഓർക്കാൻ കാരണം താഴെ കാണുന്ന ചിത്രമാണു. തൊണ്ണൂറോ നൂറോ കടന്ന ഒരമ്മച്ചി മരിച്ചു കിടക്കുന്നു. ചുറ്റും അവരുടെ സന്തതികൾ കൂടി നിൽക്കുന്നു. അവരിൽ പലരും ചിരിക്കുന്നു. ക്രിസ്ത്യാനിയുടെ ഭാഗ്യമരണം എന്താണെന്ന് അറിയാത്ത സുഡാപ്പികളും സംഘികളും അത് കണ്ട് അവരെയും സകല ക്രിസ്ത്യാനികളെയും പരിഹസിക്കുന്നു.
എടേയ് അവർ ചെയ്യുന്നതെന്തെന്ന് അവർക്ക് അറിയാം. ക്രിസ്ത്യാനിയുടെ ജനനവും ജീവിതവും ഒരു ആഘോഷമാണു. നല്ല പ്രായം വരെ ആരോഗ്യത്തോടെ ജീവിച്ച് സന്തതികളുടെ പരിലാളനം ഏറ്റു ഭാഗ്യമരണം വരിക്കാൻ കഴിഞ്ഞാൽ ആ മരണവും ക്രിസ്ത്യാനിക്ക് ഒരു ആഘോഷം തന്നെ.
ആ ആത്മാവ് വിജയകരമായി അവളുടെ ഓട്ടം പൂർത്തിയാക്കി ജീവന്റെ കിരീടം അണിഞ്ഞ് ക്രിസ്തുവിന്റെ മടിയിൽ ഇരിക്കുന്നെങ്കിൽ അതിൽ പരം സന്തോഷം എന്താണു ഹേ?
ഇതിൽ കൂടുതൽ ഒരുത്തനെയും ബോധ്യപ്പെടുത്താനില്ല.