മുംബൈ: ഇന്ത്യയുടെ വാനമ്പാടിയായ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. ഇന്ന് രാവിലെ 8.12 ന് ശിവജി പാര്‍ക്കില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ഒരു മാസത്തിലേറെയായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലതാ മങ്കേഷ്കര്‍. നില ഗുരുതരമായതോടെ വെന്റിലേറ്ററിലും പ്രവേശിച്ചിരുന്നു.ജനുവരി 11 നാണ് 92 വയസ്സുകായ ലതാ മങ്കേഷ്കറെ കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്ക് കൊവിഡിനൊപ്പം ന്യൂമോണിയയും ബാധിച്ചിരുന്നു. തന്റെ 13ാം വയസ്സിലാണ് ലതാ മങ്കേഷ്കര്‍ സംഗീത ലോകത്തേതക്ക് കാലെടുത്ത് വെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറാന്‍ ലത മങ്കേഷ്കറിന് കഴിഞ്ഞു.
1942-ല്‍ ‘കിടി ഹസാല്‍’ എന്ന മറാത്തി ചിത്രത്തില്‍ ”നാചു യാ ഗാഥേ..ഖേലു നാ മണി ഹാസ് ബാരി..” എന്ന ഗാനത്തിലൂടെയാണ് ലത മങ്കേഷ്കര്‍ എന്ന ഗായികയുടെ ജനനം. പക്ഷെ ഈ ഗാനം സിനിമയില്‍ പ്രത്യക്ഷപ്പട്ടില്ല. എന്നാല്‍ അതെ വര്‍ഷം തന്നെ ‘പാഹിലി മംഗള-ഗോര്‍’ എന്ന മറാത്തി ചിത്രത്തില്‍ അഭിനയിക്കുകയും ”നടാലി ചൈത്രാചി നവാലായി…” എന്ന ഗാനം ആലപിക്കുകയും ചെയ്തു. 1948ല്‍ പുറത്തിറങ്ങിയ ‘മജ്ബൂര്’ എന്ന ചിത്രത്തിന് വേണ്ടി ”മേരാ ദില്‍ തോഡാ..” എന്ന ഗാനം പുറത്തെത്തിയതോടെ ലത മങ്കേഷ്കര്‍ എന്ന ഗായിക ശ്രദ്ധേയയാകാന്‍ തുടങ്ങി. നിരവധി പുരസ്കാരങ്ങളും ഈ ഗായികയെ തേടിയെത്തി. 1969ല്‍ പത്മഭൂഷണ്‍,1999ല്‍ പത്മവിഭൂഷണ്‍, 1989ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം, 2001ല്‍ ഭാരതരത്നം, മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന് അവാര്‍ഡുകള്‍ എന്നിവയും ലത മങ്കേഷ്കറിന്റെ നേട്ടങ്ങളാണ്.
16 ഭാഷകളിലായി അയ്യായിരത്തിലധികം പാട്ടുകൾ പാടിയ വാനമ്പാടിയാണ് ലതാമങ്കേഷ്കർ. എന്നാൽ ആ ശബ്ദമാധുര്യം മലയാളത്തിന് സമ്മാനിച്ചത് ഒരു ഗാനം മാത്രമാണ്. ‘കദളീ കൺകദളി ചെങ്കദളീ പൂവേണോ’ എന്ന ഗാനം തലമുറകൾ പിന്നിട്ടിട്ടും സംഗീത ആസ്വാദകരുടെ മനം കവർന്നുകൊണ്ടേയിരിക്കുന്നതിന് പ്രധാന കാരണം ഗായികയുടെ ശബ്ദമാധുര്യം തന്നെയാണ്. 1971ൽ രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നെല്ലിലായിരുന്നു ആ ഗാനം. സലീൽ ചൗധരിയുടെ സംഗീതത്തിൽ വയലാറിന്റെ ഗാനരചനയിൽ പിറന്ന സമാനതകളില്ലാത്ത പിന്നണിഗാനം ഇന്നും ആസ്വാദകരുടെ കാതുകളിൽ ഇമ്പം തീർക്കുന്നു. ചിത്രത്തിൽ ജയഭാരതി വേഷമിടുന്ന ആദിവാസി പെൺകുട്ടി പാടുന്ന ഗാനം എത്ര കേട്ടാലും മടുക്കാത്തതാണ്. പ്രണയവും നിഷ്കളങ്കതയും തുളുമ്പുന്ന ആലാപനം ഏറെ ഹൃദ്യമാണെങ്കിലും ഉച്ചാരണവൈകല്യത്തിന്റെ പേരിൽ വിമർശനവും ഉയർന്നിരുന്നു. അതുകൊണ്ടാവണം പിന്നീട് അവർ മലയാളം പാട്ട് പാടാൻ തയ്യാറാകാതിരുന്നത്. മലയാളം വഴങ്ങാത്തതിന്റെ പേരിൽ ചെമ്മീൻ സിനിമയിലെ ‘കടലിനക്കരെ പോണോരെ’ എന്ന ഗാനം അവർ പാടാൻ വിസമ്മതിച്ചിരുന്നു. സലിം ചൗധരി തന്നെയായിരുന്നു അന്നതിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. അന്നവർ ആ പാട്ട് പാടാൻ വിസമ്മതിച്ചെങ്കിലും സലിം ചൗധരിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് നെല്ലിൽ പാടാനായി സമ്മതിക്കുന്നത്.