Mathew Chempukandathil
എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി, അതിരൂപതാ നേതൃത്വം ഔദ്യോഗിക തീരുമാനമെടുത്തതിൻ്റെ അടിസ്ഥാനത്തിൽ വിൽപ്പന നടത്തിയതിനെ ഒരു പറ്റം ആളുകൾ വിവാദമാക്കിയതിൻ്റെ ഫലമായി രൂപംകൊണ്ട കോടതി വ്യവഹാരങ്ങൾ വീണ്ടും ചർച്ചയായിരിക്കുന്നു. കേരള ഹൈക്കോടതി ഇന്നലെ (08-11-2022) പുറപ്പെടുവിച്ച ഒരു വിധിയിലൂടെയാണ് ഭൂമിയിടപാട് വ്യവഹാരങ്ങൾ വീണ്ടും മാധ്യമശ്രദ്ധയിൽ വന്നിരിക്കുന്നത്.
ഇന്ത്യൻ ക്രിമിനൽ നടപടിക്രമത്തിലെ 205-ാം വകുപ്പു പ്രകാരം ആരോപണവിധേയനായ വ്യക്തിക്ക് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവ് നൽകുവാൻ മജിസ്ട്രേറ്റിനു അധികാരമുണ്ട്. ഈ വകുപ്പിൻ്റെ അടിസ്ഥാനത്തിൽ ഭൂമിയിടപാടു കേസിൽ നേരിട്ട് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവു ലഭിക്കാനുള്ള സീറോ മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഹർജിയാണ് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം തളളിയത്.
ഒരു വ്യക്തിക്കെതിരേയുള്ള ആരോപണങ്ങളുടെ പേരിൽ, അയാൾക്കു വേണ്ടി തന്റെ അഭിഭാഷകൻ ഉത്തരവാദിത്വത്തോടെ ഹാജരായി കോടതിയിൽ സമർപ്പിക്കുന്ന വസ്തുതകൾ താൻ നിരാകരിക്കില്ല എന്ന് സത്യവാങ്മൂലം നൽകിയാൽ ആ വ്യക്തിക്ക് ഒഴിവ് നൽകാം എന്ന് മേൽക്കോടതികൾ ആവർത്തിച്ച് വിധിച്ചിട്ടുണ്ട്. ഈ മുൻകാല വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭൂമിയിടപാടു കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവു നൽകണമെന്ന് മാർ ആലഞ്ചേരി അപേക്ഷ നൽകിയത്.
ദേശാഭിമാനി ദിനപ്പത്രത്തിന്റെ പത്രാധിപർ എന്ന നിലയിൽ മുൻ മുഖ്യമന്ത്രി ശ്രീ E. K. നായനാർ കോടതിയിൽ ഹാജരാകാനായി കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സമൻസ് അയച്ചപ്പോൾ മേൽപ്പറഞ്ഞ വകുപ്പ് അനുസരിച്ചു കേരള ഹൈക്കോടതി അദ്ദേഹത്തിന് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവ് നൽകിയിരുന്നു. ഇക്കാര്യം മാർ ആലഞ്ചേരിയുടെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
അതുപോലെ തന്നെ കോടതികൾ പരിശോധിക്കുന്ന ഒരു വസ്തുതയാണ്, “ഒഴിവ്” ആവശ്യപ്പെടുന്ന വ്യക്തിയുടെ കോടതിയിലെ സാന്നിധ്യം കേസിന്റെ നടത്തിപ്പിന് അത്യാവശ്യമാണോ എന്നുള്ള ചോദ്യം. ഉത്തരം അല്ല എന്നാണെങ്കിൽ തീർച്ചയായും ഒഴിവ് നൽകണം എന്ന് മേൽകോടതി വിധികൾ അനുശാസിക്കുന്നു. കൂടാതെ, ആരോപിക്കപ്പെടുന്ന കുറ്റം തികച്ചും സാങ്കേതികം ആണെങ്കിൽ ഒഴിവ് നൽകണം എന്നും കോടതി വിധികൾ നിർബന്ധിക്കുന്നു.
മേൽപറഞ്ഞ എല്ലാ വിധികളും അനുകൂലമായിട്ടും ആലഞ്ചേരി പിതാവ് കോടതിയിൽ ഹാജരായി ജാമ്യം എടുക്കണമെന്ന് ഹൈക്കോടതി പറയുമ്പോൾ അതിൽ തന്നെ മറ്റൊരു സമസ്യ ഉത്തരം തേടുന്നുണ്ട്. ഭൂമി വിൽപ്പനയ്ക്ക് താൻ ചെയ്ത കാര്യങ്ങൾ നിയമാനുസൃതമായി സഭയുടെ ചട്ടങ്ങൾ പ്രകാരം ആലോചിച്ച് എടുത്ത ഒരു തീരുമാനമായിരുന്നുവെന്നും അതിരൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ അത് നടപ്പാക്കുക മാത്രമായിരുന്നു താൻ ചെയ്തതെന്നും, ഈ ഇടപാടിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നതിനാൽ ജാമ്യത്തിന് അപേക്ഷിക്കുന്നില്ല എന്നും മജിസ്ട്രേറ്റിനു മുൻപിൽ നിലപാട് എടുത്താൽ എന്തു സംഭവിക്കും?
ഹൈക്കോടതി ഈ വിഷയം വിചിന്തനം ചെയ്യാതെയാണ് വിധി പറഞ്ഞിരിക്കുന്നത് എന്നാണ് നിയമ വിദഗ്ധർ പറയുന്നത്. പൂർവ്വകാല വിധികൾ അവഗണിച്ചും, ഒരു വ്യക്തി തെറ്റു ചെയ്തു എന്നതിന് ഉറപ്പുമില്ലാത്ത സാഹചര്യം നിലനിൽക്കുമ്പോൾ ജാമ്യത്തിനു അപേക്ഷിക്കുവാൻ നിർദേശിക്കുന്ന ഒരു വിധി നീതിന്യായ വ്യവസ്ഥക്ക് ഭൂഷണമാണോ എന്നതിന് നിയമ വിദഗ്ധർ അഭിപ്രായം പറയട്ടെ.
എറണാകുളം അങ്കമാലി അതിരൂപതയിലെ ലിറ്റിൽ ഫ്ലവർ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നതിന് ആവശ്യമായ 23 ഏക്കർ സ്ഥലം മാറ്റൂരിൽ വാങ്ങിയതിനു എടുത്ത ബാങ്ക് ലോണിന്റ ബാധ്യത തീർക്കുന്നതിനായി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള അഞ്ചു ചെറിയ വസ്തുക്കൾ വിൽപ്പന നടത്തുക എന്നുള്ള കാനോനിക സമിതികളുടെ തീരുമാനം അതിരൂപതയുടെ അധ്യക്ഷൻ എന്ന നിലയിൽ നടപ്പിലാക്കിയ കാര്യമാണ് തിരയൊടുങ്ങാതെ നിൽക്കുന്ന വിവാദമായത്.
രണ്ട് സഹായമെത്രാന്മാരും പത്തു മുതിർന്ന വൈദീകരും ചേരുന്ന ആലോചനാ സമിതി ചർച്ച ചെയ്ത്, ഫിനാൻസ് കൗൺസിൽ അംഗീകരിച്ച്, സഹായമെത്രാൻ ആയിരുന്ന മാർ സെബാസ്റ്റ്യൻ എടയന്ത്രത്തു എഴുതി ഒപ്പിട്ടു നൽകിയ അഞ്ചു പ്ലോട്ടുകൾ വിൽക്കുവാൻ നിയമാനുസൃതമായുള്ള തീരുമാനമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നിന്ന് കത്തിക്കൊണ്ടിരിക്കുന്നത്.
പോലീസിൽ പരാതികളും കോടതികളിൽ സ്വകാര്യ അന്യായങ്ങളുമായി ഒരു ഡസനിലധികം നടപടികൾ ഇക്കാര്യത്തിൽ ഉണ്ടായി.
ഇതിൽ ജോഷി വർഗീസ് തേലക്കാടൻ എന്ന വ്യക്തി കാക്കനാട് മജിസ്ട്രേറ്റ് കോടതി മുൻപാകെ നൽകിയ ഏഴു സ്വകാര്യ പരാതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടാണ് മാർ ജോർജ് ആലഞ്ചേരി പിതാവ് അപേക്ഷ നൽകിയത്. ഈ അപേക്ഷയിലാണ് ഹൈക്കോടതി വിധി പറഞ്ഞിരിക്കുന്നത്.
നീതിന്യായ വ്യവസ്ഥയിൽ ആത്യന്തികമായി തീരുമാനം പറയുന്നത് വിധിയല്ല, മറിച്ച് നിയമം ആണ്. നിയമപ്രകാരം ഒരു കാര്യം നടത്തിയതിൻ്റെ പേരിൽ ഒരു വ്യക്തി കോടതി കയറണമോ വേണ്ടയോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
ഏതായാലും ഒരു കാര്യം വ്യക്തമാണ്. ആലഞ്ചേരി പിതാവിനെതിരെ ആരോപിച്ചിരിക്കുന്ന കുറ്റം എന്താണ് എന്ന് എത്തി നോക്കുക പോലും ചെയ്യാതെയാണ് ഹൈക്കോടതി ഈ വിധി പറഞ്ഞിരിക്കുന്നത്. സമൻസ് വന്നതുകൊണ്ട് ആരോപണ വിധേയൻ നേരിട്ട് കോടതിയിൽ പോയി ജാമ്യം എടുക്കണം എന്നാണ് വിധി. പൗരന്മാരുടെ സൽപ്പേര് സംരക്ഷിക്കേണ്ടത് കോടതികളുടെ ഉത്തരവാദിത്വമാണ് എന്നുള്ള സുപ്രീംകോടതി വിധിയുള്ളപ്പോഴാണ് ഹൈക്കോടതി ഇപ്രകാരം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ആലഞ്ചേരി പിതാവിന് ഒഴിവ് കൊടുക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമത്രേ!
അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നിയമപ്രകാരം നടപ്പിലാക്കുന്ന പ്രവർത്തികൾ വളച്ചൊടിച്ചു അവരെ കോടതി കയറ്റുന്നവർക്കു ശക്തമായ ഒരു താക്കീത് നൽകുവാൻ ഉപകരിക്കുമായിരുന്ന ഒരവസരം ഈ വിധിയിലൂടെ നഷ്ട്ടമായി.
ആത്യന്തികമായി വിജയിക്കുക സത്യവും നീതിയും ആയിരിക്കും എന്നത് അവിതർക്കിതമാണ്.